കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി പി എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാകുമോ?

  • By ഷിബു ടി ജോസഫ്‌
Google Oneindia Malayalam News

CPM
സി പി എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നു. തൊഴിലാളി വര്‍ഗസര്‍വ്വാധിപത്യവും വിപ്ലവഭരണകൂടവും സ്വപ്‌നം കാണുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സി പി എം എന്ന പാര്‍ട്ടി ഭരണഘടനാവിരുദ്ധ നടപടികളും രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളുമാണ് മുഖമുദ്രയാക്കിയിരിക്കുന്നതെന്നാണ് പരാതി. പരാതിപ്പെട്ടിരിക്കുന്നത് എന്‍ എസ് യുവിന്റെ കര്‍ണാടകയിലെ മുന്‍ സംസ്ഥാന പ്രസിഡന്റ് എം ഹരീഷ് എന്ന അഭിഭാഷകനാണ്. പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണറിയുന്നത്.

കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ അധികാരം കയ്യാളുകയും തമിഴ്‌നാട്, കര്‍ണാടക, ആന്ദ്ര എന്നിവിടങ്ങളില്‍ ചെറിയ തോതിലുള്ള സ്വാധീനങ്ങള്‍ ചെലുത്തുകയും ചെയ്യുന്ന ദേശീയതലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് സി പി എം. മൂന്നുപതിറ്റാണ്ടിലേറെക്കാലം പശ്ചിമബംഗാള്‍ കയ്യടക്കി ഭരിക്കുകയും ത്രിപുരയില്‍ സമാനാവസ്ഥയില്‍ ഇപ്പോഴും അധികാരത്തില്‍ തുടരുകയും കേരളത്തില്‍ ഒന്നിടവിട്ടുള്ള സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയെക്കുറിച്ച് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമല്ലാതെ കര്‍ണാടകയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത് കൗതുകമുളവാക്കുന്നുണ്ട്.

കൊലപാതകരാഷ്ട്രീയം ഇപ്പോഴും പാര്‍ട്ടി പിന്തുടരുന്നുവെന്നത് എം എം മണിയെപ്പോലെയുള്ള പാര്‍ട്ടി നേതാക്കള്‍ പരസ്യമായും വി എസ് അച്യുതാനന്ദനെപ്പോലുള്ള ഉന്നത നേതാക്കള്‍ വ്യംഗ്യമായും വ്യക്തമാക്കിയിട്ടും കേരളത്തില്‍ നിന്ന് പാര്‍ട്ടിക്കെതിരായ പരാതികള്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ടി പി ചന്ദ്രശേഖരനെന്ന മുന്‍ സി പി എമ്മുകാരന്റെ നിഷ്ഠൂരമായ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ ജനകീയരോഷം കണക്കിലെക്കുക്കുമ്പോള്‍.

നിയമസഭകളിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിനിധികളെ എത്തിക്കാനും ചില അവസരങ്ങളില്‍ കേന്ദ്രഭരണത്തില്‍ അതിശക്തമായ സമ്മര്‍ദ്ദം ചെലുത്താനും കഴിവുള്ള പാര്‍ട്ടിയാണ് സി പി എം. സി പി എമ്മിന്റെ പ്രതിനിധി ലോക്‌സഭാ അധ്യക്ഷപദവിയില്‍ വരെ എത്തിയിട്ടുണ്ടെന്ന വസ്തുത നിലനില്‍ക്കെ പാര്‍ട്ടിയുടെ ആശയങ്ങളും നയപരിപാടികളും പ്രവര്‍ത്തന ശൈലിയും ഭരണഘടനാവിരുദ്ധ നടപടികളും രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളുമാണെന്ന പരാതി ബാലിശമായി തള്ളിക്കളയേണ്ട ഒന്നല്ല.

മറിച്ച് സി പി എം എന്ന പാര്‍ട്ടിയെ ഇഴകീറി പരിശോധിക്കാനും വിലയിരുത്താനും വിമര്‍ശിക്കാനും വേണമെങ്കില്‍ തിരുത്താനുമുള്ള അവസരമായി ഇതിനെ കാണുകതന്നെ വേണം. രാജ്യത്തിന്റെ പൊതുസമ്പത്തിന്റെ ഒരുഭാഗം ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ സി പി എമ്മും അനുഭവിക്കുന്നുണ്ടെന്ന കാര്യവും കണക്കിലെടുക്കണം.

മുന്‍ നക്‌സലൈറ്റും ഇടതുപക്ഷ സൈദ്ധാന്തികനുമായ കെ വേണുവിന്റെ 'ജനാധിപത്യവും സിവില്‍ സമൂഹവും' എന്ന പുസ്തകത്തില്‍ മേല്‍പ്പറഞ്ഞ പരാതിക്ക് ഇടവരുത്തിയ സി പി എമ്മിന്റെ നയങ്ങളെയും പരിപാടികളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശനബുദ്ധ്യാ തുറന്നുകാട്ടിയിട്ടുണ്ട്. ഇതിലെ ചില ഭാഗങ്ങള്‍ ഇവിടെ എടുത്തുചേര്‍ക്കുകയാണ്.

''ഒരുവശത്ത് ഭരണഘടനയെ പിടിച്ച് ആണയിട്ട് എം എല്‍ എമാരും എം പി മാരും ആവുക. മറുവശത്ത് പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന ഓമനപ്പേരിട്ട് അക്രമസമരങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് വിപ്ലവപാര്‍ട്ടി എന്ന പരിവേഷം നിലനിര്‍ത്തുക. സത്യദീക്ഷയോ തത്വദീക്ഷയോ ഇല്ലാത്ത ഇത്തരം പ്രവര്‍ത്തന ശൈലികള്‍ ജനാധിപത്യസമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല...''

തികഞ്ഞ വിപ്ലവപാര്‍ട്ടിയായ കമ്മൂണിസ്റ്റ് പാര്‍ട്ടി 1950ന് ശേഷം സ്റ്റാലിന്റെ ഇടപെടലിലൂടെയാണ് ഇന്ത്യയിലെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സജീവമായി ഇടപെട്ടുകൊണ്ട് വിപ്ലവലക്ഷ്യം നേടിയെടുക്കുക എന്ന പ്രത്യയശാസ്ത്ര നിലപാട് സ്വീകരിച്ചത്. അതായത് ഭരണവും വിപ്ലവവും ഒരുപോലെ കൊണ്ടുനടക്കുകയാണ് സി പി എം എന്ന് ചുരുക്കം.

സ്വാതന്ത്ര്യത്തോടെ ഇന്ത്യ നേടിയെടുത്ത ജനാധിപത്യത്തെ അട്ടിമറിക്കാനും വിപ്ലവം വരുത്താനും ഇന്ത്യ നേടിയ സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്ന് അണികളെ പഠിപ്പിക്കാനും ഇപ്പോഴും കഷ്ടപ്പെടുന്ന സി പി എം യഥാര്‍ത്ഥത്തില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന പരാതി വിശാലാര്‍ത്ഥത്തില്‍ തന്നെ ഇനിയെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പാര്‍ട്ടി വിശ്വസിക്കുന്ന വിപ്ലവത്തിന്റെ ഭാഗം തന്നെയാണ് ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ ഉന്‍മൂലനം എന്നതും ഇത്തരത്തിലുള്ള കൊലകള്‍ പാര്‍ട്ടിക്കാര്‍ക്ക് വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയായതിനാലാണ് പാര്‍ട്ടിക്കാര്‍ക്ക് വലിയ മനസാക്ഷിക്കുത്തുണ്ടാകാത്തതെന്നതും വസ്തുത തന്നെയാണ്.

English summary
Election Commission got a complaint to cancel the registration of CPM. Is collection going to cancell it?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X