കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തിളില്‍ ലയിക്കുമോ മൂവാണ്ടന്‍മാവ്?

  • By Staff
Google Oneindia Malayalam News

Veliyam Bhargavanജനാധിപത്യവ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നതും പാര്‍ട്ടികള്‍ പിളരുന്നതും അസംഭവ്യമോ ഒഴിവാക്കാവുന്നതോ അല്ല. കോണ്‍ഗ്രസു മുതല്‍ കേരളാ കോണ്‍ഗ്രസുകള്‍ വരെ പലകാരണങ്ങളാല്‍ പിളര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ പിളര്‍പ്പ് ആശയപരമാവാം, മറ്റു ചിലപ്പോള്‍ ചില നേതാക്കളുടെ ആമാശയാവശ്യങ്ങള്‍ നിറവേറ്റാനാകാം. എന്തായാലും പാര്‍ട്ടികള്‍ പലപ്പോഴും പിളരാറുണ്ട്.

അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെക്കുറിച്ചാണ് ആര്‍ത്തവത്തിന്റെ ആവര്‍ത്തനം മുറതെറ്റാതെ ചര്‍ച്ചകളുണ്ടാവുന്നത്. മുറതെറ്റാതെ എന്ന് പ്രയോഗിക്കാന്‍ പ്രത്യേക കാരണമുണ്ട്. മൂമ്മൂന്ന് വര്‍ഷം കൂടുമ്പോഴാണ് ഈ പാര്‍ട്ടികളുടെ സമ്മേളന മാമാങ്കം. ഓരോ മുമ്മൂന്ന് വര്‍ഷവും ലയനചിന്തകളും ആവര്‍ത്തിക്കും.

ഗ്രൂപ്പും ഗ്രൂപ്പിന്റെ മേല്‍ഗ്രൂപ്പുമായി ബ്രാഞ്ചു തലം മുതലേ സിപിഎമ്മിന്റെ സമ്മേളനത്തിന് വമ്പന്‍ മാധ്യമ കവറേജാണ് ലഭിക്കുക. നാലുപേര്‍ തികച്ചില്ലാത്ത പാര്‍ട്ടികളായ സിപിഐയ്ക്കും ആര്‍എസ്‍പിയ്ക്കും സ്വയം നിവര്‍ന്നു നില്‍ക്കാന്‍ തന്നെ ശേഷിയില്ല. പിന്നെയല്ലേ ഗ്രൂപ്പുകളിക്കുന്നത്? അതുകൊണ്ട് അവരുടെ സമ്മേളന വാര്‍ത്തകള്‍ ഉള്‍പ്പേജില്‍ രണ്ടുകോളത്തിലൊതുങ്ങും.

രസകരമായ ഒരു തറവേലയിലൂടെയാണ് ഇടതുകിണറിലെ മാക്രിപ്പാര്‍ട്ടികള്‍ തങ്ങളുടെ സമ്മേളനത്തിന് വമ്പന്‍ മാധ്യമ ശ്രദ്ധ ഒപ്പിച്ചെടുക്കുന്നത്. വലിയേട്ടനായ സിപിഎമ്മിനെ പുലഭ്യം പറയുക. പൊതുയോഗത്തിലും സ്വന്തം പാര്‍ട്ടിയോഗങ്ങളിലും വലിയേട്ടനെ വിമര്‍ശനങ്ങളുടെ ശരശയ്യയില്‍ കിടത്തുമ്പോള്‍ മാധ്യമങ്ങള്‍ ഓടിക്കൂടും. ഒന്നാം പേജില്‍ പടം സഹിതം വാര്‍ത്ത. നാം ഹാപ്പി. കുടുംബവും ഹാപ്പി. ഫലം പ്രത്യയശാസ്ത്ര സംതൃപ്തി.

ഇത്തവണ കളി കാര്യമായി. ആര്‍എസ്‍പി നേതാവിന് പിണറായി കണക്കിന് കൊടുത്തു. കിട്ടിയതും വാങ്ങി ചന്ദ്രചൂഡന്‍ ഒരുവിധം മര്യാദ പഠിച്ചു വന്നപ്പോഴേയ്ക്കും കൊല്ലത്ത് സഖാവിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മൂലയ്ക്കാക്കി. ചന്ദ്രചൂഡന്റെ ഭരണം മതിയെന്നും ശിഷ്ടകാലം രാമകൃഷ്ണപിളളയദ്ദേഹം പാര്‍ട്ടിയെ നയിക്കട്ടെയെന്നും സഖാക്കള്‍ തീരുമാനിച്ചു.

ആര്‍എസ്‍പിയെപ്പോലയല്ല സിപിഐ. മൂന്നുവര്‍ഷം കൂടുമ്പോഴുളള ലയനാഹ്വാനത്തിന്റെ ആര്‍ത്തവചക്രം പാര്‍ട്ടി ശരീരത്തിന്റെ ജൈവപ്രക്രിയയാണ്. മുറതെറ്റിയാല്‍ ബൂര്‍ഷ്വാസിയുമായുളള അവിഹിതത്തില്‍ സംഗതി പറ്റിയെന്ന് ജനം വിധിയെഴുതും. പാടില്ല, സഖാക്കളേ, പാടില്ല.

1964ല്‍ പിളര്‍ന്നത് മഹാമോശമായെന്നും പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇപ്പോള്‍ വെളിയം ഭാര്‍ഗവന്‍ വിലസിയേനെ എന്നുമാണ് കഥകളിപ്പദം. എന്താകുമായിരുന്നു അവസ്ഥ? വെളിയവും ഇസ്മായിലും സര്‍വവിധ അധികാരങ്ങളോടും വിലസുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലുണ്ടാവുന്ന ഒരുകാലത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ.

ഒതളങ്ങയോ പരാമറോ അടിച്ച് പണ്ടാരമടങ്ങും ഒരുമാതിരിയുളള മനുഷ്യരെല്ലാം. സത്യത്തില്‍ പട്ടാമ്പിയിലെ ജനത്തോടും സി പി മുഹമ്മദെന്ന ചെറുപ്പക്കാരനായ കോണ്‍ഗ്രസുകാരനോടും മാരീചന് വല്ലാത്ത സ്നേഹമുളളതും ആ ഒറ്റക്കാരണം കൊണ്ടാണ്. ഒരത്യാഹിതമെങ്കിലും കേരളത്തിന്റെ മന്ത്രിസഭയില്‍ നിന്നും അകന്നു നില്‍ക്കുന്നതിന് കാരണം ഈ രണ്ടുകൂട്ടരുമല്ലേ. ആ ഒരത്യാഹിതമെങ്കിലും ഒഴിവാക്കിത്തന്നെ ജനാധിപത്യമേ, നിന്റെയനുഗ്രഹം, എത്ര സമയോചിതം!

പറഞ്ഞു വന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെക്കുറിച്ചാണ്. 1953 മുതലുളള അഭിപ്രായ വ്യത്യാസം മൂത്താണ് 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നത്. വ്യത്യസ്ത അഭിപ്രായം മൂലം ഒരു കാരണവശാലും ഒന്നിച്ചു പോകാന്‍ വയ്യാത്ത സാഹചര്യത്തില്‍ ഒരു വിഭാഗം മറ്റൊരു പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു 1964ല്‍.

പിളര്‍പ്പിന് കാരണമായി പറയുന്ന കാര്യങ്ങള്‍ വിസ്താരഭയത്താല്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ഈ പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കിലോ? അത് ഈ രാജ്യത്തിന് ഏല്‍പ്പിക്കുമായിരുന്ന പരിക്കും അപമാനവും സ്വൈര്യക്കേടും ചില്ലറയൊന്നുമാകുമായിരുന്നില്ല.

അച്യുതാനന്ദന്റെയും പിണറായിയുടെയും സ്ഥാനത്ത് സി ദിവാകരനെയും കെ ഇ ഇസ്മായിലിനെയും സങ്കല്‍പിച്ചു നോക്കൂ. തൂങ്ങിച്ചാകാനുളള കയറെടുക്കാന്‍ കൈതരിക്കുന്നില്ലേ. അങ്ങനെയൊരു സാഹചര്യമുണ്ടാകാത്തതിന് പാര്‍ട്ടി പിളര്‍ത്തിയവരോട് ഇന്ത്യയിലെ ജനങ്ങളൊന്നടങ്കം എക്കാലവും നന്ദിയുളളവരായിരിക്കും. സത്യത്തില്‍ വെളിയം ഭാര്‍ഗവനെക്കാള്‍ എത്രയോ മാന്യനും മര്യാദക്കാരനുമാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിക്കസേരയില്‍ കെ ഇ ഇസ്മായില്‍‍ ഇരിക്കുന്നുവെന്ന സങ്കല്‍പം പോലും നമ്മെ പേടിപ്പിക്കും. അച്യുതാനന്ദന്‍ എത്രയോ ഭേദം.

കോണ്‍ഗ്രസിനോടുളള നയം എന്തായിരിക്കണമെന്ന തര്‍ക്കമാണ് പിളര്‍പ്പിന്റെ ഒരു കാരണം. ദേശീയ ബൂര്‍ഷ്വാസി എന്ന ഇരട്ടപ്പേരിലാണല്ലോ കോണ്‍ഗ്രസ് അറിയപ്പെടുന്നത്. തേങ്ങയോ വാഴക്കുലയോ മോഷ്ടിക്കുന്നവനെയും ബൂര്‍ഷ്വാ എന്നാണ് സഖാക്കള്‍ വിളിക്കുന്നത്. പ്രത്യയ ശാസ്ത്ര വിദഗ്ധനായി അംഗീകരിക്കപ്പെടണമെങ്കില്‍ ബൂര്‍ഷ്വാ എന്ന പദം ഉപയോഗിച്ചേ തീരൂ.

സ്വാതന്ത്ര്യസമരകാലത്തെ കഷ്ടപ്പാടെല്ലാം 1947ല്‍ ഭരണം കിട്ടിയപ്പോള്‍ തീരുമെന്നാണ് കരുതിയത്. നമ്മുടെ പാര്‍ട്ടിയാകട്ടെ, സാമ്രാജ്യത്വ ബൂര്‍ഷ്വാസി, ദേശീയ ബൂര്‍ഷ്വാസിയെ ഭരണമേല്‍പ്പിച്ചു നാടുവിട്ടു എന്നാണ് പ്രചരിപ്പിച്ചിരുന്നത്. എന്നും സമരം മതിയോ നമ്മള്‍ക്കും വേണ്ടേ ചില നല്ല മുഹൂര്‍ത്തങ്ങള്‍.

ആറ്റുനോറ്റ് കേരളത്തില്‍ കിട്ടിയ ഭരണത്തെയും നെഹ്രുച്ചേട്ടന്‍ ഭരണഘടനയിലെ വകുപ്പ് 356 ഉപയോഗിച്ച് അടിച്ചോടിച്ചപ്പോള്‍ മറ്റൊരു കാര്യവും മനസിലായി. സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് വല്ല സംസ്ഥാനമോ പഞ്ചായത്തോ ഭരിക്കാമെന്നു വെച്ചാലും കേന്ദ്രന്‍ സമ്മതിക്കില്ല. ആര്‍ക്കായാലും പിടി വിട്ടു പോകും! സഖാക്കളും മനുഷ്യരല്ലെ. അവര്‍ക്കുമില്ലെ പലവിധ മോഹചിന്തകള്‍. അങ്ങനെയാണ് ലൈന്‍ ഒന്നു തിരുത്താമെന്ന് ചില സഖാക്കള്‍ക്ക് തോന്നിയത്.

കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് അല്‍പം വിപ്ലവം അവര്‍ക്കു കൂടി പകരാമെന്നായിരുന്നു സി രാജേശ്വര റാവു മുതല്‍പേരുടെ ലൈന്‍. പനിയൊക്കെ പകരുന്നതു പോലെ, സോഷ്യലിസവും പകരുമെന്നായിരുന്നു സിദ്ധാന്തം. പി സി ജോഷി, സി രാജേശ്വരറാവു, സി അച്യുതമേനോന്‍ ടീമായിരുന്നു ഈ സിദ്ധാന്തം വേവിച്ചെടുത്തത്.

ചില വിപ്ലവകാരികള്‍ മറിച്ചു ചിന്തിച്ചു. കോണ്‍ഗ്രസിന്റെ കൂടെപ്പോയാല്‍ നാമും ദേശീയ ബൂര്‍ഷ്വാസിയാവില്ലേ. അപ്പോള്‍ പാവം തൊഴിലാളിവര്‍ഗത്തെ ആരു നോക്കും? അങ്ങനെ ചിന്തിച്ചു, സഖാക്കള്‍ ബസവപുന്നയ്യയും സുന്ദരയ്യയും സുര്‍ജിത്തും. ഇഎംഎസ്സാകട്ടെ മധ്യമാര്‍ഗം അവലംബിച്ച സെക്രട്ടറി അജയഘോഷിനൊപ്പവും.

തര്‍ക്കം മൂത്തു. കോണ്‍ഗ്രസുമായി ഐക്യപ്പെട്ടാല്‍ ഇന്ത്യ വിപ്ലവത്തിന്റെ സിന്ദൂരപ്പൊട്ടണിയുമെന്ന് സ്വപ്നം കണ്ടവരും, അങ്ങനെ സംഭവിച്ചാല്‍ തൊഴിലാളി വര്‍ഗത്തിന്റെ കട്ടപ്പുകയാവുമെന്ന് വിശ്വസിച്ചവരും പരസ്പരം കണ്ടാല്‍ മിണ്ടാതായി. പിണങ്ങി. വൈരം മൂത്തു. സ്റ്റാലിന്‍ കൊണ്ടുവന്ന പഞ്ചവല്‍സര പദ്ധതി നെഹ്രു കോപ്പിയടിച്ചതോടെ ഇന്ത്യയിലും സോഷ്യലിസത്തിന്റെ പതിനാലാം രാവുദിച്ചെന്ന് ആഹ്ലാദിച്ച് അര്‍മാദിച്ചു, ജോഷി റാവു മേനോന്‍ ടീം. ഇന്തോ ചീനാ ഭായി ഭായി വിളി കൂടി കേട്ടപ്പോള്‍ ആവേശം ഹിമാലയം കയറി ചെങ്കൊടി വീശി.

പിന്നീട് ഇന്ത്യാ ചൈനാ യുദ്ധം വന്നു. അതിര്‍ത്തിയില്‍ ചൈനയുടെയും ഇന്ത്യയുടെയും പട്ടാളം പരസ്പരം കൊന്നു തളളുമ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ അതിനേക്കാള്‍ വലിയ പോരാട്ടമായിരുന്നു. ചൈനയെ അനുകൂലിക്കണമെന്ന് ഒരു വിഭാഗം. പ്രശ്നം ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്ന് മറ്റൊരു വിഭാഗം. വഴക്കായി. പ്രമേയമായി വോട്ടായി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട വിഭാഗം തോറ്റു.

പ്രമേയത്തെ എതിര്‍ത്തവരെ ചൈനാചാരന്മാര്‍ എന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് സഖാക്കള്‍ക്ക് കളി മനസിലായത്. പരമരഹസ്യമായി നടക്കുന്ന പാര്‍ട്ടി യോഗത്തിലെ ചര്‍ച്ചയുടെ പേരില്‍ അറസ്റ്റു നടക്കണമെങ്കില്‍ ഒറ്റിയതാരാണെന്ന് അറിയാന്‍ ദാസ് കാപ്പിറ്റല്‍ കാണാതെ പഠിക്കണോ? പച്ചരിച്ചോറുണ്ണുന്നവന്റെ സാമാന്യബുദ്ധി മതി.

കൂട്ടത്തില്‍ കുറേപ്പേരെ ജയിലില്‍ കിടത്തി റാവു ജോഷി മേനോന്‍ ടീം കളി തുടര്‍ന്നു. ഇഎംഎസായിരുന്നു സെക്രട്ടറി. പാര്‍ട്ടിക്കാരെ ജയിലില്‍ പിടിച്ചിട്ടിരിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സെക്രട്ടറി എഴുതിയ ലേഖനം ചെയര്‍മാന്‍ ഡാങ്കേ പിടിച്ചു വാങ്ങി വലിച്ചു കീറി പറത്തി. അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ ജയിലിലാവും കിടപ്പെന്ന് ഭീഷണിയും മുഴക്കിക്കാണും.

മാവോയും ചെയര്‍മാന്‍, ഡാങ്കെയും ചെയര്‍മാന്‍. ചെയര്‍മാനു മീതെ ഒരു സെക്രട്ടറിയും പറക്കേണ്ടെന്ന് തീരുമാനമായി.

എന്തായാലും ഉടക്കും ഭിന്നതയും മൂര്‍ച്ഛിച്ച് 1964ല്‍ ഒരുസംഘം നാഷണല്‍ കൗണ്‍സിലില്‍ സലാം പറഞ്ഞു പിരിഞ്ഞു. വേറെ പാര്‍ട്ടിയും ഓഫീസുമുണ്ടാക്കി. പ്രവര്‍ത്തനവും തുടങ്ങി. പൊതുപ്രവര്‍ത്തനത്തിന്റെ ഗുട്ടന്‍സ് അറിയാവുന്നവരായിരുന്നു ഇറങ്ങിപ്പോയവരേറെയും.

ജനം ഡാങ്കേ - ജോഷി - രാജേശ്വര റാവു - അച്യുതമേനോന്‍ സംഘത്തിനൊപ്പമല്ലെന്ന് തൊട്ടുപിന്നാലെ കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പ് തെളിയിച്ചു. പരസ്പരം മത്സരിച്ചപ്പോള്‍ സിപിഎമ്മിന് 40 സീറ്റ്. സിപിഐയ്ക്ക് രണ്ടും. ജനം എവിടെയെന്ന് സിപിഐ സഖാക്കള്‍ക്ക് മനസിലായി. തങ്ങളില്‍ നിന്ന് പിരിഞ്ഞ്, തങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയരങ്ങളിലേയ്ക്ക് വളര്‍ന്നവരോട് അവിടെ തുടങ്ങി, ഒരിക്കലും തീരാത്ത പകയും അസൂയയും.

അടിയന്തരാവസ്ഥക്കാലത്താണ് ആ പകയുടെ വൈകൃതവും ആഴവും കൊടിയ ഭീകരതയും കേരളം കണ്ടത്. അതിന്റെ പീഢനം ഏറ്റവും കൂടുതല്‍ അനുഭവിച്ചതോ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. നിയമസഭാ അംഗമായിരുന്ന പിണറായി വിജയനെ ഒന്നര വര്‍ഷം ജയിലില്‍ പാര്‍പ്പിച്ചു.

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X