കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് എന്നാണ് വര്‍ഗീയത ഇച്ചീച്ചിയായത്?

Google Oneindia Malayalam News

Pinarayi
കേരളത്തില്‍ ഉള്‍പ്പെടെ വര്‍ഗീയത ശക്തിപ്പെടുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഉണ്ടായ ഉടന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അതേറ്റുപിടിച്ചു. കേരളത്തില്‍ വര്‍ഗീയത ശക്തിപ്പെടാന്‍ കാരണം യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകളാണെന്നാണ് പിണറായി സഖാവിന്റെ കണ്ടെത്തല്‍.

സഖാവ് പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പും മദനിയുടെ ഒപ്പമിരുന്നതും മറന്നേ പോയെന്ന് തോന്നുന്നു. പി ഡി പിക്ക് വേണ്ടി സി പി ഐക്കാര്‍ക്കിട്ട് പണിഞ്ഞത് പിന്നെയാരാണ്? കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മദനിക്ക് ശംഖുമുഖത്ത് സ്വീകരണം നല്‍കിയപ്പോള്‍ പോയി പ്രസംഗിച്ച പാര്‍ട്ടി സഖാക്കളുടെ ലിസ്റ്റ് പിണറായി സഖാവിന്റെ കയ്യിലില്ലേ?

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖാവിന്റെ പാര്‍ട്ടിക്കാര്‍ കാന്തപുരത്തിന്റെ ആസ്ഥാനത്ത് കയറിയിറങ്ങിയതും ജമാ അത്തെ ഇസ്ലാമിക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതും തലശേരിയില്‍ ഉള്‍പ്പെടെ എന്‍ ഡി എഫിന്റെ സഹായം തേടിയതും അറിഞ്ഞ മട്ടേയില്ല. പഞ്ചായത്ത് തലങ്ങളില്‍ അടവുനയമുണ്ടാക്കി ലീഗിനൊപ്പം മത്സരിച്ചതും അധികാരം പങ്കിടുന്നതും പാര്‍ട്ടി സെക്രട്ടറിക്കറിയില്ല!

മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സ്പര്‍ദ്ധ മുതലെടുത്ത് മലപ്പുറം ജില്ലയില്‍ മുതലെടുക്കാന്‍ സി പി എം നടത്തിയ ശ്രമങ്ങളെ എങ്ങനെയാണ് കേരളത്തിന് മറക്കാനാവുക. മഞ്ചേരി ലോക്‌സഭാ സീറ്റ് പിടിച്ചത് തികച്ചും ജനാധിപത്യസമ്പ്രദായങ്ങള്‍ പിന്തുടര്‍ന്ന് തന്നെയാണോ? മലപ്പുറത്ത് ചില താല്‍ക്കാലിക വിജയങ്ങള്‍ ഉണ്ടാക്കാന്‍ സി പി എമ്മിന് കഴിഞ്ഞിട്ടുണ്ടെങ്കിലും അടവുകളില്‍ മുസ്ലീം ലീഗിനെ തോല്‍പ്പിക്കാന്‍ സി പി എം ഇനി പല ജന്മങ്ങള്‍ കൂടി ജനിക്കേണ്ടതുണ്ടെന്നതിനാല്‍ മഞ്ചേരി മോഡല്‍ തട്ടിന്‍പുറത്തുവയ്ക്കാന്‍ സി പി എം നിര്‍ബന്ധിതരായതല്ലേ?

വര്‍ഗീയതയെന്ന് കേട്ടാല്‍ ഇപ്പോള്‍ കാറിത്തുപ്പുന്ന സി പി എം കേരളം ഭരിച്ചിരുന്നപ്പോഴല്ലേ എന്‍ ഡി എഫുകാര്‍ മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിമാറ്റിയത്. എന്‍ ഡി എഫിന്റെ പരിഷ്‌കൃത രൂപമായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഫ്രീഡം പരേഡ് എന്ന പേരില്‍ കേരളത്തില്‍ പലയിടങ്ങളിലും ശക്തിപ്രകടനം നടത്തിയത് എല്‍ ഡി എഫ് ഭരണകാലത്തല്ലേ? ന്യൂനപക്ഷത്തിന്റെ പേരില്‍, ബാബറി മസ്ജിദും ഗുജറാത്ത് കലാപവും മുതലെടുത്ത് കേരളത്തില്‍ വര്‍ഗീയത കുത്തിവച്ച സമുദായ സംഘടനകളെ ഏത് രീതിയിലാണ് രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ സി പി എം പ്രതിരോധിച്ചത്.

മറിച്ച് ഇരകളുടെ രാഷ്ട്രീയവും വിളമ്പി വര്‍ഗീയ വിഷവാഹകര്‍ക്ക് കുഴലൂതുകയായിരുന്നില്ലേ സി പി എം? എന്‍ ഡി എഫുകാര്‍ പിന്നീട് സി പി എമ്മിന് ഹറാമായത് സി പി എമ്മുകാരെ തിരിച്ച് വെട്ടാന്‍ തുടങ്ങിയപ്പോഴാണ്. മാത്രമല്ല കേരളത്തിലെ വര്‍ഗീയസംഘടനകളുടെ നേതാക്കളോട് അക്രമത്തെക്കുറിച്ച് ചോദിച്ചാല്‍ പറയുക സി പി എമ്മിന് കൊല്ലും കൊലയുമാകാം, തങ്ങള്‍ക്കെന്തുകൊണ്ട് പറ്റില്ല എന്നാണ്. ഈ സി പി എമ്മാണ് യു ഡി എഫിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖാവ് എം എ ബേബി ഉള്‍പ്പെടെയുള്ളര്‍ അരമനകളില്‍ കയറിയിറങ്ങിയത് വര്‍ഗീയതയെന്ന് കേട്ടാല്‍ കലിപ്പിളകുന്ന പിണറായി സഖാവ് അറിയാതെയാണോ? നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ് ചെയ്ത എല്ലാ വൃത്തികേടുകളും അതേയളവിലല്ലെങ്കിലും സി പി എമ്മും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ചെയ്യുമ്പോള്‍ മതേതരം, നിങ്ങള്‍ ചെയ്യുമ്പോള്‍ വര്‍ഗീയം എന്നുപറയുന്നതില്‍ എന്ത് ന്യായം! മദനി ഒറ്റയ്ക്ക് നിന്നാല്‍ വര്‍ഗീയത, മദനി സി പി എമ്മിനൊപ്പമായാല്‍ പരിപൂര്‍ണ മതേതരം. കോണ്‍ഗ്രസിന്റെ വര്‍ഗീയതയ്‌ക്കെതിരെ ആക്രോശിക്കുന്ന പിണറായിയും കൂട്ടരും കേരളീയ സമൂഹത്തില്‍ നിന്ന് വര്‍ഗീയത തുടച്ചുമാറ്റാന്‍ എന്തൊക്കെ ചെയ്‌തെന്ന് കൂടി പറഞ്ഞാല്‍ കൊള്ളാം.

English summary
Why CPM state secretary Pinarayi Vijayan worries about the ethnic tension in Kerala? Whats his moral right to do so?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X