കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയാണ് സഖാവേ.. ജനമാണ് കുറ്റക്കാര്‍...

  • By Super
Google Oneindia Malayalam News

ഇതാണ് പിണറായിയും വിഎസും തമ്മിലുളള വ്യത്യാസം. ആവേശത്തിമിര്‍പ്പില്‍ അച്യുതാനന്ദന്‍ അതുമിതും പറയുമ്പോള്‍ പിണറായി വിജയന്‍ അളന്നുമുറിച്ച് സത്യം പറയുന്നു. സിപിഎമ്മിലെ പിണറായി ഗ്രൂപ്പിനോട് മാരീചനുളള സ്നേഹത്തിനു കാരണവും അതുതന്നെയാണ്.

കേസരി സ്മാരകത്തിലെ മീറ്റ് ദി പ്രസില്‍ പങ്കെടുത്ത് പിണറായി വിജയന്‍ പറഞ്ഞത് കേട്ടില്ല. ജനത്തിന് സിപിഎമ്മിനെക്കുറിച്ച് ചില തെറ്റിദ്ധാരണകളുണ്ടെന്ന്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം കേസരി സ്മാരകത്തില്‍ കഴിഞ്ഞയാഴ്ച വി എസിനെ വിളിച്ച് മീറ്റ് ദി പ്രസ് സംഘടിപ്പിച്ചിരുന്നു. ഓര്‍മ്മയില്ലേ ആ സംഭവം.

(വഴിക്ക് പറയട്ടെ, സിപിഎമ്മില്‍ വിഎസ് പിണറായി ഗ്രൂപ്പുകള്‍ ഉളളതു പോലെ തന്നെ പത്രപ്രവര്‍ത്തകരുടെ ഇടയിലും സ്വന്തം നിലയില്‍ ഗ്രൂപ്പുണ്ട്. പ്രസ് ക്ലബ് കയ്യിലുളളവര്‍ അവിടെ പത്രസമ്മേളനം നടത്തും. പ്രസ് ക്ലബിന്റെ എതിര്‍ഗ്രൂപ്പാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ഭരിക്കുന്നത്. അവരാണ് മീറ്റ് ദി പ്രസ് പരിപാടിയുടെ ഉപജ്ഞാതാക്കളും പ്രായോജകരും).

നമുക്ക് വിഷയത്തിലേയ്ക്ക് തിരികെ വരാം. വെറുക്കപ്പെട്ടവന്റെ തലയില്‍ കിരീടം ചൂടിയാണ് വിഎസ് മീറ്റ് ദി പ്രസില്‍ ആളായത്. എന്നാലിതാ, പിണറായിയിലെത്തിയപ്പോള്‍ സംഗതി സിമ്പിള്‍.

അദ്ദേഹം തുറന്നു പറയുന്നു. സിപിഎമ്മിനെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണകളുണ്ട്. ആ തെറ്റിദ്ധാരണയ്ക്കു മേലേ സിപിഎമ്മിന്റെ അടിത്തറ ശക്തിപ്പെടുകയാണെന്നും സഖാവ് വെളിപ്പെടുത്തുന്നു.

എന്താണ് സിപിഎമ്മിനെക്കുറിച്ച് ജനത്തിനുളള തെറ്റിദ്ധാരണകള്‍? ഒന്നൊന്നായി നമുക്ക് നോക്കാം.

ഈ പാര്‍ട്ടി തൊഴിലാളി വര്‍ഗപ്പാര്‍ട്ടിയാണ് എന്നതത്രേ ഒന്നാമത്തെ തെറ്റിദ്ധാരണ. തൊഴിലാളി വര്‍ഗപ്പാര്‍ട്ടിയുടെ നേതാക്കളില്‍ ഏതെങ്കിലും തൊഴിലെടുക്കുന്ന ആരെങ്കിലുമുണ്ടോ? പാര്‍ട്ടിപ്പണിയും സംസ്ഥാന ഭരണവും തൊഴിലിന്റെ നിര്‍വചനത്തില്‍ പെടുമെങ്കില്‍ പിന്നെ ചോദ്യമില്ല.

ഭരണകൂടം കൊഴിഞ്ഞു വീഴുമെന്ന് സ്വപ്നം കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടി അങ്ങനെ കരുതുമോ? ഭരണവും മന്ത്രിപ്പണിയും കൊളളാവുന്ന തൊഴിലുകളുടെ ഗണത്തില്‍ പെടുത്തിയ പ്രമേയം ഇതുവരെ പി ബി അംഗീകരിച്ച് ബ്രാഞ്ചു കമ്മിറ്റികളില്‍ അയച്ചിട്ടില്ല.

പ്രകാശ് കാരാട്ട് മുതല്‍ സാദാ ലോക്കല്‍ സെക്രട്ടറി വരെ ജീവിതകാലത്ത് ഏതെങ്കിലും തൊഴിലു ചെയ്തിട്ടുണ്ടോ, ഇനി ചെയ്യാന്‍ ഉദ്ദേശമുണ്ടോ എന്നൊന്നും ചോദിക്കരുത്. വലയ്ക്കുന്ന ചോദ്യങ്ങള്‍ അല്ലെങ്കിലും പാര്‍ട്ടിക്ക് ഇഷ്ടവുമല്ല.

പണിയെടുത്തിട്ടില്ലാത്തവര്‍ പാര്‍ട്ടി നേതൃസ്ഥാനത്തില്ലെന്ന് പറയരുത്. എയര്‍ഹോസ്റ്റസായിരുന്നു സഖാവ് വൃന്ദാ കാരാട്ട്. സഖാവ് പിബിയില്‍ പ്രവര്‍ത്തിക്കുന്നില്ലേ. എയര്‍ ഹോസ്റ്റസായ വൃന്ദാ കാരാട്ട് പിബിയിലെത്തിയതിന് കാവ്യനീതിയുമുണ്ട്. എത്രവട്ടമാണ് ഭര്‍ത്താവ് സഖാവ് പ്രകാശ് കാരാട്ട് വിമാനമേറി തിരുവനന്തപുരത്ത് വന്നത്, സ്വന്തം നാട്ടിലെ പാര്‍ട്ടിയിലെ അടി പറഞ്ഞൊതുക്കാന്‍.

ഇനിയെന്താണ് തെറ്റിദ്ധാരണ? തൊഴിലാളി വര്‍ഗ സാഹോദര്യം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സാഹോദര്യത്തിന്റെ കാര്യം സിപിഎമ്മിലുളളതു പോലെ മറ്റൊരു പാര്‍ട്ടിയിലുമില്ല.

സഖാവ് പിണറായി എന്നാരെങ്കിലും പറഞ്ഞാലുടനെ അച്യുതാനന്ദന്റെ പല്ലു ഞെരിയുന്ന ശബ്ദം കേള്‍ക്കാം. അത്രയ്ക്കുണ്ട് സാഹോദര്യം . വിഎസ് എന്നു കേട്ടാല്‍ നമ്പര്‍ വണ്‍ എന്നാണ് പിണറായി ചുണ്ടു വിരല്‍ പൊക്കി പറയുന്നത്. ഒന്നിനു പോകണമെന്ന് പരിഭാഷ.

ദീപികയും ക്രൈമും ഉപയോഗിച്ചാണ് പരസ്പരം സാഹോദര്യം പ്രചരിപ്പിക്കുന്നത്. ജനാധിപത്യവ്യവസ്ഥയില്‍ സാഹോദര്യം ഈ പോക്കാണ് പോകുന്നതെങ്കില്‍ ഭരണകൂടങ്ങള്‍ ടപ്പേ, ടപ്പേയെന്ന് കൊഴിഞ്ഞു വീഴുമ്പോഴുളള സാഹോദര്യം ഏതുരൂപത്തിലായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ!

ഇനി സ്വന്തം ജീവിതകാലത്തെങ്ങാനും ഭരണകൂടം കൊഴിഞ്ഞു വീഴുന്ന സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന്ജര്‍മ്മനിയില്‍ നിര്‍മ്മിച്ച തോക്കൊരെണ്ണം കരുതിയിട്ടുണ്ട് പിണറായി സഖാവ് . ഉണ്ട ചെന്നൈയില്‍ നിന്നാണ് വരുത്തുന്നത്. കുറ്റം പറയരുതല്ലോ, ദാസ് കാപ്പിറ്റല്‍ സൃഷ്ടിച്ച് ഈ ഏടാകൂടമെല്ലാം വരുത്തി വച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സും ജര്‍മ്മന്‍ മെയിഡായിരുന്നു.

ലളിതജീവികളാണ് സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ എന്നാണ് ജനത്തിന്റെ മറ്റൊരു തെറ്റിദ്ധാരണ. സിംഗപ്പൂര്‍ മുതല്‍ ചെന്നൈ വരെ പരന്നു കിടക്കുന്നതാണ് സഖാക്കളുടെ ലളിത ജീവിതം. സാന്റിയാഗോ മാര്‍ട്ടിനും ലിസ് ചാക്കോയും മുതല്‍ പുതിയ അവതാരം ഫാരിസ് അബൂബേക്കര്‍ വരെയുളളവരാണ് ലളിത ജീവിതത്തിനു വേണ്ട ചില്വാനം നല്‍കുന്നത്.

പരിപ്പുവടയും കാജാബീഡിയും വലിച്ചിരുന്നാല്‍ ജനം കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജയ് ഹിന്ദ് ടിവി കാണുമെന്നും വീക്ഷണം പത്രം വായിച്ച് നശിക്കുമെന്നും പുതിയ താത്വികാചാര്യന്‍ ഇ പി ജയരാജന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തുകയും ഭൂരിപക്ഷതീരുമാനം ന്യൂനപക്ഷം അംഗീകരിക്കുകയും ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്ന് ജനം തെറ്റദ്ധരിക്കുന്നു. പാര്‍ട്ടി അങ്ങനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ പത്രങ്ങള്‍ വഴിയും ചാനല്‍ വഴിയും പ്രചരിപ്പിച്ച് വഴിയേ പോകുന്നവരെയും മറുപാര്‍ട്ടിക്കാരെയും മാധ്യമപ്രവര്‍ത്തകരെയും വരെ രണ്ടു ഗ്രൂപ്പുകളായി വിഭജിക്കുക എന്നതാണ് പാര്‍ട്ടി ചെയ്യുന്നത്. അത്തരം പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും കുറിച്ച് ഈ വിധം തെറ്റിദ്ധാരണകള്‍ ജനത്തിന് തീര്‍ച്ചയായും വന്നുകൂടാത്തതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X