കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് വില്ലന്‍? റൗഫോ! കുഞ്ഞാലിക്കുട്ടിയോ!

  • By സമദ് മേത്തര്‍
Google Oneindia Malayalam News

Kunjalikkutty-Rauf
മിത്രങ്ങള്‍ ശത്രുക്കളാവുമ്പോള്‍ പൊട്ടലിന്റെയും ചീറ്റലിന്റെയും ഉഗ്രത കൂടും. ഒരേ കരുത്തുള്ള രണ്ട് വീരന്മാര്‍ ശത്രുക്കളാകുമ്പോള്‍ പൊരിഞ്ഞ ശണ്ഠ തന്നെ നടത്തും. എന്നാല്‍ രണ്ട് വില്ലന്മാര്‍ ശത്രുക്കളാവുമ്പോള്‍ സംഗതി ഗുരുതരമാകും. ചീഞ്ഞുനാറുന്നതും അളിഞ്ഞഴുകിയതുമൊക്കെ പരസ്പരം വാരിയെറിയും. ഇത് ചുറ്റുപാടിനെക്കൂടി നാറ്റിക്കും. ഇതാണിപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങളുടെയും കേസുകളുടെയും ഭീഷണികളുടെയും ഇടയില്‍ നടക്കുന്നത്.

ഇതുകൊണ്ട് പൊതുസമൂഹത്തില്‍ ചില നാറ്റങ്ങളുണ്ടാകുമെങ്കിലും വില്ലന്മാര്‍ ഒറ്റയ്ക്കും കൂട്ടായും നടത്തിയ അക്രമങ്ങളും തട്ടിപ്പുകളും കൊള്ളകളും കൊള്ളരുതായ്മകളും പുറത്തുവരുമെന്ന പ്രയോജനമുണ്ട്. ഐസ്‌ക്രീം പെണ്‍വാണിഭക്കേസിന്റെ കാലത്തും അതിന് മുമ്പും ആത്മാര്‍ത്ഥ സുഹൃത്തുക്കളും പങ്കുകച്ചവടക്കാരുമായിരുന്നു ബന്ധുക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും. മുസ്ലീംലീഗ് നേതാവും ഇപ്പോള്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിക്കാഹ് ചെയ്ത അതേ വീട്ടില്‍ നിന്ന് തന്നെയാണ് കെ എ റൗഫും വിവാഹം ചെയതത്.

അതായത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരിയാണ് റൗഫിന്റെ ഭാര്യ. സഹോദരഭര്‍ത്താക്കള്‍ എന്നതിനപ്പുറം ഇവര്‍ ഇരുവരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളും ഇടപാടുകളും ഐസ്‌ക്രീം കേസിന്റെ കാലത്ത് തന്നെ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഏറെക്കുറെ വ്യക്തമായിരുന്നെങ്കിലും ഇവര്‍ ഒന്നിച്ച് നടത്തിയ ഇടപാടുകള്‍ പിന്നീട് കെ എ റൗഫിന്റെ വായില്‍ നിന്ന് തന്നെ പുറത്തുവന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടിത്തരിച്ചാണ് കേട്ടിരുന്നത്.

മുസ്ലീം ലീഗിന്റെ അനിഷേധ്യ നേതാവും പലവട്ടം മന്ത്രിയാവുകയും ഇപ്പോഴും മന്ത്രിസ്ഥാനത്തിരിക്കുകയും ചെയ്യുന്ന പി കെ കുഞ്ഞാലിക്കുട്ടി പ്രധാനപ്രതിയായി വന്ന കേസാണ് കോഴിക്കോട്ടെ ഐസ്‌ക്രീം പെണ്‍വാണിഭക്കേസ്. കോഴിക്കോട് ബീച്ചിന് സമീപം ഐസ്‌ക്രീം പാര്‍ലര്‍ നടത്തുന്ന ശ്രീദേവി എന്ന സ്ത്രീ കുഞ്ഞാലിക്കുട്ടി അടക്കം സമൂഹത്തിലെ രാഷ്ട്രീയ വ്യവസായരംഗത്തെ വമ്പന്മാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നുണ്ടെന്ന വിവരം കെ അജിതയുടെ അന്വേഷിയാണ് പുറത്തുകൊണ്ടുവരുന്നത്.

ഇരകളായ പെണ്‍കുട്ടികളില്‍ നിന്ന് മൊഴിയെടുക്കുകയും പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാവുകയും ചെയ്തതോടെ നീരാ റാവത്ത് എന്ന അന്നത്തെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് ചാര്‍ജ്ജ് ചെയ്യുകയും തുടര്‍ന്ന് ഏറെ കോളിളക്കമുണ്ടാക്കുകയും ചെയ്ത സംഭവമാണ് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം. ഈ കേസ് അട്ടിമറിക്കാന്‍ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന എല്‍ ഡി എഫ് സര്‍ക്കാരും പൊലീസ് ഉന്നതരും നീതിന്യായവ്യവസ്ഥയും നടത്തിയ അവിഹിത ഇടപെടലുകളും കൊടിയ അഴിമതിയും ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തല്‍ ഹോളിവുഡ്് സിനിമയെ വെല്ലുന്ന അക്രമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.

ഐസ്‌ക്രീം കേസ് തുടങ്ങുന്ന കാലത്തും അതിന് ശേഷവും കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയ റൗഫ് അന്ന് ചെലവഴിച്ച പണത്തിന്റെ കണക്കുകളും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നവരെക്കുറിച്ച് നല്‍കിയ സൂചനകളും ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരെ വിലയ്ക്കടുത്ത വിവരവും കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കടത്തിയതും ഇരകളായ പെണ്‍കുട്ടികളെ സ്വാധീനിച്ചതും തെളിവ് നശിപ്പിക്കാന്‍ സ്വീകരിച്ച് മാര്‍ഗങ്ങളും സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഐസ്‌ക്രീം കേസില്‍ നടത്തിയ ഇടപെടലുകളുമൊക്കെ പിന്നീട് വെളിപ്പെടുത്തി.

കേസിലെ ഇരകളായ റജീനയടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് ലക്ഷങ്ങള്‍ കൊടുത്ത് സംരക്ഷിച്ചതും ചില സാക്ഷികളെ ഗള്‍ഫിലേക്ക് കടത്തിയതും ചിലരെ ഭ്രാന്താശുപത്രിയിലാക്കിയതുമൊക്കെ റൗഫ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഐസ്‌ക്രീം കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ മാത്രമല്ല, ഒട്ടേറെ സ്ത്രീകള്‍ ഈ സംഘത്തിന് ഇരകളായിട്ടുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെപോലും പെണ്‍വാണിഭസംഘം ഉപയോഗിപ്പെടുത്തിയിട്ടുണ്ടെന്നും ഐസ്‌ക്രീം കേസിനിടെ ആത്മഹത്യ ചെയ്ത രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ മരണവുമായി ഇതിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നുമൊക്കെയുള്ള വിവരങ്ങള്‍ക്ക് സ്ഥിരീകരണമുണ്ടാകുന്നത് റൗഫിന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ്.

സാധാരണ രാഷ്ട്രീയ നേതാവെന്നതില്‍ ഉപരി പി കെ കുഞ്ഞാലിക്കുട്ടി അധികാരത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ആള്‍രൂപമായി മാറിയതിന്റെ ചരിത്രവും റൗഫിന്റെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ മക്കള്‍ക്കും മരുമക്കള്‍ക്കും വന്‍നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടി പടുത്തുയര്‍ത്തിയിട്ടുണ്ടെന്നും ഇതൊക്കെ മന്ത്രിക്കസേരയിലിരുന്ന് നടത്തിയ അവിഹിത ഇടപെടലുകളിലൂടെ സമ്പാദിച്ചതാണെന്നും റൗഫ് പത്രസമ്മേളനം നടത്തി വിശദീകരിച്ചത് ത്രില്ലര്‍ സിനിമ കാണുന്ന ആവേശത്തോടെയാണ് കേരളം കേട്ടിരുന്നത്.

വ്യവസായി എന്ന് സ്വയം അഭിസംബോധന ചെയ്യുന്ന കെ എ റൗഫ് കേരളത്തിന് പുറത്ത് വിദ്യാഭ്യാസം നേടിയ ആളായതിനാല്‍ രാഷ്ട്രീയനേതാവ് എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിക്ക് റൗഫ് വിശ്വസ്തസഹയാത്രികനായിരുന്നു. നിയമത്തിന്റെ നൂലാമാലകള്‍ ഇഴകീറി വാദിക്കുന്ന റൗഫിന് ഇംഗ്ലീഷ് ഭാഷയിലും അസാമാന്യമായ വഴക്കമുണ്ട്. ഇതാണ് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയുള്ള ഇടപാടുകള്‍ നടത്താന്‍ റൗഫിന് സഹായകരമായത്. റിയല്‍ എസ്‌റ്റേറ്റ്, റബ്ബര്‍ ഫാക്ടറി എന്നിവ നടത്തുന്ന റൗഫ്, വന്‍കിടക്കാര്‍ പണം പലിശയ്ക്ക് നല്‍കുന്നയാളാണെന്നും ലീഗ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ വ്യാജരേഖ ചമച്ച് മഹാരാഷ്ട്രയിലും ഗോവ അതിര്‍ത്തിയിലും നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വന്തമാക്കിയതിന്റെ പേരില്‍ റൗഫിനെതിരെ കേസുകളുമുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഭീഷണിപ്പെടുത്തല്‍, റബ്ബര്‍ ഫാക്ടറി കത്തിച്ചത് തുടങ്ങിയ കേസുകളും റൗഫിനെതിരെയുണ്ട്.

അടുത്ത കാലത്താണ് കെ എ റൗഫും പി കെ കുഞ്ഞാലിക്കുട്ടിയും അകലുന്നതും കൊടിയ ശത്രുക്കളാകുന്നതും. ശത്രുതയ്ക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് ഇരുകൂട്ടരും പറയുന്നത് വിശ്വസനീയമായ കാര്യങ്ങളല്ല. വലിയതോതിലുള്ള പണിമിടപാടിന്റെയോ ബിസിനസ് താല്‍പര്യങ്ങളുടെയോ പേരിലായിരിക്കും ഇവര്‍ തമ്മില്‍ ശത്രുക്കളായതെന്ന് വ്യക്തമാണ്. കുഞ്ഞാലിക്കുട്ടിക്ക് പണം പ്രശ്‌നമല്ല, എന്നാല്‍ റൗഫ് പണത്തിന്റെ ആളാണ്. ഇവര്‍ ശത്രുക്കളായതോടെ പിന്നീടുണ്ടായത് സംഭവങ്ങള്‍ മാധ്യമചരിത്രത്തില്‍ എഴുതപ്പെട്ട ത്രില്ലറുകളാണ്. റൗഫിന്റെ പത്രസമ്മേളത്തില്‍ കാലുകുത്താനിടയില്ലാത്ത വിധം തിരക്കായിരിക്കും.

അത് മുഴുവന്‍ സമയവും ലൈവായി ടെലകാസ്റ്റ് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ മത്സരിച്ചു. റൗഫിന്റെ സഹായത്തോടെ ചില ദൃശ്യമാധ്യമങ്ങള്‍ ഒളിക്യാമറാ ഉപയോഗിച്ച് ചില കെണികള്‍ ഒരുക്കുക വരെ ചെയ്തു. ഹൈക്കോടതി ജഡ്ജിമാര്‍ പണം വാങ്ങിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാനായിരുന്നു ഇത്. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ ഉണ്ടായ ശ്രമങ്ങളുടെ തെളിവുകളും രേഖകളും ഉള്‍പ്പെടെയാണ് റൗഫ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പുന്നാലെ നടന്ന് വേട്ടയാടുന്ന വി എസ് അച്യുതാന്ദന്‍ അടക്കമുള്ളവരെ റൗഫ് ഉപയോഗിച്ചു.

തുടര്‍ന്ന് റൗഫ് ലീഗിന്റെ ശത്രുക്കളായ ഐ എന്‍ എല്ലില്‍ ചേര്‍ന്ന് രാഷ്ട്രീയക്കാരനുമായി. പിന്നീട് റൗഫിനെ കുരുക്കാന്‍ കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും നടത്തിയ നിരന്തരശ്രമങ്ങള്‍ക്കൊടുവിലാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്നത്. ഐസ്‌ക്രീം കേസൊതുക്കാനും കുഞ്ഞാലിക്കുട്ടിയുമായുള്ള ശത്രുതയില്ലാതാക്കാനും വേണ്ടി ലീഗ് പ്രാദേശിക നേതാവിനെ റൗഫ് സമീപിച്ചെന്നും അത് പിന്നീട് ഭീഷണിയായി മാറിയെന്നും റൗഫിന്റെ സംഭാഷണം റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നുമാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ലീഗ് നേതാക്കള്‍ റൗഫിനെ സമീപിക്കുകയായിരുന്നെന്നും ഇവരുടെ സംഭാഷണം റൗഫ് റിക്കോര്‍ഡ് ചെയ്തതോടെയാണ് ഇവര്‍ റൗഫിനെതിരെ കേസെടുപ്പിക്കാന്‍ കരുക്കള്‍ നീക്കിയതെന്നുമാണ് ഐ എന്‍ എല്‍ നേതാക്കള്‍ പറയുന്നത്.

കഥയായാലും വസ്തുതയായാലും കുഞ്ഞാലിക്കുട്ടിയും റൗഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ തന്നെയാണ്. ഇതില്‍ ഏതാണ് കൊള്ളാവുന്നത് എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. രണ്ടും കെട്ടതാണ്. രണ്ടും പൊതുസമൂഹത്തിന് ആപത്ത് തന്നെയാണ്. സ്വന്തം സുഖത്തിനായി അധികാരവും സ്വാധീനവും അഴിമതിപ്പണവും ഒരാള്‍ ഉപയോഗിക്കുന്നു. മറ്റൊരാള്‍ അയാളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. രണ്ടും കൊടിയ വില്ലന്മാര്‍ തന്നെ. ഇതില്‍ ആരാണ് മികച്ചതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

English summary
Malappuram first class judicial magistrate court has sent Indian National League leader K A Rauf to police custody, in connection with a case of blackmailing industries minister P K Kunhalikutty. Who is right? Kunhalikutty or Rauf?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X