കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസ് ഗുരുവായൂരില്‍ പോകരുത്

  • By Super
Google Oneindia Malayalam News

നമുക്കറിയാവുന്ന പി കെ നാരായണപ്പണിക്കര്‍ ഒരു സമുദായ സംഘടനയുടെ നേതാവ് മാത്രമാണ്. കേരളത്തിലെ ഹിന്ദുക്കളില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് നായര്‍ സമുദായം. അതില്‍ത്തന്നെ വളരെ ചെറിയ ശതമാനമാണ് എന്‍എസിഎസില്‍ പ്രവര്‍ത്തിക്കുകയോ അതിനെ അനുകൂലിക്കുകയോ ചെയ്യുന്നത്. അങ്ങനെയുളള നാരായണപ്പണിക്കര്‍ സകലമാന ഹിന്ദുക്കളുടെയും പേരില്‍ ഒരു മന്ത്രിക്ക് താക്കീതൊക്കെക്കൊടുക്കുന്നത് കടന്ന കൈയല്ലേ. പറഞ്ഞു വരുന്നത് ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം അനുവദിക്കണമെന്ന വിവാദത്തില്‍ ഇടപെട്ട് പണിക്കരു ചേട്ടന്‍ നടത്തിയ ചില പ്രസ്താവനകളെക്കുറിച്ചാണ്. ബുധനാഴ്ചത്തെ മലയാള മനോരമ പത്രത്തിന്റെ എഡിറ്റ് പേജു നിറയെ ഹൈന്ദവത്തമ്പുരാക്കന്മാരുടെ ആക്രോശങ്ങളാണ്. കരിമൂര്‍ഖന്‍ മുതല്‍ നീര്‍ക്കോലി വരെ സകലമാന ഹിന്ദുക്കള്‍ക്കും വേണ്ടി തുളളിയുറയുന്നു. കൊല്ലിനും കൊലയ്ക്കും ഇവര്‍ക്കധികാരമുണ്ടായിരുന്ന പഴയ കാലമായിരുന്നെങ്കില്‍ പാവം മന്ത്രിയുടെ കാര്യം വിഷമത്തിലായേനെ. യേശുദാസിനെ അമ്പലത്തില്‍ പ്രവേശിപ്പിക്കുന്നതിന് വൈദിക പണ്ഡിതന്മാരും ഹിന്ദു സംഘടനാ നേതാക്കളും ദേവസ്വം ബോര്‍ഡും ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് പി കെ കൃഷ്ണദാസ് മൊഴിയുന്നത്.

ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം പോയി ഗോപുര വാതില്‍ തുറന്ന് ഗോപകുമാരനെക്കാണണമെന്ന് ദാസ് മനമുരുകിപ്പാടിയിട്ട് കാല്‍നൂറ്റാണ്ടോളമാവുന്നു. എന്താണ് ഇത്രയും കാലം ഇപ്പറഞ്ഞ ചര്‍ച്ച നടക്കാത്തതെന്ന് ഈ ഹൈന്ദവ പ്രമാണിയോട് നമുക്ക് വെറുതേ ചോദിച്ചു നോക്കാം. ഉത്തരമൊന്നും ഒരിക്കലും കിട്ടില്ലെങ്കിലും. അഹിന്ദുക്കള്‍ക്ക് പ്രവേശനം പാടില്ലെന്ന് വ്യവസ്ഥയുളള ഗുരുവായൂരമ്പലത്തില്‍ യേശുദാസിനെ പ്രവേശിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത് ന്യായീകരിക്കാനാവാത്തതാണെന്ന് പണിക്കരു ചേട്ടന്‍ പറയുന്നു. ആരാണ് ഈ വ്യവസ്ഥയുണ്ടാക്കിയത്? ഗുരുവായൂരപ്പനാണോ? സാക്ഷാല്‍ ശ്രീകൃഷ്ണന്‍ മനുഷ്യരെ മതത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തിയിരുന്നോ? കളളി പുറത്തു വരുന്നത് നോക്കുക. ഗുരുവായൂരപ്പന്റെ പിതൃസ്ഥാനീയനായ തന്ത്രിയാണു പോലും ഇത് തീരുമാനിക്കേണ്ടത്. ഗുരുവായൂരിലെ തന്ത്രിമാര്‍ ബ്രാഹ്മണരാണ്. ശ്രീകൃഷ്ണന്‍ യാദവനും. യാദവന്‍ എന്നാല്‍ സാക്ഷാല്‍ മുലായം സിംഗിന്റെ സമുദായക്കാരന്‍. പിന്നാക്കക്കാരെ വലത്തും നാലാം വേദക്കാരായ മുസ്ലീംങ്ങളെ ഇടത്തും നിര്‍ത്തിയാണ് ഈ യാദവന്‍ ഉത്തര്‍പ്രദേശില്‍ പട നയിക്കുന്നത്. വേറൊരു യാദവനായ ലാലു പ്രസാദും ഈ ഗണത്തില്‍ത്തന്നെ പെടുന്നു. ഇങ്ങ് സാക്ഷാല്‍ ശ്രീകൃഷ്ണന്‍ എന്‍എസ്എസിന്റെ പഴയൊരു മെമ്പറായിരുന്നെന്ന മട്ടിലാണ് പി കെ നാരായണപ്പണിക്കര്‍ ആടിയുറയുന്നത്. യാദവന്റെ പിതൃസ്ഥാനീയനായ തന്ത്രിയാണ് ഗുരുവായൂരില്‍ കയറേണ്ടത് മനുഷ്യനല്ല, സവര്‍ണ ഹിന്ദുവാണ് എന്ന് പണ്ട് തീരുമാനിച്ചത്.

കേരളം ഇരമ്പി മറിഞ്ഞ പ്രക്ഷോഭങ്ങളാണ് ക്ഷേത്രപ്രവേശന വിളംബരം വരെ കാര്യങ്ങള്‍ എത്തിച്ചത്. അന്ന് കേരളം കത്തിച്ചു കളഞ്ഞ അനാചാരങ്ങളുടെ താളിയോലകള്‍ വീണ്ടും പൊടിതട്ടിയെടുത്ത് നാരായണപ്പണിക്കരും സംഘവും ഹിന്ദുക്കളുടെ പേരില്‍ പടയ്ക്കിറങ്ങുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും? ഏത് ഹിന്ദുവിന്റെ പേരിലാണ് നാരായണപ്പണിക്കര്‍ സുധാകരനോട് കല്‍പ്പിക്കുന്നത് എന്ന പഴയ ചോദ്യത്തിലേയ്ക്ക് തിരിച്ചു പോകാം. യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കുന്നതില്‍ എന്‍എസിഎസിന് എതിര്‍പ്പുണ്ടെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞാല്‍ അത് നമുക്ക് മനസിലാകും. അങ്ങനെ പറയുന്നതിനു പകരം ഈ ആജ്ഞ എല്ലാ ഹിന്ദുക്കളുടെയും ചെലവില്‍ തട്ടിവിടുന്നത് എതിര്‍ക്കുക തന്നെ വേണം. യേശുദാസിന് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തര്‍ക്കമോ വിവാദമോ നിലനില്‍ക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ പറയുന്നു. ശരിയാണ്. ഇക്കാര്യത്തില്‍ തര്‍ക്കമില്ല. ദാസിനെ പ്രവേശിപ്പിക്കേണ്ടെന്ന് കുമ്മനവും സംഘവും പണ്ടേ തീരുമാനിച്ചിട്ടുണ്ടല്ലോ. പിന്നെ എവിടെയാണ് തര്‍ക്കം. കാല്‍ നൂറ്റാണ്ടിലേറെയായി തന്ത്രിയും ഊരാളന്മാരുംഭക്തജനങ്ങളും സാമൂതിരി രാജാവുമൊക്കെ ഇത് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണു പോലും. അവരുടെ അവകാശത്തെ ഒരു മന്ത്രി ചോദ്യം ചെയ്യാമോ? പാടില്ലെന്ന് കുമ്മനം കല്‍പ്പിച്ചാല്‍ പിന്നെ അപ്പീലില്ലല്ലോ?

യേശുദാസ് ഗുരുവായൂര്‍ അമ്പലത്തില്‍ കയറിയാല്‍ സാമുദായിക സൗഹാര്‍ദ്ദം തകരുമെന്ന് മുന്നറിയിപ്പു നല്‍കുന്നത് കേരള ബ്രാഹ്മണ സഭയുടെ സംസ്ഥാന പ്രസിഡന്റായ പി വെങ്കിട്ട രാമയ്യരാണ്. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നാണ് പ്രമാണം. രാഷ്ട്രപതി സെയില്‍സിംഗിനെ തലപ്പാവിന്റെ പേരില്‍ പുറത്തു നിര്‍ത്തിയ ചരിത്രം പറഞ്ഞ് ഇദ്ദേഹം രോമാഞ്ചവും അണിയുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താന്‍ ജനാധിപത്യസര്‍ക്കാരിനോട് വഴിയൊരുക്കണം എന്നാവശ്യപ്പെടാനുളള ധാര്‍ഷ്ട്യം പുരോഗമന കേരളത്തില്‍ ജാതിക്കോമരങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ജാതിഭേദമില്ലാതെ കാണിക്ക സ്വീകരിക്കുകയും കണ്ടവനൊക്കെ കയറിയിറങ്ങി ക്ഷേത്രം അശുദ്ധമാക്കിയതിന്റെ പേരില്‍ എന്നും പുണ്യാഹം നടത്തുകയും ചെയ്യുന്ന ഗുരുവായൂരില്‍ നിന്നും ശ്രീകൃഷ്ണന്‍ എന്നേ പടിയിറങ്ങിക്കാണും. എന്തിന് ഈ അമ്പലത്തില്‍ യേശുദാസ് പോകണം? ആത്മാഭിമാനത്തിന്റെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇനിയദ്ദേഹം ഗുരുവായൂരമ്പലത്തില്‍ കയറരുത്. കുമ്മനം രാജശേഖരനും പി കെ നാരായണപ്പണിക്കരും കാവല്‍ നില്‍ക്കുന്ന ദൈവത്തിനെ ആര്‍ക്കു വേണം? യേശുദാസിനെ കയറ്റാത്ത ഗുരുവായൂരില്‍ തങ്ങളും കയറില്ലെന്ന് ജാതിമത ഭേദമില്ലാതെ മലയാളി പ്രഖ്യാപിക്കുന്ന കാലം എന്നെങ്കിലും വരുമോ? ചിരിച്ചു കൊണ്ട് തന്ത്രിമാരെറിഞ്ഞു തരുന്ന ചന്ദനവും പ്രസാദവും വൃത്തികെട്ട ജാതി ചിന്തയുടെ മാലിന്യം കലര്‍ന്നതാണെന്ന് എന്നെങ്കിലും ഭക്തര്‍ തിരിച്ചറിയുമോ? ഒരു ചോദ്യം കൂടി ചോദിക്കാം. ബുധനാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ എന്താണ് ലക്ഷ്യം വയ്ക്കുന്നത്? ജാതിവിവേചനത്തെ പരസ്യമായി ന്യായീകരിക്കുന്ന ഈ വൃത്തികെട്ട ചിന്തകള്‍ക്ക് അച്ചടി മഷി പുരട്ടി പതിനഞ്ചു ലക്ഷം പേരുടെ കൈകളിലെത്തിച്ച് മനോരമ നേടുന്നതെന്ത്? കാലം ഉത്തരം പറയട്ടെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X