കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണി, ആറാട്ടുപുണ്ടന്മാര്‍ തലപൊക്കി

  • By ഷിബു ടി
Google Oneindia Malayalam News

മധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവക്കാലത്ത് ആനയെഴുന്നെള്ളിപ്പ് നിര്‍ബന്ധമാണ്. വിവിധ കരകളിലേക്ക് ഓരോ ദിവസങ്ങളില്‍ ദേവിയോ ദേവനോ ആനപ്പുറത്തെഴുന്നെള്ളി കരക്കാരെ നേരിട്ട് കണ്ട് അനുഗ്രഹം ചൊരിയുകയാണ് എഴുന്നെള്ളിപ്പിന്റെ ലക്ഷ്യം. നെറ്റിപ്പട്ടം കെട്ടിയ ലക്ഷണമൊത്ത കൊമ്പന്റെ പുറത്ത് തിടമ്പേറ്റി ദേവന്റെയും ദേവിയുടെയും എഴുന്നെള്ളത്ത് കരയ്ക്കാകെ ഐശ്വര്യം തന്നെയാണ്. പണ്ട് കാലത്ത് കരയിലെ ഒരു പൊട്ടനെ പട്ടുടുപ്പിച്ച് ആനയ്ക്ക് മുമ്പില്‍ നടത്തുമായിരുന്നു. ദേവിക്കും തിടമ്പേന്തിയ ആനയ്ക്കും കണ്ണുപറ്റാതിരിക്കാനുള്ള സൂത്രമായിരുന്നു. ഇത്. ഇങ്ങനെ മുന്നില്‍ നടത്തുന്ന ആളുകളെ ആറാട്ടുപുണ്ടന്മാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. താനാണ് എഴുന്നെള്ളിപ്പ് നടത്തുന്നതെന്നായിരിക്കും ആറാട്ടുപുണ്ടന്റെ വീമ്പടി.

Elephant

തെരഞ്ഞെടുപ്പ് കാലത്തും വോട്ടെണ്ണിക്കഴിയുന്ന നിമിഷത്തിലും ഇതുപോലെ ചില ആറാട്ടുപുണ്ടന്മാര്‍ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ എഴുന്നെള്ളാറുണ്ട്. അത്തവണയും അതിന് മാറ്റമുണ്ടായില്ല. കേരളത്തിലെ പ്രമുഖരായ രണ്ട് ആറാട്ടുപുണ്ടന്മാരുടെ വീമ്പടികളുടെ സാമ്പിലുകള്‍ താഴെക്കൊടുക്കുന്നു. ''നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് വിജയിക്കാന്‍ കാരണം എന്‍ എസ് എസിന്റെ സമദൂര നിലാപാടാണ്. അഞ്ചാം മന്ത്രി പ്രശ്‌നത്തിന്റെ പേരില്‍ എന്‍ എസ് എസ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ യു ഡി എഫ് വിജയിക്കില്ലായിരുന്നു. ഭരണനേട്ടം മാത്രമല്ല യു ഡി എഫിന്റെ വിജയത്തിന് കാരണമായത്. അങ്ങനെയെങ്കില്‍ ഭൂരിപക്ഷം ഇതിലും ഉയര്‍ന്നേനെ'' ജി സുകുമാരന്‍ നായര്‍-എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി.

''നാടാര്‍ സമുദായത്തിന്റെ വ്യക്തമായ പിന്തുണ സെല്‍വരാജിന് ഉണ്ടായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഹിന്ദു, നാടാര്‍ വോട്ടുകള്‍ ഏകോപിക്കുകയും ചെയ്തു. എല്‍ ഡി എഫിന് കണ്ടകശനി ബാധിച്ച സമയത്താണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വന്നത്. ഒഞ്ചിയം കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ സജീവ ചര്‍ച്ചയായി. അതിന്റെയെല്ലാം ക്ഷീണം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കുണ്ടായി'' വെള്ളാപ്പള്ളി നടേശന്‍-എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി.

തെരഞ്ഞെടുപ്പിനോട് മുന്നണികളെയും രാഷ്ട്രീയപാര്‍ട്ടികളെയും കടത്തിവെട്ടുന്ന ശുഷ്‌കാന്തിയും ആക്രാന്തവുമാണ് സമുദായ നേതാക്കള്‍ക്കുള്ളത്. പിന്തുണ വാഗ്ദാനവും വിലപേശലും അവകാശവാദങ്ങളും ഭീഷണിയും ഇവര്‍ മുറപോലെ നടത്തും. കിട്ടുന്ന നാലുവോട്ട് കളയേണ്ടെന്ന് കരുതി രാഷ്ട്രീയ നേതാക്കള്‍ ഇവരുടെ കാലുനക്കും. അപ്പോള്‍ എഴുന്നെള്ളിക്കുന്ന ആനയെക്കാള്‍ ശക്തന്മാരാണ് തങ്ങളെന്ന് ഇവര്‍ക്ക് തോന്നും. ഈ തോന്നല്‍ കുറെക്കഴിയുമ്പോള്‍ ഒരു രോഗമായി മാറുകയും ചെയ്യും. ഇത്തവണ എന്‍ എസ് എസ് ചില്ലറ കൊതിക്കെറുവുകളും സമദൂരവും കൊണ്ട് യു ഡി എഫിനൊപ്പവും എസ് എന്‍ ഡി പി തലയില്‍ മുണ്ടിട്ട് എല്‍ ഡി എഫിനൊപ്പവുമാണ് നിന്നത്.

അതുകൊണ്ട് മാത്രമാണ് വെള്ളാപ്പള്ളി നടേശഗുരുവിന്റെ വോട്ടെടുപ്പാനന്തര പ്രഭാഷണത്തിന് ഗാംഭീര്യം കുറഞ്ഞുപോയത്.
ഈ പണി തന്നെയാണ് തെരഞ്ഞെടുപ്പിന് മുമ്പുവരെ വി എസ് ഡി പി എന്ന നാടാര്‍ സമുദായസംഘടനവും പയറ്റിയത്. വോട്ടെടുപ്പ് വരെ യു ഡി എഫിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വിരട്ടിരസിക്കുകയായിരുന്നു വി എസ് ഡി പി നേതാക്കള്‍. കത്തോലിക്കാ സഭയും ഇതര ക്രൈസ്തവ സഭകളും കുറെക്കാലമായി യു ഡി എഫിനൊപ്പം തന്നെ കൂടാന്‍ നിര്‍ബന്ധിതരായതിനാല്‍ ഇവരുടെ വക അവകാശവാദങ്ങളും വിലപേശലുകളും അധികമൊന്നും ഇത്തവണ കണ്ടില്ല.

നെയ്യാറ്റിന്‍കരയില്‍ മുസ്ലീം സമുദായസംഘടനകള്‍ മരുന്നിന് പോലുമില്ലാത്തതും സ്ഥാനാര്‍ത്ഥികള്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആളുകള്‍ അല്ലാത്തതും ഇരുമുന്നണികളുടെയും ഭാഗ്യമെന്നേ പറയേണ്ടൂ. ഇല്ലെങ്കില്‍ മമ്മൂഞ്ഞ്കാക്കാമാര്‍ വോട്ടുപെട്ടിയുമായി ഇറങ്ങും. 'ഞമ്മളാണ് വോട്ടു മുയുമന്‍ സബൂറാക്കുന്നത്' എന്ന ഭാവവുമായി രാഷ്ട്രീയക്കാരെ വിരട്ടും. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടികളുള്ള ജമാ അത്തെ ഇസ്ലാമിയും എന്‍ ഡി എഫും പിന്തുണ കൊടുക്കുന്നതു കണ്ടാല്‍ പടച്ചതമ്പുരാന്‍ പോലും ഞെട്ടും. 'മുന്നണി ഏതായാലും ഓന്‍ ഞമ്മടെ ആളാണെങ്കില്‍ ഞമ്മള്‍ അബിടെത്തന്നെ കുത്തും' എന്ന നിലപാടാണ് കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ ഈ സമുദായസംഘടനകള്‍ പയറ്റുന്നത്. ഇനി ബി ജെ പിക്ക് വേണ്ടി പുനത്തില്‍ കുഞ്ഞബ്ദുള്ള ഒന്നുകൂടി നിന്നാലും ഇവര്‍ കുഞ്ഞബ്ദുള്ളയ്ക്ക് വേണ്ടി കുത്തും. എ പി സുന്നികളുടെ പരമാചാര്യന്‍ കാന്തപുരം മുസല്യാര്‍ ഇപ്പോള്‍ അങ്ങോട്ട് ചെന്ന് പിന്തുണയ്ക്കില്ല. പിന്തുണ വേണ്ടവര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന 'ആനുകൂല്യങ്ങളുടെ' ലിസ്റ്റുമായി ചെന്ന് മുഖം കാണിച്ചാല്‍ മുസല്യാര്‍ ആലോചിച്ച് പ്രസാദിക്കും. അദ്ദേഹം ആ നിലയ്ക്ക് വളര്‍ന്ന് പന്തലിച്ച പ്രസ്ഥാനമായിക്കഴിഞ്ഞു.

അധികാരക്കൊതിയുടെയും സ്വാധീനത്തിന്റെയും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും വിളനിലമായ സമുദായസംഘടനകളെ തലയില്‍ കയറിനിരങ്ങാന്‍ അനുവദിച്ച മുന്നണി നേതൃത്വങ്ങള്‍ ഇപ്പോള്‍ തലയില്‍ അമേദ്യം പേറുന്ന അവസ്ഥയിലായിട്ടുണ്ട്. ഇവരെ കൊള്ളാനും തള്ളാനും കഴിയാതെ കുഴങ്ങുകയാണ് കേരളത്തിലെ മുന്നണി നേതൃത്വങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വിജയത്തിന്റെ ക്രെഡിറ്റ് വരെ ഇവര്‍ക്കാണ്. മന്ത്രിസ്ഥാനനിര്‍ണയവും കഴിഞ്ഞ് വകുപ്പ് വിഭജനത്തില്‍വരെ കടന്നുകയറി ഇടപെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ഇക്കൂട്ടരെ തന്നെ വൈകാതെ ഭരണം നേരിട്ടേല്‍പ്പിക്കേണ്ടിവരുന്ന ഗതികേടിലായിട്ടുണ്ട് കേരളത്തിലെ രാഷ്ട്രീയക്കാര്‍.

English summary
Congress-led ruling UDF combine in Kerala scored a major political victory on Friday with its nominee R Selvaraj defeating the CPM candidate F Lawrence with a massive majority of over 6300 votes in the bypoll to the Neyyattinkara assembly seat. Shibu's Political Satire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X