കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെങ്ങനെ ബലാത്സംഗമാകും? ബലാത്സംഗം ചെയ്തവര്‍ക്ക് പോലും സംശയം... പക്ഷേ, അത് ബലാത്സംഗം തന്നെ

  • By Desk
Google Oneindia Malayalam News

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു സംഭവമേ അല്ല. ലൈംഗികതയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയുടെ അനുമതി തന്നെയാണ്. ആ അനുമതി അല്ലെങ്കില്‍ സമ്മതം അല്ലെങ്കില്‍ കണ്‍സെന്റ് പോലും ഏത് സാഹചര്യത്തില്‍ ആണ് സൃഷ്ടിക്കപ്പെട്ടത് എന്നത് പോലും പക്ഷേ, നിയമത്തിന്റെ മുന്നില്‍ പ്രശ്‌നമാണ്.

ദീര്‍ഘകാലം പരസ്പര സമ്മതത്തോടെ ശരീരം പങ്കിടുകയും ഒരു സുപ്രഭാതത്തില്‍ ബലാത്സംഗ ആരോപണം ഉന്നയിക്കുകയും ചെയ്യുമ്പോള്‍ കേട്ടുനില്‍ക്കുന്ന ചിലരെങ്കിലും നെറ്റിചുളിക്കും എന്ന് ഉറപ്പാണ്. ആ നെറ്റിചുളിക്കലുകാര്‍ക്ക് വേണ്ടിയാണ് ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍.

സമ്മതം, അനുമതി എന്നത് തികച്ചും സോപാധികമായ ഒന്നാണ്, നിരുപാധികം ആയതല്ല. ഏത് സാഹചര്യത്തില്‍ ആണ് ആ സമ്മതം നല്‍കപ്പെട്ടത് എന്നതും, എപ്പോഴാണ് അത് ഇല്ലാതാകുന്നത് എന്നതും തിരിച്ചറിയപ്പെട്ടില്ലെങ്കില്‍ ബലാത്സംഗം ചെയ്തയാള്‍ പോലും താന്‍ ചെയ്തത് ഒരു ബലാത്സംഗം ആണെന്ന് വിശ്വസിക്കില്ല.

കണ്‍സെന്റിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളുടേതാണ് പ്രശ്‌നം.

ഒരു സിനിമ കണ്ടേക്കാം...

ഒരു സിനിമ കണ്ടേക്കാം...

നമുക്ക് ഒരു സിനിമ കണ്ടാലോ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ച് നോക്കൂ. അതൊരു കൂതറ സിനിമയായേക്കാം. കണ്ടേക്കാം എന്നായിരിക്കും ചിലപ്പോള്‍ മറുപടി. പക്ഷേ, കുറച്ച് നേരം കണ്ടിരിക്കുമ്പോള്‍ അയാള്‍ക്ക് അത് മടുപ്പുളവാക്കിയേക്കും. എന്നാല്‍ നിങ്ങള്‍ അയാളെ, അത് നിര്‍ബന്ധപൂര്‍വ്വം കാണിപ്പിച്ചാലോ?

സിനിമ കാണാന്‍ സമ്മതം ആണെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട് എന്നതായിരിക്കും നിങ്ങളുടെ വാദം. അതിന്റെ പേരില്‍, അയാള്‍ക്കിഷ്ടപ്പെടാത്ത ഘട്ടത്തില്‍ പോലും നിങ്ങള്‍ അയാളെ അതിന് നിര്‍ബന്ധിക്കുകയാണെങ്കില്‍ അതിന് അയാളുടെ സമ്മതം ഉണ്ടായിരുന്നു എന്ന പരട്ടവാദം നിങ്ങള്‍ക്ക് ഉയര്‍ത്താനാകുമോ?

ഇത് തന്നെ ലൈംഗികതയുടെ കാര്യത്തിലും പരിഗണിച്ച് നോക്കൂ. സമ്മതം എന്നത് എന്താണ് എന്ന് അല്‍പമെങ്കിലും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ?

കാര്‍ വേണോ... എടുത്തോളൂ

കാര്‍ വേണോ... എടുത്തോളൂ

അളിയാ... നിന്റെ കാര്‍ ഒന്ന് തരാമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചാല്‍ കൊടുക്കുന്നവരായിരിക്കും അധികം പേരും. എന്നാല്‍, ചോദിക്കുക പോലും ചെയ്യാതെ കാറും എടുത്ത് പോകുന്നത് ഒരു ശീലമാക്കിയാല്‍ എങ്ങനെ ഉണ്ടാകും?

നിനക്ക് തോന്നുമ്പോള്‍ എടുത്തുകൊണ്ടുപോകാനുള്ളതല്ല എന്റെ കാര്‍ എന്ന് പറഞ്ഞ് നോക്കൂ. ഒരിക്കല്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞതല്ലേ, അപ്പോള്‍ പിന്നെ എനിക്ക് തോന്നുമ്പോഴെല്ലാം ഞാന്‍ നിന്റെ കാറും എടുത്ത് പോകും എന്നാണ് മറുപടിയെങ്കില്‍ അതിനെ നിങ്ങള്‍ എങ്ങനെ ആയിരിക്കും പരിഗണിക്കുക.

ഒരിക്കല്‍, ലൈംഗികതയ്‌ക്കോ അടുത്ത് ഇടപെഴകുന്നതിനെ സ്വാതന്ത്ര്യം നല്‍കി എന്നതിനര്‍ത്ഥം എപ്പോഴും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നല്ല എന്നെങ്കിലും മനസ്സിലാക്കാനുള്ള സാമാന്യ ബോധം പ്രകടമാക്കേണ്ടത് ആരാണ്.

നല്ല കിടിലന്‍ പാട്ടല്ലേ....

നല്ല കിടിലന്‍ പാട്ടല്ലേ....

ഒരു അത്യുഗ്രന്‍ റോക്ക് സംഗീതം... അത് കേട്ട ഉടനെ നിങ്ങള്‍ പറയുകയാണ്, എനിക്ക് ഇത് ഏറെ ഇഷ്ടപ്പെട്ടു എന്ന്. പിന്നീട് നിങ്ങള്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍, നിങ്ങളുടെ സുഹൃത്ത് അതേ പാട്ട് അത്യുച്ചത്തില്‍ നിങ്ങളുടെ ചെവിയുടെ അടുത്ത് കൊണ്ടുവന്നുവച്ച് പ്ലേ ചെയ്താല്‍ എങ്ങനെ ഇരിക്കും.

നിങ്ങള്‍ക്ക് ആ പാട്ട് ഇഷ്ടമാണെന്ന് മുമ്പ് പറഞ്ഞിരുന്നില്ലേ എന്നൊരു ന്യായം കൂടി നിങ്ങളുടെ സുഹൃത്ത് പറഞ്ഞേക്കാം. ആട്-2 എന്ന് സിനിമയില്‍ വിനായകന്‍ ചോദിച്ചത് പോലെ 'ഇതൊക്കെ ഒരു റീസണാ' എന്ന് തിരിച്ച് ചോദിക്കില്ലേ നിങ്ങള്‍.

അത്രയേ ഉള്ളൂ സെക്‌സും കണ്‍സെന്റും റേപ്പും തമ്മിലുള്ള ബന്ധം.

ആ ടാറ്റു കൊള്ളാം കേട്ടോ...

ആ ടാറ്റു കൊള്ളാം കേട്ടോ...

ഒരു ടാറ്റു ഡിസൈന്‍ കണ്ടു. അത് തന്റെ കൈയ്യിലും പച്ചകുത്തിയാല്‍ കൊള്ളാം എന്നൊരു ആഗ്രഹവും പ്രകടിപ്പിച്ചു. പിന്നീട് നിങ്ങള്‍ രാത്രി കിടന്നുറങ്ങുമ്പോള്‍, നിങ്ങളുടെ കൈയ്യില്‍ പച്ചകുത്തിയാല്‍ അത് ശരിയാകുമോ?

അത് വേണം എന്ന ആഗ്രഹം നിങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എന്നത് ശരിതന്നെയാണ്. എന്നാല്‍ അതിനര്‍ത്ഥം, നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളുടെ ശരീരത്തില്‍ അത് ചെയ്യാന്‍ ഉള്ള അനുവാദം കൊടുക്കുക എന്നതല്ല.

പല ബന്ധങ്ങളിലും ബലാത്സംഗം എന്നത് ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കാം സംഭവിക്കുന്നത്. അതുകൊണ്ട്, അത് ബലാത്സംഗം ആകാതിരിക്കുന്നില്ല.

അത് നിന്റെ പണിയാണെടീ...

അത് നിന്റെ പണിയാണെടീ...

ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ പോലും കണ്‍സെന്റ് എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. രാവിലെ സ്വാദിഷ്ടമായ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിത്തന്ന ഭാര്യയെ അഭിനന്ദിക്കുകയും ഭാര്യയോട് നന്ദിപറയുകയും ചെയ്യും. അടുത്ത ദിവസം ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാത്ത ഭാര്യയെ ശകാരിക്കും.

തനിക്ക് വേണ്ടി പാചകം ചെയ്യുക എന്നത് ഭാര്യയുടെ ഉത്തരവാദിത്തവും പണിയും ആണെന്ന് വിശ്വസിക്കുന്നവരോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോ എന്നറിയില്ല. എങ്കിലും പറയാം, ഭാര്യ എന്ന് പറയുന്നത് ഭര്‍ത്താവിന്റെ അടിമയൊന്നും അല്ല.

ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തില്‍ മാത്രമല്ല. സെക്‌സിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് ജനാധിപത്യബോധമുള്ളവര്‍ ചിന്തിക്കേണ്ടത്. അത് അവളുടെ ജോലിയാണെന്നും പറഞ്ഞ് സെക്‌സ് ചെയ്യാന്‍ ചെല്ലുന്നത് ബലാത്സംഗം ചെയ്യാന്‍ ചെല്ലുന്നത് തന്നെയാണ്.

എല്ലാം നിനക്ക് വേണ്ടിയല്ലേ....

എല്ലാം നിനക്ക് വേണ്ടിയല്ലേ....

സുഹൃത്തിന് ചീട്ടുകളി പഠിക്കണം എന്നൊരു ആഗ്രഹം. നേരെ നിങ്ങളെ വിളിച്ചുപറഞ്ഞു. ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും രണ്ട് പെട്ടി ചീട്ടും സംഘടിപ്പിച്ച് നിങ്ങള്‍ സുഹൃത്തിനെ കാണാന്‍ പോകുന്നു.

കളിയുടെ നിയമങ്ങളൊക്കെ അറിഞ്ഞുകഴിഞ്ഞപ്പോള്‍ സുഹൃത്തിന് ഒരു കാര്യം മനസ്സിലായി... ഈ കളി തനിക്കുള്ളതല്ലെന്ന്. എന്നാല്‍ അത് അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ല. ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് ചീട്ടും സംഘടിപ്പിച്ച് വന്ന്, കളിയും പഠിപ്പിച്ചിട്ട് കളിക്കാന്‍ ഇല്ലെന്ന് പറയുന്നത് തോന്നിവാസം ആണെന്ന് പറഞ്ഞ് പോയേക്കും ചിലപ്പോള്‍. നിര്‍ബന്ധിച്ച് കളിപ്പിക്കുകയും ചെയ്യും.

ഇവിടേയും ഉണ്ട് കണ്‍സെന്റിന്റെ വിഷയം. ഒരുപക്ഷേ, പങ്കാളി തന്നെ ആയിരിക്കാം സെക്‌സിന് വേണ്ടി നിങ്ങളെ ക്ഷണിച്ചത്. എന്നാല്‍ അവര്‍ക്ക് അത് അപ്പോള്‍ സാധ്യമല്ലെന്ന് തോന്നിയിരിക്കാം. എന്നിട്ടും നിങ്ങള്‍ നിര്‍ബന്ധിച്ച് അത് ചെയ്യുന്നുവെങ്കില്‍ അത് ബലാത്സംഗം അല്ലാതെ മറ്റെന്താണ്.

കണ്ടാല്‍ തോന്നും കെട്ടോ...

കണ്ടാല്‍ തോന്നും കെട്ടോ...

നിങ്ങളിങ്ങനെ ഷോര്‍ട്‌സും ടീ ഷര്‍ട്ടും ഒക്കെ ഇട്ട് മസിലും പെരുപ്പിച്ച് നില്‍ക്കുകയാണ്. അപ്പോഴാണ് ഒരു ജിമ്മന്‍ അടുത്ത് വന്ന് കുറച്ച് ഡംബെല്ലും വെയ്റ്റും എല്ലാം എടുത്ത് നിങ്ങളുടെ കൈയ്യില്‍ തരുന്നത്.

ഇതെന്ത് തോന്നിവാസം ആണെന്നായിരിക്കും നിങ്ങള്‍ക്ക് തോന്നുക. എന്നാല്‍ നിങ്ങളെ കണ്ടാല്‍ ഒരു വെയ്റ്റ് ലിഫ്റ്ററെ പോലെ ഉണ്ടല്ലോ. അതുകൊണ്ടാണ് ഇതെല്ലാം നിങ്ങളെ കൊണ്ട് പിടിപ്പിച്ചത് എന്ന് മറ്റേ ആള്‍ മറുപടി പറഞ്ഞാല്‍ എങ്ങനെയുണ്ടാവും.

അവളെ കണ്ടാല്‍ അറിയാം, അവള്‍ക്ക് ഇത്തിരി കൂടുതലാണ്/അവള്‍ക്ക് ഇപ്പോ സെക്‌സ് ചെയ്താല്‍ കൊള്ളാം എന്നും പറഞ്ഞ് സെക്ഷ്വല്‍ അഡ്വാന്‍സ് എടുക്കുന്ന മരയൂളകളും മേല്‍പ്പറഞ്ഞവനും ഒരേ ബോധ്യമാണുള്ളത്. നിങ്ങളുടെ കാഴ്ചയുടെ പ്രശ്‌നത്തെ മറ്റൊരാളുടെ കണ്‍സെന്റ് ആയി എടുക്കുന്നവന്‍ ചിന്തിക്കുന്നത് തലച്ചോറുകൊണ്ടല്ല, ലിംഗകൊണ്ടാണ്.

പ്രചോദനം: അല്ലി കിര്‍ഖാം

അല്ലി കിര്‍ഖാം വരച്ച ഏഴ് കോമിക് പീസുകളാണ് മേല്‍വിവരിച്ച കുറിപ്പുകള്‍ക്ക് ആധാരം. എവരിഡേ ഫെമിനിസം എന്ന വെബ്‌സൈറ്റില്‍ ആണ് അല്ലി കിര്‍ഖാമിന്റെ ഈ കോമിക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

റേപ്പ് കൾച്ചർ... അമാനവ പീഡകരുടെ ചൂഷണങ്ങളുടെ മാനിഫെസ്റ്റോ; കേരളത്തിലെ 'മീടൂ' കാമ്പയിൻ വെളിവാക്കുന്നത്റേപ്പ് കൾച്ചർ... അമാനവ പീഡകരുടെ ചൂഷണങ്ങളുടെ മാനിഫെസ്റ്റോ; കേരളത്തിലെ 'മീടൂ' കാമ്പയിൻ വെളിവാക്കുന്നത്

English summary
Rape and Consent: A brief note on the basis of Alli Kirkham's comic, by Binu Phalgunan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X