കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീമയും നികേഷും സിപിഎം സ്ഥാനാര്‍ത്ഥികള്‍?

  • By Soorya Chandran
Google Oneindia Malayalam News

അടുത്ത കാലത്തായി കേള്‍ക്കാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ പ്രധാന്യമില്ലാത്ത കേരള രാഷ്ട്രീയത്തിലും സെലിബ്രിറ്റികളെ രംഗത്തിറക്കാനാണ് നീക്കം. ഗ്ലാമര്‍ രാഷ്ട്രീയത്തെ എന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സിപിഎം തന്നെയാണ് ഇത്തരമൊരു നീക്കം നടത്താന്‍ ഒരുങ്ങുന്നത് എന്നതാണ് രസകരമായ വസ്തുത.

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം നേടാനാകുമെന്ന് സിപിഎമ്മിന് പ്രതീക്ഷയുണ്ട്. യുവാക്കളെ രംഗത്തിറക്കി കോണ്‍ഗ്രസ് പുതിയ തന്ത്രം പയറ്റുമോ എന്ന സംശയം മുന്നില്‍ കണ്ട് ഒരു മുഴം മുമ്പേ എറിയാന്‍ സിപിഎം ഒരുങ്ങുകയാണ് എന്നാണ് വിവരം.

പാര്‍ട്ടിക്ക് പുറത്ത് നിന്ന് സിനിമ താരം റീമ കല്ലിങ്കല്‍, പത്രപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ എന്നിവരെ രംഗത്തിറക്കാനാണത്രെ പാര്‍ട്ടിയുടെ തീരുമാനം. കൂടാതെ യുവ തുര്‍ക്കികളായ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറി എഎന്‍ ഷംസീര്‍, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ശിവദാസന്‍ എന്നിവരേയും മത്സരിപ്പിക്കുമെന്നാണ് വിവരം.

Rima Kallingal

മതേതര, ലളിത വിവാഹം കൊണ്ടും മികച്ച അഭിനയം കൊണ്ടും പേരെടുത്ത റീമ കല്ലിങ്കല്‍ ഇപ്പോള്‍ സിപിഎമ്മിനോട് വളരെ അടുപ്പം പുലര്‍ത്തുന്ന ആളാണ് എന്നാണ് വിവരം. റീമയുടെ ഭര്‍ത്താവും സംവിധായകനും ആയ ആഷിക് അബു പഴയ തീപ്പൊരി എസ്എഫ്‌ഐ നേതാവായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയന്‍ ചെയര്‍മാനും ആയിരുന്നു. പാര്‍ട്ടിയിലെ പഴയ സഖാക്കളോട് ഇപ്പോഴും അടുപ്പം പുലര്‍ത്തുന്ന ആളാണ് ആഷിക് അബു. ആഷിക്-റീമ വിവാഹത്തിന് മുഖ്യ കാര്‍മികത്വം വഹിച്ചത് സിപിഎം എംപിയായ പി രാജീവ് ആയിരുന്നു.

എറണാകുളം മണ്ഡലം തിരിച്ച് പിടിക്കാന്‍ റീമയെ രംഗത്തിറക്കും എന്ന് തന്നെയാണ് വിവരം. കേന്ദ്ര മന്ത്രി പ്രൊഫ. കെവി തോമസ് ആണ് എതിര്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ റീമക്ക് പുഷ്പം പോലെ സീറ്റ് പിടിച്ചെടുക്കാനാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്.

സിഎംപി നേതാവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പഴയ പോരാളിയും ആയ എംവി രാഘവന്റെ മകന്‍ എംവി നികേഷ് കുമാറാണ് സിപിഎമ്മിന്റെ പട്ടികയിലുള്ള അടുത്ത സെലിബ്രിറ്റി. ഏഷ്യാനെറ്റില്‍ നിന്ന് തുടങ്ങി, ഇന്ത്യാവിഷനിലൂടെ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എത്തി നില്‍ക്കുന്ന നികേഷ് കുമാര്‍ ഒരു സൂപ്പര്‍ താരത്തെ പോലെ ഏത് മലയാളിക്കും സുപരിചിതനാണ്. കേരളത്തില്‍ ഒരു ദൃശ്യമാധ്യ സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നികേഷ് കുമാറിനെ തങ്ങളുടെ ബാനറില്‍ മത്സരിപ്പിക്കാന്‍ ആകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

യുഡിഎഫിലെ നിലവിലെ സാഹചര്യങ്ങളില്‍ സിഎംപി തീര്‍ത്തും അതൃപ്തരാണ്. കൂടാതെ എംവി രാഘവന്റെ ആരോഗ്യ നിലയും പ്രശ്‌നത്തിലാണ്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും എംവി രാഘവനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഏറ്റവും പേര് ദോഷം ഉണ്ടാക്കിയ മണ്ഡലമായിരുന്നു കോഴിക്കോട്. വീരേന്ദ്രകുമാറിന്റെ ജനതാ ദളിനെ ഒഴിവാക്കി മുഹമ്മദ് റിയാസ് എന്ന പുതുമുഖമായിരുന്നു കോഴിക്കോട് സ്ഥാനാര്‍ത്ഥി. ഫാരിസ് അബൂബക്കറിന്റെ ബിനാമിയെന്ന് പോലും അന്ന് മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഒടുക്കം എല്‍ഡിഎഫിന്റെ ഷുവര്‍ സീറ്റ് എന്ന വിലയിരുത്തപ്പെട്ട കോഴിക്കോട് മണ്ഡലം താരതമ്യേന അപ്രശസ്തനായ കോണ്‍ഗ്രസിന്റെ എം കെ രാഘവന്‍ സ്വന്തമാക്കുകയും ചെയ്തു.

ഇത്തവണയും മുഹമ്മദ് റിയാസിനെ മത്സര രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനമത്രെ. കഴിഞ്ഞ തവണ ഉണ്ടാക്കിയ ചീത്തപ്പേരുകള്‍ മായ്ച്ചുകളയാന്‍ മാത്രം സംഘടാപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് റിയാസ് ഇത്തവണ രംഗത്ത് വരുന്നത്. പക്ഷേ ഇത് സിപിഎമ്മിനെ എങ്ങനെ ബാധിക്കും എന്ന് ഉറപ്പിച്ച് പറയാനാകില്ല.

നവംബര്‍ 27,28,29 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന സിപിഎം സംസ്ഥാന പ്ലീനത്തോട് കൂടി ഈ കാര്യങ്ങളില്‍ ഒരു ധാരണ ഉണ്ടാകുമെന്നാണ് സൂചന. സംഘടനാകാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാണ് പ്ലീനം വിളിച്ചിരിക്കുന്നത് എന്ന് പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും നിര്‍ണായകമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്നും സൂചനയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X