• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മണി'നാദം നിലച്ചിട്ട് മൂന്ന് വര്‍ഷം: മരണത്തിലെ ദുരൂഹത തുടരുന്നു, മലയാളികളുടെ മനസ്സില്‍ മായാതെ മണി!!

  • By Desk

തൃശൂര്‍: ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍ കലാഭവന്‍ മണി വിടപറഞ്ഞിഞിട്ട് മൂന്ന് വര്‍ഷം. സാധാരണക്കാരില്‍ സാധരണക്കാരനായി ജനിച്ച് ഇല്ലായ്മകളോട് പോരാടിയ മണിയുടെ ഓര്‍മയ്ക്ക് മൂന്നുവയസ് പിന്നിടുമ്പോള്‍ നൊമ്പരങ്ങളോടെയാണ് ചാലക്കുടിക്കാര്‍ ഇന്ന് മണിയെ ഓര്‍ക്കുന്നത്.

ഒരു ലക്ഷം കോടിയോളം രൂപ ചെലവ്; 30 പദ്ധതികൾ, തിരഞ്ഞെടുപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനങ്ങൾ

ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല. മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ പേരായിരുന്നു കലാഭവന്‍ മണി.

മാറ്റത്തിന്റെ കരുത്ത്

മാറ്റത്തിന്റെ കരുത്ത്

ഒരു സ്‌കൂളിന്റെയും ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു. സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായും മണ്ണില്‍ ചവിട്ടി നിന്നു. ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു. 1990 കളുടെ പകുതിയോടെ ഒട്ടു മിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലയറുകള്‍ അവിഭാജ്യ ഘടകമായപ്പോള്‍ അവിടെ മണിയും എത്തി. നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി.

അനുകരണ കലയുടെ രാജാവ്

അനുകരണ കലയുടെ രാജാവ്

അനുകരണ കലയിലൂടെ കലാരംഗത്ത് സ്വന്തമായി ഇടം കണ്ടെത്തി തനതായ ശൈലിയിലൂടെ സിനിമാലോകം കീഴടക്കുകയായിരുന്നു മണിയെന്ന കലാകാരന്‍. നാടന്‍ പാട്ടുകള്‍ പ്രചാരത്തിലാക്കിയതില്‍ മണി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. നാടന്‍ പാട്ടുകള്‍ പോലെതന്നെ ചാലക്കുടി പുഴയും ചാലക്കുടിക്കാരും മണിക്ക് പ്രിയപ്പെട്ടതായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും സമയം കണ്ടെത്തി ചാലക്കുടിയില്‍ ഓടിയെത്തി പഴയ സൗഹൃദം പുതുക്കാന്‍ മണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. താരജാഡയില്ലാതെ സാധാരണക്കാരോടൊപ്പം ഉണ്ണാനും ഉറങ്ങാനും ഈ കലാകാരന്‍ തയാറായി എന്നതാണ് മണിയെ മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും മണി തന്റെ കഴിവ് തെളിയിച്ചു. തന്റെ സമ്പാദ്യത്തില്‍ നിന്നും ഒരു വിഹിതം നിര്‍ധനര്‍ക്കായി മാറ്റിവയ്ക്കാനും മണിയെന്ന മഹാനായ കലാകാരന്‍ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.

നാടന്‍ പാട്ടുകളിലൂടെ

നാടന്‍ പാട്ടുകളിലൂടെ

സിനിമാ പാട്ടുകളില്‍നിന്നു സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു.മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല.ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തിയും മണി മലയാളത്തിന്റെ സ്വന്തക്കാരനായി മാറി. പക്ഷേ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണി മുഴക്കം നിലച്ച് പോയെന്ന്, പ്രിയപ്പെട്ടവരൊള്‍ മരിച്ച് പോയെന്ന് ചാലക്കുടി പുഴപോലും വിശ്വസിച്ചിട്ടില്ല.

 മിമിക്സ് പരേഡ്

മിമിക്സ് പരേഡ്

കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖന്‍ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്.

 സല്ലാപത്തിലൂടെ..

സല്ലാപത്തിലൂടെ..

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി. 2009ലെ നെഹ്രുട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.

 ജീവിതരേഖ

ജീവിതരേഖ

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമന്‍അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായിരുന്നു മണി. പരേതനായ വേലായുധന്‍, രാമകൃഷ്ണന്‍, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങള്‍. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്‌കുള്‍ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടര്‍ന്ന് അദ്ദേഹം പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവര്‍ത്തകനായും അദ്ദേഹം കടന്നുവന്നു.

ഓട്ടോ ഡ്രൈവറില്‍ നിന്ന്

ഓട്ടോ ഡ്രൈവറില്‍ നിന്ന്

പിന്നീട്, ചാലക്കുടി ടൗണില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവന്‍ മിമിക്‌സ് ട്രൂപ്പില്‍ ചേരുന്നത്. ജയറാം, ദിലീപ്, നാദിര്‍ഷാ, സലിം കുമാര്‍ തുടങ്ങിയ പില്‍ക്കാലത്തെ പ്രശസ്തര്‍ പലരും കലാഭവനില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവര്‍ ഒരുപാട് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1995ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ 'സല്ലാപത്തിലാണ്' അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടര്‍ന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളില്‍ തിളങ്ങി. 1999ലാണ് മണി വിവാഹിതനായത്. നിമ്മിയായിരുന്നു ഭാര്യ. ഇവര്‍ക്ക് ശ്രീലക്ഷ്മി എന്ന പേരില്‍ ഒരു മകളുണ്ട്.

മലയാളം ചലച്ചിത്രങ്ങള്‍

മലയാളം ചലച്ചിത്രങ്ങള്‍

ഇരുവഴി തിരിയുന്നിടം, ശിക്കാര്‍, പുള്ളിമാന്‍, സല്ലാപം, അക്ഷരം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, സമ്മര്‍ ഇന്‍ ബെത് ലഹേം, എബ്രഹാം ലിങ്കന്‍, ലോകനാഥന്‍ എ.എ.എസ്, നരസിംഹം, നാട്ടുരാജാവ്, ആറാം തമ്പുരാന്‍, ബാംബൂ ബോയ്‌സ്, മായപ്പൊന്‍മാന്‍, മന്ത്രമോതിരം, ഛോട്ടാ മുംബൈ, അലിഫ്, ബ്ലാക്ക് സ്റ്റാലിയണ്‍, ദില്ലീവാലാ രാജകുമാരന്‍, എക്‌സ്‌ക്യൂസ് മീ ഏതുകോളേജിലാ, മൈഡിയര്‍ കരടി, ഗജരാജമന്ത്രം, കിരീടമില്ലാത്ത രാജാക്കന്മാര്‍, ദി ഗാര്‍ഡ്, നാലാംകെട്ടിലെ നല്ലതമ്പിമാര്‍, കണ്‍മഷി, നസ്രാണി, വാല്‍ക്കണ്ണാടി, ക്രോക്കൊടൈല്‍ ലവ് സ്‌റ്റോറി, ചാക്കോ രണ്ടാമന്‍, യാത്ര ചോദിക്കാതെ, വെട്ടം, അലിബാബയും ആറരക്കള്ളന്മാരും, അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, ആദാമിന്റെ മകന്‍ അബു, ആമേന്‍, കുബേരന്‍, കിസാന്‍, മായാബസാര്‍, വണ്‍ മാന്‍ ഷോ, ഒരു മറവത്തൂര്‍ കനവ്, സേതുരാമയ്യര്‍ സിബിഐ, ട്വന്റി 20, റെഡ് സല്യൂട്ട്, ചിന്താമണി കൊലക്കേസ് എന്നീ മലയാളം ചിത്രങ്ങള്‍ക്ക് പുറമേ തമിഴ് ചലച്ചിത്രങ്ങളിലും മണി അഭിനയിച്ചിട്ടുണ്ട്.

എന്തിരന്‍, വേല്‍, ആര്, സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കും, മഴൈ, അന്നിയന്‍, ബോസ്, പുതിയ ഗീതൈ, ജെമിനി, ബന്ദാ പരമശിവം,

സിങ്കാര ചെന്നൈ,കുത്ത്, പാപനാശം, ആണ്ടവന്‍ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

ദേശീയ ചലച്ചിത്രപുരസ്‌കാരം, 2000 പ്രത്യേക ജൂറി പുരസ്‌കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം, 1999 പ്രത്യേക ജൂറി പുരസ്‌കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ', ഫിലിംഫെയര്‍ അവാര്‍ഡ്, 2002 മികച്ച വില്ലന്‍ ( തമിഴ് ) ജെമിനി, ഏഷ്യ നെറ്റ് ഫിലിം അവാര്‍ഡ്, 1999 മികച്ച നടന്‍ : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , 2007 മികച്ച വില്ലന്‍ കഥാപാത്രം : ചോട്ടാ മുംബൈ, വനിതാചന്ദ്രിക അവാര്‍ഡ്, 2008മികച്ച വില്ലന്‍ കഥാപാത്രം : ചോട്ടാ മുംബൈ, 2014 ഭരത് ഗോപി ഫൌണ്ടേഷന്‍ പുരസ്‌ക്കാരം എന്നിവയും മണി സ്വന്തമാക്കിയിട്ടുണ്ട്.

വിടവാങ്ങി

വിടവാങ്ങി

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് 6ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. തുടര്‍ന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മണിയുടെ മൃതദേഹം തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

English summary
kerala remembering actor kalabhavan mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more