കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്ലവം റിസോര്‍ട്ടിലൂടെ (വ്യാജപട്ടയം വഴി)

  • By Super
Google Oneindia Malayalam News

കേരള രാഷ്ട്രീയത്തില്‍ മുക്കാല്‍ ചക്രത്തിന്റെ വിലയുളള പാര്‍ട്ടിയാണ്‌ സിപിഐ. സ്വന്തമായി ഒരു പഞ്ചായത്ത്‌ മെന്പറെ ജയിപ്പിക്കാനുളള ശേഷി പോലും ഇല്ലെങ്കിലും ലോകം നിയന്ത്രിക്കുന്ന മൂടുകുലുക്കങ്ങള്‍ എംഎന്‍ സ്‌മാരകത്തിലാണ്‌ ഉത്ഭവിക്കുന്നത്‌ എന്നാണ്‌ അതിന്റെ നേതാക്കളുടെ ഭാവം. മൂന്നാറിലെ അവരുടെ പാര്‍ട്ടി ഓഫീസിനു മുകളില്‍ പണിതിരിക്കുന്ന റിസോര്‍ട്ടിന്റെ ഇടനാഴി പൊളിച്ചതിന്റെ പേരില്‍ കൃത്യം പതിനെട്ടു ദിവസം കഴിഞ്ഞ്‌ മുഖ്യമന്ത്രിക്കെതിരെ അവരുടെ അഴിഞ്ഞാട്ടം കണ്ടാല്‍ കരണക്കുറ്റിക്ക്‌ രണ്ട്‌ പൊട്ടിക്കാനാണ്‌ ആര്‍ക്കും തോന്നുക.

ഓര്‍ക്കുക. സിപിഐയുടെ പാര്‍ട്ടി ഓഫീസ്‌ ഒരു ദൗത്യസംഘവും പൊളിച്ചിട്ടില്ല. പൊളിച്ചു നീക്കിയത്‌ ആ പാര്‍ട്ടി ഓഫീസിനു മുകളില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഇരുപത്തിനാലു മുറികളുളള മൂന്നാര്‍ ടൂറിസ്‌റ്റ്‌ ഹോമെന്ന റിസോര്‍ട്ടിന്റെ ദൂരപരിധി ലംഘിച്ച്‌ പണിത ഇടനാഴിയാണ്‌.

ശരിയാണ്‌. മൂന്നാര്‍ ടൂറിസ്‌റ്റ്‌ ഹോം പണിതിരിക്കുന്നത്‌ സിപിഐ ഓഫീസിന്റെ മുകളിലാണ്‌. പ്രതിമാസം കാല്‍ലക്ഷം രൂപ ഈ റിസോര്‍ട്ടില്‍ നിന്നും സിപിഐ വാടക പിരിക്കുന്നുണ്ട്‌. മറ്റു സ്ഥലങ്ങളിലെ പാര്‍ട്ടി ഓഫീസുകളോട്‌ ചേര്‍ന്ന്‌ ലൈബ്രറിയും കോണ്‍ഫറന്‍സു ഹാളുമൊക്കെ പണിയുന്പോള്‍ മൂന്നാറില്‍ മാത്രം പാര്‍ട്ടി ഓഫീസുകള്‍ക്കു മീതെ ഉയരുന്നത്‌ കൂറ്റന്‍ റിസോര്‍ട്ടുകളാണ്‌. ഓരോ നാടും അതിനു ചേര്‍ന്ന വിപ്ലവമാര്‍ഗങ്ങളാണ്‌ തെരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ മഹാനായ ലെനിന്‍ പറഞ്ഞിട്ടുണ്ട്‌. മൂന്നാറിനു ചേര്‍ന്ന വിപ്ലവപാത റിസോര്‍ട്ടുകളാണ്‌.

രാത്രിയും പകലും റിസോര്‍ട്ടുകള്‍ക്കു മീതെ പറക്കുന്ന കഴുകന്മാരാണ്‌ മൂന്നാറിലെ സഖാക്കള്‍. ജനയുഗം ഫണ്ടു പിരിവിന്‌ 8 ലക്ഷം ക്വാട്ട നിശ്ചയിച്ചാല്‍ 25 ലക്ഷം പിരിച്ച്‌ നേതൃത്വത്തിന്റെ കണ്ണു തളളിക്കുന്ന ജനസ്വാധീനമുളള വീരവിപ്ലവ ശിരോമണികളാണ്‌ ഇവിടുത്തെ പാര്‍ട്ടിക്കാര്‍. അവരെ പിണക്കാന്‍ ഒരു പന്ന്യന്‍ രവീന്ദ്രനും കഴിയില്ല.

അസ്ഥികളിലേയ്‌ക്ക്‌ മഞ്ഞ്‌ തണുപ്പായി തുളച്ചു കയറുന്ന മൂന്നാറില്‍ മൂലധനം വിളയുന്ന വയലുകള്‍ റിസോര്‍ട്ടാണ്‌ എന്ന്‌ സിപിഐ നേതൃത്വം തിരിച്ചറിഞ്ഞത്‌ കഴിഞ്ഞ നായനാര്‍ ഭരണകാലത്താണ്‌. നമ്മുടെ ഭരണകാലത്ത്‌ നമ്മുടെ സഖാക്കള്‍ക്ക്‌ നാം വ്യാജപട്ടയം വിതരണം ചെയ്യുന്ന ദേശീയജനാധിപത്യ ഭരണക്രമമനുസരിച്ച്‌ സാക്ഷാല്‍ കെ ഇ ഇസ്‌മായിലാണ്‌ ഈ റിസോര്‍ട്ട്‌ കം പാര്‍ട്ടി ഓഫീസിന്‌ പട്ടയം വിതരണം ചെയ്‌തത്‌.

250 വ്യാജപട്ടയങ്ങളാണ്‌ അക്കാലത്ത്‌ വിതരണം ചെയ്‌തത്‌. ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ നടന്ന ഈ വ്യാജപട്ടയ വിതരണ മേളയുടെ ഉളളുകളളികള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്‌.

പട്ടയം നല്‍കാനുളള നിയമപരമായ അധികാരം ജില്ലാ കളക്ടര്‍ക്കാണ്‌. എന്നാല്‍ ഈ പട്ടയമേളയില്‍ വിതരണം ചെയ്‌ത 250 പട്ടയങ്ങളും അന്നത്തെ ദേവികുളം താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന രവീന്ദ്രനാണ്‌ നല്‍കിയത്‌. അന്നത്തെ ഇടുക്കി ജില്ലാ കളക്ടറുടെ ബന്ധുവാണത്രേ രവീന്ദ്രന്‍. രവീന്ദ്രന്‍ പട്ടയങ്ങളെന്നാണ്‌ ഇവ അറിയപ്പെടുന്നത്‌.

ഇല്ലാത്ത അധികാരമുപയോഗിച്ച്‌ വെറും ഒരു ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിതരണം ചെയ്‌ത വ്യാജപട്ടയത്തിന്റെ ബലത്തിലാണ്‌ സിപിഐ പാര്‍‌ട്ടി ഓഫീസും അതിനു മുകളില്‍ റിസോര്‍ട്ടും കെട്ടിപ്പൊക്കി പ്രതിമാസം 25000 രൂപ വാടക പിരിക്കുന്നത്‌. അനുദിനം ദേശീയപാതയിലേയ്‌ക്ക്‌ വളരുകയാണ്‌ ഈ റിസോര്‍ട്ട്‌.

കമ്മ്യൂണിസവുമായുളള ബാന്ധവകാലത്ത്‌ സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ്‌ സിപിഐ നേതാക്കള്‍ക്ക്‌ സ്‌ത്രീധനമായി നല്‍കിയ വകുപ്പാണ്‌ റവന്യൂ വകുപ്പ്‌. കല്‍പാന്തകാലത്തോളം ഈ വകുപ്പ്‌ അവരു തന്നെ ഭരിക്കുന്നതിനാല്‍ ഒരു വിധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരാരും ഏതു ഭരണം വന്നാലും സിപിഐക്കാരോട്‌ കോര്‍ക്കാന്‍ നില്‍ക്കില്ല.

ആ പതിവാണ്‌ മൂന്നാറില്‍ ലംഘിക്കപ്പെട്ടത്‌. പാവപ്പെട്ട തൊഴിലാളികളുടെ വിയര്‍പ്പും ചോരയും നല്‍കി പണിതതാണ്‌ മൂന്നാറിലെ പാര്‍ട്ടി ഓഫീസെന്ന്‌ പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വീറോടെ വാദിക്കുന്പോള്‍ കാര്യമറിയാവുന്നവന്‍ കാര്‍ക്കിച്ചു തുപ്പും.

രണ്ടു നില കെട്ടിടങ്ങള്‍ മാത്രമേ മൂന്നാറില്‍ പണിതുയര്‍ത്താവൂ എന്നു നിയമുളളപ്പോഴാണ്‌, ഒരു നിയമവ്യവസ്ഥയെയാകെ വെല്ലുവിളിച്ച്‌ സിപിഐയുടെ പാര്‍ട്ടി ഓഫീസിനു മുകളില്‍ എട്ടു നിലയുളള റിസോര്‍ട്ട്‌ കമ്മ്യൂണിസ്‌റ്റ്‌ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്നത്‌.

നിയമം ലംഘിച്ച്‌ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ അഹങ്കാരത്തിന്റെ ചെങ്കൊടിയേന്തി അരിവാള്‍ ചുറ്റികയുടെ ബലത്തില്‍ തങ്ങള്‍ കെട്ടിപ്പൊക്കിയ അനധികൃത നിര്‍മ്മാണം ഇടിച്ചു നിരത്താന്‍ നേതൃത്വം നല്‍കിയ കോട്ടിട്ടയാളും ജൂബയണിഞ്ഞയാളും സമാധാനം പറയേണ്ടി വരുമെന്നാണ്‌ പന്ന്യന്‍ രവീന്ദ്രന്‍ ഗര്‍ജിക്കുന്നത്‌. പാര്‍ലമെന്റില്‍ പോയിട്ട്‌ കേരളത്തിനു വേണ്ടി നാളിതുവരെ വായ തുറക്കാന്‍ കെല്‍പില്ലാത്ത എം പിയാണ്‌ സഖാവ്‌ പന്ന്യന്‍. അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ ആകെ ഹാജര്‍ നിലവാരമോ ഏതാണ്ട്‌ അമ്പതു ശതമാനം മാത്രവും.

തന്റെ സഹപ്രവര്‍ത്തകനായ കെ ഈ ഇസ്‌മയിലിന്റെ മേല്‍നോട്ടത്തില്‍ മൂന്നാറില്‍ വിതരണം ചെയ്‌ത വ്യാജപട്ടയങ്ങളില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന പാര്‍ട്ടി മന്ദിരങ്ങള്‍ ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന ഭീതിയാണ്‌ പന്ന്യന്‍ രവീന്ദ്രനെക്കൊണ്ട്‌ സംസ്‌കാര രഹിതമായ ഭാഷ സംസാരിപ്പിക്കുന്നത്‌.

മൂന്നാറിലെ അനധികൃത റിസോര്‍ട്ട്‌ ഉടമകളില്‍ നിന്നും സിപിഐയുടെ ജനയുഗം ഫണ്ടിലേയ്‌ക്ക്‌ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ അവര്‍ തിരികെ ചോദിക്കുന്നതും ഈ വിപ്ലവക്കോമരങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ട്‌.

സിപിഐയുടെ പ്രത്യേക തീരുമാനപ്രകാരം ദൗത്യസംഘത്തെ വീക്ഷിക്കാന്‍ നിയുക്തനായ ജോയിന്റ്‌ കൗണ്‍സിലുകാരനായ ഡെപ്യൂട്ടി കളക്ടറുടെ കൈകളില്‍ കാര്യങ്ങള്‍ നില്‍ക്കുന്നില്ല എന്ന തിരിച്ചറിവാണ്‌, മാധ്യമങ്ങള്‍ക്കു മുന്നില്‍ തുളളിയുറയാന്‍ സിപിഐ നേതാക്കളെ പ്രേരിപ്പിച്ച മറ്റൊരു ഘടകം.

ആഘോഷത്തോടെ എഴുന്നെളളിച്ചു കൊണ്ടു വന്ന ജനയുഗത്തിന്റെ മുന്‍പേജില്‍ അണികള്‍ക്കു വായിക്കാന്‍ പാകത്തിന്‌ ചൂടുവാര്‍ത്തകള്‍ വരണമെന്ന പത്രതാല്‍പര്യവുമുണ്ട്‌ ഈ മൂടുകുലുക്കിത്തരത്തിന്‌ പിന്നില്‍.

സിപിഎമ്മുകാരനായ മുഖ്യമന്ത്രിക്കു നേരെ വിമര്‍ശനം തൊടുക്കുന്ന ജനയുഗമാണല്ലോ സിപിഐക്കാരെ ആവേശക്കൊടി പിടിപ്പിക്കുന്നത്‌. ഏതായാലും ഈ വിവാദങ്ങള്‍ വഴി സിപിഐ നേതാക്കളുടെ ചെന്പ്‌ കേരളത്തിനു മുന്നില്‍ തെളിയുന്നുണ്ട്‌.

ആദര്‍ശത്തിന്റെ വ്യാജപ്പട്ടയങ്ങള്‍ക്ക്‌ മേല്‍ പണിതുയര്‍ത്തിയ എടുപ്പുകുതിരകളുടെ തനിനിറം കേരളം പതിയെ മനസിലാക്കുന്നു. ഒരു കൈ കൊണ്ട്‌ കളളപ്പണവും കൈക്കൂലിക്കാശും കയ്യിട്ടു വാരുന്പോഴും മറുകൈയില്‍ വേദപുസ്തകവും മൈക്കിനു മുന്നില്‍ ആദര്‍ശ വായാടിത്തവുമായി നടക്കുന്ന സിപിഐ തന്ത്രത്തിന്‌ കേരളത്തില്‍ ഇനിയധികം ആയുസില്ല.

വെളിപ്പെടുന്ന സത്യങ്ങളെ വിവാദങ്ങളുടെ പഴമുറം കൊണ്ട്‌ തടയാന്‍ ഒരു വെളിയം ഭാര്‍ഗവനും ഏറെക്കാലം കഴിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X