• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാണിസാറിന്റെ ബ്രിട്ടീഷ് പാര്‍ലമെന്റ് മോഹം

  • By ഷിബു ടി ജോസഫ്‌

എമര്‍ജിംഗ് കേരള കത്തുമ്പോള്‍ ധനമന്ത്രി കെ എം മാണി ലണ്ടന്‍ പര്യടനത്തിലാണ്. കേരളാ കോണ്‍ഗ്രസിന്റെ പരമാചാര്യനും അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും പ്രചാരകനും സര്‍വ്വോപരി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനമന്ത്രിയുടെ കസേരയിലിരുന്ന, ഇപ്പോഴും ആ കസേരയില്‍ ഇരിക്കുന്ന മാണി സാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അധ്വാനവര്‍ഗ സിദ്ധാന്തത്തെക്കുറിച്ച് പ്രസംഗിക്കാന്‍ പോകുന്നുവെന്നായിരുന്നു പ്രചരണമുണ്ടായത്. സംസ്ഥാന നിയമസഭയില്‍ വരെ ഇതെക്കുറിച്ച് സംസാരമുണ്ടാവുകയും പാര്‍ലമെന്റുകളുടെ മാതാവായ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ പോകുന്ന കെ എം മാണിക്ക് വമ്പന്‍ ആശംസകള്‍ ഭരണപ്രതിപക്ഷ ഭേദമന്യേ ലഭിക്കുകയും ചെയ്തു. ഈ സൗഭാഗ്യത്തില്‍ അസൂയപ്പെട്ട രാഷ്ട്രീയക്കാരും നേതാക്കളും ഏറെയായിരുന്നു.

അധ്വാനിക്കുന്ന ജനവര്‍ഗത്തിന് സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത സാക്ഷാല്‍ കാറല്‍ മാര്‍ക്‌സ് ജീവിച്ച അതേ ലണ്ടനില്‍ ചെന്ന്, അതും ലണ്ടന്‍ പാര്‍ലമെന്റില്‍ ചെന്ന് അധ്വാനവര്‍ഗ സിദ്ധാന്തത്തെക്കുറിച്ച് കേരളത്തില്‍ നിന്ന് കെ എം മാണിയെത്തി പ്രസംഗിക്കുക എന്നത് വലിയൊരു സംഭവം തന്നെയാണെന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ! മാര്‍ക്‌സ് ജീവിച്ചുമരിച്ച ലണ്ടനില്‍ ചെന്ന് അധ്വാനവര്‍ഗത്തെക്കുറിച്ച് സംസാരിക്കുന്നത് കടപ്പുറത്ത് പൂഴിയിറക്കുന്നതിന് തുല്യമാണെന്നതുകൊണ്ടാണ് മാണിസാറിന്റെ ലണ്ടന്‍ പര്യടനം ലോകശ്രദ്ധയാകര്‍ഷിച്ചത് തന്നെ. മാണിസാറിന്റെ അധ്വാനവര്‍ഗസിദ്ധാന്ത പ്രഭാഷണം സായിപ്പിനെ കോള്‍മയിര്‍കൊള്ളിക്കുമെന്നായിരുന്നു ഈ വാര്‍ത്തയറിഞ്ഞ മലയാളികള്‍ കരിതിയത്. അതില്‍ അവര്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു.

ധനമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ പത്രക്കുറിപ്പില്‍ ബ്രീട്ടീഷ് പാര്‍ലമെന്റില്‍ നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാനും അധ്വാനവര്‍ഗസിദ്ധാന്തത്തെക്കുറിച്ച് സംസാരിക്കാനുമാണ് മന്ത്രി പോകുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കള്ളിവെളിച്ചത്തായത് ലണ്ടനില്‍ മന്ത്രി കെ എം മാണിക്ക് സ്വീകരണം നല്‍കിയ വാര്‍ത്ത ചില ന്യൂസ് പോര്‍ട്ടലുകളില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോഴാണ്.

മന്ത്രി കെ എം മാണിക്ക് സ്വീകരണമൊരുക്കുന്നത് കേരള പ്രവാസി കോണ്‍ഗ്രസി(എം)ന്റെ നേതൃത്വത്തിലാണ്. കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) കെ എം മാണി സാര്‍ പരമാചാര്യനായ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രവാസി സംഘടനയാണ്. അതായത് കോട്ടയത്തും പാലായിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും നിന്ന് ലണ്ടനിലെത്തിയ അച്ചായന്മാരുടെ സംഘടനയാണ് മന്ത്രി കെ എം മാണിക്ക് സ്വീകരണം നല്‍കുന്നത്. ഇനി ലണ്ടന്‍ പാര്‍ലമെന്റില്‍ വച്ചാണ് സ്വീകണമെന്നതും നൂറ് ശതമാനം ശരിയാണ്. സാങ്കേതികമായി ചെറിയൊരു പിശകുണ്ടെന്ന് മാത്രം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ സ്വീകരണം ലഭിച്ച് സാക്ഷാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലല്ല മാണി സാര്‍ പ്രസംഗിക്കുക. മറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്ഹാളിലാണ് മാണിസാര്‍ പ്രസംഗിക്കുക.

ബ്രിട്ടീഷ് പാര്‍ലമെന്റ് സമുച്ചയത്തില്‍ വാടകയ്ക്ക് കൊടുക്കുന്ന ഹാളുകള്‍ അനേകമുണ്ട്. ഏതെങ്കിലും ബ്രിട്ടീഷ് എം പിയുടെ ശുപാര്‍ശ കത്തുണ്ടെങ്കില്‍ ആര്‍ക്കും ഹാള്‍ വാടകയ്ക്ക് എടുത്ത് പരിപാടികള്‍ നടത്താം. അത്തരത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരു ഹാള്‍ പ്രവാസി കോണ്‍ഗ്രസുകാര്‍ വാടകയ്ക്ക് എടുത്ത് അവരുടെ സ്വന്തം ചെലവില്‍ പാര്‍ട്ടി നേതാവിന് സ്വീകരണമൊരുക്കുകയായിരുന്നു. അതായത് ലണ്ടനിലുള്ള കോട്ടയത്തുകാരോട് പച്ചമലയാളത്തില്‍ തന്നെയാണ് കെ എം മാണി അധ്വാനവര്‍ഗസിദ്ധാന്തം വച്ചുകാച്ചുന്നതെന്ന് ചുരുക്കം.

കെ എം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കുമെന്ന് പറഞ്ഞുപ്രചരിപ്പിച്ചവര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് ശേഷമുള്ള 'ഹാള്‍' വിഴുങ്ങിക്കളയുകയായിരുന്നുവെന്ന് ചുരുക്കം. കെ എം മാണിയുടെ സൗഭാഗ്യത്തില്‍ അസൂയപൂണ്ട ഒട്ടേറെ നേതാക്കളും മന്ത്രിമാരും എം എല്‍ എമാരും ഈ പച്ചപ്പരമാര്‍ത്ഥം ഇപ്പോഴും അറിഞ്ഞിട്ടുണ്ടോ എന്ന് നിശ്ചയമില്ല. ലണ്ടനിലെ സ്വീകരണമേറ്റുവാങ്ങാന്‍ മാണിസാര്‍ ഒറ്റയ്ക്കല്ല പോയിരിക്കുന്നത്. ഭാര്യ കുട്ടിയമ്മയും പെണ്‍മക്കളായ ആനിയും ടെസിയും മരുമകന്‍ ഡോ. സുനിലും അധ്വാനവര്‍ഗസിദ്ധാന്തപ്രഭാഷണം കേട്ട് കയ്യടിക്കാന്‍ ലണ്ടനിലുണ്ട്. പ്രഭാഷണപരമ്പരയ്ക്കിടെ മാണിസാര്‍ ഓക്‌സ്ഫഡിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പോകുന്നുണ്ട്. സ്ഥലം കാണാന്‍ വേണ്ടി മാത്രം.

English summary
Minister KM Mani's claim that he will be felicitated by the UK Houses of Parliament is not true.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more