• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഗ്രൂപ്പു കളിക്കാനെങ്കിലും അറിയേണ്ടേ, സഖാവേ....

  • By Super

സര്‍വാധികാരിയുടെ അരിവാളും ചുറ്റികയും വിഎസിന്റെ കൈയിലായിരുന്നപ്പോഴും മറിച്ചായിരുന്നില്ല അവസ്ഥ. സര്‍വസൈന്യാധിപന്‍ നേരിട്ടിറങ്ങി ഗളച്ഛേദം ചെയ്തവരില്‍ പുല്‍പളളി സ്റ്റേഷനാക്രമണത്തില്‍ പങ്കെടുത്ത സഖാവ് കെ മാധവനും കണ്ണൂരിന്റെ പ്രിയപ്പെട്ട സി. കണ്ണനുമൊക്കെയുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും മരിച്ചപ്പോള്‍ പുതയ്ക്കാന്‍ ഒരു ചെങ്കൊടി നല്‍കി പാവം ഒ. ഭരതനെയും അച്യുതാനന്ദന്‍ അനുഗ്രഹിച്ചിട്ടുണ്ട്. ആയകാലത്ത്.

കാലം മാറി, കഥ മാറി. ചൊല്ലുവിളിയില്ലാതെ വളര്‍ന്നവര്‍ കാരണവരെക്കാളും ശക്തരാണിന്ന്‍. ആരെയും ഭയക്കാത്തവര്‍. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച തോക്കുപയോഗിക്കുന്ന ലാഘവത്തില്‍ മറുകൈ കൊണ്ട് ലാപ്ടോപ് പ്രവര്‍ത്തിപ്പിക്കുന്നവന്‍ പിണറായി.

"നീയല്ലോ മായയും മായാ-

വിയും മായാവിനോദനും,

നീയല്ലോ മായയെനീക്കി -

സ്സായൂജ്യം നല്‍കുമാര്യനും" എന്ന മട്ടില്‍ സഖാവിന്റെ കീര്‍ത്തി ദേശാഭിമാനി രാഗത്തില്‍ ദക്ഷണിമൂര്‍ത്തി സ്വാമി നീട്ടിപ്പാടി.

ഉറ്റവരെക്കൊണ്ട് നെഞ്ചത്തടിപ്പിച്ചും ജാഥ നടത്തിച്ചും സഖാവ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റൊപ്പിച്ചു. മത്സരിക്കുന്നില്ലെന്ന് പിബിയില്‍ സത്യം ചെയ്ത ശേഷമായിരുന്നു തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ നീണ്ട തെരുവു നൃത്തം സഖാവിന്റെ സംവിധാനത്തില്‍ അരങ്ങേറിയത്.

പിബിയിലെ സത്യം വിശ്വസിച്ച പിണറായി മണ്ടനായി. ജാഥ നടത്തി പാര്‍ട്ടിയെ തോല്‍പിക്കാനാവില്ലെന്ന് ഊറ്റം കൊണ്ടു. പാര്‍ട്ടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് മേനി പറഞ്ഞു. ജീവിതത്തിലാദ്യമായി പിണറായി അച്യുതാനന്ദന്റെ മുന്നില്‍ തോറ്റു.

മാതൃഭൂമിയും ഹിന്ദുവും മാധ്യമവും വാഴ്ത്തിപ്പാടുന്ന വിഎസിന് നിയമസഭാ സീറ്റ് ദില്ലിയില്‍ നിന്നും പിബി വിമാനത്തിലെത്തിച്ചു. പലതവണ ദില്ലി തിരുവനന്തപുരം റൂട്ടില്‍ തിരിച്ചും മറിച്ചും പറന്നു പൊളിറ്റ് ബ്യൂറോ, പരസ്പരം അടിച്ചുപൊളിക്കാന്‍ തയ്യാറായി നില്‍ക്കുന്ന യാദവകുലത്തിന്റെ മാര്‍ക്സിസ്റ്റു വേഷങ്ങളെ അടക്കി നിര്‍ത്താന്‍.

കണ്ണുരുട്ടിയും പാട്ടകിലുക്കിയും സഖാക്കള്‍ ശേഖരിച്ച പാര്‍ട്ടി ഫണ്ടിന്റെ നല്ലൊരു ഭാഗം എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സ്വന്തമാക്കി. ഗ്രൂപ്പുവഴക്ക് കല്‍പാന്തകാലം വരെ തുടരാന്‍ വിമാനക്കമ്പനികള്‍ നേര്‍ച്ച നടത്തി. പ്രസാദം വൃന്ദാ കാരാട്ടിനു നല്‍കി, രസീത് പൊളിറ്റ് ബ്യൂറോയിലും ഏല്‍പ്പിച്ചു.

മുഖ്യമന്ത്രിയായാലും പഠിച്ചതുണ്ടോ മറക്കുന്നു വീയെസ്. ചൊട്ടയിലെ ശീലം ചുടലവരെ, അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ? പുറത്താവും വരെ പടവെട്ടാന്‍ ജാതകത്തിലുണ്ടെങ്കില്‍ ഏതു ഷാജഹാന്‍ തുണ പോയാലും അച്യുതാനന്ദച്ചേകവര്‍ അങ്കം ജയിക്കുമോ?

സെക്രട്ടേറിയറ്റിലിരുന്ന് അച്യുതാനന്ദന്‍ ഏകെജി സെന്ററിനെയും എകെജി സെന്ററിലിരുന്ന് പിണറായി സെക്രട്ടേറിയറ്റിനെയും സ്വപ്നം കണ്ടു. കണ്ണിണകള്‍ പരസ്പരം ഇടഞ്ഞപ്പോഴൊക്കെ അങ്കം പൊടിപാറി. ടോമിന്‍ തച്ചങ്കരിയായും ഋഷിരാജ് സിംഗായും ഗ്രൂപ്പു പടര്‍ന്നു. നിഷ്പക്ഷ മാധ്യമങ്ങള്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ അനുകരിച്ച് വിഡ്ഢിവേഷം കെട്ടി.

വഴക്കും ശല്യവും തെറിവിളിയും ഊമക്കത്തുകളുടെ പ്രവാഹവും പിബി യോഗങ്ങളില്‍ സ്വൈര്യക്കേടായി. ചെവിതല കേള്‍പ്പിക്കാതെയിരുന്ന് ചിലച്ച അച്ചുമ്മാനെയും വിജയേട്ടനെയും പിബിയില്‍ പുറത്താക്കി പ്രകാശ് കാരാട്ട് വാതിലടച്ചു. സീതാറാം യെച്ചൂരി കുറ്റിയുമിട്ടു.

കണ്ടറിയാത്തവര്‍ കൊണ്ടറിയണം. കൊണ്ടറിയാത്തവര്‍ക്കുളള ശിക്ഷ പാര്‍ട്ടി നല്‍കും.

ദക്ഷിണാമൂര്‍ത്തിസ്വാമിക്ക് ദേശാഭിമാനി രാഗത്തില്‍ കച്ചേരി നടത്താന്‍ മാണിക്കത്തനാരുടെ ദീപിക കൂട്ടുവന്നതാണ് ഇടയ്ക്കു നടന്ന പ്രധാന വിശേഷം. നസ്രാണി ദീപികയെന്ന നൂറ്റാണ്ടു പഴക്കമുളള പത്രമുത്തശിയുടെ മുതുക് ഡോലക്കായി രൂപം മാറി. കൊട്ടാന്‍ സിംഗപ്പൂരു നിന്നൊരു കോമളകുമാരന്‍ വിമാനമേറിയെത്തി.

അവന്റെ നാമം ഫാരിസെന്ന് ജനം വാഴ്ത്തിപ്പാടി. അബൂബക്കറെന്ന് മാതൃഭൂമി പൂരിപ്പിച്ചു. സ്വന്തമായി ഒരു ഫോട്ടോ പോലുമില്ലത്തവനെന്ന് പത്രം വലിയ വായില്‍ നിലവിളിച്ചു. ഫാരിസ് അബൂബക്കറെന്ന മറുഭാഷ ഡീകോഡു ചെയ്താല്‍ വെറുക്കപ്പെട്ടവന്‍ എന്നാണ് തന്റെ കമ്പ്യൂട്ടറില്‍ തെളിയുന്നതെന്ന് വിഎസ് വെളിപ്പെടുത്തി.

പിടി ഉഷയുടെ സ്ക്കൂളും നായനാര്‍ സ്മാരക ഫുട്ബാള്‍ക്കപ്പും അവന്റെ കോടികള്‍ വാരിപ്പൂശി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more