• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കളളപ്പണം വരുന്നത് ദേശസാല്‍കൃത ബാങ്കു വഴി

  • By Staff

അതായത് തന്നെ സംബന്ധിച്ച് നിസാരമായ അറുപതു ലക്ഷം രൂപ മൂന്നു തവണയായി മൂന്നു മാസം കൊണ്ടാണ് ഫാരിസ് അബൂബേക്കര്‍ എസ് ബി റ്റിയില്‍ അടച്ചത്. കളളപ്പണവും കോഴപ്പണവും ആരെങ്കിലും ദേശസാല്‍കൃത ബാങ്കു വഴി അയയ്ക്കുമോ എന്ന യുക്തിയൊന്നും വാര്‍ത്തയില്‍ വിഷയമേയല്ല. പിണറായിയ്ക്കാണോ, റിസര്‍വ് ബാങ്കിലടിക്കുന്ന നോട്ടും കളളനോട്ടാണ്.

സ്പോണ്‍സറാകാന്‍ സമ്മതിച്ച കമ്പനികളില്‍ നിന്നും പണം പാരറ്റ് ഗ്രോവ് സ്വീകരിച്ച് കമ്മിറ്റി അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നോ എന്ന സംശയവും മാതൃഭൂമിയുടെ വാര്‍ത്തയിലുണ്ട്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചല്ലെങ്കിലും മാതൃഭൂമിയുടെ പീനല്‍കോഡു പ്രകാരം അത് കുറ്റകരവും വെറുക്കപ്പെടേണ്ടതുമാണ്.

ജൂലായ് 25ന് എട്ടുകോളത്തില്‍ വീശിയെറിഞ്ഞ നായനാര്‍ ഫുട്ബോള്‍ : ചെന്നൈ കമ്പനിയുടെ 60 ലക്ഷത്തില്‍ ദുരൂഹത എന്ന വാര്‍ത്തയിലെ അഞ്ചാം ഖണ്ഡികയിലെ ആദ്യ വാചകം തുടങ്ങുന്നതിങ്ങനെ.

സിപിഎമ്മിലെ പ്രത്യയശാസ്ത്ര വിവാദത്തിലും വിഭാഗീയത സംബന്ധിച്ച പോരിലും പിണറായി പക്ഷത്തെ അറിഞ്ഞു സഹായിക്കുന്ന ദീപികയുടെ സാരഥി, ഫുട്ബാള്‍ മേളയ്ക്ക് 60 ലക്ഷം കൈമാറിയതിന്റെ യുക്തി പാര്‍ട്ടിയിലെ ഒരു വിഭാഗം സംശയത്തോടെയാണ് കാണുന്നത്.

എവിടെ നിന്നാണ് ഈ വാര്‍ത്ത ഉറവ പൊട്ടിയൊഴുകിയത് എന്ന് വ്യക്തമല്ലേ. സംശയത്തോടെ നോക്കുന്ന പാര്‍ട്ടിയിലെ ആ വിഭാഗം തന്നെയാണ് വാര്‍ത്തയ്ക്കു പിന്നില്‍. സിംഗപ്പൂര്‍ കിഡ്നി ഫൗണ്ടേഷനുമായി ഫാരിസിന്റെ കമ്പനികള്‍ ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതൊക്കെ ചിന്ന മിസ്റ്റേക്കുകള്‍.

സിപിഎമ്മിലെ പ്രത്യയശാസ്ത്ര വിവാദത്തിലും വിഭാഗീയത സംബന്ധിക്കുന്ന പോരിലും പിണറായി പക്ഷത്തെ അറിഞ്ഞു സഹായിക്കുകയോ. ശിവ ശിവ. തൂക്കുമരത്തെക്കാളും കൂടിയ ശിക്ഷയാണ് കിട്ടിയത്. സാക്ഷാല്‍ അച്യുതാനന്ദന്‍ നേരിട്ടിറങ്ങി പ്രതിയുടെ തലയില്‍ തലസ്ഥാന നഗരിയില്‍ വെച്ച് വെറുക്കപ്പെട്ടവന്റെ കിരീടം ചാര്‍ത്തി.

ഇനി ജീവിച്ചിരുന്നിട്ടെന്തു കാര്യം, ചത്തിട്ടെന്തു കാര്യം? പണമുണ്ടായിട്ടെന്തു കാര്യം, പത്രമുണ്ടായിട്ടെന്തു കാര്യം? വെറുക്കപ്പെട്ടവനല്ലേ, പറഞ്ഞതു സംസ്ഥാന മുഖ്യനല്ലേ? സ്വന്തം വീട്ടിലോ സംബന്ധവീട്ടിലോ കാണുമോ പുല്ലുവില? മാനിക്കുമോ മക്കളും ചെറുമക്കളും? നാട്ടിലും സ്വന്തം കമ്പനി ജീവനക്കാര്‍ക്കിടയിലും കൊടിയ പണക്കാരന്‍ വെറും ഗ്രാസായില്ലേ.

വെറുക്കപ്പെട്ടവനില്‍ നിന്നും പണം വാങ്ങിയത് അന്വേഷിക്കുമെന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. പറയുന്നത് അച്യുതാനന്ദനായതു കൊണ്ടു തന്നെ ഫാരിസിന്റെ കാര്യം പോക്കാവുമെന്നുറപ്പുമാണ്.

ഭരണത്തിലെത്തിയാലുടന്‍ എഡിബിക്കാരെ കരണത്തടിക്കുമെന്ന് പറഞ്ഞ നേതാവാണ്. ഭരണത്തിലെത്തിയതിന്റെ പിറ്റേന്നു തന്നെ ഠപ്പേ, ഠപ്പേ എന്ന് അടിച്ച ശബ്ദം പൊളിറ്റ് ബ്യൂറോ വരെ കേള്‍ക്കുകയും ഇത്രയും ഉച്ചത്തില്‍ ഇനിയടിക്കരുതെന്ന് പരസ്യമായി ശാസിക്കുകയും ചെയ്തു. അധികം ഒച്ച കേള്‍ക്കുന്നത് പ്രകാശ് കാരാട്ടിന് അത്ര ഇഷ്ടമുളള കാര്യവുമല്ല.

പെണ്‍വാണിഭക്കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്ത് കയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്നായിരുന്നു വേറൊരു പ്രഖ്യാപനം. സംഗതി വിചാരിച്ചത്ര എളുപ്പമല്ലാത്തതിനാല്‍ തെരുവില്‍ നടക്കുന്നവരെയെല്ലാം പെണ്‍വാണിഭക്കാരായി പ്രഖ്യാപിക്കുന്ന ഉത്തരവ് തയ്യാറായി വരികയാണ്.

മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ പകുതി വ്യാജനും പകുതി ഒറിജിനലുമാണെന്ന് പ്രഖ്യാപിച്ചു. രണ്ടു കൊണ്ടുളള ഹരണമാണല്ലോ പകുതി കണ്ടുപിടിക്കാനുളള എളുപ്പവഴി. ഇത്തരം ഗഹനമായ സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് പിണറായി ഗ്രൂപ്പുകാരനായ ഐസക്കും. സഖാവിന്റെ സഹായം കിട്ടാത്തതിനാല്‍ എല്ലാ രവിപ്പട്ടയങ്ങളെയും ഒറിജിനലാക്കിയാണ് പ്രശ്നം പരിഹരിച്ചത്.

ഏറെ പ്രതീക്ഷിച്ച് ആഞ്ഞു പണിത മൂന്നാര്‍ ദൗത്യവും ഒരു വഴിക്കായി. വലം കൈയായി നിന്ന സുരേഷ് കുമാറിന് തണുപ്പടിച്ചാല്‍ തലകറക്കവും നടുവേദനയും. പോരെങ്കില്‍ മുടിഞ്ഞ സിഗരറ്റ് വലി. തീപ്പെട്ടി കിട്ടിയില്ലെങ്കില്‍ റിസോര്‍ട്ടിലെ ഗ്യാസടുപ്പ് കത്തിച്ചാണ് ബീഡി പുകയ്ക്കുന്നത്. ആവശ്യം കഴിഞ്ഞ് അണയ്ക്കാന്‍ മറന്നു പോയതിനാല്‍ കുറേ റിസോര്‍ട്ടുകള്‍ കത്തിയും പോയി. പൂര്‍ണരൂപത്തില്‍ ആളെ തിരിച്ചു കിട്ടിയതു തന്നെ ഭാഗ്യം.

ഇടവേളയില്‍ കണ്ടുപിടിച്ച കലാപരിപാടിയാണ് വെറുക്കപ്പെട്ട പട്ടം കൊടുക്കല്‍. ആദ്യത്തേത് ഏറ്റിറ്റുണ്ട്. പാര്‍ട്ടി സമ്മേളനത്തില്‍ ഉരുളുന്ന സ്വന്തം ഗ്രൂപ്പുകാരുടെ തലയെണ്ണിയാലേ കൃത്യമായ വിവരം കിട്ടൂ. ഏറെ വൈകില്ല. രണ്ടു മാസം കഴിയുമ്പോഴറിയാം. ഈ അമ്പ് കൊളേളണ്ടിടത്ത് കൊണ്ടോയെന്ന്.

അടികൂടിയും ജാഥനടത്തിയും പാര്‍ട്ടിയെ ഒരുവഴിക്കാക്കി നേടിയ മുഖ്യമന്ത്രിപ്പട്ടമാണ്. ഇതുപയോഗിച്ച് ഒരാളെയെങ്കിലും വെറുക്കപ്പെട്ടവനാക്കിയില്ലെങ്കില്‍ ഭാവി ചരിത്രം പൊറുക്കുമോ? സ്വന്തം നാട്ടുകാരായ ആലപ്പുഴക്കാര്‍ തന്നെ പണ്ടേ വെറുത്തതു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ തോല്‍പിച്ച് മലമ്പുഴയിലേയ്ക്ക് നാടുകടത്തിയതെന്നൊക്കെ ചില പിണറായി ഗ്രൂപ്പുകാര്‍ പറഞ്ഞു നടക്കുന്നുണ്ട്.

എല്ലാവനെയും വെറുക്കപ്പെട്ടവനായി നാം ഉടന്‍ പ്രഖ്യാപിക്കുന്നതാകുന്നു. മഞ്ഞച്ചേര മലര്‍ന്നു കടിക്കുന്നതിനും വിഎസിന്റെ നാക്കാല്‍ വെറുക്കപ്പെടുന്നതിനും മലയാളത്തിലെന്നല്ല ലോകത്തെങ്ങും മറുമരുന്നില്ല. ശാപമോക്ഷവും.

അതുകൊണ്ട് വെറുക്കപ്പെടേണ്ടെങ്കില്‍ എല്ലാവരും സഖാവ് വിഎസിനു ചുറ്റും അണിനിരക്കുക. മാരീചന്‍ വിളിക്കുന്ന മുദ്രാവാക്യം സര്‍വശക്തിയും സംഭരിച്ച് വിളിക്കുക

"ഈങ്ക്വിലാബ് സിന്ദാബാദ്. സഖാവ് വിഎസ് സിന്ദാബാദ്". ഈ മുദ്രാവാക്യം ഉറക്കെയുറക്കെ വിളിക്കാത്ത എല്ലാ അവന്മാരും വെറുക്കപ്പെട്ടവരാണെന്ന് ഇതിനാല്‍ പ്രഖ്യാപിച്ചു കൊളളുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more