കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമോചന സമരമോ? ഇത്തിരി പുളിക്കും.....!

  • By Staff
Google Oneindia Malayalam News

വിശ്വാസികളെ എംബിബിഎസും എഞ്ചിനീയറിംഗും പഠിപ്പിക്കാന്‍ യേശുദേവന്‍ സ്വാശ്രയകോളജ് നടത്തിയിരുന്നോ എന്ന് മാരീചനറിയില്ല. യേശുദേവന്‍ ആശാരിയായിരുന്നിട്ടും മരപ്പണി പഠിപ്പിക്കാന്‍ ഒരു സഭയും സ്വാശ്രയ ഐടിഐ നടത്തുന്നതായി അറിവും ഇല്ല. എന്നിട്ടും യേശുദേവന്റെ പേരില്‍ വിശ്വാസികളെ വിളിച്ചു കൂട്ടി വിമോചന സമരമെന്ന ഉമ്മാക്കി കാട്ടുകയാണ് ഒരു സംഘം അച്ചന്‍ മുതലാളിമാര്‍.

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നാണ് ഉല്‍പത്തി പുസ്തകം പറയുന്നത്. ആദിയില്‍ ദൈവം സ്വാശ്രയ കോളെജും തലവരിയും സൃഷ്ടിച്ചുവെന്നാണ് പുതിയ പുസ്തകത്തിലെ വേദവാക്യം.

പുതിയ ഉല്‍പത്തി പുസ്തകത്തിലെ രണ്ടാം വാക്യം എട്ടാം അധ്യായം ഇങ്ങനെയാവും. അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി. താന്‍ നിര്‍മ്മിച്ച മനുഷ്യനെ അവിടെയാക്കി. അവന് പഠിപ്പാന്‍ ഒരു സ്വാശ്രയ കോളെജും പണിതു നല്‍കി.

പണത്തിനു മീതെ ഒരു ളോഹയും പറക്കില്ലെന്നറിയാവുന്നവരാണ് സഭാ നേതൃത്വത്തില്‍ ഒരു വിഭാഗം. നാട്ടിലാരും പത്രം വായിക്കാതെ ഇടയലേഖനം മാത്രം വായിക്കുകയും അച്ചന്മാരുടെ വാക്കുകള്‍ മാത്രം കേള്‍ക്കുകയും ചെയ്യുന്ന കാലത്താണ് കേരളത്തില്‍ കുപ്രസിദ്ധമായ വിമോചന സമരം നടന്നത്. കാലം മാറിപ്പോയ വിവരമൊന്നും ചിലര്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു.

സഭയുടെയും അച്ചന്മാരുടെയും പ്രശ്നം സാന്പത്തികമാണ്. കപ്യാരുടെയും കഴിവെട്ടുകാരന്റെയും പ്രശ്നവും സാന്പത്തികമാണ്. കര്‍ത്താവീശോമിശിഹ സഹായിച്ച് പഠിപ്പാനും എന്‍ട്രന്‍സ് എഴുതാനും പിന്നെ ജയിപ്പാനും കഴിവുളള മക്കള്‍ അവര്‍ക്കുമുണ്ടെങ്കില്‍ അവരേതു ഫീസാവും കൊടുക്കുക?

"വിശ്വാസികളായ കുഞ്ഞാടുകള്‍ അവര്‍ സാന്പത്തികമില്ലാത്തവരാണെങ്കില്‍ അവനവന്റെ പിതാവിന്റെ പണിയായ പളളിമടിയടിക്കല്‍, കുഴിവെട്ട്, കപ്പകൃഷി എന്നിവ നടത്തുവാന്‍ പാടുളളതാകുന്നു, സ്വാശ്രയ കോളെജില്‍ ചേര്‍ന്ന് പഠിക്കണമെന്ന് പണമില്ലാത്തവന്‍ മോഹിക്കുന്നത് പിശാചിന്റെയും ചെകുത്താന്റെയും പ്രലോഭനങ്ങള്‍ക്ക് അടിപ്പെടുന്പോഴാണ്...ആമേന്‍.... "

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ പല പളളികളിലായി വായിച്ച ഇടയലേഖനങ്ങളില്‍ ഇപ്രകാരമൊരു വാചകം ഉണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ അടുത്ത പടിയായി ഇത് വായിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

നിലവിലുളള ധാരണയനുസരിച്ച് സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജില്‍ സര്‍ക്കാര്‍ സീറ്റില്‍ 15,450 രൂപയാണ് വാര്‍ഷിക ഫീസ്. കുട്ടിയെ സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്നും പ്രവേശിപ്പിക്കുകയും വേണം. കരുതല്‍ തുക അഥവാ കോഷന്‍ ഡെപ്പോസിറ്റായി നല്‍കേണ്ട ഒന്നര ലക്ഷം രൂപ ബാങ്കുകള്‍ ഈടു കൊടുക്കും. പഠനം കഴിയുന്പോള്‍ കോളെജ് ഈ തുക ബാങ്കുകള്‍ക്ക് നല്‍കിയാല്‍ മതി.

35 ശതമാനം വരുന്ന മാനേജ് മെന്റ് സീറ്റില്‍ 90,000 രൂപയാണ് പരമാവധി ഫീസ്. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ ഫീസ് ഒന്നര ലക്ഷം രൂപ. സര്‍ക്കാരിന്റെ കടുംപിടിത്തം കൊണ്ട് കുറേ കുട്ടികള്‍ ഇക്കൊല്ലം വര്‍ഷം പതിനയ്യായിരം രൂപ ഫീസില്‍ പഠിക്കാന്‍ കയറും. ഇതെന്താ മോശപ്പെട്ട കാര്യമാണോ?

സിഎസ്ഐയുടെ നിയന്ത്രണത്തിനുളള കാരക്കോണം മെഡിക്കല്‍ കോളെജില്‍ അന്പതു ശതമാനം കുട്ടികള്‍ക്ക് ഇക്കൊല്ലം മുതല്‍ 20,000 രൂപയാണ് വാര്‍ഷികഫീസ്.

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുളള ചുരുക്കം കോളെജുകളൊഴികെ മിക്കവരും ഈ ഫീസ് അംഗീകരിച്ച് സര്‍ക്കാരുമായി സഹകരിക്കുന്നു. സര്‍ക്കാരിന്റെ ഒരു തീരുമാനത്തിനും വഴങ്ങേണ്ടെന്ന് ഉമ്മന്‍ കോണ്‍ഗ്രസും ഒരു സംഘം സഭാ നേതൃത്വവും തീരുമാനിച്ചാല്‍ പിന്നെന്ത് എം എ ബേബി? ഏത് വി എസ് അച്യുതാനന്ദന്‍?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X