കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിലടിച്ചും ആരവം മുഴക്കിയും തിയേറ്ററുകൾ നിറയുന്ന കാലം വിദൂരമല്ല- നിസാർ മുഹമ്മദ് എഴുതുന്നു

  • By Desk
Google Oneindia Malayalam News

നിസാർ മുഹമ്മദ്

പ്രമുഖ മാധ്യമ പ്രവർത്തകനും സിനിമ പ്രവർത്തകനും ആണ് നിസാർ മുഹമ്മദ്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സിനിമാശാലകള്‍ തുറക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം അത്യാഹ്ലാദത്തോടെയാണ് കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ വരവേല്‍ക്കുന്നത്. പത്തുമാസത്തോളമായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ വെള്ളിത്തിരയുടെ ദൃശ്യാനുഭവം തിരികെ കിട്ടുന്നുവെന്നതാണ് പ്രേക്ഷകരുടെ ആ ആഹ്ലാദത്തിന്‌ ആധാരം.

സെക്കന്റ് ഷോ ഒഴികെയുള്ള പ്രദര്‍ശനത്തിനാണ് അനുമതി. ഓരോ പ്രദര്‍ശനത്തിനും തിയേറ്ററിലെ സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അതുകൊണ്ടു തന്നെ, കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതുവരെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്ക് പോലും തിങ്ങിനിറഞ്ഞ പ്രേക്ഷകരെ കിട്ടില്ലെന്ന് ഉറപ്പാണ്.

നേരത്തെ തിയേറ്ററുകള്‍ തുറക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും വിനോദ നികുതി ഇളവും വൈദ്യുതി ചാര്‍ജ് ഇനത്തിലെ കുടിശികയും സംബന്ധിച്ച് അനിശ്ചിതത്വം നീങ്ങാത്തതിനാല്‍ ഉടനെ തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു ഉടമകളുടെയും സംഘടനകളുടെയും തീരുമാനം. ഇന്ന് മുഖ്യമന്ത്രിയും കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി.

ഇതാ ഇളവുകൾ

ഇതാ ഇളവുകൾ

തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് 50 ശതമാനമാക്കി കുറയ്ക്കാനാണ് തീരുമാനം. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തു നികുതി മാസ ഗഡുക്കളായി അടയ്ക്കാം. പ്രഫഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിങ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

 670 സ്ക്രീനുകൾ

670 സ്ക്രീനുകൾ

പ്രഖ്യാപനം വന്നതിന് പിന്നാലെ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. അതേസമയം, കോവിഡ് മഹാമാരിയുടെ ഭീതി പൂര്‍ണമായും അകന്നിട്ടില്ലെന്നതിനാല്‍ എത്രത്തോളം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുമെന്ന ആശങ്ക തിയേറ്റര്‍ ഉടമകള്‍ പങ്കുവെക്കുന്നുണ്ട്. ലോക്ഡൗണിന് മുമ്പ് കേരളത്തില്‍ ഏകദേശം 670 സ്‌ക്രീനുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇവ ഇനി തുറക്കുമ്പോള്‍ ഓരോ പ്രദര്‍ശനത്തിനും അമ്പത് ശതമാനം മാത്രം ടിക്കറ്റുകള്‍ മാത്രം വിറ്റാല്‍ മതിയെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലാഭകരമായി തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമാകുമെന്ന വാദവും തിയേറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.

താര സിനിമകളടക്കം

താര സിനിമകളടക്കം


പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ഏകദേശം 60ഓളം മലയാള സിനിമകള്‍ റിലീസിന് തയാറായിട്ടുണ്ട്. ഇതിന് പുറമേ 30ഓളം സിനിമകളുടെ ഷൂട്ടിങും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടന്നുവരികയുമാണ്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍, മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, കുഞ്ചാക്കോ ബോബന്റെ നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. 28 പുതിയ സിനിമകളുടെ ചിത്രീകരണം പ്രാരംഭഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. ഏതായാലും, തിയേറ്ററുകള്‍ തുറക്കുമെന്ന പ്രഖ്യാപനം മലയാള സിനിമാ വ്യവസായത്തിന് പുത്തനുണര്‍വ് ഉണ്ടാക്കുമെന്ന് ഉറപ്പാണ്. വീടുകളില്‍ തളയ്ക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരല്ല ചലച്ചിത്ര ആസ്വാദകരെന്നും അതിനാല്‍ അഭ്രപാളിയിലെ ദൃശ്യാനുഭവത്തിനായി പ്രേക്ഷകര്‍ എത്തുമെന്നുമാണ് സിനിമാ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങള്‍ അവസാനിക്കുമ്പോള്‍, വാക്‌സീന്‍ എത്തിക്കഴിയുമ്പോള്‍, പുതിയ ചിത്രങ്ങളുമായി തിയേറ്ററുകള്‍ ഒരുങ്ങുമ്പോള്‍ എല്ലാം പഴയതുപോലെ ആകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. വിസിലടിക്കുകയും ആരവം മുഴക്കുകയും ചെയ്യുന്ന പ്രേക്ഷകരാല്‍ തിയേറ്ററുകള്‍ നിറയുന്ന കാലം വിദൂരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

തീയേറ്റർ V/s ഒടിടി

തീയേറ്റർ V/s ഒടിടി

മാസങ്ങളോളം നീണ്ട ലോക്ഡൗണും നിയന്ത്രണങ്ങളും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ സിനിമാ വ്യവസായത്തെ നയിച്ചത്. തിയേറ്ററുകള്‍ എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നീണ്ടതോടെ പ്രമേയത്തിലും പരിചരണത്തിലും വരുമാന മാര്‍ഗ്ഗത്തിലുമെല്ലാം ഇന്ത്യന്‍ സിനിമ പുതിയ വഴികള്‍ തേടിയെന്നതാണ് കോവിഡ് കാലത്തിന്റെ പ്രത്യേകത. അതായത്, തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് പകരം ഒടിടി പ്ലാറ്റ് ഫോമിലൂടെ സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി.

അതേസമയം, തിയേറ്ററുകള്‍ തുറന്നാലും ഒടിടി പ്ലാറ്റ് ഫോമുകള്‍ വെല്ലുവിളിയാകുമോയെന്ന ആശങ്ക തിയേറ്റര്‍ ഉടമകള്‍ മറച്ചുവെക്കുന്നില്ല. വലിയ മുതല്‍മുടക്കിന് മടിയില്ലാത്ത ആഗോള ഭീമന്‍മാരും ചാനലുകളുടെ പിന്തുണയുള്ള ഇന്ത്യന്‍ ഒടിടികളും വിനോദ വ്യവസായത്തെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനെ സിനിമാ മേഖല എങ്ങനെയാകും നേരിടുക എന്നതാണ് ഇനിയുള്ള ആകാംക്ഷ. ഒടിടി പ്ലാറ്റ് ഫോമുകള്‍ വിപണിയില്‍ സ്വാധീനമുറപ്പിക്കുമ്പോഴും സ്‌ക്രീനുകളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കൂടുകയുമാണ്.

പുതിയ തീയേറ്ററുകളും വരുന്നു

പുതിയ തീയേറ്ററുകളും വരുന്നു

നിയന്ത്രണങ്ങളെല്ലാം മാറി തിയേറ്ററുകള്‍ പൂര്‍ണമായി പ്രദര്‍ശനത്തിന് തയാറാകുന്നതോടെ പത്തോളം പുതിയ സ്‌ക്രീനുകള്‍ കൂടി കേരളത്തില്‍ തുറക്കാന്‍ തയാറെടുക്കുകയാണ്. ഒടിടി പ്ലാറ്റ് ഫോമില്‍ സിനിമ സാധ്യമാണെങ്കിലും കൂടുതല്‍ സൗകര്യങ്ങളുള്ള തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ വരാന്‍ താല്‍പര്യം കാണിക്കുന്ന പ്രവണത തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഭാഷയുടെ അതിരുകൾ ഭേദിക്കാൻ

ഭാഷയുടെ അതിരുകൾ ഭേദിക്കാൻ

പ്രാദേശിക സിനിമകളെ ലോകത്തിന് മുന്നിലെത്തിക്കുന്നുവെന്നതാണ് ഒടിടി റിലീസിലെ മെച്ചം. സീ യൂ സൂണ്‍ എന്ന മലയാള ചിത്രം കണ്ട് മറ്റ് രാജ്യങ്ങളിലുള്ളവര്‍ കയ്യടിച്ചതും അഭിനന്ദിച്ചതുമൊക്കെ ഈ മാറ്റത്തിന്റെ ഭാഗം തന്നെയാണ്. സൂര്യ അഭിനയിച്ച സുരറൈ പോട്ര് എന്ന തമിഴ് സിനിമ ഒടിടി റിലീസിലെ സൂപ്പര്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം 2 ആമസോണ്‍ പ്രൈമിലാണ് റിലീസിനൊരുങ്ങുന്നത്. ഏകദേശം 25 കോടിയോളം രൂപ മുടക്കിയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആമസോണ്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ ഇറങ്ങിയ പെന്‍ഗ്വിനും കന്നഡയില്‍ നിന്നും ആമസോണ്‍ പ്രൈമില്‍ റിലീസായ ഫ്രഞ്ച് ബിരിയാണിയും പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയാണ് നേടിയത്. ഇത്തരത്തില്‍ പ്രാദേശിക സിനിമകള്‍ അവരുടെ അതിര്‍ത്തി വിപുലമാക്കി വളരുന്നത് ഈ വ്യവസായ മേഖലയ്ക്ക് ആകമാനം ഗുണകരമാണ്. പ്രാദേശിക സിനിമയിലെ താരങ്ങള്‍ പാന്‍ ഇന്ത്യന്‍ ആരാധകരുടെ മനംകവരുന്നത് തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ബോക്‌സോഫീസിലും പ്രതിഫലിച്ചേക്കാം.

തീയേറ്ററിന്റെ സുഖം

തീയേറ്ററിന്റെ സുഖം

അതേസമയം, പ്രേക്ഷകന് തിയേറ്റര്‍ നല്‍കുന്ന അനുഭവം മറ്റൊരു സാങ്കേതിക സംവിധാനത്തിനും പുനരാവിഷ്‌കരിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. തിയേറ്റര്‍ ഹാളില്‍ കാഴ്ചക്കാരന്‍ ഒരു സമൂഹത്തിന്റെ ഭാഗമാണ്. ശബ്ദവും വെളിച്ചവും സ്ഥലവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു മാസ് അനുഭവമാണത്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ അത് നിരന്തരമായി പുതുക്കപ്പെടുന്നുമുണ്ട്. സ്‌ക്രീനുകളുടെ വലിപ്പത്തിലും പ്രൊജക്ടറുകളുടെ മിഴിവിലും ശബ്ദത്തിന്റെ സൂക്ഷ്മതയിലും കാഴ്ചയുടെ അനുഭവം മാറുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് വൃത്തിയും വെടിപ്പുമുള്ള സിനിമാ ഹാളുകള്‍ വീണ്ടും ഉയര്‍ന്നുവരുന്നത്. ഒടിടി പ്ലാറ്റ് ഫോമുകളെ അതിജീവിക്കാന്‍ പ്രദര്‍ശന ശാലകള്‍ക്ക് കഴിയുമെന്ന വാദത്തിന് പ്രസക്തിയേറുന്നതും ഇവിടെയാണ്.

കലയുടെ വിവിധ പ്ലാറ്റ്ഫോമുകൾ

കലയുടെ വിവിധ പ്ലാറ്റ്ഫോമുകൾ

ഒരു ആവിഷ്‌കാര രൂപവും മറ്റൊന്നിനെ ഇല്ലാതാക്കില്ലെന്നാണ് സിനിമാ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാം പരസ്പര പൂരകങ്ങളായി നിലനില്‍ക്കും. സിനിമ, നാടകത്തെ ഇല്ലാതാക്കുമെന്നായിരുന്നു ആദ്യകാലത്തെ പ്രചരണം. പക്ഷെ, നാടകം അതിന്റെ രീതിയില്‍ മുന്നോട്ടുപോയി. ടെലിവിഷന്‍ വന്നപ്പോഴും ഇതേ ചര്‍ച്ചകള്‍ ഉയര്‍ന്നു. അപ്പോഴും സിനിമ നിലനിന്നു. ഒടിടി പ്ലാറ്റ് ഫോമുകളെക്കുറിച്ചുള്ള ചര്‍ച്ചകളും ഏതാണ്ട് ഇതുപോലെ തന്നെയാണ്. തിയേറ്ററുകളുടെയും ഒടിടി പ്ലാറ്റ് ഫോമുകളുടെയും സ്വഭാവം വ്യത്യസ്തമാണ്. വലിയ ക്യാന്‍വാസിലുള്ള ചിത്രങ്ങള്‍ തിയേറ്ററുകളിലും വ്യത്യസ്ത പ്രമേയത്തിലുള്ള മുതല്‍ മുടക്ക് കുറഞ്ഞ ചിത്രങ്ങള്‍ ഒടിടികളിലും തുടര്‍ന്നുപോകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

English summary
Nizar Mohammed writes about the expectations, while cinema theatres are opening after 10 months in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X