കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാക്കളേ, വി എസ് ചെയ്ത തെറ്റെന്താണ്?

  • By സമദ് മേത്തര്‍
Google Oneindia Malayalam News

VS
പാര്‍ട്ടി വിലക്ക് മറികടന്ന് മറികടന്ന് കൂടംകുളത്തേക്ക് പോയി, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കാന്‍ ഒഞ്ചിയത്തേയ്ക്ക് പോയി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ചു എന്നീ അതീവഗുരുതരമായ തെറ്റുകള്‍ പ്രതിപക്ഷ നേതാവും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാന്ദന്‍ പാര്‍ട്ടി സംസ്ഥാന സമിതി മുമ്പാകെ ഏറ്റുപറഞ്ഞു കഴിഞ്ഞു.

മാസങ്ങളായി വി എസ്് തെറ്റ് ഏറ്റുപറയാത്തതായിരുന്നു ഇതുവരെ സി പി എം കേരള ഘടകത്തിലുള്ള ഏക പ്രശ്‌നം. അതും പരിഹരിച്ചുകഴിഞ്ഞു. ഇതോടെ കേരളത്തിലെ പാര്‍ട്ടിയിലുള്ള പ്രതിസന്ധിളൊന്നാകെ ഇല്ലാതായി. സി പി എമ്മില്‍ ഇനി പ്രശ്‌നമൊന്നുമില്ല, വിഭാഗീയതയും വലതുപക്ഷവത്ക്കരണവും മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യശാസ്ത്രത്തില്‍ നിന്നുള്ള വഴുതലും ഇനിയുണ്ടാകില്ല. പാര്‍ട്ടി ചട്ടക്കൂട് ഭദ്രം, എണ്ണയിട്ട യന്ത്രംപോലെ പാര്‍ട്ടി ഇനി മുന്നോട്ടുകുതിക്കും.

പ്രിയ സഖാക്കളേ, നിങ്ങള്‍ ഏത് മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. മുകളില്‍ പറഞ്ഞുതുപോലെ വി എസ് ചെയ്‌തെന്നുപറയുന്ന തെറ്റുകളാണോ കേരളത്തിലും ഇന്ത്യാ മഹാരാജ്യത്തിലും സി പി എം നേരിടുന്ന പ്രശ്‌നം! പാര്‍ട്ടിയുടെ ഉള്ളൊന്നാകെ പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോഴും തൊലിപ്പുറം എണ്ണതേച്ചുമിനുക്കി നടക്കുന്ന പാര്‍ട്ടി കമ്മിറ്റികള്‍ ഇനിയെന്നാണ് യാഥാര്‍ത്ഥ്യം തിരിച്ചറിയുക. ഇന്ത്യയിലെ ജനങ്ങള്‍ ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ചതികളും ദ്രോഹങ്ങളും മടുത്ത് അരാഷ്ട്രീയ സംഘങ്ങളുടെയും വ്യക്തികളുടെയും പിന്നാലെ കൂടാന്‍ തുടങ്ങിയിട്ടും വസ്തുത തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്തേ?

വി എസ് കൂടംകുളത്തേക്ക് പോയി എന്നത് തെറ്റാണെന്ന് പറയാന്‍ ഈ ഭൂലോകത്ത് സി പി എമ്മിന് മാത്രമേ കഴിയൂ. ജനങ്ങളുടെ ആശയത്തിലും നിലപാടിലും പ്രവൃത്തിയിലും അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ ഒരു ദേശമൊന്നാകെ, പതിനായിരക്കണക്കിന് വരുന്ന ജനങ്ങള്‍, കുഞ്ഞുകുട്ടി ആണുപെണ്ണടക്കം ജീവന്‍പോലും നല്‍കാന്‍ തയ്യാറായി സമമമുഖത്ത് നില്‍ക്കുമ്പോള്‍ അവരെ കാണാനും പിന്തുണനല്‍കാനും ആശ്വസിപ്പിക്കാനും മനസില്ലാത്ത നേതാക്കള്‍ എന്ത് കമ്മ്യൂണിസ്റ്റുകളാണെടോ മിസ്റ്റര്‍ കാരാട്ടേ, പിണറായീ...

അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പിട്ടതിന്റെ പേരില്‍ കേന്ദ്രമന്ത്രിസഭയുടെ പിന്തുണ പിന്‍വലിച്ച പാര്‍ട്ടി ആണവ റിയാക്ടറിനെതിരെ നടക്കുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല ആണവോര്‍ജ്ജത്തിന് പിന്തുണ നല്‍കുക കൂടി ചെയ്യുന്നതിനെ ആര്‍ക്കാണ് അംഗീകരിക്കാനാവുക? അമേരിക്കയുടെ ആണവോര്‍ജ്ജം നാശകാരിയാണെന്നും റഷ്യയുടെ ആണവോര്‍ജ്ജം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുമെന്നുമുള്ള സി പി എം നേതൃത്വത്തിന്റെ വാദം ജനങ്ങളോടും നാടിനോടും ഈ മണ്ണിനോടും കൂറുള്ള ആര്‍ക്കെങ്കിലും അംഗീകരിക്കാനാകുമോ?

പാര്‍ട്ടി അണികളുടെ അഭിപ്രായം കണക്കിലെടുത്താണോ സി പി എം നേതൃത്വം കൂടംകുളം സമരത്തിനെതിരെ നിലപാടെടുത്തത്? ആണവോര്‍ജ്ജം ആപത്താണെന്ന കാര്യത്തില്‍ തലയ്ക്കകത്ത് ആള്‍താമസമുള്ള ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. സാങ്കേതികവിദ്യയില്‍ മുന്നിട്ടുനില്‍ക്കുന്ന അമേരിക്കന്‍ ആണവവൈദഗ്ധ്യത്തേക്കാള്‍ എത്രയോ അറുപഴഞ്ചനാണ് റഷ്യയുടെ സാങ്കേതികവിദ്യ എന്ന കാര്യം സാമാന്യബുദ്ധിയില്‍ പോലും മനസിലാക്കാന്‍ കഴിയുന്നതാണ്. എന്നിട്ടും സി പി എമ്മിന് ഇപ്പോഴും റഷ്യയാണ് സ്വര്‍ഗം. യഥാര്‍ത്ഥത്തില്‍ കൂടംകുളത്തിന് വേണ്ടി വാദിക്കുന്ന പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരെ സൈബീരിയയിലേക്ക് നാടുകടത്തുകയാണ് വേണ്ടത്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വി എസ് ഒഞ്ചിയം സന്ദര്‍ശനം നടത്തിയതില്‍ അപാതകയുണ്ട്, സംശയമില്ല. എന്നാല്‍ സി പി എം ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോടെ ഒരു മുന്‍ സഖാവിനെ രാത്രിയുടെ മറവില്‍ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തി ഗുണ്ടകളെ ഉപയോഗിച്ച് വെട്ടിനുറുക്കിയതിലും വലിയ പാതകമൊന്നുമല്ല വി എസ് ചെയ്തത്. എന്തേ, ടി പി വധത്തിന്റെ പേരില്‍ ജയിലിലായ നേതാക്കളെക്കുറിച്ച് ഇപ്പോള്‍ സി പി എം നേതാക്കള്‍ കണ്ണീരൊഴുക്കാത്തത്. എന്തേ ടി പി വധത്തിലെ പ്രതികളെ പുറത്തിറക്കാന്‍ പാര്‍ട്ടി നടത്തുന്ന പിരിവ് ഉഷാറാകാത്തത്? ടി പി വധത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞുയരുന്ന ജനരോഷം കണ്ടിട്ടും കണ്ണടച്ചുനില്‍ക്കുന്നവര്‍ക്ക് വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനം കൊടുംപാതകം തന്നെയാണ്.

കേരളത്തിലെ പാര്‍ട്ടിയെ ഗുണ്ടകളുടെയും പെണ്ണുപിടിയന്മാരുടെയും ഭൂമാഫിയകളുടെയും സ്തുതിപാഠകരുടെയും വാലാട്ടികളാക്കി മാറ്റിയതില്‍ പ്രധാന പങ്ക് വഹിച്ച പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കേയോടല്ലേ വി എസ്് ഉപമിച്ചുള്ളൂ. പാര്‍ട്ടിയെ പൊളിച്ചടുക്കിയ ഗോര്‍ബച്ചോവുമാരാണ് യഥാര്‍ത്ഥത്തില്‍ ഇന്നതിനെ നയിക്കുന്നതെന്നായിരുന്നു വി എസ് പറയേണ്ടിയിരുന്നത്.

ഈ പാര്‍ട്ടിയെ ഇന്നും ജനമനസുകളില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന, കമ്മ്യൂണിസത്തിന് ഇനിയും മുന്നോട്ടുപോകാന്‍ ഇടമുണ്ടെന്ന തിരിച്ചറിവ് പകര്‍ന്നുനല്‍കുന്ന ഒരു വന്ദ്യവയോധികനെ ചെന്നായ്ക്കളെപ്പോലെ കൂട്ടംകൂടി ആക്രമിക്കാന്‍ സാഹോദര്യവും മാനവികതയും മുട്ടിന്മുട്ടിന് പ്രയോഗിക്കുന്നവര്‍ക്ക് നാണമില്ലേ? ഈ ആക്രമണങ്ങളിലൊന്നും തളരാതെ വര്‍ദ്ധിതവീര്യത്തോടെ പത്തിനോക്കി തിരിച്ചടിക്കുന്ന വി എസാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്. വി എസ് ഏറ്റുപറഞ്ഞ തെറ്റുകളാണ് നാളെകളുടെ ശരി. അത് തിരിച്ചറിയാത്ത പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ അവകാശമില്ല.

English summary
Opposition leader V S Achuthanandhan told the state commitee meeting that many of his stands countering the party leadership was wrong. The visit to Koodankulam, visit to TP Chandrashekaran's house on the day of Neyyatinkara bypolls was not right, VS said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X