കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്... ആകാശവാണി... ഇത് കേട്ട് വികാരംകൊണ്ട തലമുറ ഇവിടെ ഉണ്ടായിരുന്നു...

  • By Desk
Google Oneindia Malayalam News

ഒരുകാലത്തെ നമ്മെ കഥ പറഞ്ഞും പാട്ടുപാടിയുമൊക്കെ സുഖപ്പിച്ച ഒന്നായിരുന്നു റേഡിയോ. ഏതൊരു മലയാളിയുടെയും ഗൃഹാതുരമായ ഓര്‍മയിലെ ഇമ്പമുള്ള ശബ്ദം. ന്യൂജെന്‍ കൂട്ടുകാര്‍ക്കൊക്കെ എഫ്എം റേഡിയോയുടെ അടിപൊളി ഗാനങ്ങളും വാചക കസര്‍ത്തുകളുമൊക്കെ മാത്രമാണ് കേട്ടു ശീലം. അതിനുമപ്പുറം റേഡിയോയെ വികാരമായി കേട്ട ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.

വളരെ പണ്ട് എന്നൊന്നും പറയുന്നില്ല. എന്നാലും തൊണ്ണൂറുകള്‍ക്ക് മുന്‍പ്. ടെലിവിഷനുകള്‍ കുടുംബസദസുകളെ പിടിച്ചിരുത്തിയ കാലത്തിനു മുന്‍പ് മിക്ക വീടുകളിലേയും ഒരു അംഗമായിരുന്നു റേഡിയോ. റേഡിയോ എന്നു പറഞ്ഞാല്‍ 'ആകാശവാണി'. കുടിലു മുതല്‍ കൊട്ടാരം വരെ ഒരേപോലെ കേട്ടിരിക്കുന്ന ശബ്ദം ഒരുപക്ഷേ അത് മാത്രമായിരിക്കും. എല്ലാ വിഭവങ്ങളും ചേര്‍ന്ന ഒരു അസല്‍ ഓണസദ്യ. ആകാശവാണി അതായിരുന്നു.

Akasavani

കാലത്തെ റേഡിയോ ഓണ്‍ ചെയ്യുമ്പോള്‍ മൂളി കേള്‍ക്കുന്ന സിംപല്‍ സംഗീതം. പിന്നേ ദേശബോധം പകരുന്ന 'വന്ദേമാതരം'. ഏതൊരു മലയാളിയേയും ഉണര്‍ത്തുകയായിരുന്നു അതൊക്കെ. എണ്‍പതുകളോടെയാണ് ' പ്രഭാതഭേരി' ശ്രോതാക്കളെ തേടി എത്തുന്നത്. പുതുചിന്തയും ഉണര്‍വുമായിരുന്നു അത്. കാതുകൂര്‍പ്പിച്ചിരുന്നു കേട്ട ഒന്നായിരുന്നു പ്രാദേശിക വാര്‍ത്തകള്‍. വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍, പി. പത്മരാജന്‍ അങ്ങനെ പരിചിതമായ എത്ര ശബ്ദങ്ങള്‍. ഇനി ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്താ ശബ്ദങ്ങള്‍ നരേന്ദ്രന്‍, റാണി, വെണ്‍മണി വിഷ്ണു, മാവേലിക്കര രാമചന്ദ്രന്‍ അങ്ങനെ നീളുന്നു ആ പട്ടികയും.

ആകാശവാണിയിലെ 'ലളിതസംഗീത പാഠം' കേട്ട് സംഗീതം പഠിക്കാനിറങ്ങിയ എത്രയോ പേരുണ്ട്. എം. ജി. രാധാകൃഷ്ണന്‍ - കാവാലം നാരായണപണിക്കര്‍ കൂട്ടുകെട്ട് അക്കാലത്ത് എത്ര കാതുകളെ സുഖിപ്പിച്ച് കണ്ണുകളെ ഈറനണിയിച്ചു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെയും തൃശൂര്‍ പി. രാധാകൃഷ്ണന്റെയും കര്‍ണാടക സംഗീതം, ശ്രോതാക്കള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനവുമായി എത്തിയ ' രഞ്ജിനി'. അങ്ങനെ സംഗീത പ്രേമികള്‍ക്കുള്ള പരിപാടികള്‍ പിന്നേയും നീളുന്നു.

'രഞ്ജിനി'യില്‍ താനയച്ച കത്ത് വായിക്കാന്‍ കാത്തിരുന്ന വലിയൊരു സമൂഹം കേരളക്കരയിലുണ്ടായിരുന്നു എന്നതൊക്കെ ഇന്ന് അതിശയത്തോടെയോ കേള്‍ക്കാനാകു. 'റേഡിയോ നാടകങ്ങള്‍' കാത്തിരുന്ന് കേട്ട് ഹൃദയത്തില്‍ ചിത്രീകരണം നടത്തിയവരാണ് മലയാളികള്‍. പിന്നീട് മലയാള സിനിമയിലെ മികച്ച നടന്മാര്‍ എന്നുപേരുകേട്ട എത്രോ പേര്‍ റേഡിയോ നാടകത്തില്‍ നിന്ന് തുടങ്ങിയവരാണ്. റേഡിയോ നാടകത്തെ സമ്പന്നമാക്കിയ ജഗതി എന്‍. കെ. ആചാരി, ജി. എന്‍. ഗോപിനാഥന്‍ നായര്‍, നാഗവള്ളി ആര്‍. എസ്. കുറുപ്പ് എന്നീ ത്രിമൂര്‍ത്തികളെ സ്മരിക്കാതെ വയ്യ. ഖേദവും അഭിനന്ദനവും പരാതികളും പരിഭവങ്ങളുമായി പിറന്ന 'എഴുത്ത്‌പെട്ടി'.

ശ്രോതാക്കളുടെ കത്തുകള്‍ വായിച്ചിരുന്ന ചേച്ചിയും മറുപടി നല്‍കിയിരുന്ന എസ്. വേണു എന്ന ചേട്ടനും ഏവര്‍ക്കും പ്രിയങ്കരരായിരുന്നു. എസ്. സരസ്വതിയമ്മ അവതരിപ്പിച്ച ' മഹിളാലയം' എത്ര മഹിളാശ്രോതാക്കളെയാണ് പിടിച്ചിരുത്തിയത്. എസ്. സരസ്വതിയമ്മയെ മഹിളാലയം ചേച്ചി എന്നായിരുന്നു അറിയപ്പെടുന്നതു തന്നെ. സരസ്വതിയമ്മയുടെ നിര്‍ദ്ദേശപ്രകാരം 'മഹിളാലയത്തി'ലേക്ക് ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ നാടകത്തെ വികസിപ്പിച്ചതാണ് പ്രശസ്തമായ 'അഗ്നിസാക്ഷി' എന്ന നോവല്‍തന്നെ. കുട്ടികള്‍ക്കായി 'ബാലരംഗം', യുവാക്കള്‍ക്കായി 'യുവവാണി', കര്‍ഷകര്‍ക്കായി ' കൃഷിപാഠം', ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന 'കണ്ടതും കേട്ടതും'. അങ്ങനെ നീളുന്നു റേഡിയോ വിശേഷങ്ങള്‍.

തൊണ്ണുറുകളുടെ പകുതിയോടെ ടെലിവിഷനുകള്‍ കടന്നെത്തി. ഇതോടെ റേഡിയോ കേള്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞു. എങ്കിലും റേഡിയോ ഇന്നും കേള്‍ക്കുന്നവര്‍ അവശേഷിക്കുന്നു എന്നത്് പറയാതെ വയ്യ. വിഞ്ജാനവും വിനോദവുമൊക്കെ പകരുന്ന ഈ പെട്ടി ചിതലരിയ്ക്കാതിരിയ്ക്കട്ടെ.

English summary
Pathanamthitta Local News about Akasavani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X