കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോളുണ്ടോ, പന്ന്യന്‍ റെഡിയാണ്!

  • By Super
Google Oneindia Malayalam News

ചോരച്ചാലുകള്‍ പലതും നീന്തിക്കയറിയിട്ടുണ്ട്. തൂക്കുമരങ്ങളില്‍ പലവട്ടം ഊഞ്ഞാലാടിയിട്ടുണ്ട്. ചോരയില്‍ മുങ്ങി ചോരയില്‍ പൊങ്ങിയിട്ടുമുണ്ട്.

മൂലധനത്തോളം ആശയഗംഭീരമായ തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന ലഘുലേഖ രചിച്ചിട്ടുണ്ട്. ചെയ്തിട്ടില്ലാത്ത ഒരേയൊരു പണി സിനിമാ അഭിനയമാണ്.

കമ്മ്യൂണിസ്റുകാരനായതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വാസമില്ല. അപ്പോള്‍ പിന്നെ ഈ ആശ അടുത്ത ജന്മത്തിലേയ്ക്ക് നീക്കി വയ്ക്കാന്‍ പറ്റുമോ? ഇല്ലേയില്ല.

അങ്ങനെയാണ് സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത്.

രാഷ്ട്രീയക്കാര്‍ക്ക് സിനിമയും സിനിമാക്കാര്‍ക്ക് രാഷ്ട്രീയവും പരസ്പര ബഹുമാനമുളള ഏര്‍പ്പാടുകളാണ്. പല ഉന്നത നേതാക്കളുടെയും പേരുകള്‍ ചില നടിമാര്‍ക്കൊപ്പം പറഞ്ഞു കേള്‍ക്കുന്നുണ്ടെന്ന അണിയറ വര്‍ത്തമാനമൊന്നും മാരീചന്റെ മനസില്‍ ഇല്ലേയില്ല.

പ്രശസ്തിയുടെ വെളളിവെളിച്ചം ആവോളം വന്നു പതിയുന്ന മേഖലകളിലെ തുല്യര്‍ തമ്മിലുളള കൊടുക്കല്‍ വാങ്ങല്‍. അത്രയേ ഉളളൂ.

അങ്ങനെ വരുമ്പോള്‍ സിനിമാ നടന്‍ എംപിയാകുന്നതിലും എംപിയായ പന്ന്യന്‍ രവീന്ദ്രന്‍ അഭിനയിക്കാനിറങ്ങുന്നതിലും വലിയ കുഴപ്പമൊന്നുമില്ല. കിട്ടാവുന്നതില്‍ ഏറ്റവും നല്ല റോളും സഖാവ് അടിച്ചെടുത്തു.

ഉടന്‍ പുറത്തിറങ്ങുന്ന ഒരു മലയാള ചിത്രത്തില്‍ ആദിവാസി നേതാവിന്റെ വേഷത്തില്‍ സഖാവ് പന്ന്യന്‍ രവീന്ദ്രനെ നമുക്കു കാണാം.

മേക്കപ്പിന്റെ ചെലവ് ലാഭിക്കാനാണോ സഖാവിനെ ഈ റോളിലേയ്ക്ക് തിരഞ്ഞെടുത്തത് എന്നൊന്നും ചോദിക്കരുത്.

തലസ്ഥാന നഗരിയിലെ എംപിക്ക് പാര്‍ലമെന്റില്‍ പിടിപ്പത് പണിയുണ്ടെന്നാണ് പാവം വോട്ടര്‍ ധരിച്ചിരിക്കുന്നത്. എന്തെല്ലാം നീറുന്ന പ്രശ്നങ്ങളാണ് അവനുളളത്?

ഹൈക്കോടതി ബഞ്ച് ഒന്നുമായില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യം ഏതാണ്ട് ഗോപിയായ മട്ടാണ്.

എയര്‍പോര്‍ട്ട് വികസനം, നഗരവികസനം എന്നിങ്ങനെ തൊട്ടാല്‍ പൊളളുന്ന വിഷയങ്ങള്‍ വേറെ കിടക്കുന്നു. ഏഴു നിയമസഭാ മണ്ഡലങ്ങളിലെ ജനജീവിതത്തെ ബാധിക്കുന്ന കാക്കത്തൊളളായിരം പ്രശ്നങ്ങള്‍ വേറെ.

ഇതൊക്കെ കളഞ്ഞിട്ട് എന്തിനായിരിക്കും സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ അഭിനയിക്കാന്‍ പോകുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടി മാരീചന്‍ ഏറെ അലഞ്ഞു. അങ്ങനെ ഉത്തരവും കിട്ടി.

സഖാവ് പന്ന്യന്‍ രവീന്ദ്രന് പാര്‍ലമെന്റില്‍ വേറെ പണിയൊന്നുമില്ല. ബൂര്‍ഷ്വാ കോടതി പോലെ ഒരേര്‍പ്പാടാണ് ഈ പാര്‍ലമെന്റും. അതുകൊണ്ട് സഖാവ് വളരെ അത്യാവശ്യമുണ്ടെങ്കിലേ അവിടെ പോകൂ.

സഖാവ് ലോക്സഭയിലെത്തിയ ശേഷം ഒമ്പത് സെഷനുകളിലായി ആകെ 100 ദിവസം സഭ സമ്മേളിച്ചു. അദ്ദേഹം പ്രത്യക്ഷപ്പെട്ടത് വെറും 51 ദിവസം. ഏതാണ്ട് പകുതി ദിവസങ്ങളും സഖാവ് ലോക്സഭയ്ക്ക് പുറത്താണ് ബൂര്‍ഷ്വാസികള്‍ക്കെതിരായ പോരാട്ടം നയിച്ചത്.

പാര്‍ലമെന്റ് ജീവിതത്തിനിടയില്‍ ആകെയദ്ദേഹം ചോദിച്ചത് 54 ചോദ്യങ്ങള്‍. ഇതുവരെ 2 വട്ടമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഉപചോദ്യങ്ങളോ പാര്‍ലമെന്റ് നടപടികളില്‍ ക്രിയാത്മകമായ ഇടപെടലുകളോ നഹി.

ചര്‍ച്ചയും ബില്ലവതരണവും കൊഴുക്കുമ്പോള്‍ കുറിക്കുകൊളളുന്ന പോയിന്റുമായി ഇടയ്ക്കു ചാടി വീണ് പൊരുതാന്‍ കാര്യവിവരവും ഭാഷാസ്വാധീനവും വേണം.

അതില്ലാത്തവര്‍ കൊളളാവുന്ന സെക്രട്ടറിമാരെ നിയമിക്കും. വെടിപ്പുളള ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കുകയാണ് സെക്രട്ടറിമാരുടെ പണി. അത് കൊടുക്കേണ്ടിടത്ത് കൊടുത്താല്‍ എംപിയുടെ പണി കഴിഞ്ഞു.

ബൂര്‍ഷ്വാസികള്‍ക്കെതിരായ പോരാട്ടം മലയാളത്തില്‍ നടത്താനുളള ചുമതലയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി ഏല്‍പിച്ച പണി മാത്രമേ പണ്ടും പന്ന്യന്‍ ചെയ്തിട്ടുളളൂ. മുടി മുറിക്കാന്‍ പാര്‍ട്ടി പറഞ്ഞില്ല. അതുകൊണ്ട് ചെയ്തതുമില്ല.

സാമ്രാജ്യത്വ കുത്തക ബൂര്‍ഷ്വാസിയ്ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിനും കൂടിയാണ് നമ്മെ തിരഞ്ഞെടുത്തത്. നൂറു ദിവസം സഭ ചേര്‍ന്നാല്‍ അമ്പതു ദിവസം സഭയില്‍ വന്ന് സര്‍ക്കാരിനെതിരെ കൂക്കുവിളിക്കണം. ശേഷിക്കുന്ന അമ്പതു ദിവസം സഭയ്ക്കു പുറത്ത് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കണം.

എല്ലാത്തിനും കൂടെയുളളത് ആകെ പത്തോ പന്ത്രണ്ടോ സിപിഐക്കാരും. സോഷ്യലിസം വരാന്‍ വല്ലാതെ താമസിക്കുന്നതിന് കാരണം വേറെ തിരക്കണോ?

അതിനിടയില്‍ വേണം അഭിനയത്തിന്റെ ഉള്‍വിളിക്ക് ഉത്തരം പറയാന്‍. രണ്ടു സിനിമകളിലോ നാലു സീരിയലുകളിലോ മുഖം കാണിച്ചാല്‍ അത്രയും ജനം കൂടി കാണുമല്ലോ?

ജനത്തിനാവശ്യം വിഴിഞ്ഞം തുറമുഖവും ഹൈക്കോടതി ബെഞ്ചുമൊക്കെയാണ് എന്നത് ബൂര്‍ഷ്വാ പ്രചരണമാണ്. അത് നമ്മുടെ പാര്‍ട്ടി വിലയിരുത്തിയിട്ടുമുണ്ട്.

അവര്‍ക്ക് എപ്പോഴും നമ്മെ കണ്ടു കൊണ്ടിരിക്കണം. അങ്ങനെയാണ് കമ്മ്യൂണിസ്റ് സിദ്ധാന്ത പ്രകാരം ജനത്തിന് പരിവര്‍ത്തനം വരുന്നത്. അല്ലെങ്കിലും കേരള രാഷ്ട്രീയത്തിലെ ഏറ്റവും നല്ല അഭിനയ പ്രതിഭകള്‍ സിപിഐക്കാരാണല്ലോ.

അതുകൊണ്ട് സഖാവ് പന്ന്യന്‍ രവീന്ദ്രന്‍ സിനിമകളില്‍ തകര്‍ത്ത് അഭിനയിക്കട്ടെ. ചേലുളള മുടിയുടെ പച്ചയില്‍ നല്ല നടിക്കുളള ഉര്‍വശി അവാര്‍ഡ് അദ്ദേഹത്തിന് കിട്ടില്ലെന്ന് ആരു കണ്ടു?

പ്രസിഡന്റില്‍ നിന്നും നല്ല നടിക്കുളള അവാര്‍ഡ് സ്വീകരിച്ച് ഇറങ്ങി വരുന്ന സഖാവിനു വേണ്ടി ഇപ്പോഴേ നമുക്കൊരു ലാല്‍സലാം കരുതി വയ്ക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X