കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിക്കാനീര്‍ രാജകുമാരനാണെങ്കിലും ഋഷിരാജ് സിംഗേ നിങ്ങള്‍ 'കിംഗ്' അല്ല

  • By Neethu B
Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

സംഭവം രാജഭരണമൊക്കെ കഴിഞ്ഞെങ്കിലും നമ്മുടെ നാട്ടുകാര്‍ക്ക് ഇപ്പോഴും അത്യാവശ്യം രാജഭക്തിയൊക്കെയുണ്ട്. കേരളത്തില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരത്തുകാര്‍ക്കാണ് ആ 'ചീത്തപ്പേര്' കൂടുതല്‍ ഉള്ളത്.

കേരളത്തിന് പുറത്ത് പോയാല്‍ പലയിടങ്ങളിലും രാജാവും പ്രജയുമൊക്കെ ഇപ്പോഴും പഴയതുപോലെയൊക്കെ തന്നെ ഉണ്ടെന്നാണ് കേള്‍വി. രാജസ്ഥാനിലൊക്കെയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

നമ്മുടെ നാട്ടിലെ സാദാ ഐപിഎസ്സുകാരെ പോലെയല്ല കെട്ടോ 'സിങ്കം സിങ്കം' എന്ന് വിളിയ്ക്കുന്ന ഋഷിരാജ് സിംഗ്. അദ്ദേഹത്തിന്റേത് രാജരക്തമാണ്. ബിക്കാനീര്‍ കൊട്ടാരത്തിലെ രാജകുമാരന്‍. അങ്ങനെയുള്ള രാജകുമാരന്‍മാര്‍ നമ്മുടെ നാട്ടിലെ ഏഴാംകൂലി രാഷ്ട്രീയക്കാരെ ബഹുമാനിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?

rishiraj-chennithala

പണ്ടൊക്കെ രാഷ്ട്രീയക്കാര്‍ക്കെതിരെ മാത്രമായിരുന്നു കൈക്കൂലി ആരോപണങ്ങള്‍. എന്നാലിപ്പോള്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ആ കളത്തില്‍ തന്നെയാണ് ഉള്ളത്. അടുത്തിടെ പുറത്തായ പല അഴിമതിക്കഥകളും ജനം അത്ര പെട്ടെന്ന് മറക്കില്ലല്ലോ.

എന്നാല്‍ നമ്മുടെ സിംഗിനെതിരെ ഇതുവരെ അങ്ങനെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. മാത്രമല്ല, കള്ളന്‍മാരെ കുടുക്കുക എന്നത് ഒരു വ്രതം പോലെ തുടര്‍ന്നുവരുന്ന കക്ഷിയുമാണ് സിങ്കം. വിഎസിന്റെ പൂച്ചയായിരുന്നപ്പോഴും ആന്റി പൈറസി സെല്ലിലെ പുലിയായിരുന്നപ്പോഴും ഒക്കെ സിംഗ് നാട്ടുകാരുടെ കൈയ്യടി നന്നായി വാങ്ങിയിട്ടുണ്ട്. രാജകുമാരനായ സിംഗിന് ഇവിടത്തെ നക്കാപ്പിച്ചയുടെ ആവശ്യമില്ലെന്നത് വേറെ കാര്യം.

ഐപിഎസ്സിന്റെ ജനകീയമുഖം എന്നൊക്കെ സിംഗിനെ വിശേഷിപ്പിയ്ക്കുന്നവരുണ്ട്. സിനിമയില്‍ മാത്രം കണ്ട് പരിചയിച്ച പോലീസ് നായകന്‍മാരുടെ മുഖംമൂടി പലപ്പോഴും സിംഗ് എടുത്തണിഞ്ഞു. ആവേശം ആരാധനയായപ്പോള്‍ നാട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം എടുത്ത് അണിയിക്കുക കൂടി ചെയ്തു.എന്നാല്‍ ആത്യന്തികമായ ഋഷിരാജ് സിംഗും സര്‍ക്കാരിന്‍റെ മര്‍ദ്ദനോപാധിയായ ഒരു സേനയുടെ തനിരൂപമാണ്. ചിലപ്പോഴൊക്കെ അതിലധികവും.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായിരിക്കെ വിദ്യാര്‍ത്ഥി സമരങ്ങളോട് ഈ സിങ്കം കാണിച്ച ക്രൗര്യം അന്നത്തെ ചിലരെങ്കിലും ഇപ്പോള്‍ ഓര്‍ത്തെടുത്ത് ഫേസ്ബുക്കാദി മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്താല്‍ വീണ്ടും വീണ്ടും തല്ലും എന്നാണത്രെ അന്ന് രാജകുമാരന്‍ പറഞ്ഞത്. അന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ആയിരുന്ന ഗീനാകുമാരിയുടെ കൈ തല്ലിയൊടിച്ചത് ഈ സിങ്കം തന്നെ ആയിരുന്നുവെന്ന് പുതിയ എസ്എഫ്ഐക്കാര്‍ക്ക് അറിയുക പോലുമില്ല.

rishiraj-singh

സമരം ചെയ്യുന്നത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അംഗീകരിയ്ക്കാന്‍ കഴിയില്ല. അഴിമതിയും അതുപോലുള്ള കാര്യങ്ങളും എല്ലാം ശരിയായ അര്‍ത്ഥത്തില്‍ അങ്ങനെതന്നെ. അത് തന്നെയാണ് ഋഷിരാജ് സിംഗിന്റെ ലൈനും.

എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധിയ്ക്ക് താഴെയാണ് ഉദ്യോഗസ്ഥ വൃന്ദം എന്ന കാര്യം ആരും മറക്കാന്‍ പാടില്ല. അതിപ്പോള്‍ രാജകുമാരനായാലും ഭൃത്യനായാലും അങ്ങനെ തന്നെ. ഉദ്യോഗസ്ഥന്‍ നിയമം മാത്രം നോക്കുമ്പോള്‍ ജനപ്രതിനിധി അങ്ങനെയല്ല കാര്യങ്ങളെ സമീപിയ്ക്കുക. ജനപ്രതിനിധിയുടെ സ്ഥാനം എന്നും ഒരു പണത്തൂക്കം മുന്നില്‍ തന്നെയാണ്.

രമേശ് ചെന്നിത്തല വന്നപ്പോള്‍ ഋഷിരാജ് സിംഗ് എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്തില്ല എന്നതില്‍ ഒരു ശരാശരി മലയാളിയ്ക്ക് സന്തോഷം മാത്രമേ ഉണ്ടാവൂ. അത് രാഷ്ട്രീയ നേതൃത്വത്തിനോടുള്ള അവമതിപ്പ് കൊണ്ട് മാത്രമാണ്. അത് അങ്ങനെ തന്നെ നില്‍ക്കണം. അല്ലാതെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനു വളമിട്ട് നല്‍കുന്ന താരാരാധനയായി അധ:പതിയ്ക്കരുത്.

English summary
Rishiraj Singh is just a government servant, not a prince- Binu Phalgunan writes in Vedivazhipadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X