• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനശ്രീയാണ് കേരളത്തിലെ പ്രശ്‌നം!

  • By Shibu

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ രാപകല്‍ സമരം പൊടിപൊടിക്കുകയാണ്. എം എം ഹസന്‍ ചെയര്‍മാനായ ജനശ്രീ സുസ്ഥിര വികസന മിഷന് കേന്ദ്ര കൃഷിമൃഗസംരക്ഷണവകുപ്പിന്റെ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്ന് 14.26 കോടി രൂപ ധനസഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട വാദകോലാഹലങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരമായി പരിണമിച്ചത്. കുടുംബശ്രീയെ തകര്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്ന ആക്ഷേപമാണ് സി പി എം നേതൃത്വം ഉന്നയിക്കുന്നത്. പ്രതിപക്ഷം എന്ന നിലയില്‍ സി പി എം അതിന്റെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് നടത്തുന്ന സമരം വരുംദിവസങ്ങളില്‍ പ്രാദേശിക തലത്തിലേക്കും സി പി എം എന്നതില്‍ കവിഞ്ഞ് എല്‍ ഡി എഫിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെ തകര്‍ക്കാനാണ് ജനശ്രീയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നതെന്ന് സി പി എം നേതൃത്വം ജനശ്രീ രൂപീകരിക്കപ്പെട്ട നിമിഷം മുതല്‍ ആരോപണം ഉന്നയിക്കുന്നതാണ്. ഇപ്പോള്‍ ജനശ്രീക്കെതിരെ സി പി എം ഉന്നയിക്കുന്ന ആരോപണത്തില്‍ കാര്യമായ കഴുമ്പുണ്ടെന്ന് പറയാനാകില്ല. ജനശ്രീ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിയതാണ് 14.26 കോടിയുടെ പദ്ധതിയെന്ന കാര്യം പരമസത്യമാണ്. എന്നാല്‍ രാജ്യത്ത് ഒട്ടനവധി സന്നദ്ധസംഘടനകള്‍ വഴി രാഷ്ട്രനിര്‍മ്മാണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കാറുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ കുടുംബശ്രീ സംരക്ഷണത്തിനെന്ന പേരില്‍ സി പി എം സമരത്തിനിറങ്ങിയത് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം.

കുടുംബശ്രീ ഏതാണ്ട് മുഴുവനായും സി പി എമ്മിന്റെ കയ്യിലാണ്. കുടുംബശ്രീയില്‍ കയറിപ്പറ്റാന്‍ കോണ്‍ഗ്രസുകാര്‍ ഏറെ പണിയെടുത്തെങ്കിലും സി പി എമ്മിന്റെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ഇതോടെ കുടുംബശ്രീക്ക് ബദലായി സംസ്ഥാനമൊട്ടാകെ ജനശ്രീ എന്ന പേരില്‍ എം എം ഹസന്‍ ചെയര്‍മാനായി സന്നദ്ധസംഘടന രൂപം കൊണ്ടു. കുടുംബശ്രീയുടെ മോഡലില്‍ തന്നെയാണ് ജനശ്രീയും പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ കുടുംബശ്രീയേക്കാള്‍ ഒരുപടി മുന്നില്‍ ജനശ്രീയെ എത്തിക്കാനാണ് ഹസനും കൂട്ടരും കിണഞ്ഞുപരിശ്രമിച്ചത്. ഇതിനായി മൈക്രോഫിനാന്‍സിംഗ്, എല്‍ ഐ സി ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് കമ്പനികളുമായി യോജിച്ച് ഇന്‍ഷുറന്‍സ് പോളിസികളുടെ കോര്‍പ്പറേറ്റ് ഏജന്‍സി തുടങ്ങിയ ഇടപാടുകളിലൂടെ ജനശ്രീ കോടികളുടെ ആസ്തിയുണ്ടാക്കി. ജില്ലാതല ജനശ്രീ ചെയര്‍മാന്മാര്‍ മുതലാളിമാരായി മാറുകയും ചെയ്തു.

സന്നദ്ധസംഘടന രൂപീകരിക്കുന്നതിന് കുറഞ്ഞത് ഏഴ് അംഗങ്ങളെങ്കിലും വേണമെന്നാണ് കണക്ക്. ജനശ്രീ ഡയറക്ടര്‍ ബോര്‍ഡിലും കോണ്‍ഗ്രസ് നേതാക്കളായ ഏഴുപേരാണുള്ളത്. എം എം ഹസന്‍ ചെയര്‍മാനും ലതിക സുഭാഷ്, തമ്പാനൂര്‍ രവി, പി പി മോഹനന്‍, ടി എം രാഘവന്‍, ആര്‍ പ്രഭ, ബാലചന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമാണ്. 2006ല്‍ രൂപീകരിച്ച ജനശ്രീയുടെ ബാങ്കിംഗ് ഇതര സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ രൂപീകരിച്ച ജനശ്രീ മൈക്രോഫിനാന്‍സ് ലിമിറ്റഡ് രൂപീകരിച്ചത് 2010ലാണ്. ജനശ്രീ മൈക്രോഫിനാന്‍സ് ലിമിറ്റഡിന് 20 ലക്ഷം ഓഹരികളാണുള്ളത്. ഇതില്‍ 19.84 ലക്ഷം ഓഹരികളും ചെയര്‍മാന്‍ എം എം ഹസന് സ്വന്തമാണ്. മറ്റ് ആറ് ഡയറക്ടര്‍മാര്‍ക്കും പതിനായിരം ഷെയറുകള്‍ വീതം അറുപതിനായിരം ഷെയറുകളുണ്ട്. ഇതിനാല്‍ ജനശ്രീ എം എം ഹസന്റെ സ്വകാര്യ കമ്പനിയാണെന്നാണ് സി പി എമ്മിന്റെ ആരോപണം. ഇതില്‍ അസത്യമൊന്നുമില്ലതാനും.

ജനശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുറത്തുവന്നതോടെയാണ് ജനശ്രീ എന്താണെന്നും കോണ്‍ഗ്രസും ജനശ്രീയും തമ്മിലുള്ള ബന്ധമെന്താണെന്നും കോണ്‍ഗ്രസുകാര്‍ പോലും ശരിക്കറിയുന്നത്. ഇത്രയും കാലം സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളില്‍ ഒട്ടുമുക്കാലും കരുതിയത് ജനശ്രീ കെ പി സി സി നടത്തുന്ന പരിപാടിയാണെന്നായിരുന്നു. ആ വിചാരമങ്ങ് മാറിക്കിട്ടിയതാണ് കുടുംബശ്രീയുടെ രാപ്പകല്‍ സമരം കൊണ്ടുണ്ടായ ഏകഗുണം.

കേരളത്തിലെ ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രശ്‌നം ജനശ്രീക്ക് ലഭിച്ച ഫണ്ടാണോ? സി പി എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സമരരംഗത്തെത്തേണ്ട എത്രയോ ജനകീയ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുന്നു. അതിരൂക്ഷമായ വിലക്കയറ്റം സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്. പാചകവാതകത്തിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവ്, കറണ്ട് ചാര്‍ജ്ജ് വര്‍ദ്ധനവ്, ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ്, മാലിന്യപ്രശ്‌നം തുടങ്ങിയ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്തേണ്ടതും പ്രക്ഷോഭത്തിനിറങ്ങേണ്ടതും ആരാണ്? സി പി എം ജനശ്രീക്കെതിരെ ഡോണ്‍ ക്വിക്‌സോട്ടിനെപ്പോലെ പടവെട്ടുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം ഒരു നാടുമുഴുവന്‍ കൂടംകുളത്ത് മാസങ്ങളായി സമരത്തിലാണ്. ഈ സമരത്തെ കണ്ടില്ലെന്ന് നടിച്ചാണ് 14.26 കോടി രൂപയുടെ കേന്ദ്രഫണ്ട് റദ്ദാക്കാന്‍ സി പി എം കുടുംബശ്രീ വനിതകളെ സെക്രട്ടേറിയറ്റ് നടയിലെത്തിച്ചിരിക്കുന്നത്.

English summary
The stand off between the ruling front and the Opposition parties over the Janasree issue has intensified with the latter warning of more agitations and the ruling front remaining adamant on providing projects to all self-help groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more