കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിക്കും ദ്രാവിഡിനും കിട്ടാത്ത ബഹുമാനം ധോണിക്ക് കൊടുക്കണോ, എന്തിന്?

  • By Neethu B
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

കുലുക്കി സര്‍ബത്ത് - ബംഗ്ലാദേശിനെതിരെ തീര്‍ത്തും പരാജയമായ എം എസ് ധോണി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണോ എന്നാണ് ഇത്തവണ കുലുക്കി സര്‍ബത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് - എന്ന് തുടങ്ങുന്ന പുകവലിക്കെതിരായ പരസ്യം പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കാര്യവും. പട്ടൗഡി മുതല്‍ കപില്‍ദേവ് വരെയുള്ള പഴയ ജനറേഷനെ അപ്പാടെ വിടാം, ഇന്ത്യ സ്ഥിരമായി കളി ജയിച്ച് തുടങ്ങിയതിന് ശേഷമുള്ള അസ്ഹര്‍ മുതല്‍ ദ്രാവിഡ് വരെയുള്ള ക്യാപ്റ്റന്മാരുടെ കാര്യമെടുക്കുക. ആര്‍ക്കാണ് മാന്യമായ ഒരു വിടവാങ്ങല്‍ ഇന്ത്യ നല്‍കിയിട്ടുള്ളത്. അസ്ഹര്‍, ഗാംഗുലി, ദ്രാവിഡ് എന്നിവര്‍ക്കാര്‍ക്കും കിട്ടാത്ത ഭാഗ്യം മഹേന്ദ്ര സിംഗ് ധോണിക്ക് കിട്ടുമോ. കാത്തിരുന്ന് കാണാം.

99 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അസ്ഹറിന് ഒരു ടെസ്റ്റ് കൂടി കളിച്ച് നൂറ് ടെസ്റ്റുകള്‍ എന്ന നാഴികക്കല്ല് തികയ്ക്കാന്‍ ഭാഗ്യം കിട്ടിയില്ല. കോഴക്കേസില്‍ പെട്ട് ആജീവനാന്തം വിലക്ക് വരുന്നതിന് മുമ്പേ അസ്ഹര്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായിരുന്നു. ഗാംഗുലിയുടെ കീഴില്‍ കൊച്ചി ഏകദിനത്തിലും മറ്റും കളിച്ചെങ്കിലും അസ്ഹറിന് ടെസ്റ്റില്‍ അര്‍ഹതപ്പെട്ട യാത്രയയപ്പ് കിട്ടിയില്ല. കോഴക്കളിയില്‍ രാജ്യത്തെ ഒറ്റുകൊടുത്ത അസ്ഹര്‍ അത് അര്‍ഹിച്ചിരുന്നില്ല എന്ന് പറയുന്നവരാകും കൂടുതല്‍.

എന്നാല്‍ സൗരവ് ഗാംഗുലിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കാര്യത്തില്‍ ഇത്തരമൊരു പരാതി ആര്‍ക്കും പറയാനുണ്ടാകില്ല. ഇന്ന് എം എസ് ധോണി കൊണ്ടുനടക്കുന്ന ഇന്ത്യന്‍ ടീമിന്റെ സുവര്‍ണകാലം തുടങ്ങുന്നത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലാണ്. സച്ചിന്‍, ദ്രാവിഡ്, കുംബ്ലെ, ലക്ഷ്മണ്‍ എന്നീ സമശീര്‍ഷര്‍ക്കൊപ്പം കളിച്ച ഗാംഗുലി ഹര്‍ഭജന്‍ സിംഗ്, സേവാഗ്, യുവരാജ്, സഹീര്‍ഖാന്‍ എന്നിങ്ങനെ മാച്ച് വിന്നര്‍മാരെ കൊണ്ടുവരികയും വളര്‍ത്തുകയും ചെയ്തു.

ms-dhoni-shot

സേവാഗിനെ ഓപ്പണറായി കളിപ്പിച്ച ഗാംഗുലി ഒരര്‍ഥത്തില്‍ വിട്ടുകളഞ്ഞത് ടീമിലെ സ്വന്തം സ്ഥാനമാണ്. പക്ഷേ എല്ലാം വെറുതെയായി. തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ഗാംഗുലിക്ക് കോച്ച് ഗ്രെഗ് ചാപ്പലുമായി കയര്‍ക്കേണ്ടിവന്നു. കോച്ചിനെയല്ല, ക്യാപ്റ്റനെ ബലിയാടാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ പ്രശ്‌നം ഒതുക്കിയത്. ആധുനിക ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വാര്‍ത്തെടുത്ത ക്യാപ്റ്റന് കിട്ടിയ പ്രതിഫലം.

വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് ആദ്യറൗണ്ടില്‍ ഇന്ത്യ പുറത്തായതോടെയാണ് ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി തെറിച്ചത്. പകരം വന്ന അനില്‍ കുംബ്ലെയാകട്ടെ ധോണി മൂപ്പെത്തുന്നത് വരെയുള്ള ഒരു ഇടക്കാല ക്യാപ്റ്റന്‍ മാത്രമായിരുന്നു. കൃത്യസമയത്ത് ക്യാപ്റ്റന്‍സി രാജിവെച്ചൊഴിഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് കൂട്ടത്തില്‍ ഒരു അപവാദം. കളിക്കും മാര്‍ക്കറ്റിനും മേലെ വളര്‍ന്ന സച്ചിന്‍ ചൂണ്ടിക്കാട്ടിയതാണത്രെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എം എസ് ധോണിയെ.

ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണിയുഗം

വസന്തം ചെറിമരങ്ങളോട് ചെയ്തത് എന്നൊക്കെ പറയുംപോലെ ഏത് ക്രിക്കറ്റ് ക്യാപ്റ്റനും ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് ധോണി എട്ട് വര്‍ഷം കൊണ്ട് സാധിച്ചെടുത്തത്. നായകനായി അരങ്ങേറ്റത്തില്‍ത്തന്നെ ട്വന്റി 20 ലോകകിരീടം. പിന്നെ ഏകദിന ലോകകപ്പ്. അതിന് ശേഷം ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫി. ഈ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കിയ ലോകത്തെ ഏക ക്യാപ്റ്റന്‍. പോരാത്തതിന് ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതും എത്തിച്ചു. പോരേ, ആനന്ദലബ്ധിക്കിനി എന്ത് വേണം.

ക്രിക്കറ്റിന് അപ്പുറമുളള ധോണിയുടെ താല്‍പര്യങ്ങള്‍ മുമ്പും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്‍ കോഴവിവാദം കത്തിനില്‍ക്കുന്ന സമയത്ത് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം ക്യാപ്റ്റന്‍ ധോണിയുടെ കോണ്‍ഫ്‌ലിക്ട് ഓഫ് ഇന്ററസ്റ്റ് ആയിരുന്നു. ഒരേസമയം ഇന്ത്യാ സിമന്റ്‌സ് വൈസ് പ്രസിഡണ്ടും ചെന്നൈ കിംഗ്‌സ്, ഇന്ത്യന്‍ ടീമുകളുടെ നായകനുമായ ധോണി ദേശീയ ടീമില്‍ ചെന്നൈ താരങ്ങളെ കുത്തിനിറക്കുകയും സ്ഥിരക്കാരാക്കുകയും ചെയ്തു.

msdhoni-wave

ടെസ്റ്റ് ക്രിക്കറ്റില്‍ വിദേശപിച്ചുകളില്‍ ഇന്ത്യ തോറ്റുകൊണ്ടിരുന്നപ്പോഴും ഏകദിനങ്ങളില്‍ ആ പ്രശ്‌നം ഇല്ലായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരെ കിട്ടിയ രണ്ട് പരാജയങ്ങള്‍ എല്ലാം മാറ്റിമറിച്ചു. ലോകകപ്പില്‍ ഇന്ത്യയെ സെമി വരെ എത്തിച്ചതിിന് ശേഷമുള്ള ആദ്യ പരമ്പരയാണ് ഇതെന്നത് പോലും എല്ലാവരും മറന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ കളി തോറ്റുകൊണ്ടിരിക്കുമ്പോള്‍ രാജിവെച്ച് ഒളിച്ചോടിയ ധോണി ഒരിക്കല്‍കൂടി രാജിസന്നദ്ധത പ്രകടിപ്പിച്ചു.

എന്നാല്‍ ധോണി രാജിവെക്കാമെന്ന് പറയുന്നത് പോലും എന്തോ പാതകമാണ് എന്ന തരത്തിലാണ് മുന്‍ ക്യാപ്റ്റന്മാര്‍ ഇതിനോട് പ്രതികരിച്ചത്. ധോണിക്ക് കുറച്ചുകൂടി ബഹുമാനം കൊടുക്കണം എന്ന് ഗാംഗുലിയും ഗാവസ്‌കറും മറ്റും പറയുന്നതും കേട്ടു. ക്യാപ്റ്റന്‍ സ്ഥാനം പോയാല്‍ കളിക്കാരന്‍ എന്ന നിലയില്‍ ധോണിക്ക് ടീമില്‍ തുടരാന്‍ പോലും വിഷമമാകും എന്നാണ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. 2013 ലാണ് ധോണി അവസാനമായി ടീമിന് ഉപകരിക്കുന്ന രീതിയില്‍ ഒരു ഹാഫ് സെഞ്ചുറി അടിച്ചത്.

mahendra-singh-dhoni

സമയമാകും മുമ്പേ കളംവിടേണ്ടി ഒരുപാട് കരിയറുകള്‍ക്ക് ധോണി ഉത്തരം പറയാനുണ്ട്. സേവാഗ്, ഗംഭീര്‍, ഹര്‍ഭജന്‍, സഹീര്‍ഖാന്‍ തുടങ്ങിയ കളിക്കാര്‍ക്കൊന്നും അര്‍ഹിക്കുന്ന യാത്രയയപ്പല്ല കിട്ടിയത്. ധോണി വിരമിച്ചതിന് ശേഷമുള്ള തൊട്ടടുത്ത പരമ്പരയ്ക്ക് ഹര്‍ഭജന്‍ ടീമിലെത്തിയത് സൂചിപ്പിക്കുന്നത് കളിയല്ല പ്രശ്‌നം എന്നാണ്. സീനിയര്‍ താരങ്ങളെ ഒതുക്കി സ്വന്തം ടീമിനെ ഉണ്ടാക്കുക എന്ന ധോണി സ്ട്രാറ്റജി പിന്‍ഗാമിയായ കോലിയും പിന്തുടര്‍ന്നാല്‍ പണികിട്ടാന്‍ പോകുന്നത് സാക്ഷാല്‍ ധോണിക്ക് തന്നെയാണ്. അതുണ്ടാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ട കാര്യമാണ്.

English summary
Why MS Dhoni should leave captaincy? Muralikrishna Maaloth writes captaincy issues in Indian cricket and Dhoni's record.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X