കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നൂ, കത്തോലിക്കാ കോണ്‍ഗ്രസ്

Google Oneindia Malayalam News

Malayattoor Pilgrim Picture
കേരള രാഷ്ട്രീയത്തില്‍ പുതിയൊരു താരം കൂടി ഉദിച്ചുയരുന്നു. കത്തോലിക്കര്‍ക്ക് മാത്രമായുള്ള കോണ്‍ഗ്രസ് കേരളത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാകണമെന്നാണ് സീറോ മലബാര്‍ ബിഷപ്പ് സിനഡിന്റെ ആഹ്വാനം. അതായത് കത്തോലിക്കാ കോണ്‍ഗ്രസ് എന്ന് പേര് കേട്ടാല്‍ ഇനി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പിണറായി വിജയനുമൊക്കെ ഞെട്ടണം.

ഇതുവരെ കത്തോലിക്കരുടെ ഔദ്യോഗിക പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് ആയിരുന്നു. അതായത് മാണി കോണ്‍ഗ്രസ്. കണ്ട യാക്കോബായക്കാരനും ഓര്‍ത്തഡോക്‌സുകാരനും മാര്‍ത്തോമാക്കാരനുമെല്ലാം കയറി നിരങ്ങാന്‍ തുടങ്ങിയതോടെ കേരളാ കോണ്‍ഗ്രസിന്റെ കത്തോലിക്കാ കൂറ് കുറഞ്ഞു. അത് വകവച്ചുകൊടുക്കാന്‍ കര്‍ദ്ദിനാളും മെത്രാന്മാരും തയ്യാറല്ല. അതോടെയാണ് സഭയ്ക്കുള്ളില്‍ മാത്രം തിരിഞ്ഞുകളിച്ചിരുന്ന അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിനെ സഭ കെട്ടഴിച്ച് പുറത്തേയ്ക്ക് വിടുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ അപ്പാടെ നടത്തിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി അധികാരം കയ്യിലാക്കാനാണ് കത്തോലിക്കാ സഭാധികാരുകള്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ മൂന്ന് വിഭാഗത്തില്‍പ്പെട്ട കത്തോലിക്കരാണുള്ളത്. ഇതില്‍ പ്രബലന്മാരും പാരമ്പര്യം അവകാശപ്പെടുന്നവരും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സീറോ മലബാര്‍ സഭയാണ്. അവരുടെ സംഘടനയാണ് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്.

റോമന്‍ മാര്‍പ്പാപ്പ നേരിട്ട് നിയന്ത്രിക്കുന്ന ലാറ്റിന്‍ കത്തോലിക്കര്‍ക്കും സ്വന്തമായി രാഷ്ട്രീയ സംഘടനയുണ്ട്. കേരള ലാറ്റിന്‍ കാതലിക് അസോസിയേഷന്‍. ഇവരിപ്പോള്‍ പി ടി എ റഹിം നേതൃത്വം നല്‍്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ലാറ്റിന്‍ കാതലിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങിയിട്ടില്ലെങ്കിലും വിവിധ കാലങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ സംഘടനയാണ്.

മറ്റൊരു വിഭാഗം കത്തോലിക്കരായ മലങ്കര കത്തോലിക്കര്‍ക്ക് കാശും പത്രാസും കോളെജും ആശുപത്രിയും കാതോലിക്കാ ബാവയുമൊക്കെയുണ്ടെങ്കിലും മൊത്തത്തില്‍ ഒരു പഞ്ചായത്തില്‍ കൊള്ളാവുന്ന ആളുകള്‍ മാത്രമേയുള്ളൂ. അതിനാല്‍ പാര്‍ട്ടി, സംഘടന, അസോസിയേഷന്‍ തുടങ്ങിയ വീരകൃത്യങ്ങള്‍ക്കൊന്നും അവര്‍ക്ക് പാങ്ങില്ല.

സീറോ മലബാര്‍ സഭയുടെ സമുദായ സംഘടന എന്ന നിലയില്‍ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ഇതുവരെ സഭയിക്കുള്ളിലായിരുന്നു സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. കത്തോലിക്കാ കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനം സഭാധികാരികള്‍ക്ക് നന്നായി ബോധിച്ചതിനാല്‍ അവരുടെ സേവനം പൊതുസമൂഹത്തിലേക്ക് കൂടി വിട്ടുനല്‍കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന് പരിഷ്‌കരിച്ച നിയമാവലിയും സഭാ സിനഡ് അംഗീകരിച്ചുകഴിഞ്ഞു.

കേരളത്തില്‍ എമ്പാടും മുപ്പത് ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങളുണ്ടെന്നാണ് സഭാ നേതൃത്വം തന്നെ പറയുന്നത്. ഇടത്-വലത് മുന്നണികളും മുന്നണികളിലെ പാര്‍ട്ടികളും സീറോ മലബാര്‍ സഭയ്ക്ക് കരുത്തുള്ള ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൃശൂര്‍ എന്നിവിടങ്ങളില്‍ സഭയുടെ ആളുകളെയോ സഭ പറയുന്ന ആളുകളെയോ ആണ് തെരഞ്ഞെടുപ്പില്‍ നിര്‍ത്തുക പതിവ്. സഭയ്ക്ക് കൂറുള്ളവര്‍ അവിടെ ജയിക്കുകയും ചെയ്യും.

സഭയുടെ ശക്തികേന്ദ്രമായ പാലയില്‍ എക്കാലത്തും സഭയുടെ പൊന്നോമന പുത്രനായ കെ എം മാണി തന്നെയാണ് ജയിക്കുക. മാണിയും കേരളാ കോണ്‍ഗ്രസുമൊക്കെയുണ്ടെങ്കിലും ഉപ്പോളം വരില്ലല്ലോ, ഉപ്പിലിട്ടത്. ഇതിനാല്‍ സ്വന്തം പാര്‍ട്ടി, സ്വന്തം എം എല്‍ എ, സ്വന്തം മന്ത്രി എന്ന മധുരമനോഹര സ്വപ്‌നമാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്.

എന്‍ എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്ന് ഭൂരിപക്ഷ സമുദായത്തിന് വേണ്ടി പാര്‍ട്ടിയുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. മുസ്ലീം സമുദായത്തില്‍ മുസ്ലീം ലീഗാണ് മാതൃകാ പാര്‍ട്ടി. പി ഡി പി പൊളിഞ്ഞെങ്കിലും ജമാ അത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രഖ്യാപിച്ച് ക്ലച്ചുപിടിക്കാതിരിക്കുന്നു. എന്‍ ഡി എഫുകാര്‍ എസ് ഡി പി ഐയുണ്ടാക്കി 'കൈവെട്ടും കാല്‍വെട്ടും' തുടരുന്നുമുണ്ട്. എല്ലാ സമുദായങ്ങളും സ്വന്തം പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ സീറോ മലബാറുകാര്‍ മാത്രമെന്തിന് വെറുതെയിരിക്കണം.

English summary
One more political party coming in Kerala, named 'catholic congress'. Is this a departure from Catholics traditional pro-Congress stance?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X