കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഉത്രാടസന്ധ്യയിലെ പിണ്ടിവിളക്ക്? വായിക്കാം വിശദമായി...

  • By Desk
Google Oneindia Malayalam News

വാഴപ്പിണ്ടിയില്‍ മരോട്ടിക്കായ കൊണ്ടൊരു വിളക്ക്... ഉത്രാടസന്ധ്യയില്‍ മാവേലിയെ വരവേല്ക്കാന്‍ മധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ ആചരിക്കുന്ന വാഴപ്പിണ്ടി വിളക്കിനെപ്പറ്റി അറിയാം. ഉത്രാടപ്പാച്ചിലിനിടയിലും ചിട്ടയോടെ തന്നെ വാഴപ്പിണ്ടി വിളക്കൊരുന്നു മധ്യതിരുവതാം കൂറിലെ ആളുകള്‍. ഓണാട്ടുകരഭാഗത്താണ് കൂടുതലായും ഈ ആചാരം കാണപ്പെടുന്നത്. തിരുവോണത്തലേന്ന് ഉത്രാടത്തിന് മുന്‍പായി വീടും പരിസരവും എല്ലാം വൃത്തിയാക്കിയിരിക്കും. അത്തം ഉദിക്കുന്നതിനു മുന്നേതന്നെ വൃത്തിയാക്കല്‍ മിക്കവീടുകളിലും പൂര്‍ത്തിയാകും എന്നതാണ് പതിവ്.

ഓണനിലാവ് മുറ്റത്ത് വീഴുന്നത് കാണാന്‍ പാകത്തിനാവും വീടും പരിസരവും. ഉത്രാട സന്ധ്യ എത്തും മുമ്പേ വീടിന്റെ മുറ്റത്ത്, കയറിവരുന്ന ഭാഗത്തായി വാഴപ്പിണ്ടിനാട്ടും. പണി ആയുധമായ തൂമ്പകൊണ്ട് ചെറിയകുഴി എടുത്ത് അതിലേക്ക് വാഴപ്പിണ്ടി ഇറക്കിവെച്ചാണ് പിണ്ടിവിളക്ക് മണ്ണില്‍ ഉറപ്പിക്കുന്നത്. സ്വന്തംപറമ്പില്‍നിന്നോ അയല്‍പക്കത്തുനിന്നോ തന്നെയാണ് പിണ്ടിവിളക്കിനുളള വാഴ മിനുക്കിയെടുക്കുന്നത്. വാഴകുലവെട്ടി നിര്‍ത്തിയിട്ടുളള വാഴ പിണ്ടിവിളക്കു തയ്യാറാക്കാനായി മാറ്റി നിര്‍ത്തുന്നതും പതിവാണ്. കനം അധികം കുറക്കാതെ പുറം പാളിമാറ്റി മിനുസപ്പെട്ടുത്തിയാണ് പിണ്ടിവിളക്കിനുളള വാഴ തയ്യാറാക്കുന്നത്. കനം അധികം കുറച്ചാല്‍ ഓടിയും എന്നതിനാലാണ് കുറച്ചുവാഴപ്പോള മാത്രം നീക്കി കനത്തില്‍ പിണ്ടി വിളക്ക് തയ്യാറാക്കുന്നത്. തെങ്ങോലയില്‍നിന്നും ഈര്‍ക്കിലെടുത്ത് വളച്ച് വാഴപ്പിണ്ടിയുടെ ഇരുവശങ്ങളിലുമായി തിരുകിവെക്കും. ചിരാതുവിളക്കുവെക്കാവുളള സ്റ്റാന്‍ഡാണ് ഈര്‍ക്കിലുകള്‍.

അടുത്തതായി മരോട്ടിമരത്തില്‍ നിന്നും മരോട്ടിക്കായ പറിച്ചെടുക്കും. നാട്ടിന്‍ പുറങ്ങളില്‍ ഈ മരം ഇപ്പോഴും കാണാനാവും. പഴയകാലത്ത് മരോട്ടിയുടെ കായയില്‍ നിന്നെടുക്കുന്ന എണ്ണയായിരുന്നു മിക്കവീടുകളിലും വിളക്കുകത്തിക്കാന്‍ ഉപയോഗിച്ചിരുന്നത്. മരോട്ടിയില്‍ നിന്നും കായ പറിച്ചെടുത്ത് രണ്ടായി പിളര്‍ന്ന് രൂക്ഷഗന്ധമുളള കുരു കളഞ്ഞ് വൃത്തിയാക്കുമ്പോള്‍ ചിരാതിന്റെ ആകൃതിയിലാകും. ഇതിലേക്ക് നല്ലെണ്ണ(എള്ളെണ്ണ) ഒഴിച്ച് നേര്‍ത്ത തിരികളിടും.

അലക്കിയ മുണ്ടാണ് തിരി തെറുക്കാനെടുക്കുക. പിന്നീട് മരോട്ടിവിളക്ക് വാഴപ്പിണ്ടിയിലെ ഈര്‍ക്കില്‍ തട്ടിനു മുകളിലേക്ക് മാറ്റുന്നു. വാഴപ്പിണ്ടിയുടെ മുകളിലായും മരോട്ടിചിരാത് വെക്കും. ഉത്രാടസന്ധ്യയില്‍ നിലവിളക്കുകൊളുത്തിയ ശേഷം പിണ്ടിവിളക്കു കത്തിക്കും. പിണ്ടിവിളക്കു കത്തിച്ച് ആര്‍പ്പോ ഇറോ എന്നു വിളിക്കുന്നതും നാട്ടു പതിവാണ്. ഇതിന് അകമ്പടിയെന്നോണം ഓരോവീടുകളില്‍ നിന്നും ഏറ്റുവിളികളും ഉണ്ടാകും. ഏതാണ്ട് എട്ടുമണി വരെ വിളക്കണയാതെ നോക്കും. മരോട്ടി വിളക്കിലേക്ക് ഇടക്കിടെ എണ്ണപകര്‍ന്നു കൊണ്ടിരിക്കും.

lighting-lamp-

‌മാവേലിവരുന്നത് ഉത്രാടത്തിനാണെന്ന വിശ്വാസമാണ് ഈ ആചാരത്തിനു പിന്നില്‍. തിരുവോണത്തിനെക്കാള്‍ പ്രാധാന്യമാണ് സകലസമൃദ്ധികളും വന്നുകയറുന്ന ഉത്രാടത്തിനുളളതെന്നാണ് ചിലയിടങ്ങളിലെ വിശ്വാസം. ഉത്രാടസന്ധ്യയില്‍ മുറ്റത്തെത്തുന്ന മാവേലിയെ എതിരേല്‍ക്കാനാണ് പിണ്ടിവിളക്കും ആര്‍പ്പോ വിളികളും. തിരുവോണത്തിന് ഈ വിളക്കു കത്തിക്കുന്നത് പതിവില്ല. എന്നാല്‍ ചിലയിടങ്ങളില്‍ തിരുവോണത്തിനും പിണ്ടിവിളക്ക് കത്തിക്കാറുണ്ട്. ഓണനാളുകള്‍ തീരുംവരെ മുറ്റത്തിന് അലങ്കാരമായി വിളക്ക് നില്‍ക്കും. പിന്നീടുമാത്രമേ ഇത് മുറ്റത്തുനിന്നുംമാറ്റുകയുളളു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം മരോട്ടി വിളക്കുകള്‍ മണ്‍ചിരാതുകള്‍ക്ക് വഴിമാറിയിട്ടുണ്ടെങ്കിലും ഈ പ്രദേശങ്ങളിലെ ചിലരെങ്കിലും മരോട്ടി കായ് കൊണ്ട്്് തന്നെയാണ് ഇപ്പോഴും പിണ്ടിവിളക്കൊരുക്കുന്നത്.

English summary
Onam related stories: What is azhappindivilakk on Uthradam day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X