കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുത്തു പോയി വിഎസ്സേ, ഒറ്റ രാത്രി കൊണ്ട്

  • By Super
Google Oneindia Malayalam News

ജനത്തെ വെല്ലുവിളിച്ച് വിജയശ്രീലാളിതരായി ചിരിക്കുന്ന ഒരുപറ്റം ഉപജാപകരുടെ ഇടയിലിരുന്ന് സഖാവ് വിഎസ് അച്യുതാനന്ദന്‍ ആ വാക്കുകള്‍ ഉച്ചരിക്കുമെന്ന് ആരും കരുതിയില്ല. രാഷ്ട്രീയത്തിലെ സ്ഥിരം കുറ്റികള്‍ക്കില്ലാത്ത ഒരുപാടു ഗുണങ്ങള്‍ അദ്ദേഹത്തില്‍ നിന്നും നാം പ്രതീക്ഷിച്ചിരുന്നല്ലോ.

മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ വി എസിന്റെ അഭിപ്രായത്തില്‍ രണ്ടു വിധമത്രേ. ഇടതുമുന്നണി കൊടുക്കാന്‍ പറഞ്ഞ് ഇല്ലാത്ത അധികാരമുപയോഗിച്ച് രവീന്ദ്രന്‍ എന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ നല്‍കിയതും സ്വന്തം നിലയില്‍ അയാള്‍ വിതരണം ചെയ്തതും. ഇടതുമുന്നണി പട്ടയം കൊടുക്കാന്‍ പറഞ്ഞത് പാവപ്പെട്ട കര്‍ഷകര്‍ക്ക്.

അങ്ങനെ കിട്ടിയവരില്‍ ഏറ്റവും പാവപ്പെട്ട കര്‍ഷകനാണ് സഖാവ് പി കെ വാസുദേവന്‍ നായര്‍. 1959 മുതല്‍ ദേവികുളം താലൂക്കിലെ കെഡിഎച്ച് വില്ലേജില്‍ സര്‍വെ 62/10(സി)യില്‍ പെട്ട 11.5 സെന്റ് സ്ഥലത്ത് താമസിച്ച് കൃഷി ചെയ്ത് ഉപജീവനം കഴിച്ചു വരുന്ന പാവം കര്‍ഷകനായിരുന്നു സഖാവ് പി കെ വാസുദേവന്‍ നായര്‍.

അദ്ദേഹം മുന്‍മുഖ്യമന്ത്രിയൊക്കെയായിരുന്നു എന്ന് ശത്രുക്കള്‍ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായ പികെവിയ്ക്ക് LA 55/99 പ്രകാരം 12 സെന്റ് ഭൂമിയില്‍ നല്‍കിയ പട്ടയം സുരേഷ് കുമാര്‍ പറയുന്പോലെ വ്യാജമല്ല. അതാകുന്നു ഒറിജിനല്‍.

കാലാന്തരത്തില്‍ ഈ പാവപ്പെട്ട കര്‍ഷകന്‍ ഒരു കാര്യം മനസിലാക്കി. കപ്പയും മത്തനും വെളളരിയും പാവലും കൃഷി ചെയ്തിട്ടൊന്നും കാര്യമില്ല. ഇവിടെ പറ്റിയ കൃഷി റിസോര്‍ട്ടുകളാണ്. മൂന്നാറിലെ തണുപ്പ്, പതുപതുത്ത കിടക്കകളുളള റിസോര്‍ട്ടു മുറികള്‍. പ്രതിദിന വാടക എത്രയായാലും നല്‍കാന്‍ തയ്യാറായി വരുന്ന സ്വദേശിയും വിദേശിയുമായ കൃഷിയിറക്കുകാര്‍. അവരെ മാടിവിളിച്ച് പാറിപ്പറക്കുന്ന ചെങ്കൊടി. റെയിഡില്ല. പേടി വേണ്ട.

വേറെയുമുണ്ട് ഒരു പാവം കര്‍ഷകന്‍. ഉടുന്പന്‍ചോല പൊട്ടന്‍കാട് ഇരുപതേക്കറില്‍ മുണ്ടയ്ക്കല്‍ വീട്ടില്‍ എം എം മണി. കൃഷി ചെയ്തു മടുക്കുന്പോള്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കളിക്കുകയാണ് കക്ഷിയുടെ ഹോബി. കാര്‍ഷികവൃത്തിയ്ക്ക് അപ്പനപ്പൂന്മാരുടെ കാലത്തേ മണിയുടെ കുടുംബം തിരഞ്ഞെടുത്തത് മൂന്നാറിലെ സര്‍വെ 62/9ല്‍ പെട്ട 25 സെന്റ് സ്ഥലം.

കര്‍ഷകന്റെ അപേക്ഷ കണ്ടാല്‍ മനസലിഞ്ഞ് പട്ടയം കൊടുക്കുന്ന അതേ രവീന്ദ്രന്‍ സാര്‍ മണിക്കും നല്‍കി ഒരു പട്ടയം. LA 5/99 എന്ന നന്പരില്‍.

വഴിയേ റിസോര്‍ട്ടു കൃഷിയിലേയ്ക്ക് മണിയും തിരിഞ്ഞു. പണിതുയര്‍ത്തിയത് അഞ്ചുനിലയിലൊരെണ്ണം. അടിയിലെ കുടുസു മുറിയില്‍ പാര്‍ട്ടി ഓഫീസ്. പാര്‍ട്ടി പ്രവര്‍ത്തനം നടത്തി മടുത്താല്‍ പടി കയറി മുകളിലെ റിസോര്‍ട്ടില്‍ ഉറങ്ങാം. പാര്‍ട്ടി നേതാക്കള്‍ക്ക് വാടകയിളവുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു വിജിലന്‍സും അന്വേഷണം നടത്തിയിട്ടില്ല.

എങ്ങനെ തോന്നി വിഎസ്സേ താങ്കള്‍ക്കിതൊക്കെ ന്യായീകരിക്കാന്‍. ഇപ്പോള്‍ ഞങ്ങളറിയുന്നു, താങ്കളുടെ ഉന്നം വേറെയാണ്. കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കുകയും അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുകയും ചെയ്യുക എന്നത് താങ്കളുടെ ലക്ഷ്യമേയല്ല. ഏതുവിധേനെയും അധികാരത്തില്‍ അളളിപ്പിടിച്ചിരിക്കാന്‍ എന്തു തരവഴിയും ചെയ്യാന്‍ മടിയില്ലാത്ത മൂന്നാംകിട അധികാരമോഹിയുടെ നിലവാരത്തിലേയ്ക്ക് താങ്കള്‍ തരംതാണിരിക്കുന്നു.

ഇപ്പോള്‍ ഞങ്ങളറിയുന്നു, സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് നാട്ടാരുടെ മുന്നില്‍ ഒറ്റയ്ക്ക് ഞെളിയാന്‍ വീണുകിട്ടിയ മൂന്നാര്‍ പ്രശ്നം താങ്കള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നെന്ന്. പിണറായി വിജയനെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയതോടെ പാര്‍ട്ടിയില്‍ ലക്ഷ്യം നേടിയ താങ്കള്‍ക്ക് ഇനി ഇക്കാര്യങ്ങളിലൊന്നും താല്‍പര്യമില്ലെന്ന്.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ കരിന്പട്ടികയില്‍ ഇടമുളള കെ ഇ ഇസ്മായിലിന് ഇന്നും മന്ത്രിസഭയില്‍ സ്വാധീനമുണ്ടെന്ന് ഞങ്ങളറിയുന്നു. മൂന്നാറിലെ കാര്‍ഡമം ഹില്‍ റിസര്‍വ് വനം ഭൂമിയാണെന്ന സത്യവാങ്മൂലം ബിനോയ് വിശ്വത്തിന്റെ ആഫീസില്‍ ഉറങ്ങുന്നതും, വ്യാജപട്ടയങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും ആ മഹാനുഭാവന്റെ കരമിടുക്കിന് തെളിവു തന്നെ.

പണ്ട് പിണറായി വിജയനുമായുളള ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രിയാകാന്‍ താങ്കളെ സഹായിച്ച സിപിഐക്കാര്‍ക്ക് കൃത്യസമയത്ത് താങ്കളുടെ പ്രത്യുപകാരം. ഉദ്ദിഷ്ಠ കാര്യത്തിന് ഉപകാര സ്മരണ. സിപിഐക്കാരുടെ പരസ്യമായ തെറിയഭിഷേകത്തെ തുടര്‍ന്ന് ആലുവാ പാലസിലേയ്ക്ക് സുരേഷ് കുമാറിനെ വിളിച്ചു വരുത്തി മുറിയിംഗ്ലീഷില്‍ ഗോ എഹെഡ് എന്നു പറഞ്ഞത് വെറും നന്പരായിരുന്നെന്ന് ഇപ്പോഴല്ലേ അറിയുന്നത്.

മൂന്നാറിലെ സി പി ഐ ഓഫീസ് സോറി സിപിഐ റിസോര്‍ട്ടിന്റെ ഒരു ഭാഗം ദൗത്യസംഘം പൊളിച്ചു നീക്കിയത് താങ്കള്‍ കൂടി അറിഞ്ഞു കൊണ്ടായിരിക്കുമല്ലോ. എല്ലാ ദിവസവും താങ്കള്‍ ദൗത്യസംഘത്തെ രാവിലെയും വൈകിട്ടും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാണ് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്ന വെളിപ്പെടുത്തല്‍ താങ്കളുടെ മീഡിയാ സിന്‍ഡിക്കേറ്റു വഴി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അറിഞ്ഞത് മുഴുവന്‍ ശരിയായിരുന്നില്ലെന്ന് താങ്കള്‍ ഒരുളുപ്പുമില്ലാതെ ഇപ്പോള്‍ പറയുന്നു. ജനവും പറയുന്നത് ശരി തന്നെ. കരുതിയതു മുതല്‍ ശരിയായിരുന്നില്ലെന്ന്. കെ ഇ ഇസ്മായിലും വെളിയം ഭാര്‍ഗവനും താങ്കളും തമ്മില്‍ ഇല്ല, പ്രിയപ്പെട്ട സഖാവേ ഒട്ടും ദൂരമില്ല.

ഒരു കണക്കിന് താങ്കളെക്കാള്‍ ഭേദമാണ് പിണറായി വിജയന്‍. ലോകം മുഴുവന്‍ എതിര്‍ക്കുന്നുവെന്നറിഞ്ഞിട്ടും സ്വന്തം നിലപാടുകളില്‍ നിന്നും അണുവിടാതെ മാറാത്ത തന്റേടമുണ്ടല്ലോ അത് ആണുങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുളളതാണ്.

ഉടുത്തിരുന്ന എംസിആര്‍ മുണ്ട് പെരുവഴിയില്‍ വച്ച് അഴിഞ്ഞ് കാറ്റില്‍ പറന്നവന്റെ അവസ്ഥയിലാണ് സഖാവേ താങ്കള്‍. താങ്കളുടെയും കൂട്ടുകളളന്മാരുടെയും കീഴില്‍ പണിയെടുക്കാന്‍ മനസില്ലെന്നു പറഞ്ഞ് സുരേഷ് കുമാര്‍ ദില്ലിയിലേയ്ക്ക് വണ്ടി കയറിയാല്‍ അവശേഷിക്കുന്ന വസ്ത്രവും താങ്കള്‍ക്കു നഷ്ടമാകും.

തൊണ്ണൂറിനോടടുക്കുന്ന ഈ പ്രായത്തില്‍ താങ്കള്‍ക്ക് വെട്ടിപ്പിടിക്കാനൊന്നുമുണ്ടാകില്ലെന്ന് കരുതിയ ജനത്തിന് തെറ്റി. കൃത്യമായ കണക്കുകൂട്ടലുകളോടെ മുന്നേറുന്ന കരുണാകരനെക്കാള്‍ സൂത്രശാലിയായ രാഷ്ട്രീയക്കുറുക്കനാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല.

കേരളത്തിലെ പൊതുമനസാക്ഷിയുടെ പിന്നാന്പുറത്ത് ദയനീയമായ ഞരക്കങ്ങളും മൂളലും മാത്രം അവശേഷിപ്പിച്ച് ചത്തതിനൊക്കുമേ ജീവിക്കുകയായിരുന്നു സിപിഐ എന്ന കയ്യേറ്റപ്പാര്‍ട്ടി. പുറത്തു കാണിക്കുന്ന ശൗര്യമൊന്നും ജനം കാര്യമായിട്ടെടുത്തിട്ടില്ല. ജനത്തിനു മുന്നില്‍, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മുന്നില്‍, ജനയുഗം ഫണ്ടു പിരിവിന് കയ്യയച്ചു സഹായിച്ച മൂന്നാറിലെ റിസോര്‍ട്ടു മാഫിയയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാടു പെടുകയായിരുന്നു വെളിയത്തിന്റെ വിപ്ലവപ്പാര്‍ട്ടി. അവര്‍ക്ക് വെളളവും ഭക്ഷണവും പിടിച്ചു കയറാന്‍ ഏണിയും നല്‍കാന്‍ താങ്കള്‍ തയ്യാറായത് എന്തു കൊണ്ടും നന്നായി.

അടുത്തിടെ താങ്കള്‍ ചെയ്ത ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമായി ഇത് വിലയിരുത്തപ്പെടും. ഈ സഹിഷ്ണുത, സൗമനസ്യം, തെറ്റു പറ്റിയാല്‍ ഏറ്റു പറഞ്ഞ് ഏത്തമിടാനുളള സന്നദ്ധത, പിണറായി വിജയനോട് കാണിച്ചിരുന്നെങ്കില്‍ സിപിഎമ്മിന് അത് ഗുണം ചെയ്തേനെ. എന്നെന്നേയ്ക്കുമായി ആ പാര്‍ട്ടിയിലെ ഗ്രൂപ്പു വഴക്ക് അവസാനിച്ചേനെ. മീഡിയാ സിന്‍ഡിക്കേറ്റുകാര്‍ കുത്തുപാളയെടുത്തേനെ.

കേരളം കണ്ട ഏറ്റവും നീചനായ മുഖ്യമന്ത്രി എന്ന സ്ഥാനപ്പേരാണ് സഖാവേ, അങ്ങയെ കാത്തിരിക്കുന്നത്. അങ്ങയുടെ വാക്കു വിശ്വസിച്ച് മൂന്നാറിലെ കയ്യേറ്റമാഫിയയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സത്യസന്ധനായ ഒരുദ്യോഗസ്ഥനെ അങ്ങ് കൃത്യസമയത്തു തന്നെ ഒറ്റി കൊടുത്തു. എണ്ണമറ്റ കയ്യേറ്റഭൂമികളുടെ കളരിയാശാനായ കെ ഇ ഇസ്മയില്‍ തന്ന മുറിച്ചുരിക കൊണ്ട് സുരേഷ് കുമാറിനെ ചതച്ചു വെട്ടുന്പോള്‍ താങ്കള്‍ കേരളം കണ്ട ഏറ്റവും വലിയ ചതിയനുമാകുന്നു.

ജനത്തെ പറ്റിച്ച ഒരു നേതാവും രക്ഷപെട്ടിട്ടില്ല സഖാവേ. താങ്കളെ വല്ലാതെ സ്നേഹിച്ച, എല്ലാ പ്രതീക്ഷയും താങ്കളില്‍ അര്‍പ്പിച്ച ഒരു വലിയ ജനതയെയാണ് അതിക്രൂരവും നീചവുമായി അങ്ങ് ചതിച്ചത്. അതും ഓട്ടു പാത്രത്തിന്റെ വിലപോലുമില്ലാത്ത ഒരു ഡൂക്കിലി പാര്‍ട്ടിക്കു വേണ്ടി. കാലം കടുത്ത ശിക്ഷയാണ് അങ്ങേയ്ക്കായി കരുതിവച്ചിരിക്കുന്നത്. അതനുഭിക്കാനുളള ആത്മബലം എല്ലാ കയ്യേറ്റക്കാരും കൂടി അങ്ങേയ്ക്ക് നല്‍കട്ടെയെന്ന് മാരീചനും പ്രാര്‍ത്ഥിക്കുന്നೠ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X