കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ സ്വന്തം 'സൂപ്പര്‍ വൈസ് ചാന്‍സലര്‍'... വായിക്കാതെ വളഞ്ഞുപോയവര്‍ക്കെന്ത്!!!

  • By Desk
Google Oneindia Malayalam News

എല്ലാ കൊല്ലവും മുടക്കമില്ലാതെ ആചരിച്ചുപോകുന്ന അസംഖ്യം ദിനങ്ങളില്‍ ഒന്നായി വായനാദിനവും മാറിക്കഴിഞ്ഞതായി പലരും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒരു പരിധി വരെ സംഗതി സത്യവും ആണ്. വായനാശീലം എന്നത് കുറഞ്ഞുവരുന്നതിനൊപ്പം വായനാരീതികളും മാറിക്കൊണ്ടിരിക്കുകയാണ്.

എന്തിന് വായനയ്ക്ക് ഒരു ദിനം എന്നൊക്കെ ചിന്തിക്കുന്നവരാണ് പലരും. പിഎന്‍ പണിക്കര്‍ എന്ന മനുഷ്യന്റെ ജീവിതത്തെ കുറിച്ചും അദ്ദേഹം കേരളത്തില്‍ സൃഷ്ടിച്ച ചലനങ്ങളെ കുറിച്ചും അറിയാത്ത ഒരു തലമുറയ്ക്ക് മുന്നിലാണ് വര്‍ഷാവര്‍ഷം വായനാദിനം എത്തുന്നത് എന്നതും കഷ്ടമാണ്.

pn-panicker

നല്ല ഇന്നലെകളില്‍ അല്ല, ചീത്ത ഇന്നിലാണ് നാം ജീവിക്കുന്നത് എന്ന് പറഞ്ഞത് ബെര്‍ടോള്‍ഡ് ബ്രെഹ്ത് ആണ്. എന്നാല്‍ വായനാ സൗകര്യങ്ങളുടെ കാര്യത്തില്‍ നാം ജീവിക്കുന്നത് നല്ല ഇന്നിലാണ്. നമ്മുടെ ഇന്നലെകള്‍ അക്കാര്യത്തില്‍ തീരെ പോരായിരുന്നു, അതീവശുഷ്‌കം ആയിരുന്നു.

വിരല്‍ത്തുമ്പില്‍ പുസ്തകം എത്തുന്ന കാലത്ത് ഗ്രാമീണ വായനശാലകളെ കുറിച്ച് പറയുന്നത് ചിലരിലെങ്കിലും അത്ഭുതം സൃഷ്ടിക്കും എന്ന് ഉറപ്പാണ്. ഒരു പുസ്തകം വായിക്കാന്‍ കിലോമീറ്ററുകളോളം നടന്നുപോയ മനുഷ്യരെ കുറിച്ച് കേള്‍ക്കുമ്പോള്‍ അവര്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. പുസ്തകം വായിച്ചതിന് തല്ലുകിട്ടിയവരെ കറിച്ചും, പസ്തകം വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് വീട്ടുകാരെല്ലാം ചേര്‍ന്ന് പകര്‍ത്തിയെഴുതിയതിനെ കുറിച്ചും ഇന്നത്തെ തലമുറ കേട്ടിട്ട് പോലും ഉണ്ടാകില്ല. എന്നാല്‍ ആ ചരിത്രത്തിന് അത്ര പഴക്കമൊന്നും ഇല്ല.

മലയാളിയെ 'വായിക്കാന്‍' പഠിപ്പിച്ചത് ഒരര്‍ത്ഥത്തില്‍ പിഎന്‍ പണിക്കര്‍ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കാം 'നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍' എന്ന് സുകുമാര്‍ അഴീക്കോട് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ലല്ലോ.

ആലപ്പുഴയിലെ നീലംപേരൂരില്‍ ജനിച്ച് കേരള സമൂഹത്തിലാകെ വായനയുടെ വിത്തുകള്‍ പാകിയ പിഎന്‍ പണിക്കരുടെ ജീവിതം ഒരു മാതൃക തന്നെയാണ്. വായനയോടുള്ള അതിയായ പ്രണയം, വായനയിലൂടെ മാത്രമേ നന്മ കണ്ടെത്താനാകൂ എന്ന വിശ്വാസം... ഇതെല്ലാം തന്നെ ആയിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ഓരോ ഗ്രന്ഥശാലയും ആ നാടിന്‍റെ ഊര്‍ജ്ജ ഉറവിടമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സായാഹ്നങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചത് നാടിന്‍റെ നന്മയ്ക്ക് കൂടി വേണ്ടിയായിരുന്നു. പുതിയതായി എന്ത് ചെയ്യാം എന്നതിനെ കുറിച്ചായിരുന്നു യുവാക്കള്‍ കൂട്ടംകൂടി ചിന്തിച്ചത്. ഗ്രന്ഥശാലകള്‍ തന്നെ ആയിരുന്നു വേദികള്‍. അതൊരുക്കിയതിന്‍റെ പിറകിലെ ദീര്‍ഘവീക്ഷണം പിഎന്‍ പണിക്കരുടേത് തന്നെ ആയിരുന്നു.

library

സനാതനധര്‍മം എന്ന പേരില്‍ തുടങ്ങിയ ഒരു കൊച്ചു വായനശാലയില്‍ നിന്ന് കേരള ഗ്രന്ഥശാല സംഘത്തിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ വായനയോട് ആര്‍ത്തിയുള്ള ഒരുകൂട്ടം ഉണ്ടായിരുന്നു. പുസ്തകങ്ങള്‍ തിന്നുതീര്‍ക്കുന്ന ഇരട്ടവാലന്‍മാരെ പോലെ അവര്‍ പെരുകിവന്നു. ഒരുപക്ഷേ കേരളത്തിന്റെ കലാ,സാംസ്‌കാരിക, സാഹിത്യ വളര്‍ച്ചയില്‍ പോലും നിര്‍ണായകമായ പങ്കുവഹിച്ചത് ഗ്രന്ഥശാല പ്രസ്ഥാനവും പിഎന്‍ പണിക്കരും തന്നെ ആയിരുന്നു.

കേരളത്തെ പുസ്തകം വായിക്കാന്‍ പഠിപ്പിച്ചതിന്റെ ക്രെഡിറ്റ് മാത്രമല്ല പിഎന്‍ പണിക്കര്‍ക്കുള്ളത്. എല്ലാ മലയാളികളേയും ഏറ്റവും ചുരുങ്ങിയത് സ്വന്തം പേരും ബസിന്റെ ബോര്‍ഡും ഒക്കെ വായിക്കാന്‍ പഠിപ്പിച്ചതിന് പിന്നിലും പണിക്കരുടെ കഠിനാധ്വാനം ഉണ്ടായിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി അദ്ദേഹം കേരളത്തില്‍ നടത്തിയ യാത്രകള്‍ ആ കാലഘട്ടത്തിലെ മറക്കാനാകാത്ത ഓര്‍മകള്‍ തന്നെ ആണ്.

1909 മാര്‍ച്ച് ഒന്നിന് ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ആയിരുന്നു പണിക്കരുടെ ജനനം. അധ്യാപകനായി തൊഴില്‍ ജീവിതം. ഗ്രന്ഥശാല സംഘവും സാക്ഷരത പ്രസ്ഥാനവും ഒക്കെയായി സംഭവ ബഹുലമായ ജീവിതം. ഒടുവില്‍ 1995 ജൂള്‍ 19 ന് മരണം.

പിഎന്‍ പണിക്കര്‍ക്ക് അര്‍ഹമായ ആദരം എന്നും കേരളം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരമദിനം തന്നെ വായനദിനമായി ആചരിക്കുന്നതും, ആ ഒരു ആഴ്ച വായനാവാരമായി ആചരിക്കുന്നതും തന്നെയാണ് അതിന്റെ തെളിവ്. പക്ഷേ അതെല്ലാം വെറും ഒരു ആചാരം പോലെ ആയിപ്പോകുന്നുണ്ടോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.

ചിന്തകളിലും പ്രവൃത്തിയിലും പ്രായവ്യത്യാസമില്ലാതെ കേരളീയരെ ഊര്‍ജ്ജസ്വലരാക്കിയ വായനയുടെ സുവര്‍ണകാലം അവസാനിക്കുകയാണോ? സാമൂഹിക ക്രമങ്ങളില്‍ വളരെ പെട്ടെന്ന് പ്രകടമായിക്കൊണ്ടിരിക്കുന്ന ധ്രുവീകരണങ്ങളും രാഷ്ട്രീയ പാപ്പരത്തങ്ങളും എല്ലാം വിരല്‍ ചൂണ്ടുന്നത് അവിടേക്ക് തന്നെയല്ലേ... വായനയുടെ ഗുഹകളില്‍ തപസ്സിരിക്കുന്നവര്‍ ഇപ്പോഴും അവരുടെ തപോനിദ്രയില്‍ മുഴുകി ഇരിക്കുകയാണ്. അറിവിന്റെ വെളിച്ചം പകരാന്‍ ശേഷിയുള്ള സൂര്യന്‍മാര്‍ ഇരുട്ടിന് പിന്നില്‍ മറഞ്ഞുനില്‍ക്കുകയാണ്.

വായിച്ച് വളര്‍ന്നവര്‍ അങ്ങനെ മറഞ്ഞുനില്‍ക്കുമ്പോള്‍ വായിക്കാതെ വളഞ്ഞവര്‍ മുന്നില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ഇരുട്ട് സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഒരിക്കല്‍ ഇരുട്ട് മാറി വെളിച്ചം വരും എന്നാണ് പ്രതീക്ഷ. പിഎന്‍ പണിക്കര്‍ കത്തിച്ചുവച്ച ആ മണ്‍ചിരാതില്‍ നിന്ന് ഒരായിരം സൂര്യന്‍മാരുടെ പ്രകാശം പരന്നുതുടങ്ങും എന്ന് തന്നെ സ്വപ്‌നം കാണാം. ഇരുട്ടിന് എല്ലാക്കാലവും പ്രകാശത്തെ മറയ്ക്കാന്‍ ആകില്ലല്ലോ....

English summary
Reading Day celebration: Remembering PN Panicker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X