കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 വക്കീലന്‍മാര്‍... നാലര മണിക്കൂര്‍! വാദങ്ങളും പ്രതിവാദങ്ങളും, പിന്നെ ചീഫ് ജസ്റ്റിസിന്റെ വിരട്ടലും

Google Oneindia Malayalam News

ദില്ലി: ഒരു ത്രില്ലര്‍ സിനിമയിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്നതായിരിക്കും 2019 ഫെബ്രുവരി ആറാം തിയ്യതിയിലെ നാലര മണിക്കൂറുകള്‍. ലോകമെമ്പാടും ഉള്ള മലയാളികള്‍ സുപ്രീം കോടതിയില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാതോര്‍ക്കുകയായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെയുള്ള പുന:പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുന്നു എന്നത് തന്നെ ആയിരുന്നു അതിന് കാരണം.

രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന് മുന്നില്‍ വാദങ്ങള്‍ തുടങ്ങി. പുന:പരിശോധന ഹര്‍ജികള്‍ക്ക് വേണ്ടി മാത്രം 11 അഭിഭാഷകരുടെ വാദങ്ങളാണ് കോടതി നേരിട്ട് കേട്ടത്. അഞ്ച് അഭിഭാഷകരുടെ എതിര്‍ വാദങ്ങളും.

അതിനിടെ ചില അസ്വാഭാവിക സംഭവങ്ങളും സുപ്രീം കോടതിയില്‍ അരങ്ങേറി. ചീഫ് ജസ്റ്റിസ് അപ്പോഴെല്ലാം ഇടപെടുകയും ചെയ്തു. ശബരിമല വിധിയിലെ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ എന്തൊക്കെ സംഭവിച്ചു... സമഗ്രമായ റിപ്പോര്‍ട്ട് വായിക്കാം....

തുടക്കം തന്നെ ചീഫ് ജസ്റ്റിസ്

തുടക്കം തന്നെ ചീഫ് ജസ്റ്റിസ്

ശബരിമല പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനാല്‍ കോടതിയില്‍ രാവിലെ മുതലേ വലിയ തിരക്കായിരുന്നു. രണ്ട് ഭാഗത്തേയും അഭിഭാഷകര്‍ പലരും നേരത്തേ തന്നെ എത്തിയിരുന്നു. വാദ്ം തുടങ്ങുന്നതിന് മുമ്പേ ഇടപെടാന്‍ ശ്രമിച്ച അഡ്വ മാത്യൂസ് നെടുമ്പാറയെ തുടക്കത്തിലെ ചീഫ് ജസ്റ്റിസ് ഉപദേശിക്കുന്നതും കണ്ടു. കോടതിയുടെ സമയം വെറുതേ പാഴാക്കരുത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഉപദേശം.

വിധിയിലിലെ പിഴവുകള്‍ എന്ത് ?

വിധിയിലിലെ പിഴവുകള്‍ എന്ത് ?

തന്ത്രിയുടെ ഹര്‍ജിയായിരുന്നു ആദ്യം പരിഗണനയ്ക്ക് വച്ചത്. ആരാണ് വാദിക്കുന്നത് എന്ന ചോദ്യം ചീഫ് ജസ്റ്റിസ് ഉന്നയിച്ചു. വിധിയിലെ പിഴവുകള്‍ എന്തൊക്കെയെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് ഉന്നയിച്ചു. എന്‍എസ്എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ ആയിരുന്നു വാദങ്ങള്‍ക്ക് തുടക്കമിട്ടത്.

പരാശരന്‍

പരാശരന്‍

വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാമെന്ന് പരാശരന്‍. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസില്‍ സുപ്രധാനമായിട്ടുള്ളത്. അതുപോലെ തന്നെ ഭരണഘടനയുടെ 15-ാം അനുച്ഛേദം അനുസരിച്ച് മതേതര സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുന്നത് പോലെ മതപരമായ പൊതു സ്ഥാപനങ്ങള്‍ തുറന്ന് കൊടുക്കാന്‍ ആവില്ലെന്ന് പരാശരന്‍.

ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ വീണ്ടും

ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ വീണ്ടും

ഇതിനിടെ കേസില്‍ ആദ്യം വാദിക്കാന്‍ തുടങ്ങിയ മറ്റൊരു അഭിഭാഷകനോട് ദയവായി ഇരിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. പുന:പരിശോധന എന്ന ആവശ്യത്തില്‍ വാദങ്ങള്‍ ഒതുക്കണം എന്നും നിര്‍ദ്ദേശിച്ചു. എല്ലാ ഹര്‍ജികളിലും വാദങ്ങള്‍ സമാനമാണല്ലോ എന്ന പരാമര്‍ശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായി.

നരിമാന്റെ ഇടപെടല്‍

നരിമാന്റെ ഇടപെടല്‍

ഭരണഘടനയുടെ 15-ാം അനുച്ഛേദത്തെ കുറിച്ചുള്ള പരാശരന്റെ പരാമര്‍ശത്തില്‍ ജസ്റ്റിസ് നരിമാന്റെ പ്രതികരണം ഉടന്‍ വന്നു. താന്‍ വിധിയില്‍ പറഞ്ഞത് 15(2) നെ പറ്റിയാണെന്നായിരുന്നു മറുപടി. ഇതിനിടെ 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്രാചാരം റദ്ദാക്കിയത് വലിയ പിഴവാണെന്ന് പരാശരന്‍ വീണ്ടും വാദിച്ചു. ആ സമയം ചീഫ് ജസ്റ്റിസും ജസ്റ്റിസ് നരിമാനും തമ്മില്‍ ചെറിയൊരു കൂടിയാലോചനയും നടത്തി.

മതാചാരങ്ങളിലെ യുക്തി

മതാചാരങ്ങളിലെ യുക്തി

ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു എന്ന വാദം ആണ് പിന്നീട് പരാശരന്‍ ശക്തമായി ഉന്നയിച്ചത്. ഇത് ഗുരുതര പിഴവാണെന്നും വാദിച്ചു. ഇത്തരം ഒരു വാദത്തിലൂടെ മാത്രമേ പുന:പരിശോധന ഹര്‍ജി പരിഗണനയ്ക്ക് എടുക്കാനുള്ള സാധ്യതയുള്ളൂ എന്ന് വ്യക്തമായി അറിയുന്ന ആളാണ് പരാശരന്‍.

ഇതിനിടെ, മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് മറ്റൊരു കേസിനെ ഉദ്ധരിച്ച് അദ്ദേഹം വാദിച്ചു. ആചാരങ്ങള്‍ അത്ര വലിയ അസംബന്ധം ആകുമ്പോള്‍ മാത്രമേ കോടതി ഇടപെടൂ എന്ന മുന്‍ സുപ്രീം കോടതി പരാമര്‍ശവും ഉദ്ധരിക്കപ്പെട്ടു.

തൊടുകൂടായ്മയല്ലെന്ന്

തൊടുകൂടായ്മയല്ലെന്ന്

ശബരിമലയിലെ സ്ത്രീ നിയന്ത്രണം തൊട്ടുകൂടായ്മയല്ലെന്നും പരാശരന്‍ വാദിച്ചു. തൊട്ടുകൂടായ്മ എന്താണെന്ന് കൃത്യമായി നിര്‍വ്വചിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഒരു ഉഭയകക്ഷി തര്‍ക്കമല്ലെന്നും, ശബരിമല വിധി മറ്റ് മതങ്ങളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആയി പരാശരന്റെ അടുത്ത വാദം.

വീണ്ടും നരിമാന്‍

വീണ്ടും നരിമാന്‍

ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് വീണ്ടും ജസ്റ്റിസ് നരിമാര്‍ രംഗത്തെത്തി. പരാശരന്റെ വാദങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന സ്ത്രീകളില്‍ എന്ത് തോന്നലുണ്ടാക്കും എന്നായിരുന്നു ജസ്റ്റിസിന്റെ ചോദ്യം. ശബരിമലയില്‍, ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല വിവേചനം എന്നായിരുന്നു മറുപടി. അവര്‍ അവിടെ വന്നാല്‍ എന്തായിരിക്കും അവരുടെ തോന്നില്‍ എന്നായി മറുചോദ്യം. പട്ടിക ജാതിക്കാര്‍ക്ക് മാത്രമാണ് വിലക്കെങ്കില്‍ അത് വിവേചനം ആണ്, എന്നാല്‍ അവര്‍ക്ക് മാത്രമല്ല വിലക്ക് എന്ന് പരാശരന്റെ മറുപടി. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം ആണ് നിയന്ത്രണത്തിന് കാരണം എന്നും വാദം.

കേസില്‍ ഏറ്റവും അധികം നേരം വാദങ്ങള്‍ ഉന്നയിച്ചത് അഡ്വ പരാശരന്‍ ആയിരുന്നു. താന്‍ ഇതിന് മുമ്പ് സമര്‍പ്പിച്ച മൂന്ന് പുന:പരിശോധന ഹര്‍ജികളും സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇതും അംഗീകരിക്കണം എന്നുപറഞ്ഞാണ് അദ്ദേഹം വാദം അവസാനിപ്പിച്ചത്.

തൊട്ടകൂടായ്മയുടെ അടിസ്ഥാനത്തില്‍ അല്ല സ്ത്രീ പ്രവേശന വിധി എന്ന് ഒരിക്കല്‍ കൂടി പരാശരനെ ജസ്റ്റിസ് നരിമാന്‍ ഓര്‍മിപ്പിച്ചു.

വി ഗിരി

വി ഗിരി

അടുത്ത വാദം തന്ത്രിയ്ക്ക് വേണ്ടി അഡ്വ വി ഗിരിയുടേതായിരുന്നു. പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഗിരിയുടെ വാദം. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും ഹിന്ദു വിശ്വാസികളുടെ മൗലികാവകാശവും പ്രതിഷ്ഠയുടെ അവകാശവും പരസ്പര പൂരകങ്ങളാണെന്നും വി ഗിരി വാദിച്ചു.

പ്രതിഷ്ഠയുടെ സ്വഭാവത്തോട് ചേരുന്ന വിധത്തില്‍ ഭക്തര്‍ക്ക് ഭരണഘടനാപരമായ അവകാശം ഉണ്ടെന്നും വി ഗിരി വാദിച്ചു. ശബരിമലയിലേക്ക് അനിവാര്യമായ മതാചാരം ആണെന്നും അദ്ദേഹം വാദിച്ചു

 മനു അഭിഷേക് സിങ് വി എത്തിയപ്പോള്‍

മനു അഭിഷേക് സിങ് വി എത്തിയപ്പോള്‍

വി ഗിരിയ്ക്ക് ശേഷം പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടിയായ മനു അഭിഷേക് സിങ് വി ആണ് വാദം തുടങ്ങിയത്. മുമ്പ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ ആളാണ് സിങ് വി. ഇത് ഭിന്ന താത്പര്യമെന്ന് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ എതിര്‍പ്പുമായി എത്തി. എങ്കിലും സിങ് വി തന്റെ വാദം തുടര്‍ന്നു.

വീണ്ടും നൈഷ്ഠിക ബ്രഹ്മചര്യം

വീണ്ടും നൈഷ്ഠിക ബ്രഹ്മചര്യം

പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം മുന്‍ നിര്‍ത്തിയായിരുന്ന സിങ് വിയുടേയും വാദങ്ങള്‍. ഈ വാദം അംഗീകരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ എല്ലാം ഇല്ലാതാകും. സ്ത്രീയ്ക്കും പുരുഷനും മതത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കുകളില്ല.

ഇതിനിടെ ഭരണഘടന ധാര്‍മികതയും സിങ് വി പ്രതിപാദിച്ചു. മതാചാരങ്ങളുടെ യുക്ത് അളക്കരുതെന്നും അതിന് ഭരണഘടന ധാര്‍മികത ഉപയോഗിക്കുന്നത് ശരിയല്ലെന്നും സിങ് വി വാദിച്ചു.

സയന്‍സ് മ്യൂസിയം അല്ല

സയന്‍സ് മ്യൂസിയം അല്ല

യുക്തികൊണ്ട് അളക്കാന്‍ ശബരിമല ഒരു സയന്‍സ് മ്യൂസിയം അല്ലെന്ന വാദവും സിങ് വി കോടതിയില്‍ ഉന്നയിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിയോട് ചേര്‍ന്നായിരുന്നു സിങ് വിയുടെ വാദങ്ങള്‍ അധികവും.

നാഫ്‌ഡേയുടെ വാദങ്ങള്‍

നാഫ്‌ഡേയുടെ വാദങ്ങള്‍

സിങ് വിയ്ക്ക് ശേഷം ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ഹാജരായി വാദിച്ചത് അഡ്വ ശേഖർ നാഫ്‌ഡേ ആയിരുന്നു. സ്ത്രീ നിയന്ത്രണം ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം ആണെന്നായിരുന്നു ആദ്യവാദം.

ക്രിമിനല്‍ സ്വഭാവം ഉണ്ടെങ്കില്‍ മാത്രമേ ആചാരങ്ങളില്‍ കോടതി ഇടപെടാവൂ. ആചാരത്തിന്റെ അനിവാര്യത നിശ്ചയിക്കേണ്ടത് സമുദായങ്ങള്‍ ആണ്. ശബരിമല വിധി വിശ്വാസികള്‍ അംഗീകരിക്കുന്നില്ലെന്ന് ആ വിധി വന്ന സമയത്ത് ടിവി കണ്ടാല്‍ മനസ്സിലാകും എന്ന് വരെ അദ്ദേഹം പറഞ്ഞു.

 ഭൂരിപക്ഷ വികാരം വ്രണപ്പെടുത്തണോ

ഭൂരിപക്ഷ വികാരം വ്രണപ്പെടുത്തണോ

ബഹുഭൂരിപക്ഷം വരുന്ന ഭക്തരുടെ വികാരം കോടതി വ്രണപ്പെടുത്തണോ എന്നും ചോദിച്ചു നാഫ്‌ഡേ. ഒരു വിശ്വാസം പാലിക്കരുതെന്ന് മാന്‍ഡമസ് നല്‍കാന്‍ എങ്ങനെ കോടതിയ്ക്ക് സാധിക്കും എന്നും നാഫ്‌ഡേ ചോദിച്ചു.

ഇതിനിടെ തിരുവിതാംകൂര്‍ ഹിന്ദു മതാചാരത്തിന്റെ പകര്‍പ്പ് വേണം എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു. പകര്‍പ്പ് നല്‍കാമെന്ന് നാഫ്‌ഡേ മറുപടിയും കൊടുത്തു.

വെങ്കിട്ട രമണി

വെങ്കിട്ട രമണി

നാഫ്‌ഡേയ്ക്ക് ശേഷം വാദങ്ങളുമായി എത്തിയത് മുതിര്‍ന്ന അഭിഭാഷകനായ വെങ്കിട്ട രമണി ആയിരുന്നു. ആക്ടിവിസ്റ്റുകള്‍ അല്ല ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് എന്നായിരുന്നു പ്രധാന വാദം. ശബരിമലയിലെ ആചാരം സംബന്ധിച്ച് തെളിവുകള്‍ ഉണ്ട്. ദേവപ്രശ്‌നം ആണ് ക്ഷേത്രാചാരങ്ങളില്‍ ഏറ്റവും പ്രധാനം. മഹേന്ദ്രന്‍ കേസിനെ ഉദ്ധരിച്ച് ഇതിന് തെളിവ് നല്‍കുകയും ചെയ്യുന്നുണ്ട് വെങ്കിട്ട രമണി. അനിവാര്യമായ മതാചാരം കോടതി നിര്‍ണയിക്കുന്നത് ഉചിതമല്ലെന്നും വെങ്കിട്ട രമണി ചൂണ്ടിക്കാണിച്ചു.

ആര്‍ത്തവവും വിശ്വാസവും തമ്മിലുള്ള ബന്ധം ഇന്ത്യയില്‍ മാത്രമുള്ളതല്ലെന്നും ഈജിപ്തില്‍ അടക്കം ഇത്തരത്തില്‍ ചില ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു

വീണ്ടും ചീഫ് ജസ്റ്റിസ്

വീണ്ടും ചീഫ് ജസ്റ്റിസ്

ഇതിനിടെ വീണ്ടും ചീഫ് ജസ്റ്റിസ് ഇടപെട്ടു. വാദങ്ങള്‍ വേഗം തീര്‍ക്കണം എന്ന് ആവശ്യപ്പെട്ടു. ഹര്‍ജിക്കാരില്‍ നിന്ന് ഇനി ഒന്നോ രണ്ടോ പേരുടെ വാദങ്ങള്‍ മാത്രമേ കേള്‍ക്കൂ എന്നും അതിന് ശേഷം എതിര്‍ഭാഗത്തിന്റെ വാദം കേള്‍ക്കും എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പ്രത്യേക സെക്ട്

പ്രത്യേക സെക്ട്

അടുത്തതായി ബിജെപി നേതാവ് രാധാകൃഷ്ണ മേനോന് വേണ്ടി മോഹന്‍ പരാശരന്‍ വാദങ്ങള്‍ ഉന്നയിച്ചു. ഹിന്ദുക്കള്‍ മാത്രമല്ല അയ്യപ്പ ഭക്തരായി ഉള്ളത് എന്നതുകൊണ്ട് അയ്യപ്പ ഭക്തര്‍ പ്രത്യേക 'സെക്ട്' അല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം.

പെട്ടെന്ന് പെട്ടെന്ന് വാദങ്ങള്‍

പെട്ടെന്ന് പെട്ടെന്ന് വാദങ്ങള്‍

ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ ശരിക്കും ഫലം കണ്ടു. പിന്നീടുള്ള വാദങ്ങള്‍ വളരെ പെട്ടെന്നായിരുന്നു. അഡ്വ ഉഷ നന്ദിനി സ്വയം നല്‍കിയ പുന:പരിശോധന ഹര്‍ജിയില്‍ ഗോപാല്‍ ശങ്കര നാരായണന്‍ വാദം ഉന്നയിച്ചു. ശബരിമല വിധി രാജ്യത്തെ മറ്റ് ക്ഷേത്രങ്ങള്‍ക്കും ബാധകമായേക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പന്തളം മുന്‍ രാജകുടുംബത്തിന് വേണ്ടി അഡ്വ സായ് ദീപക് ആണ് ഹാജരായത്. തുടര്‍ന്ന് അയ്യപ്പ സേവാ സമാജത്തിന് വേണ്ടി കൈലാസനാഥ പിള്ളയും, ശബരിമല കസ്റ്റം പ്രൊട്ടക്ഷന്‍ ഫോറത്തിന് വേണ്ടി വികെ ബിജുവും വാദങ്ങളുന്നയിച്ചു.

തന്ത്രിയുടെ സത്യവാങ്മൂലം വ്യാഖ്യാനിച്ചതില്‍ വസ്തുതാപരമായ പിശകുണ്ടായി എന്നായിരുന്നു വാദം. ഇക്കാര്യം എഴുതി നല്‍കാന്‍ ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടു.

അസ്വാഭാവിക നടപടികള്‍, ചീഫ് ജസ്റ്റിസിന്റെ ശാസന

അസ്വാഭാവിക നടപടികള്‍, ചീഫ് ജസ്റ്റിസിന്റെ ശാസന

ഇതിനിടെ കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കവും ഉണ്ടായി. വാദങ്ങള്‍ അവതരിപ്പിക്കുന്നതിന് അവസരം കിട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇങ്ങനെ തര്‍ക്കിക്കുകയാണെങ്കില്‍ വാദം കേള്‍ക്കുന്നത് തന്നെ നിര്‍ത്തുമെന്ന് ചീഫ് ജസ്റ്റിസിന്റെ വക ഉഗ്രശാസന.

ഇതിനിടെ കേസ് ഫയല്‍ എടുത്ത് ചീഫ് ജസ്റ്റിസ് ഡെക്‌സില്‍ അടിച്ചു. നന്നായി പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഒരു അഭിഭാഷകനോട് രൂക്ഷമായി പറഞ്ഞു.

മാത്യൂസ് നെടുമ്പാറയ്ക്ക് വീണ്ടും വിമര്‍ശനം

മാത്യൂസ് നെടുമ്പാറയ്ക്ക് വീണ്ടും വിമര്‍ശനം

മാത്യൂസ് നെടുമ്പാറയുടെ വാദം തുടങ്ങിയപ്പോള്‍ തന്നെ ചീഫ് ജസ്റ്റിസ് വീണ്ടും ഇടപെട്ടു. എന്തെങ്കിലും വാദം ഉന്നയിക്കാന്‍ ഉണ്ടെങ്കില്‍ മാത്രം തുടരുക, അല്ലെങ്കില്‍ അവസാനിപ്പിക്കുക എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം.

ഇതിന് ശേഷം, ഹര്‍ജിക്കാര്‍ക്ക് അര മണിക്കൂര്‍ കൂടി വാദത്തിന് സമയം അനുവദിച്ചു.

സര്‍ക്കാര്‍ വാദങ്ങള്‍

സര്‍ക്കാര്‍ വാദങ്ങള്‍

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ ജയ്ദീപ് ഗുപ്ത ആയിരുന്നു കോടതിയില്‍ ഹാജരായത്. വിധി പുന:പരിശോധിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് ജയ്ദീപ് ഗുപ്തയുടെ വാദം. വാദം കേട്ടില്ല എന്നത് പുന:പരിശോധനയ്ക്ക് കാരണമല്ല.

തൊട്ടുകൂടായ്മ അല്ല, തുല്യതയാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം. തന്ത്രിയുടെ വാദം ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണ്.

ക്ഷേത്രം പ്രത്യേക സെക്ടിന്റേതാണ് എങ്കില്‍ മാത്രമേ അനിവാര്യമായ ആചാരം നിലനില്‍ക്കൂ. ഇത്തരം ഒരു വാദം വാദിഭാഗത്ത് നിന്ന് ആരും ഉന്നയിച്ചില്ലെന്നും ജയ്ദീപ് ഗുപ്ത പറഞ്ഞു.

കൃത്യമായ വാദങ്ങള്‍

കൃത്യമായ വാദങ്ങള്‍


തിരുപ്പതി, ജഗന്നാഥ ക്ഷേത്രങ്ങള്‍ പോലും പ്രത്യേക വിഭാഗമല്ലെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ജയ്ദീപ് ഗുപ്ത. രാമകൃഷ്ണ മഠം, ശിരൂര്‍ മഠം എന്നിവ മാത്രമാണ് പ്രത്യേക സെക്ടില്‍ പെടുന്നത്.

ശബരിമല പൊതുക്ഷേത്രം ആണ്. ഭരണഘടനാവിരുദ്ധമായ ആചാരങ്ങള്‍ അവിടെ ഉണ്ടാവരുത്. എല്ലാ ആചാരങ്ങളും മൗലികാവകാശങ്ങള്‍ക്ക് വിധേയം ആണ്. വിവേചനം പാടില്ലെന്നും ആരേയും ഒഴിവാക്കാന്‍ പാടില്ലെനംനും ആണ് ഭരണഘടനയുടെ അടിസ്ഥാന തത്വം. ക്ഷേത്ര പ്രവേശനം ആണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ അവകാശം എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സമാധാനം സൃഷ്ടിക്കപ്പെടും എന്നാണ് കരുതുന്നത് എന്നും പറഞ്ഞ് ജയ്ദീപ് ഗുപ്ത് വാദം അവസാനിപ്പിച്ചു.

സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഹാജരായത് വിജയ് ഹസാരിക ആയിരുന്നു. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ലഞ്ച് ബ്രേക്ക്

ലഞ്ച് ബ്രേക്ക്

ജയദീപ് ഗുപ്തയുടെ വാദം പൂര്‍ത്തിയാകുമ്പോള്‍ സമയം ഉച്ചയ്ക്ക് ഒരു മണി. ഇതോടെ ബഞ്ച് എഴുന്നേറ്റു. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വീണ്ടും വാദം കേള്‍ക്കാന്‍ തുടങ്ങി.

ദേവസ്വം ബോര്‍ഡ്

ദേവസ്വം ബോര്‍ഡ്

ഉച്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ ആണ് ആദ്യം കേട്ടത്. രാകേഷ് ദ്വിവേദി ആയിരുന്നു ഹാജരായത്. ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്ന വാദവുമായിട്ടായിരുന്നു തുടക്കം. എല്ലാവരും തുല്യരാണെന്നതാണ് മതത്തിന്റെ അടിസ്ഥാനം. ആരാധനയുടെ കാര്യത്തിലും ക്ഷേത്ര പ്രവേശനത്തിന്റെ കാര്യത്തിലും ഇത് നിഷേധിക്കാന്‍ ആവില്ലെന്നും ദ്വിവേദി വ്യക്തമാക്കി.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഇടപെടല്‍

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഇടപെടല്‍

ഇതിനിടെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇടപെട്ടു. യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടല്ലേ നേരത്തെ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു ചോദ്യം.

ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറി എന്നായിരുന്നു മറുപടി. ആവശ്യമെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വേറെ അപേക്ഷ ഫയല്‍ ചെയ്യാം എന്നും അറിയിച്ചു.

ദേവസ്വം ബോര്‍ഡ് സുപ്രീം കോടതി വിധിയെ മാനിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണ് നിലപാട് മാറ്റം എന്നും ദ്വിവേദി അറിയിച്ചു.

ഭരണഘടനാ ധാര്‍മികതയ്ക്ക് വിധേയം

ഭരണഘടനാ ധാര്‍മികതയ്ക്ക് വിധേയം

ക്ഷേത്രാചാരങ്ങള്‍ ഭരണഘടന ധാര്‍മികതയ്ക്ക് വിധേയമല്ലെന്നായിരുന്നു നേരത്തെ എന്‍എസ്എസിന് വേണ്ടി ഹാജരായ പരാശരനും പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വിയും വാദിച്ചിരുന്നത്.

എന്നാല്‍ ക്ഷേത്രാചാരങ്ങള്‍ ഭരണഘടനാ ധാര്‍മികതയ്ക്ക് വിധേയമാണെന്നാണ് ദേവസ്വം ബോര്‍ഡ് വാദിച്ചത്. ജൈവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആവില്ലെന്നും തുല്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിന് എല്ലാ വിധ ബാധ്യതയും ഉണ്ടെന്നും ദ്വിവേദി വാദിച്ചു.

വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ദ്വിവേദി വാദം അവസാനിപ്പിച്ചത്.

കനക ദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും വേണ്ടി

കനക ദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും വേണ്ടി


ശബമലയില്‍ പ്രവേശിച്ച കനക ദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും വേണ്ടി ഹാജരായത് ഇന്ദിര ജയ്‌സിങ് ആയിരുന്നു. കനകദുര്‍ഗ്ഗയും ബിന്ദുവും വധഭീഷണി നേരിടുന്നുവെന്നും ഇന്ദിര ജയ്‌സിങ്. ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മയുടെ തെളിവാണെന്നും അവര്‍ വാദിച്ചു.

സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറണം എന്ന് തോന്നിയാല്‍ അത് തടയാന്‍ ആര്‍ക്കുമാവില്ല. ദൈവത്തിന് ലിംഗ വ്യത്യാസമില്ലെന്നും ജയ്‌സിങ് വാദിച്ചു.

ശുദ്ധിക്രിയ നടത്തിയത് ഭരണഘടനയുടെ ഹൃദയത്തിലേറ്റ മുറിവാണെന്നും ഇന്ദിര ജയ്‌സിങ് വാദിച്ചു.

സ്ത്രീകള്‍ യുദ്ധത്തിന് പോകാറില്ലെന്ന് ഇന്ദിര ജയ്‌സിങ് പറഞ്ഞപ്പോള്‍ റസിയ സുല്‍ത്താന അടക്കമുള്ളവരുടെ കാര്യം പറഞ്ഞ് ജസ്റ്റിസ് നരിമാന്‍ അതിനെ ഖണ്ഡിച്ചു. അക്രമം സ്ത്രീകളുടെ സ്വഭാവം അല്ലെന്നായിരുന്നു ഇതിന് ഇന്ദിര ജയ്‌സിങ് നല്‍കിയ വ്യാഖ്യാനം.

കോടതിയലക്ഷ്യത്തില്‍ പിവി ദിനേശ്

കോടതിയലക്ഷ്യത്തില്‍ പിവി ദിനേശ്

തന്ത്രിയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യ കേസുകളില്‍ ഹാജരായത് പിവി ദിനേശ് ആയിരുന്നു. വിധിയ്‌ക്കെതിരെ തെരുവില്‍ പ്രതിഷേധിച്ചവര്‍ കോടതി ഉത്തരവ് ലംഘിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
10 വയസ്സുള്ള പെണ്‍കുട്ടി അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ലംഘിക്കുന്നുവെന്ന് പറയുന്നത് അയ്യപ്പനെ അപമാനിക്കുന്നതാണെന്നും പിവി ദിനേശ് ചൂണ്ടിക്കാട്ടി.

ഇതിനിടെ, ശബരിമലയില്‍ കയറാനാകാതെ പോയ സ്ത്രീകള്‍ക്ക് വേണ്ടിയാണോ കോടതിയലക്ഷ്യം എന്ന ചോദ്യവും ജസ്റ്റിസ് നരിമാന്‍ പിവി ദിനേശിനോട് ആരാഞ്ഞു.

വാദം പൂര്‍ത്തിയായി

വാദം പൂര്‍ത്തിയായി

പിവി ദിനേശിന്റെ വാദത്തോടെ ശബരിമല പുന:പരിശോധന ഹര്‍ജികളിലെ വാദങ്ങള്‍ പൂര്‍ത്തിയായി. അപ്പോഴേക്കും സമയം മൂന്ന് മണി ആയിരുന്നു. മറ്റ് ഹര്‍ജിക്കാര്‍ക്ക് പറയാനുള്ള വാദങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ എഴുതി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് വിധി പറയാന്‍ മാറ്റിവച്ചു.

എന്തായാലും, കുംഭമാസ പൂജകള്‍ക്ക് നടതുറക്കും മുമ്പേ ഇക്കാര്യത്തില്‍ ഒരു വിധിയുണ്ടാവില്ലെന്ന് ഉറപ്പായി. ഫെബ്രുവരി 13 ന് ആണ് മാസപൂജയ്ക്കായി നടതുറക്കുക.

English summary
Sabarimala Women Entry : What happened in Supreme Court while considering review petitions- Full Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X