കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനാണ് സഖാവേ രാജ്യം. . . . . . . . .

  • By Super
Google Oneindia Malayalam News

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ച് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത് ഏതായാലും നന്നായി. സഖാവ് പിണറായിയുടെ ആരോപണം ഏതായാലും വിഎസ് അച്യുതാനന്ദന്‍ ശരിവച്ചല്ലോ. അത്രയും നന്ന്.

ആര്യാടന്‍ മുഹമ്മദാണ് നിയമസഭയില്‍ വിഎസിനെ കുരുക്കാന്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ സഹായത്തോടെ സംസ്ഥാനത്ത് ഒരു മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നായിരുന്നു ആര്യാടന്റെ ചോദ്യം. ചോദ്യത്തിന് വിഎസ് കൊടുത്തത് തകര്‍പ്പന്‍ മറുപടി.

ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരാണ് ആരോപിച്ചതെന്ന് പറയുന്നില്ല.

ജര്‍മ്മനിയില്‍ നിര്‍മ്മിച്ച തോക്കും ഉണ്ടയും കൈയിലുളളയാള്‍ എന്നാണ് മാരീചന് കിട്ടിയ വിവരം. പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കുകയാണ് അമേരിക്കയുടെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ഈ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ലക്ഷ്യമെന്നും സഖാവ് പിണറായി ആരോപിക്കുന്നുണ്ട്. .

ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നു മാത്രമല്ല മുഖ്യമന്ത്രി പറഞ്ഞത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം ആര്യാടനെ അറിയിച്ചിട്ടുണ്ട്.

അതാണ് കാര്യം. വെളിപ്പെടുത്തപ്പെട്ടാല്‍ രാജ്യതാല്‍പര്യത്തിനു തന്നെ ഹാനികരമാകുന്ന തരത്തിലാണ് മാധ്യമ സിന്‍ഡിക്കേറ്റിന്റെ പോക്ക്.

അച്യുതാനന്ദ സിന്‍ഡിക്കേറ്റ്

മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ച് മാരീചനറിയാവുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. ഇതു വായിച്ചു കഴിഞ്ഞ് ഏത് രാജ്യതാല്‍പര്യമാണ് ഹനിക്കപ്പെടുക എന്ന് വായനക്കാര്‍ തീരുമാനിക്കുക.

സിപിഐഎമ്മിന്റെ മലപ്പുറം സംസ്ഥാന സമ്മേളനത്തെ തുടര്‍ന്നു നടന്ന വാര്‍ത്താ ചോര്‍ച്ച അന്വേഷിക്കാന്‍ എ. കെ. ബാലന്‍, വി വി ദക്ഷിണാമൂര്‍ത്തി, പി. കരുണാകരന്‍ എന്നീ സിബിഐ ഉദ്യോഗസ്ഥരെ പാര്‍ട്ടി നിയോഗിച്ചു.

സേതുരാമയ്യരുടെ സ്ഥാനത്തിരുന്ന് എ കെ ബാലന്‍ നടത്തിയ ഉദ്വേഗജനകമായ അന്വേഷണത്തിലാണ് വാര്‍ത്ത ചോര്‍ത്തിയ സാമദ്രോഹിയെ കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് സാക്ഷാല്‍ വിഎസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാനാണത്രേ മുന്നും പിന്നുമില്ലാതെ വാര്‍ത്ത ചോര്‍ത്തിയത്.

സമ്മേളനങ്ങളോടനുബന്ധിച്ച് പത്രങ്ങളായ പത്രങ്ങളില്‍ മുഴുവന്‍ പ്രത്യക്ഷപ്പെട്ടത് അച്യുതാനന്ദന്‍ നായകനും പിണറായി വില്ലനുമായ നെടുങ്കന്‍ തിരക്കഥകള്‍.

വലതുപക്ഷ വ്യതിയാനത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ അവതരിച്ച മിശിഹയുടെ സ്ഥാനത്ത് അച്യുതാനന്ദന്‍. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കട്ടയും പടവും മടക്കാന്‍ സാത്താന്‍ അയച്ച നയവഞ്ചകന്റെ വേഷങ്ങളില്‍ പിണറായി മുതല്‍ തോമസ് ഐസക്ക് വരെ.

മാധ്യമവും മാതൃഭൂമിയും കലാകൗമുദിയും മുതല്‍ ക്രൈം വരെയുളള അച്ചടി മഷി പുരട്ടിയ സിന്‍ഡിക്കേറ്റ്, ഇന്ത്യാ വിഷന്‍, ഏഷ്യാനെറ്റ് തുടങ്ങിയ ചാനല്‍ സിന്‍ഡിക്കേറ്റ് എന്നു വേണ്ട സകലമാനയിടങ്ങളിലും അച്യുതാനന്ദന്‍ നായകനും പിണറായി വില്ലനുമായി. ചര്‍ച്ചകളും അവലോകനങ്ങളും കൊഴുത്തു.

പെണ്‍വാണിഭം, കുഞ്ഞാലിക്കുട്ടി, വ്യാജസിഡി വാണിഭം എന്നു വേണ്ട നാട്ടില്‍ നടക്കുന്ന സൈക്കിള്‍ അപകടങ്ങളില്‍ വരെ പിണറായി നയിക്കുന്ന മാഫിയയുടെ കറുത്ത കരങ്ങള്‍ പലരും ദര്‍ശിച്ചു.

ഈ വാര്‍ത്തകള്‍ എഴുതിക്കൊടുത്ത് പാര്‍ട്ടിയെ നശിപ്പിക്കാനാണ് സഖാവ് കെ എം ഷാജഹാന്‍ പെടാപ്പാട് പെട്ടതെന്ന് സിപിഎം സിബിഐ കണ്ടെത്തി. മാധ്യമ സിന്‍ഡിക്കേറ്റ് വഴി വിപ്ലവം കൊണ്ടു വരാന്‍ ശ്രമിച്ച കൂടെയുളളവരെയും സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

നിലവിലുളള മാധ്യമങ്ങള്‍ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് പോരാഞ്ഞ് ജനശക്തിയെന്നൊരു ആനുകാലികവും ഈ മാധ്യമ സിന്‍ഡിക്കേറ്റ് പുറത്തിറക്കിയിട്ടുണ്ട്. കാടാമ്പുഴ പൂടുന്നതാരൊക്കെ, പാളയം പളളിയില്‍ നിസ്കരിക്കുന്നവരില്‍ പിണറായി ഗ്രൂപ്പെത്ര, ഇടത്തോട്ടു മുണ്ടുടുക്കുന്ന പാര്‍ട്ടി സഖാക്കളെത്ര എന്നൊക്കെയാണ് ആനുകാലികത്തിന്റെ ആലോചനാ വിഷയങ്ങള്‍.

ഇടയ്ക്ക് എയിഡ്സിനു മരുന്നു വില്‍ക്കുന്ന മജീദ് ഡോക്ടറുടെ വിപ്ലവ വിചാരങ്ങളും അച്ചടിക്കും. മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചുളള വിവരങ്ങള്‍ മറച്ചു വച്ചതിന്റെ പേരില്‍ ദേശാഭിമാനിയില്‍ നിന്നും പിണറായി ചെവിക്കു പിടിച്ച് പുറത്താക്കിയ ജി ശക്തിധരനാണ് ജനശക്തിയുടെ ജീവാത്മാവും പരമാത്മാവും.

നായകന്‍ ഞാന്‍. . . . എന്നെ എതിര്‍ക്കുന്നവരെല്ലാം വില്ലന്‍മാര്‍

ചുരുക്കം പറഞ്ഞാല്‍ മാധ്യമ സിന്‍ഡിക്കേറ്റിന്റെ പണി അച്ചുതാനന്ദന് സ്തുതിയും പിണറായിക്ക് ശാപവും നേരുക എന്നതാണ്. സിന്‍ഡിക്കേറ്റ് അറിഞ്ഞു പണിതാണ് സഖാവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയത്. അടുത്ത ലക്ഷ്യം പാര്‍ട്ടി സെക്രട്ടറി സ്ഥാനമാണ്.

ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ അന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറിയായി വാഴിച്ചത് ഇതേ അച്യുതാനന്ദനായിരുന്നു.

അന്ന് ഇരുവരും ഒറ്റക്കരളും ഇരുമെയ്യുമായിരുന്നു. പിണറായി പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ വൈദ്യുതി മന്ത്രിയായി അച്യുതാനന്ദന്‍ അവരോധിച്ചത് തന്റെ മാനസപുത്രനായ സഖാവ് ശര്‍മ്മയെ.

ഇത്തവണയും പിണറായിക്കു പകരം ശര്‍മ്മയെ പ്രതിഷ്ഠിക്കാനാവുമോ എന്ന് കിണഞ്ഞു ശ്രമിക്കുകയാണ് സഖാവ് വിഎസ്. രണ്ടു മാസം തുടങ്ങുകയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍.

ഇനി പറയൂ. ആര്‍ക്കു വേണ്ടിയാണ് ഈ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നത്? അല്ലെങ്കില്‍ ആര്‍ക്കു വേണ്ടി മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് പിണറായി ആരോപിക്കുന്നത്? പിണറായിക്ക് തെറിയും വിഎസിന് സ്തുതിയും ചമയ്ക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റ് കൊണ്ട് ആര്‍ക്കാണ് ഉപയോഗം?

ഈ ചോദ്യങ്ങളില്‍ നിന്നാണ് വിഎസിന്റെ നിയമസഭാ മറുപടിയിലേയ്ക്ക് തിരിച്ചു പോകേണ്ടത്.

പിണറായി- ബേബി- ഐസക്കുമാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം.പകരം ശര്‍മ്മയെ സെക്രട്ടറി സ്ഥാനത്ത് അവരോധിക്കണം. അതിന് സര്‍വ്വ സഹായവും നല്‍കി തന്നെ പിന്തുണയ്ക്കുന്ന ഒരു പത്രപ്രവര്‍ത്തക സംഘത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ രാജ്യതാല്‍പര്യം ഇടിഞ്ഞു വീഴുമത്രേ. അപ്പൂപ്പന്റെ ഓരോ തമാശകളേ... . . .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X