• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊട്‌ സഖാവേ കൈ.....

  • By Super

ഏറെക്കാലത്തിനു ശേഷം ഒരു മുഖ്യമന്ത്രിയെ കേരളം നെഞ്ചിലേറ്റി ലാളിക്കുകയാണ്‌. പറഞ്ഞതു ചെയ്യാന്‍ ചങ്കുറപ്പുളള ഒരു ഭരണസംവിധാനത്തിന്റെ സാന്നിദ്ധ്യം ജനത ആഹ്ലാദത്തോടെ അനുഭവിക്കുന്നു. ചോദിക്കാനും പറയാനും ആളുണ്ടെന്ന്‌ സാധാരണക്കാരന്‌ തോന്നിത്തുടങ്ങുന്നത്‌ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം തന്നെ. ഒരു ചോദ്യം അപ്പോഴും ബാക്കിയാകുന്നു. എത്രനാള്‍?

ദോഷം മാത്രം കാണുകയാണ്‌ മാരീചന്‍ എന്ന്‌ വായനക്കാരില്‍ പലരും പരാതി അറിയിക്കുന്നുണ്ട്‌. തുറന്നിരിക്കുന്ന കണ്ണുകളില്‍ തെളിയുന്നതിലേറെയും ദോഷം മാത്രമാണ്. അത്‌ വായനക്കാരുമായി പങ്കുവയ്‌ക്കണമെന്ന്‌ തോന്നുന്നത് സ്വാഭാവികവും.

മൂന്നാറില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ക്കു മീതെ എത്രനാള്‍ എന്ന ചോദ്യത്തിന്റെ കരിന്പടം പുതയ്ക്കുന്നത് തീര്‍ച്ചയായും ദോഷം മാത്രം കാണുന്നതു കൊണ്ടല്ല. അനുഭവങ്ങളാണല്ലോ ഏത് നിരീക്ഷണത്തിന്റെയും അടിസ്ഥാനം.

അതുകൊണ്ടു തന്നെ മൂന്നാര്‍ വാര്‍ത്തകള്‍ക്കു മേല്‍ ഏത് മാധ്യമ പ്രവര്‍ത്തകനും എത്രനാള്‍ എന്ന ചോദ്യം ഒപ്പം ചേര്‍ക്കും. അത് പക്ഷേ, ഈ ചെയ്യുന്നതിന്‌ കേരളത്തിന്റെ മനസാക്ഷി ഒപ്പമുണ്ട്‌ എന്നത്‌ കലര്‍പ്പില്ലാത്ത സത്യം പറയുന്നതിന് ഒരിക്കലും മറയാകില്ല.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മൂന്നാറിലെ കയ്യേറ്റമെന്ന്‌ എല്ലാവര്‍ക്കുമറിയാം. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലെയും ഉന്നത നേതാക്കളും ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്നതാണ്‌ മൂന്നാറിലെ കയ്യേറ്റ - റിസോര്‍ട്ട്‌ മാഫിയയെന്നതും രഹസ്യമേയല്ല.

സാക്ഷാല്‍ പി കെ വാസുദേവന്‍ നായരുടെ പേരില്‍ വരെ മൂന്നാറില്‍ പട്ടയമുണ്ടെന്ന്‌ അറിയുന്പോള്‍ ഭൂമി കയ്യേറ്റത്തിന്റെ ആഴവും വ്യാപ്‌തിയും രാഷ്ട്രീയ പിന്‍ബലവും ഞെട്ടലോടെ നാം തിരിച്ചറിയുന്നു.

ഇടതുമുന്നണിയുടെ വിപ്ലവ സിംഹങ്ങള്‍ ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങുന്ന ഈ കാഴ്‌ച ആരെയാണ്‌ സന്തോഷിപ്പിക്കാത്തത്‌. സിപിഎമ്മിലെ ഒരു വിഭാഗം, സിപിഐ തുടങ്ങി ആളില്ലാത്ത ആര്‍എസ്‌പി വരെ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക്‌ എതിരായിരുന്നു. സ്വന്തം ചെയ്‌തികള്‍ കൊണ്ടാണ്‌ സിപിഎമ്മിലെ പ്രബലവിഭാഗം പൊതുജനത്തിനു മുന്നില്‍ കോര്‍പറേറ്റ്‌ സംസ്‌ക്കാരത്തിന്റെ വക്താക്കള്‍ എന്ന പേരു നേടിയത്‌.

എന്നാല്‍ സിപിഐയുടെയോ ആര്‍എസ്‌പിയുടെയോ കാര്യം അങ്ങനെയല്ല. വിപ്ലവത്തില്‍ വെളളം ചേര്‍ത്തവരാണ്‌ സിപിഎമ്മെന്നും തങ്ങളാണ്‌ പ്രത്യയശാസ്‌ത്രശുദ്ധിയുടെ പത്തരമാറ്റ്‌ വിപ്ലവശോഭ പരത്തുന്ന ഒറിജിനലെന്നും സ്ഥാനത്തും അസ്ഥാനത്തും കൊട്ടിഘോഷിക്കുന്നവരാണ്‌ വെളിയം ഭാര്‍ഗവന്‍ മുതല്‍ പ്രൊഫസര്‍ ടി ജെ ചന്ദ്രചൂഡന്‍ വരെയുളളവര്‍.

മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ അഴിമതിയുടെ കറപുരളാത്ത ട്രാക്ക്‌ റിക്കോര്‍ഡും കാര്യപ്രാപ്‌തിയുമുളള മൂന്ന്‌ ഉദ്യോഗസ്ഥരെ മന്ത്രിസഭ നിയമിച്ച കാര്യം എല്‍ഡിഎഫ്‌ യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ പുക്കാറുകള്‍ നാം കണ്ടതാണ്‌.

എത്ര പെട്ടെന്നാണ്‌ കാര്യങ്ങള്‍ മലക്കം മറിഞ്ഞത്‌. മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ ജെസിബിയുടെ കൂര്‍ത്തമുനകളേറ്റ്‌ തകര്‍ന്നു വീഴുന്ന വേഗത്തില്‍ തന്നെ കയ്യേറ്റക്കാര്‍ക്കു വേണ്ടി അരങ്ങേറിയ ഇടതുവിപ്ലവത്തിന്റെയും കാറ്റു പോയി.

ഇപ്പോള്‍ ആര്‍ക്കും ഉദ്യോഗസ്ഥരെ മാറ്റേണ്ട. ജനവികാരം എതിരാകുമെന്ന്‌ ഇവരൊക്കെ ഭയക്കുന്നു. തല്‍ക്കാലം സുരേഷ്‌ കുമാറിന്റെ കാര്യത്തില്‍ കടുംപിടിത്തം വേണ്ടെന്ന്‌ സിപിഎം. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ എതിരഭിപ്രായമില്ലെന്ന്‌ സിപിഐ. പഴയ പ്രസ്‌താവനകളെക്കുറിച്ച്‌ ഓര്‍ക്കുക പോലും ചെയ്യാതെ ആര്‍എസ്‌പി.

അതെ. വിജയിക്കുകയാണ്‌ വി എസ്‌. വെളുത്ത ജൂബയുടെ കൈകള്‍ തെറുത്തു കയറ്റി, ഇടതുകൈ വിരലുകള്‍ കൊണ്ട്‌ മുണ്ടിന്റെ അറ്റം അല്‍പൊന്നുയര്‍ത്തിപ്പിടിച്ച്‌, തെളിഞ്ഞ ചിരിയോടെ, പതറാത്ത കാലടികളോടെ വിഎസ്‌ നടന്നു കയറുന്നത്‌ കേരളീയന്റെ ഇടനെഞ്ചിലേയ്‌ക്കാണ്‌.

ബിസിജി ഗ്രൂപ്പിന്റെ 22 റിസോര്‍ട്ടുകളാണ്‌ കഴിഞ്ഞ ദിവസം പൊളിഞ്ഞു വീണത്‌. പുഴയോരം കയ്യേറി ടാറ്റാ നടത്തിയ നിര്‍മ്മാണങ്ങള്‍ക്ക്‌ ഹൈക്കോടതി നല്‍കിയ അംഗീകാരം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതും കഴിഞ്ഞ ദിവസം. പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യാനാവില്ലെന്ന്‌ ജില്ലാ കോടതി തീര്‍പ്പുകല്‍പ്പിച്ചതും കഴിഞ്ഞ ദിവസം. ആബാദ്‌ ഗ്രൂപ്പും ബിസിജി ഗ്രൂപ്പും നല്‍കിയ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കാന്‍ പോലുമാകില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞതും കഴിഞ്ഞ ദിവസം.

കെ. സുരേഷ്‌ കുമാറും ഋഷിരാജ്‌ സിംഗും രാജു നാരായണ സ്വാമിയുമടങ്ങിയ സംഘത്തിന്റെ നോണ്‍ പ്ലെയിംഗ്‌ ക്യാപ്‌റ്റനായി സാക്ഷാല്‍ വിഎസ്‌ തന്നെയാണ്‌ അണിയറയിലുളളതെന്ന്‌ മനോരമ പറയുന്നത്‌ ഇച്ഛാഭംഗത്തോടെയല്ലെന്ന്‌ നമുക്ക്‌ വിശ്വസിക്കാം.

കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയരുതെന്ന്‌ മാതൃഭൂമി മുഖപ്രസംഗം എഴുതുന്നത്‌ ആത്മാര്‍ത്ഥതയോടെയാണെന്നും നമുക്ക്‌ കരുതാം. ജനവികാരം ഒരു മലവെളളം പോലെ ഒഴുകി വന്നാല്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ- മാധ്യമ മാഫിയ കെട്ടിയുയര്‍ത്തുന്ന തടയണകളും റിസോര്‍ട്ടുകളും തകരുമെന്ന്‌ ചരിത്രം ഒരിക്കല്‍ കൂടി നമ്മെ പഠിപ്പിക്കുകയാണ്‌.

നിശ്ചയദാര്‍ഢ്യമാണ്‌ ഈ നടപടിയുടെ ഹൃദയമിടിപ്പ്‌. നാളെ പൊളിക്കുന്നത്‌ ആരുടെ കെട്ടിടമാണെന്ന്‌ ഈ ടീമിലെ മൂന്നു പേര്‍ക്കും മുഖ്യമന്ത്രിക്കുമല്ലാതെ ലോകത്ത്‌ മറ്റൊരാള്‍ക്കുമറിയില്ലെന്നതാണ്‌ സത്യം. രാവിലെ ഏഴുമണിക്ക്‌ ജെസിബിയും മറ്റുപകരണങ്ങളും ഒരു റിസോര്‍ട്ടിന്റെ മുന്നിലെത്തുന്പോള്‍ മാത്രമാണ്‌ പൊലീസും പണിക്കാരും മറ്റ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെ രാഷ്ട്രീയപ്രമാണിമാരും സത്യമറിയുന്നത്‌.

പതിനൊന്നുമണിയാകും കോടതി നടപടികള്‍ തുടങ്ങാന്‍. സ്റ്റേ ആവശ്യം എഴുതിത്തയ്യാറാക്കി കോടതിയുടെ മുന്നിലെത്തിച്ച്‌ ഉത്തരവായി ഇറങ്ങാന്‍ പിന്നെയും വേണം മണിക്കൂറുകള്‍. അപ്പോഴേയ്‌ക്കും നിലകള്‍ അസ്ഥിവാരം പോലും ശേഷിക്കാതെ മണ്ണോടു ചേര്‍ന്നിരിക്കും.

സര്‍ക്കാര്‍ നടപടികളുടെ കുരുക്കുകളും പഴുതുകളുമാണ്‌ ഇക്കാലമത്രയും അനധികൃത കയ്യേറ്റക്കാര്‍ക്ക്‌ തുണയായത്‌. അതിന്റെ പിന്‍ബലത്തിലാണ്‌ പലരും കോടതി ഉത്തരവുകള്‍ പോലും കരസ്ഥമാക്കുന്നതും. അതേ തന്ത്രം ഇപ്പോള്‍ സര്‍ക്കാര്‍ തിരികെ പ്രയോഗിക്കുന്നു. കേരളം ഇതുവരെ കാണാത്ത ചില സര്‍ക്കാര്‍ നടപടികള്‍.

അഞ്ചു കോടിക്കുമേല്‍ വിലമതിക്കുന്നവയാണ്‌ ഇടിച്ചു നിരത്തിയ പലകെട്ടിടങ്ങളും. കെട്ടിടങ്ങള്‍ക്കുളളിലുളള സ്ഥാവരജംഗമ വസ്‌തുക്കള്‍ പഞ്ചായത്ത്‌ പിടിച്ചെടുക്കുന്നു. ഇന്നലെ വരെ പ്രതിദിനം അയ്യായിരത്തിനും പതിനായിരത്തിനും വിറ്റിരുന്ന മുറികളുളള കെട്ടിടങ്ങളാണ്‌ തകര്‍ത്തു തരിപ്പണമാക്കിയത്‌. സര്‍ക്കാരിന്‌ നയാപൈസയുടെ നികുതിയടയ്‌ക്കാതെ സര്‍ക്കാര്‍ ഭൂമിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി കോടികള്‍ സന്പാദിച്ചിരുന്നവര്‍ നിസഹായരായി നില്‍ക്കുന്ന കാഴ്‌ച ഏത്‌ കേരളീയനെയാണ്‌ അന്പരപ്പിക്കാത്തത്‌

മൂന്നാറില്‍ രണ്ടു നിലയ്‌ക്കു മുകളില്‍ കെട്ടിടം പണിയരുതെന്ന്‌ നിയമമുണ്ട്‌. ക്രമാതീതമായി കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ ഉയരുന്നത്‌ പരിസ്ഥിതിയെയും കാലാവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നതു കൊണ്ടാണ്‌ കേരള നിയമസഭ അങ്ങനെയൊരു നിയമം പാസാക്കിയത്‌.

സാക്ഷാല്‍ പി കെ വാസുദേവന്‍ നായരുടെ പേരില്‍ പട്ടയമുളള ഭൂമിയിലാണ്‌ സിപിഐയുടെ പാര്‍ട്ടി ഓഫീസ്‌ നിലകൊളളുന്നത്‌. പാര്‍ട്ടി ഓഫീസിനു മുകളില്‍ കൂറ്റന്‍ റിസോര്‍ട്ട്‌. ഇരുപതു വര്‍ഷത്തേയ്‌ക്ക്‌ പാട്ടത്തിന്‌ സ്വന്തം പാര്‍ട്ടി ഓഫീസിന്റെ മുകള്‍ ഭാഗം റിസോര്‍ട്ട്‌ നിര്‍മ്മാണത്തിന്‌ നല്‍കിയിരിക്കുകയാണ്‌ സംസ്ഥാനത്തെ റവന്യൂ വകുപ്പ്‌ ഭരിക്കുന്ന പാര്‍ട്ടി.

ഇനി ഏതാനും വര്‍ഷങ്ങള്‍ കഴിയുന്പോള്‍ ഈ റിസോര്‍ട്ട്‌ പാര്‍ട്ടിയുടെ സ്വന്തമാവും. അങ്ങനെയാണ്‌ കരാര്‍. ഈ കെട്ടിടത്തിന്റെ വാരാന്തയാണ്‌ കഴിഞ്ഞ ദിവസം പ്രത്യേക ദൗത്യസംഘം ഇടിച്ചിട്ടത്‌. വിലകുറഞ്ഞ മാധ്യമ പ്രചരണത്തിനാണ്‌ തങ്ങളുടെ പാര്‍ട്ടി ഓഫീസിന്റെ ഭാഗം ഇടിച്ചിട്ടതെന്ന്‌ വെളിയവും കെ പി രാജേന്ദ്രനും പറയുന്നു. അമര്‍ഷം അവരുടെ വാക്കുകളിലുണ്ട്‌. പക്ഷേ അതിനപ്പുറം പോകാന്‍ അവര്‍ക്കാവില്ല.

നിയമം ലംഘിച്ച്‌ തങ്ങളുടെ പാര്‍ട്ടി ഓഫീസിനു മുകളില്‍ ബഹുനില റിസോര്‍ട്ട്‌ എന്ന്‌ ആരുടെ അനുവാദത്തോടെ പണിതു എന്ന ചോദ്യത്തിന്‌ ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ.

ഇവിടെയെല്ലാം ജയിക്കുന്നത്‌ വി എസ്‌ അച്യുതാനന്ദന്റെ നിശ്ചയദാര്‍ഢ്യമാണ്‌. സിപിഎമ്മിലെ ഗ്രൂപ്പു പോരില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കു മുന്നില്‍ സര്‍വ ആയുധങ്ങളും നഷ്ടപ്പെട്ട്‌ നിസഹായനായി നിന്ന വിഎസിനു പിന്നില്‍ അന്നുണ്ടായിരുന്നത്‌, വെളിയവും ചന്ദ്രചൂഡനുമൊക്കെയായിരുന്നു. വി എസ്‌ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം സര്‍വാത്മനാ സിപിഐയും ആര്‍എസ്‌പിയും പിന്തുണ നല്‍കിയിരുന്നു.

പിന്നീടും ഈ കാഴ്‌ച കേരളം കണ്ടു. മന്ത്രിസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി സിപിഎം മന്ത്രിമാര്‍ അണിനിരന്നപ്പോള്‍ വിഎസിനൊപ്പം സിപിഐയുടെയും ആര്‍എസ്‌പിയുടെയും മന്ത്രിമാരുണ്ടായിരുന്നു.

ആ സമവാക്യങ്ങളാണ്‌ മാറുന്നത്‌. സിപിഐയുടെ നേതാക്കളും പ്രവര്‍ത്തകരും വിഎസ്‌ അച്യുതാനന്ദനെതിരെ നാടുനീളെ പ്രകടനം നടത്തുന്നു. വെളിയത്തിന്റെ ഏറ്റവും വലിയ ശത്രു അച്യുതാനന്ദനായി പരിണമിക്കുന്നു. ഇടതുമുന്നണി യോഗങ്ങളില്‍ ഇന്നലെ വരെ പോരുകോഴികളായിരുന്ന പിണറായി വിജയനും വെളിയം ഭാര്‍ഗവനും ഇന്ന്‌ ഒരേ രാഗത്തിലും താളത്തിലും സംസാരിക്കുന്നു. അവരുടെ ഭാഷയും ചേഷ്ടയും ഒന്നാകുന്നു.

നാടിന്റെ പ്രതീക്ഷകള്‍ വി എസ്‌ അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയിലേയ്‌ക്ക്‌ ഒഴുകിയിറങ്ങുന്പോള്‍ ഇടതുമുന്നണിയില്‍ അദ്ദേഹത്തിന്റെ ശത്രുക്കളുടെ എണ്ണം കൂടുന്നു. ജനം വെറുക്കുമെന്ന്‌ അറിയുന്പോഴും സ്വന്തം മുഖത്ത്‌ സ്വയം ചാണകം വാരിപ്പുതയ്‌ക്കാന്‍ അറപ്പില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉളളിലിരുപ്പ്‌ ജനം തിരിച്ചറിയട്ടെ.

നടപടികളും ഇടപെടലുകളുമാണ്‌ ജനത്തിനു വേണ്ടത്‌. അത്‌ അവരുടെ ഹൃദയത്തില്‍ തൊട്ട്‌ മനസില്‍ ഇടം നേടുന്നതായിരിക്കണം. അവരുടെ നിത്യജീവിതത്തെ നേരിട്ട്‌ ബാധിക്കുന്നതായിരിക്കണം.

ആരെയും ഭയക്കാതെ, എല്ലാവരെയും വെല്ലുവിളിച്ച്‌, ഒരു നിയമത്തെയും മാനിക്കാതെ അഴിഞ്ഞാടുന്നവന്റെ കണ്ണുകളില്‍ ഒരു നിമിഷത്തേയ്‌ക്കെങ്കിലും നിസഹായതയും ഭയവും നിരാശയും ഉണ്ടാക്കിയതിന്‌ വി എസിന്‌ മാരീചന്റെ അഭിനന്ദനങ്ങള്‍

കൊട്‌ സഖാവേ കൈ......

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more