• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാറുന്നതും മണക്കുന്നതും തിരിച്ചറിയാതെ...

  • By Super

വലിയ കൊന്പത്തെ രാഷ്ട്രീയ തന്ത്രശാലികളെന്നാണ്‌ സിപിഎമ്മുകാരെക്കുറിച്ച്‌ പൊതുവെയുളള ധാരണ. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദവും കമ്മ്യൂണിസ്റ്റ്‌ ദാര്‍ശനികതയുമൊക്കെ സമാസമം കൂട്ടിക്കുഴച്ച്‌ നാലു നേരം മൃഷ്ടാന്നം ഭക്ഷിച്ച്‌ പാര്‍ട്ടി ഓഫീസുകള്‍ വഴി സോഷ്യലിസം നടപ്പാക്കാമെന്ന്‌ സ്വപ്‌നം കാണുന്നവരാണ്‌ അവര്‍. സൈദ്ധാന്തികപുസ്‌തകങ്ങള്‍ ഏറെ വായിച്ച്‌ മനസു മുരടിച്ചതിനാലാവാം പാവം ജനത്തിന്റെ മനസൊന്നും ഇവര്‍ക്ക്‌ എളുപ്പം പിടികിട്ടാത്തത്‌.

അല്ലെങ്കില്‍ മൂന്നാറിലെ ഒഴിപ്പിക്കാല്‍ നടപടികള്‍ എങ്ങനെയാണ്‌ വീണ്ടും സിപിഎമ്മിലെ ഗ്രൂപ്പുപോരിന്‌ ആക്കം കൂട്ടുന്നത്‌? ജനം വിഎസിന്‌ കീജെയ്‌ വിളിക്കുന്നത്‌ കണ്ട്‌ പിണറായിക്കും സംഘത്തിനും തീരെ രുചിക്കുന്നില്ല. നായനാരുടെ പേരില്‍ കണ്ണൂരില്‍ ചെന്ന്‌ വിഎസിനെതിരെ ഒളിയന്പെയ്യുന്ന വിജയന്റെ ശരീരഭാഷയും ശബ്ദവും പരാജയപ്പെട്ടവന്റേതാണെന്ന്‌ തിരിച്ചറിയാന്‍ ദാസ്‌ കാപ്പിറ്റല്‍ കാണാതെ പഠിച്ച കമ്മ്യൂണിസ്റ്റ്‌ ബുദ്ധിയൊന്നും വേണ്ട, കപ്പയും മത്തിയും കഴിക്കുന്ന സാധാരണക്കാരന്റെ സാമാന്യബുദ്ധി മതി.

പിഴച്ചു പോയി പിണറായിക്ക്‌. എവിടെയെന്നല്ലേ, മൂന്നാര്‍ കുടിയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ ചേര്‍ന്ന ആദ്യ ഇടതുമുന്നണി യോഗത്തില്‍ തന്നെ പിണറായിക്ക്‌ പിഴച്ചു. സകല ഘടകകക്ഷി നേതാക്കളും കൂടിയിരിക്കുന്നിടത്തു വച്ച്‌ പിണറായി സുരേഷ്‌ കുമാറിനെ ചാരി വി എസിനെ അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച അവസരം വിഎസും നന്നായി ഉപയോഗിച്ചു.

തനിക്ക്‌ വിശ്വാസമുളള ഒരുദ്യോഗസ്ഥനെ ചുമതലയേല്‍പ്പിക്കാന്‍ ഒരു മുഖ്യമന്ത്രിക്ക്‌ പാര്‍ട്ടി ദൈവങ്ങളുടെ പ്രീതി വേണമെന്ന ജനാധിപത്യപാഠം വോട്ടു ചെയ്‌ത ഏത്‌ പൗരനാണ്‌ വിശ്വസിക്കുക? പാര്‍ട്ടി ആസ്ഥാനത്തിരുന്ന്‌ കല്‍പിക്കുന്ന തന്പുരാക്കന്മാരുടെ ഇച്ഛയാണ്‌ നാടിനെക്കാള്‍ വലുതെന്ന്‌ പിണറായിയല്ല ആരു തീരുമാനിച്ചാലും പോയി പണി നോക്കാന്‍ പറയണം. വിഎസ്‌ അതു പറഞ്ഞു എന്നതല്ലേ ശരി.

ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടി പുരോഹിതന്മാരുടെ കല്‍പനയ്‌ക്കൊത്ത്‌ മാത്രം ആത്മാഭിമാനമുളള ഒരു മുഖ്യമന്ത്രിക്കും ആടാനാകില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ തീര്‍ച്ചയായും മാനിക്കപ്പെടേണ്ടതുണ്ട്‌. എന്നാല്‍ തുപ്പുന്നതിനും ചവയ്‌ക്കുന്നതിനും തങ്ങളുടെ സമ്മതപത്രം വേണമെന്നാണ്‌ വാശി പിടിക്കുന്നവരെ ആര് മാനിക്കും? സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ ഭാവവും മറ്റും കണ്ടാല്‍ ഇവരില്‍ പലരുടെയും ആജ്ഞകള്‍ക്ക്‌ മുന്നില്‍ താണുവണങ്ങി നില്‍ക്കുന്ന ഒരു ജനതയ്‌ക്ക്‌ ജീവിച്ചു മരിക്കാന്‍ വേണ്ടിയാണ്‌ പരശുരാമന്‍ മഴുവെറിഞ്ഞ്‌ കേരളം സൃഷ്ടിച്ചത്‌ എന്നു തോന്നും.

മൂന്നാറില്‍ നടക്കുന്ന ഒഴിപ്പിക്കലുകള്‍ വിഎസിന്റെയും ദൗത്യസംഘത്തിന്റെയും മിടുക്കു തന്നെയാണ്‌. ഈ ദൗത്യസംഘത്തെ പിറവിയെ ഗര്‍ഭമലസിപ്പിച്ച്‌ കൊല്ലാന്‍ നോക്കിയവരാണ്‌ പിണറായി വിജയനും വെളിയം ഭാര്‍ഗവനും. അവരാണ്‌ ഇന്ന്‌ എട്ടുകാലി മമ്മൂഞ്ഞിനെ മറക്കാന്‍ കേരളീയരെ അനുവദിക്കാത്ത വിധത്തില്‍ അച്ഛന്റെ വേഷം കെട്ടുന്നത്‌.

നായനാര്‍ അനുസ്‌മരണ യോഗത്തില്‍ പിണറായി മൂന്നാര്‍ ഒഴിപ്പിക്കലിനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ ഏതെങ്കിലും കേരളീയന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കാണ്‌ അദ്ദേഹം പറഞ്ഞ നല്ല നമസ്‌കാരം ചേരുക. തൊട്ടടുത്ത പാര്‍ട്ടി പദവി സ്വപ്‌നം കണ്ട്‌ സഖാവ്‌ പിണറായിക്ക്‌ കീ ജെയ്‌ വിളിക്കുന്ന ഗ്രൂപ്പു നേതാവിനെപ്പോലെയല്ലല്ലോ എല്ലാ കേരളീയരും. അവര്‍ക്ക്‌ കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരു സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഓശാനയും വേണ്ട.

അഹങ്കാരത്തിന്റെയും താന്തോന്നിത്തത്തിന്റെയും ഭാഷയും ചെയ്‌തികളും ഒരു നാടും ഏറെക്കാലം അനുവദിച്ചു തരില്ല. രണ്ടായിരം മുതല്‍ പതിനയ്യായിരം വരെ മുറിയൊന്നിന്‌ ഒരു രാത്രിയ്‌ക്ക്‌ വിറ്റിരുന്ന റിസോര്‍ട്ടുകളാണ്‌ മൂന്നാറില്‍ ഇടിഞ്ഞു വീഴുന്നത്‌. അവ കെട്ടിപ്പൊക്കിയിരുന്നത്‌ സര്‍ക്കാരിന്റെ സ്ഥലത്തും. ഈ മാഫിയയെ ചെറുക്കാനും എതിര്‍ക്കാനും ആരുമില്ലെന്ന്‌ ജനം വിശ്വസിച്ചു നടന്നപ്പോഴാണ്‌ അവിടെ സുരേഷ്‌ കുമാറും രാജു നാരായണസ്വാമിയും അവതരിക്കുന്നത്‌.

പിണറായി പറഞ്ഞതു കേട്ട്‌ സുരേഷ്‌ കുമാറിനെ മുഖ്യമന്ത്രി നീക്കം ചെയ്‌തിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമായിരുന്നോ? ഇടുക്കി ജില്ലാ കളക്ടറുടെ സ്ഥാനത്ത്‌ രാജു നാരായണസ്വാമി അല്ലായിരുന്നെങ്കില്‍, റിസോര്‍ട്ടുകള്‍ പലതും സര്‍ക്കാരിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വെല്ലുവിളിച്ച്‌ അവിടെ നിലനിന്നേനെ.

സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ നിര്‍ഭയമായി സ്വന്തം ജോലി ചെയ്യുന്നവര്‍ ആരായാലും അവരിലേയ്‌ക്ക്‌ ജനവിശ്വാസം ഒഴുകിയിറങ്ങും. ചരിത്രത്തില്‍ അതിന്‌ ഉദാഹരണങ്ങള്‍ പലതുമുണ്ട്‌. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാവും മുന്പ്‌ കേരളത്തിലെ ഏറ്റവും നല്ല വൈദ്യുതി മന്ത്രിയെന്ന പേരു നേടിയ പിണറായി വിജയന്റെ ജനസമ്മിതി നിലംപറ്റിയിരിക്കുന്നു. ആ സത്യം എത്രയും വേഗം അദ്ദേഹം ഉള്‍ക്കൊളളുന്നുവോ അത്രയും സിപിഎമ്മിനു നല്ലത്‌.

വെറുതെ കല്ലില്‍ കടിച്ച്‌ പല്ലു കളയാതിരിക്കുന്നതാണ് ഭംഗി. വിഎസ്‌ അവിടെയിരുന്ന്‌ ഭരിക്കട്ടെ. വിഎസിലേയ്‌ക്ക്‌ ആര്‍ത്തലച്ചിരന്പി വരുന്ന ജനമനസുകളെ എങ്ങനെ പാര്‍ട്ടിക്ക്‌ അനുകൂലമാക്കി മാറ്റാം എന്നാലോചിക്കുക. അല്ലാതെ നാറുന്നതും മണക്കുന്നതും തിരിച്ചറിയാതെ ഒളിയന്പുകളും അസൂയയുടെ തീയലകളുയരുന്ന നാണം കെട്ട വാചകങ്ങളുമായി നാടുതെണ്ടുകയല്ല വേണ്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more