കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ് കാംബ്ലി ശ്രീശാന്തിനെ വിധിക്കുമ്പോള്‍...

  • By Neethu B
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

കൊച്ചി ടസ്‌കേഴ്‌സില്‍ ക്യാപ്റ്റന്‍ ശ്രീശാന്തിന് കീഴില്‍ ധോണി കളിക്കുന്നത് കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഭാഗ്യമുണ്ടാകുമോ? - കുലുക്കി സര്‍ബത്തിൽ മുരളീകൃഷ്ണ മാലോത്ത് എഴുതുന്നു.

തെണ്ടുല്‍ക്കറിന്റെ കളിക്കൂട്ടുകാരന്‍ എന്ന മേല്‍വിലാസവും സച്ചിനെക്കാള്‍ പ്രതിഭാശാലിയായ ബാറ്റ്‌സ്മാന്‍ എന്ന കോച്ച് രമാകാന്ത് അച്രേക്കറുടെ തുല്യം ചാര്‍ത്തലും മറ്റും വിനോദ് കാംബ്ലിക്ക് ഒരേസമയം ഭാഗ്യവും ഭാരവും ആയിട്ടുണ്ട്. 104 ഏകദിനങ്ങളില്‍ നിന്നും മുപ്പത്തിരണ്ടര റണ്‍സിന്റെ ബാറ്റിംഗ് ശരാശരിയും രണ്ട് സെഞ്ചുറികളും പക്ഷേ ഈ പറഞ്ഞ പെരുമയ്ക്ക് ചേര്‍ന്നതായിരുന്നില്ല. 52ന് മേല്‍ ശരാശരിയുമായി ബാറ്റ് വീശിയിരുന്ന ടെസ്റ്റ് ക്രിക്കറ്റിലാകട്ടെ 17 കളികള്‍ക്കപ്പുറം കാംബ്ലിക്ക് പോകാനുമായില്ല.

വിനോദ് കാംബ്ലി എന്ന മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്റെ ഗുണഗണങ്ങളുടെ അളവെടുക്കലല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പ്രതിഭയെ ധൂര്‍ത്തടിച്ച് കളിക്കളത്തില്‍ നിന്നും ഇറങ്ങിപ്പോയ വിനോദ് കാംബ്ലി തന്റെ കൊതിക്കെറുവുകള്‍ പലയിടത്തും തുറന്നുകാട്ടിയിട്ടുണ്ട്. കാര്‍ പാര്‍ക്കിംഗിനിടെ വഴക്കുണ്ടാക്കിയും ക്ലബ്ബുകളില്‍ തല്ലുവെച്ചും കറുത്തവനെന്ന് വിളിച്ചു എന്ന് പരാതിപ്പെട്ടും മറ്റുമാണ് കാംബ്ലി പിന്നീടുള്ള കാലങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചത്. തന്നെ സഹായിക്കാമായിരുന്ന പലയിടത്തും സച്ചിന്‍ അത് ചെയ്തില്ല എന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട് കാംബ്ലി.

vinod-kambli

എസ് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ഒരു ചാനല്‍ ചര്‍ച്ചയില്‍ വിനോദ് കാംബ്ലി ചോദ്യം ചെയ്തു എന്ന ഒരു സുഹൃത്തിന്റെ ഗൂഗിള്‍ പ്ലസ് പോസ്റ്റാണ് ഇത്രയുമെഴുതാന്‍ കാരണം. തൊണ്ണൂറുകളിലെ മിക്കവാറും ക്രിക്കറ്റ് ആരാധകരെ പോലെ ഒരു കടുത്ത വിനോദ് കാംബ്ലി ആരാധകനായിരുന്നു ഞാനും. അനായാസ ലളിതമായ കാംബ്ലിയുടെ ബാറ്റിംഗ് ശൈലിക്കും മനോഹാരിതയ്ക്കും മാച്ചാകുന്നതായിരുന്നില്ല കാംബ്ലി ന്യൂസ് എക്‌സിന്റെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യം എന്ന് മാത്രം.

ശ്രീശാന്ത് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതിവിധിയോടെ ആര്‍ക്ക് വേണമെങ്കിലും ഓപ്പണായി വാതുവെപ്പ് നടത്താന്‍ അവസരമായില്ലേ എന്നായിരുന്നു കാംബ്ലിയുടെ ചോദ്യം. അറസ്റ്റ് ചെയ്ത ശ്രീശാന്തിനെയും മറ്റും എങ്ങനെയാണ് വെറുതെ വിടാന്‍ കഴിയുക എന്നും കാംബ്ലി ചോദിച്ചത്രെ. അറസ്റ്റ് ചെയ്ത ഒരാളെയും പിന്നെ വെറുതെ വിടാന്‍ പാടില്ല എന്ന 'കാംബ്ലിയന്‍' ലോജിക്കിനോട് എന്റെ സുഹൃത്ത് ചാനലില്‍ വിളിച്ച് തന്നെ അഭിപ്രായം പറഞ്ഞിരുന്നു. അതിന്റെ ടെക്സ്റ്റ് ചിത്രത്തില്‍ കാണാം.

capture

ഒരു വിനോദ് കാംബ്ലിയെ മാത്രം ഇക്കാര്യത്തില്‍ കുറ്റം പറയേണ്ട കാര്യമില്ല. വാതുവെപ്പ് കേസില്‍ ശ്രീശാന്ത് അറസ്റ്റിലായപ്പോള്‍ - ഓനോ ഓന്‍ വേണമെങ്കില്‍ അതും ചെയ്യും - എന്ന തരത്തില്‍ പ്രതികരിച്ചവരാണ് സ്വന്തം നാട്ടുകാരായ ക്രിക്കറ്റ് പ്രേമികള്‍ ഭൂരിഭാഗവും. പൃഥ്വിരാജിനെയും രഞ്ജിനി ഹരിദാസിനെയും പോലെ വെറുക്കപ്പെട്ട അഹങ്കാരികളുടെ ലിസ്റ്റിലായിരുന്നു ശ്രീശാന്തും. മിന്നുന്ന പ്രകടനങ്ങള്‍ ചിലത് നടത്തുമ്പോഴും ശ്രീ കളിക്കളത്തിലും പുറത്തും കാണിച്ചിട്ടുള്ള കോപ്രായങ്ങളും അതിന് കാരണമായിട്ടുണ്ടാകണം.

sreesanth-court-clear

ഐ പി എല്‍ കളിക്കിടെ ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിച്ചപ്പോള്‍ - ഓനത് നേരത്തെ കിട്ടേണ്ടതായിരുന്നു - എന്ന തരത്തിലായിരുന്നു മലയാളികളുടെ പ്രതികരണം. ഹര്‍ഭജന്‍ വിവാദം തന്റെ കരിയറെടൊക്കും എന്ന് ശ്രീ ആശങ്കപ്പെട്ടുനടക്കുന്നതിനിടെയാണ് വാതുവെപ്പ് കേസില്‍ ശ്രീശാന്ത് അറസ്റ്റിലാകുന്നതും ആജീവനാന്തം വിലക്ക് വരുന്നതും. ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ചെട്ടി ചതിക്കും എന്ന് പറഞ്ഞ കണക്കിന് ഹര്‍ഭജന് പണി കിട്ടാനിരുന്നത് ധോണിയുടെ കയ്യില്‍ നിന്നുമായിരുന്നു എന്ന് മാത്രം.

ഫുട്‌ബോളില്‍ മാനേജരാണ് ദൈവമെങ്കില്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനാണ് ദൈവം. ആര്‍ അശ്വിനും സുരേഷ് റെയ്‌നയും തുടങ്ങി മോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും വരെയുള്ള ചെന്നൈയിന്‍മാരും രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും പോലുള്ളവും ക്യാപ്റ്റന്‍ ധോണിയുടെ കൃപാകടാക്ഷങ്ങള്‍ ആവോളം അനുഭവിച്ചവരാണ്. ക്യാപ്റ്റ്‌ന് താല്‍പര്യമില്ലെങ്കിലോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഗൗതം ഗംഭീറിനെയും എസ് ശ്രീശാന്തിനെയും പോലുള്ളവര്‍.

തന്റെ കരിയറിലെ ടേണിംഗ് പോയിന്റായ ട്വന്റി - 20 ലോകകപ്പ് മുതലിങ്ങോട്ട് പലപ്പോഴും ക്യാപ്റ്റന്‍ ധോണിക്ക് നിര്‍ണായക ബ്രേക് ത്രൂകള്‍ നല്‍കിയിട്ടുണ്ട് ശ്രീശാന്ത്. സെമിയില്‍ സ്‌ട്രേലിയയ്‌ക്കെതിരെ 4 - 0 - 12 - 2 എന്ന ഒരു സ്‌പെല്ലെറിയാന്‍, അതും മിന്നും ഫോമില്‍ തകര്‍ത്തടിക്കുന്ന ഗില്‍ക്രിസ്റ്റിനെയും മാത്യു ഹെയ്ഡനെയും ക്ലീന്‍ ബൗള്‍ ചെയ്ത് വിടാന്‍ അന്ന് ഇന്ത്യന്‍ നിരയില്‍ വേറൊരാള്‍ക്കും കഴിയുമായിരുന്നില്ല. എന്നാല്‍ ധോണിയാകട്ടെ, ദക്ഷിണാഫ്രിക്കയില്‍ ജാക് കാലിസിനെ അമ്പരപ്പിച്ച സ്വപ്‌നസ്‌പെല്‍ എറിഞ്ഞ ദിവസം പോലും പറഞ്ഞത് ശ്രീശാന്തിനെ കൈകാര്യം ചെയ്യാന്‍ കഷ്ടമാണ് എന്നാണ്.

msdhonishot1

ക്യാപ്റ്റന്റെ പിന്തുണയുണ്ടായിരുന്നെങ്കില്‍ ശ്രീശാന്തിന് ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു. എന്തായാലും കളികളെല്ലാം കഴിഞ്ഞു, ശ്രീശാന്ത് കുറ്റവിമുക്തനായി. ധോണിയുടെ ചെന്നൈ കിംഗ്‌സാകട്ടെ രണ്ട് വര്‍ഷത്തേക്ക് ഐ പി എല്ലിന് പുറത്തുമായി. ഒപ്പം ഐ പി എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കളിച്ചേക്കും എന്ന അഭ്യൂഹങ്ങളുണ്ട്. ഗൂഗിള്‍ പ്ലസില്‍ തന്നെ ആരോ പറഞ്ഞത് പോലെ, ടസ്‌കേഴ്‌സില്‍ ക്യാപ്റ്റന്‍ ശ്രീശാന്തിന് കീഴില്‍ ധോണി കളിക്കുന്നത് കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഭാഗ്യമുണ്ടാകുമോ. വന്യമാണെങ്കിലും അത്തരം സ്വപ്‌നങ്ങള്‍ കൊണ്ടുനടക്കുന്നവരുമുണ്ട് ഇന്ന് ശ്രീശാന്തിനൊപ്പം.

English summary
When Vinod Kambli questions Sreesanth's acquittance in TV discussion - Muralikrsihna Maaloth writes in Kulukki Sarbath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X