കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്ടിച്ചേരിയും കേരളവും അരാഷ്ട്രീയ ബിംബങ്ങളുടെ രാഷ്ട്രീയ ദൗത്യങ്ങളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

  • By Desk
Google Oneindia Malayalam News

ശ്രീജിത്ത് ദിവാകരൻ

കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ശ്രീജിത്ത് ദിവാകരൻ. മാതൃഭൂമി, മീഡിയ വൺ, ഡൂൾ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ ഭാഗമായിരുന്നു. ഇടത് പരിപ്രേക്ഷ്യത്തിലൂടെ കേരള രാഷ്ട്രീയത്തെ വിലയിരുത്തുകയാണ് അദ്ദേഹം.

പോണ്ടിച്ചേരിയില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ദൂരം വളരെ കുറവാണെന്നാണ് ഇപ്പോഴെല്ലാവരും പറയുന്നത്. പക്ഷേ കേരളത്തിനകത്തുള്ള മാഹിയെന്ന പോണ്ടിച്ചേരി ദേശത്തിന്, ചോറങ്ങാണെങ്കിലും കൂറിങ്ങാണ്.

കെപിസിസിയുടെ പബ്ലിക് പോളിസിയും തിരഞ്ഞെടുപ്പും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നുകെപിസിസിയുടെ പബ്ലിക് പോളിസിയും തിരഞ്ഞെടുപ്പും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

കഴിഞ്ഞ രാത്രി കേരളത്തിലെ ഭാവി തിരഞ്ഞെടുപ്പിന് മുന്നോടിയായി ടെലിവിഷന്‍ ചാനലുകള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ പതിവ് സര്‍വ്വേകള്‍ നടത്തി. മിക്കവാറും സര്‍വ്വേ ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം പ്രവചിച്ചിട്ടുണ്ട്. പക്ഷേ, നിരന്തരം ഇടതുപക്ഷത്തെ ടാര്‍ഗെറ്റ് ചെയ്ത് ആക്രമണം നടത്തുന്ന ചാനലുകള്‍ നിലവില്‍ ഈ സര്‍വ്വേ കൊണ്ട് ഉദ്യേശിക്കുന്നത് എന്താണ്? വിശദമായി സര്‍വ്വേ നോക്കണം. ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയേക്കും എന്ന കേരളത്തിലിന്ന് പൊതുവേ നിലനില്‍ക്കുന്ന ഒരു വിശ്വാസത്തെ മുന്‍ നിര്‍ത്തുമ്പോള്‍ സത്യമെന്ന് പലര്‍ക്കും തോന്നുന്ന ഒരു പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ മറവില്‍ മറ്റെന്തൊക്കെ ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്? അതാണ് പ്രധാനം.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

പോണ്ടിച്ചേരിയിൽ സംഭവിച്ചത്

പോണ്ടിച്ചേരിയിൽ സംഭവിച്ചത്

തുടര്‍ന്നുള്ള പകൽ ഉണ്ടായ ഏറ്റവും പ്രധാന വാര്‍ത്ത കഴിഞ്ഞ ആഴ്ചയിലെ സൗത്തിന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടെ പരിസമാപനം ആയിരുന്നു. പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെന്നിന്ത്യയില്‍ കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു പ്രദേശമായ പുതുച്ചേരിയില്‍ അവിശ്വാസ പ്രമേയം പാസായി. 2016-ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 30 അസംബ്ലി സീറ്റുകളില്‍ ഒന്നുപോലും നേടാനാകാത്ത ബിജെപിയാണ് സര്‍ക്കാരിനെ മറിച്ചിട്ടത്. ഇതാണ്, കേരളത്തിനോടും തമിഴ്‌നാടിനോടും അടുക്കാനുള്ള സംഘപരിവാരത്തിന്റെ പതിറ്റാണ്ടുകളായുള്ള ശ്രമത്തിന്റെ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ വിജയം.

പോണ്ടിച്ചേരിയിലെന്താണ് സംഭവിച്ചത് എന്ന് നോക്കിയതിന് ശേഷം നമുക്ക് കേരളത്തിലെ തിരഞ്ഞെടുപ്പ് സര്‍വ്വേയിലേയ്ക്ക് വരാം. ഒറ്റ വാക്കില്‍ കോണ്‍ഗ്രസ് തങ്ങളുടെ കൈവശമുണ്ടായിരുന്ന മറ്റൊരു സുരക്ഷിത താവളം കൂടി നശിപ്പിച്ചുവെന്ന് പറയാം. പക്ഷേ അതെങ്ങനെ, എന്തായിരുന്നു അതിന്റെ നാള്‍ വഴി?

രംഗസ്വാമിയിൽ നിന്ന് നാരായണ സ്വാമിയിലേക്ക്

രംഗസ്വാമിയിൽ നിന്ന് നാരായണ സ്വാമിയിലേക്ക്

പോണ്ടിച്ചേരി, തമിഴ്‌നാടും കേരളവും എന്ന പോലെ ബിജെപിക്ക് ബാലികേറാമല തന്നെയായിരുന്നു. തൊണ്ണുറുകള്‍ക്ക് ശേഷം പുതുച്ചേരിയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാന നേതാവായിരുന്നു വി രംഗസ്വാമി. 2001-ല്‍ മുഖ്യമന്ത്രിയായി. ജനപ്രിയ പരിപാടികള്‍ ആവിഷ്‌കരിച്ചു. മക്കള്‍ മുതല്‍വന്‍ എന്ന പേര് സമ്പാദിച്ചു. 2006-ല്‍ വീണ്ടും കോണ്‍ഗ്രസിനെ അധികാരത്തിലേറ്റി. വീണ്ടും മുഖ്യമന്ത്രിയായി. അതിനിടയില്‍ ഒരു കാര്യം സംഭവിച്ചു. 2004-ല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. വി നാരായണ സ്വാമി എന്ന പുതുച്ചേരിയുടെ രാജ്യസഭാംഗം ഒന്നാം യുപിഎ മന്ത്രിസഭയില്‍ പാര്‍ല്യമെന്ററി കാര്യസഹമന്ത്രിയായി. സോണിയഗാന്ധിയുടേയും ഡല്‍ഹി കോണ്‍ഗ്രസിന്റെയും പ്രിയങ്കരനും. അതോടെ പുതുച്ചേരിയില്‍ രണ്ട് വലിയ നേതാക്കളായി.

2016-ല്‍ രണ്ടാം വട്ടം രംഗസ്വാമി മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ ആരംഭിച്ച ഉള്‍പാര്‍ട്ടി കലാപങ്ങള്‍ക്ക് ഒടുവില്‍ 2008-ല്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ നാരായണസ്വാമി വിജയിച്ചു. എന്നാല്‍ നാരായണസ്വാമിക്ക് മുഖ്യമന്ത്രിയാകാനായില്ല. മുന്‍ മുഖ്യമന്ത്രി വി വൈദ്യലിംഗം തല്‍സ്ഥാനത്തെത്തി. എന്തായാലും ഈ ഉള്‍പ്പോര് 2011-ല്‍ പോണ്ടിച്ചേരിയിലെ പാര്‍ട്ടിയുടെ പിളര്‍പ്പിലെത്തിച്ചു. നമത് രാജ്യം എന്നതിന്റേയും എന്‍ രാമസ്വാമി എന്ന സ്വന്തം പേരിന്റേയും ചുരുക്കമായി എന്‍ആര്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രാമസ്വാമി ഉണ്ടാക്കി. എഐഡിഎംകെയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചു. 17 സീറ്റില്‍ മത്സരിച്ച എന്‍ആര്‍കോണ്‍ഗ്രസ് 15 സീറ്റും നേടി. എഐഎഡിഎംകെ അഞ്ചും. ഒരിക്കല്‍ കൂടി രാമസ്വാമി മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് കാലങ്ങള്‍ക്ക് ശേഷം പ്രതിപക്ഷത്തും.

2009-ല്‍ പുതുച്ചേരിയില്‍ നിന്ന് ലോകസഭയില്‍ പാര്‍ലമെന്റിലെത്തിയെങ്കിലും 2014-ല്‍ തോറ്റു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന പുതുച്ചേരി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ഡിഎംകെ സഖ്യം നിര്‍ണായക വിജയം നേടി, 2016-ല്‍. 15 സീറ്റുകള്‍ കോണ്‍ഗ്രസിനും മൂന്ന് സീറ്റുകള്‍ ഡിഎംകെയ്ക്കും ഒരു സീറ്റ് മാഹിയില്‍ നിന്നുള്ള ഇടത് സ്വതന്ത്രനും അടക്കം 30 സീറ്റില്‍ 19 അംഗങ്ങളുടെ പിന്തുണ. മത്സരിച്ച എല്ലാ സീറ്റുകളിലും ബിജെപി തോറ്റു.

കിരൺ ബേദി എന്ന കരു

കിരൺ ബേദി എന്ന കരു


അവിടെ നിന്ന് കഴിഞ്ഞ ദിവസം ബിജെപിക്ക് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിഞ്ഞു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍ണായക ശക്തിയുടെ പേര് കിരണ്‍ ബേദി ഐപിഎസ് എന്നാണ്.

അതെങ്ങനെ സാധ്യമായി? പുതുച്ചേരി, ഫ്രഞ്ച് അധീന പ്രവശ്യ എന്ന നിലയില്‍ നിന്ന് അറുപതുകളില്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുമ്പോള്‍ ഉള്ള തീരുമാനപ്രകാരം, 30 നിയമസഭാംഗങ്ങളെ കൂടാതെ മറ്റ് മൂന്ന് അംഗങ്ങളെ കൂടി കേന്ദ്രസര്‍ക്കാരിന് നോമിനേറ്റ് ചെയ്യാം. ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ ഒരു ഭൂരിപക്ഷ സര്‍ക്കാരിലേയ്ക്ക് മൂന്ന് അംഗങ്ങളെ കേന്ദ്രം നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ സംസ്ഥാ സര്‍ക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കുക എന്നുണ്ട്. ഇതുവരെയുള്ള കീഴ്‌വഴക്കം അതായിരുന്നു. എന്നാല്‍ ഒരു ബിജെപി അംഗം പോലുമില്ലാത്ത, തിരഞ്ഞെടുപ്പില്‍ മുപ്പത് സീറ്റില്‍ മത്സരിച്ചിട്ട് രണ്ടര ശതമാനം മാത്രം വോട്ട് ലഭിച്ച ബിജെപിക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്ന് അംഗങ്ങളെ സമ്മാനിച്ച് പുതുച്ചേരി നിയമസഭയിലെത്തിച്ചു. അതിന് പുറകില്‍ ലഫ്‌നന്റ് ഗവര്‍ണര്‍ എന്ന നിലയില്‍ കിരണ്‍ബേദി ഐപിഎസ് നിര്‍ണായകമായി പ്രവര്‍ത്തിച്ചു. മാത്രമല്ല മറ്റ് നോമിനേറ്റഡ് അംഗങ്ങള്‍ക്ക് പതിവില്ലാത്ത വിധത്തില്‍ അവര്‍ക്ക് സഭയ്ക്കുള്ളില്‍ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടെന്നും ലഫ്. ഗവര്‍ണര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്ക് വോട്ടിങ് അവകാശമില്ല എന്നോര്‍ക്കണം. കമ്മറ്റികളിലല്ലാതെ സഭാഭൂരിപക്ഷം തീരുമാനിക്കുന്ന ഒരിടത്തും നാമനിര്‍ദ്ദേശപ്രകാരം വന്നവര്‍ വോട്ട് ചെയ്യാന്‍ പാടുള്ളതല്ല. ഈ കാര്യം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി വരെ പുതുച്ചേരി സര്‍ക്കാര്‍ പോയി. എങ്കിലും ഇക്കാലത്തെ കോടതി വിധികളാണ് ആ സര്‍ക്കാരിനെയും കാത്ത് നിന്നത്. അങ്ങനെ ബിജെപിക്ക് പുതുച്ചേരിയില്‍ ഒരു ജനപിന്തുണയുമില്ലാതെ, കയ്യൂക്കുകൊണ്ടും നിയമവ്യവസ്ഥയോടുള്ള അനാദവ് കൊണ്ടും മൂന്ന് എംഎല്‍എമാരുണ്ടായി- സമ്പൂര്‍ണ്ണ അധികാരങ്ങളുള്ളവര്‍.

ആ അടിത്തറ മതിയായിരുന്നു

ആ അടിത്തറ മതിയായിരുന്നു

ഇത്രയും അടിത്തറ കിരണ്‍ബേദി ഇട്ടതോടെ അമിത്ഷായ്ക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമായി. കഴിഞ്ഞ വര്‍ഷം തന്നെ ഒരു കോണ്‍ഗ്രസ് എംഎല്‍എ-യെ മറുകണ്ടം ചാടിച്ചു. അയാളെ കൂറുമാറ്റ നിരോധന പ്രകാരം പുറത്താക്കി. ഒരു മന്ത്രി അടക്കം നാല് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ പ്രതിനിധിയും കൂടി അവിശ്വാസ പ്രമേയത്തിന്റെ ദിവസങ്ങളില്‍ പതിവ് നാടകങ്ങള്‍ക്ക് ശേഷം അപ്പുറത്തെത്തി, ബിജെപിയില്‍ ചേര്‍ന്നു. അഥവാ കോണ്‍ഗ്രസിന്റെ പതിനഞ്ചില്‍ മൂന്നിലൊന്ന് പേരും മറുകണ്ടം ചാടി.

മീഡിയ വളർത്തിയ ബേദി

മീഡിയ വളർത്തിയ ബേദി

ആദര്‍ശ രാഷ്ട്രീയം, അഴിമതിയില്ലാത്ത പൊതുസേവനം തുടങ്ങിയ മുദ്രവാക്യങ്ങളുയര്‍ത്തിയാണ് കിരണ്‍ബേദി പൊതുരംഗത്ത് ഇറങ്ങുന്നത് എന്നോര്‍ക്കണം. പോലീസിനെ അഴിമതി മുക്തമാക്കുന്നു, പൊതുജീവിതത്തെ അഴിമതി മുക്തമാക്കുന്നു, ജനാധിപത്യം-മര്യാദ-സമത്വം എന്നിങ്ങനെയുള്ളയുടെ പ്രതിനിധിയാക്കി വലതുപക്ഷ മീഡിയ കിരണ്‍ബേദിയെ വളര്‍ത്തി. അതെ, സെന്‍കുമാര്‍, ജേക്കബ്ബ് തോമസ് മാതൃകയില്‍. സാക്ഷാല്‍ മെട്രോ ശ്രീധരന്‍ മാതൃകയില്‍. യുപിഎ സര്‍ക്കാരുകള്‍ക്കൊടുവില്‍ അണ്ണാഹസാരെയുടെ സമരപന്തലില്‍ ബിജെപിയുടെ രഹസ്യദൗത്യവുമായി ബാബാരാംദേവിനൊപ്പം കിരണ്‍ബേദിയുണ്ടായിരുന്നു. അരാഷ്ട്രീയ സമൂഹത്തിന്റെ തലോടലേറ്റ് വാങ്ങി. ആദ്യത്തെ അവസരത്തില്‍ തന്റെ കാവിനിറം കിരണ്‍ബേദി പ്രഖ്യാപിച്ചു. ബിജെപിയുടെ അഴിമതി-വര്‍ഗ്ഗീയ സര്‍ക്കാരിന്റെ ഏറ്റവും വലിയ വക്താവായി പ്രവര്‍ത്തിക്കാനാരംഭിച്ചു.

മറ്റൊരു ജനാധിപത്യ സര്‍ക്കാരിനെ കൂടി മറിച്ചിടുന്നതില്‍, നിര്‍ണായക പങ്ക് വഹിച്ച കിരണ്‍ബേദിയെ അവസാന നിമിഷം നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മാറ്റി നിര്‍ത്തിയാണ് പുതുച്ചേരി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ വോട്ട് നടത്തിയത്.

ശ്രീധരൻ, ജേക്കബ് തോമസ്, സെൻകുമാർ

ശ്രീധരൻ, ജേക്കബ് തോമസ്, സെൻകുമാർ

കിരണ്‍ബേദിയുടെ ഈ വഴി യാദൃശ്ചികമായി ഉണ്ടായതല്ല. അത് ഘടനാപരമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇ ശ്രീധരന്‍, ജേക്കബ്ബ് തോമസ്, ടിപി സെന്‍കുമാര്‍ എന്നുള്ളവര്‍ കേരളത്തിന് പെട്ടന്ന് മനസിലാക്കാനാകുന്ന ഉദാഹരണങ്ങള്‍ മാത്രം. ശ്രീനാരായണ ഗുരുവിന്റേയും വിവേകാനന്ദന്റേയും നയങ്ങള്‍ നടപ്പിലാക്കാനാണ് ബിജെപിയില്‍ ചേരുന്നതെന്ന് പറയുന്ന അതേ സെക്കന്‍ഡില്‍ നരേന്ദ്രമോഡി മികച്ച നേതാവാണെന്ന് പറയാനും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ബിജെപിയില്‍ എത്തിയത് എന്ന് പറയാനും വര്‍ഷങ്ങളോളം കേരളത്തിന്റെ പോലീസിനെ നയിച്ചിരുന്ന ഉദ്യോഗസ്ഥരിലൊരാളായ വ്യക്തിക്ക് പറയാന്‍ പറ്റുന്നുവെന്നത് നിസാരകാര്യമല്ല. ഗള്‍ഫില്‍ ആരും ഒട്ടകത്തിന്റെ ഇറച്ചി കഴിക്കാറില്ലല്ലോ അതവര്‍ക്ക് വിശുദ്ധമായ ഒരു മൃഗമല്ലേ എന്ന് ആധികാരികമായി പറയുന്ന ബിജെപി നേതാവിന്റെ അതേ ആധികാരികതയില്‍ പെട്രോളിന് വില കൂട്ടുന്നത് ഉപയോഗം കുറയ്ക്കാനാണെന്ന് ജേക്കബ്ബ് തോമസിനും പറയാനാകും. തുടര്‍ന്ന് ആ വഴിക്കാകും പ്രവര്‍ത്തനം. ഇത്രയേറെ മുസ്ലീം വിദ്വേഷമുള്ള, അപരവിദ്വേഷമുള്ള, അസഹനീയമാം വിധം വെറുപ്പും വിഡ്ഢിത്വവുമുള്ള പ്രസ്താവനകള്‍ നടത്തുന്ന ടിപി സെന്‍കുമാര്‍ ആയിരുന്നു പോലീസിനെ നയിച്ചിരുന്നത്. കേസു നല്‍കി അയാള്‍ പോലീസ് മേധാവി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയത് കേരളത്തിലെ സെക്യുലര്‍ സ്‌പെയ്‌സുകള്‍ വരെ ആഘോഷിച്ചതാണ്. ഇതായിരുന്നു അയാള്‍.

കിരൺ ബേദിയെ പോലെ തന്നെ ശ്രീധരനും

കിരൺ ബേദിയെ പോലെ തന്നെ ശ്രീധരനും

ഇതേ പാറ്റേണ്‍ കൃത്യമായി ഇ ശ്രീധരനില്‍ കാണാം. സംഘപരിവാര്‍ സ്തുതി, ഒരു തരത്തിലുള്ള വിദ്വേഷമോ മതവിവേചനമോ ഇല്ലാത്ത ഭരണമാണ് മോഡി നടത്തുന്നത് എന്ന ഉറച്ച വിശ്വാസം, 88-ാം വയസില്‍ എഞ്ചിനീയര്‍ എന്ന ഭരണ പരിചയം കൊണ്ട് നാടിന്റെ മുഖ്യമന്ത്രിയാകാം, ആയില്ലെങ്കില്‍ നാടിനാണ് ദോഷം എന്ന പൊങ്ങച്ചം, നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരെ ഇഷ്ടമല്ല എന്ന തുറന്ന് പറച്ചില്‍. ഇങ്ങനെ ഇപ്പോള്‍ പറയാന്‍ പറയാന്‍ പാകത്തിന് ഈ, ഇ ശ്രീധരനെ വളര്‍ത്തിയെടുത്തതില്‍ കിരണ്‍ബേദിയെ വളര്‍ത്തിയെടുത്ത അതേ അരാഷ്ട്രീയ രാഷ്ട്രീയത്തിന് നിര്‍ണായക പങ്കുണ്ട്. വലത് പക്ഷം മാധ്യമങ്ങള്‍ അണിയിച്ച് നല്‍കിയ വിശുദ്ധിയുടെ നറുമുലപ്പാലില്‍ അലക്കിയ ആ പ്രതിച്ഛായ കുപ്പായത്തില്‍ മരുമകന്റെ ബിസിനസ് പദ്ധതിയുടെ നാറുന്ന കറകളാണെന്നും അത് കഴുകികളയാനുള്ള ശ്രമങ്ങളാണിതെല്ലാം എന്നും ആരോപണങ്ങളുയരുമ്പോള്‍ നേരത്തേ തന്നെ ഈ മെട്രോ സംഘപരിവാറിന്റെ ലാവണം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിലാണ് എന്ന് അറിയാവുന്നവര്‍ക്ക് ഒരു ഞെട്ടലുമില്ല.

ശ്രീധരനും ട്വന്റിഫോറും ഏഷ്യാനെറ്റ് ന്യൂസും സർവ്വേയും

ശ്രീധരനും ട്വന്റിഫോറും ഏഷ്യാനെറ്റ് ന്യൂസും സർവ്വേയും

അവിടെ നിന്നാണ് നമ്മള്‍ കേരളത്തിലെ സര്‍വ്വേയിലേയ്ക്ക് വരുന്നത്. മൂന്ന് ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയാകാന്‍ താത്പര്യം എന്ന് പ്രഖ്യാപിച്ച ആളെ മുഖ്യമന്ത്രിയായി കാണണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 10 ശതമാനം പേരുടെ ആഗ്രഹം. കേരളത്തിന്റെ പുതിയ വാര്‍ത്താ സെന്‍സേഷനായ 24 ന്യൂസാണ് ഈ മഹത്തായ സര്‍വ്വേ നടത്തിയിട്ടുള്ളത്. എങ്ങനെയാണ് ബിജെപിക്ക് കളമൊരുക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ അനസ്യൂതം, അവിരാമം നടത്തുന്നത് എന്നുള്ളതിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിത്. ഏഷ്യാനെറ്റാകട്ടെ കേരളത്തിന്റെ പ്രതിപക്ഷനേതാവിന്റെ ജനപ്രീതിയെ ബിജെപി അധ്യക്ഷന്റേതിന് തുലനം ചെയ്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 139 മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്തോ രണ്ടോ സ്ഥാനത്തോ എത്തിയ മുന്നണി സംവിധാനത്തിന്റെ നേതാവാണ് രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷനേതാവ്. എത്ര പ്രശ്‌നങ്ങളും അപാകങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ദയനീയ മൂന്നാം സ്ഥാനക്കാരായ ബിജെപിയുടെ അധ്യക്ഷന്റെ അതേ ജനപ്രിയതാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉള്ളൂ എന്ന് കണ്ടെത്തണമെങ്കില്‍ ഇ ശ്രീധരന് പൊടുന്നനെ പത്ത് ശതമാനം കൊടുത്ത 24 ന്യൂസിന്റെ അതേ ഹിന്ദുത്വ മിഷീന്റെ പ്രവര്‍ത്തനം ഇവിടേയും നടന്നിട്ടുണ്ട് എന്നേ പറയാന്‍ പറ്റൂ.

Recommended Video

cmsvideo
Pre pole survey of asianet and 24 news
പോണ്ടിച്ചേരിയിൽ നിന്നുള്ള ഷോർട്ട് കട്ടിന് വേണ്ടി

പോണ്ടിച്ചേരിയിൽ നിന്നുള്ള ഷോർട്ട് കട്ടിന് വേണ്ടി

കേരളത്തില്‍ ദുര്‍ബല മൂന്നാം സ്ഥാനമുണ്ടായിരുന്ന ബിജെപിയെ ഓരോ തിരഞ്ഞെടുപ്പിലും ഓരോ അവസരത്തിലും യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം പ്രാധാന്യം കൊടുത്ത വളര്‍ത്തികൊണ്ടുവന്ന മാധ്യമങ്ങളുടെ പിന്‍ഗാമികളാണ് ഇന്നിപ്പോള്‍ ബിജെപിക്ക് ജനപിന്തുണ കൂടിയെന്ന കള്ള കഥയുറക്കെ പറഞ്ഞ് പിആര്‍ വര്‍ക്ക് നടത്തുന്ന സര്‍വ്വേകള്‍ക്ക് വിശ്വസിനീയത നല്‍കാന്‍ ഇടതുപക്ഷ വിജയത്തിന്റെ ഒരു മുഖാവരണം നല്‍കുന്നത്. പോണ്ടിച്ചേരിയില്‍ നിന്ന് കേരളത്തിലേയ്ക്ക് ഒരു ഷോര്‍ട്ട് കട്ടുണ്ടാക്കാന്‍ പെടാപാടുപെടുന്ന മാധ്യമങ്ങളും അരാഷ്ട്രീയ രാഷ്ട്രീയവും പ്രവചനീയമായ നിലപാടുകള്‍ തന്നെയാണ് തുടരുന്നത്. ബിജെപിക്ക് പരവതാനി വിരിക്കാനായി ഇവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ അതേ നിലപാടുകള്‍, തന്ത്രങ്ങള്‍.

കറുപ്പഴകിൽ ശ്രീമുഖി- ചിത്രങ്ങൾ കാണാം

English summary
SamasthaKerala PO: Pondicherry and Kerala and the political missions of non-political figures- Sreejith Divakaran writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X