കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായരീഴവ ഐക്യം അഥവാ രണ്ട് പുലികള്‍ ഒരു മടയില്‍

Google Oneindia Malayalam News

Sukumaran-Vallappally
പി കെ നാരായണപ്പണിക്കര്‍ തോറ്റ അങ്കത്തട്ടില്‍ പയറ്റാന്‍ കച്ചകെട്ടുകയാണ് ജി സുകുമാരന്‍ നായര്‍. നാരായണപ്പണിക്കരുടെ കാലത്ത് നായരീഴവ ഐക്യം ലക്ഷ്യമാക്കി നടന്ന നീക്കങ്ങള്‍ ദയനീയമായി പരാജയപ്പെട്ടതും തുടര്‍ന്ന് ദീര്‍ഘകാലം നായന്മാര്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ ഭള്ളുപറച്ചിലിന് വിധേയരായതും അഭിമാനമുള്ള നായന്മാര്‍ക്ക് മറക്കാനാകില്ല.

എന്നാല്‍ നാരായണപ്പണിക്കരല്ല സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളിയെപ്പോലെ ആള് പുലിയാണ്. വീണ്ടും നായരീഴവ ഐക്യത്തിനായി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പ്രമേയങ്ങള്‍ പാസാക്കിക്കഴിഞ്ഞു. അതെ, രണ്ട് പുലികള്‍ ഒരു മടയിലേക്കെത്തുകയാണ്. ആരിനി അകത്ത്, ആരിനി പുറത്ത് എന്ന കാര്യം വലിയ താമസമില്ലാതെ അറിയാനാകും. അല്ലെങ്കില്‍ ഏത് പുലി മറ്റേതിനെ കൊന്നുതിന്നുമെന്ന് കണ്ടറിയണം.

ഭൂരിപക്ഷസമുദായങ്ങളുടെ വിശാല ഐക്യം ലക്ഷ്യമാക്കി നായരീഴവ ഐക്യം യാഥാര്‍ഥ്യമാക്കാന്‍ എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡും എസ് എന്‍ ഡി പി യോഗം കൗണ്‍സിലും തീരുമാനിച്ചതോടെ ഭൂരിപക്ഷ സമുദായത്തിന്റെ ശേഷിയും ശക്തിയും എന്തെന്ന് ഇനി കേരളം കണ്ടറിയാന്‍ പോവുകയാണ്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ് എന്‍ ഡി പിയുടെ ആജീവനാന്ത ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഐക്യത്തിന്റെ തിട്ടൂരത്തില്‍ ഒപ്പിട്ടുകഴിഞ്ഞു.

ശനിയാഴ്ച രാവിലെ പെരുന്നയില്‍ ചേര്‍ന്ന എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ്, ഭൂരിപക്ഷ ഐക്യത്തിനുവേണ്ടി എസ് എന്‍ ഡി പി മുന്നോട്ടുവച്ച ഭൂരിപക്ഷ സമുദായൈക്യം എന്ന നിര്‍ദേശം അംഗീകരിച്ചു. ഇക്കാര്യം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിട്ട് വിളിച്ച് അറിയിച്ചു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച രാത്രി എട്ടുമണിക്ക് മൂന്നാറില്‍ ചേര്‍ന്ന എസ് എന്‍ ഡി പി യോഗത്തിന്റെ അടിയന്തര കൗണ്‍സില്‍ യോഗം എന്‍ എസ് എസ്സുമായുള്ള ഐക്യം യാഥാര്‍ഥ്യമാക്കാന്‍ വേണ്ട തുടര്‍ നടപടികള്‍ക്ക് ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എസ് എന്‍ ഡി പി നേതൃയോഗത്തിന്റെ തീരുമാനത്തില്‍ താന്‍ അത്യന്തം അഭിമാനം കൊള്ളുന്നുവെന്ന് ജി സുകുമാരന്‍ നായരും തുടര്‍ന്ന് അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷ സമുദായൈക്യത്തിനായി ജി സുകുമാരന്‍ നായര്‍ തന്നെയാണ് മുന്‍കൈ എടുത്ത് മുന്നോട്ടുപോകുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നായര്‍ സമുദായത്തിന് പിടി അയഞ്ഞുതുടങ്ങിയെന്ന തിരിച്ചറിവാണ് എസ് എന്‍ ഡി പിയെക്കൂടി കൂട്ടുപിടിച്ച് ഒരു ബദല്‍ സമ്മര്‍ദ്ദശക്തികേന്ദ്രം രൂപപ്പെടുത്താന്‍ സുകുമാരന്‍ നായരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

നേരിയ ഭൂരിപക്ഷത്തില്‍ ഭരണം തുടരുന്ന സര്‍ക്കാരില്‍ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും ചെലുത്തുന്ന സ്വാധീനം അതിരുകടക്കുന്നുവെന്ന് കണ്ടതോടെയാണ് എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും സഹികെട്ടത്. അഞ്ചാം മന്ത്രി കൂടി വന്നപ്പോള്‍ സമുദായനേതാക്കളുടെ രോഷം അണപൊട്ടിയൊഴുകിയത് കേരളം കണ്ടതാണ്. മുസ്ലീം സമുദായസംഘനകളുടെ ഒറ്റക്കെട്ടായുള്ള വിലപേശലും മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളും അതിരുവിട്ടുതുടങ്ങിയതും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ക്രൈസ്തവ സമുദായത്തോടുള്ള വിധേയത്വവും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അടക്കം കേരളാ കോണ്‍ഗ്രസിന്റെയും ക്രൈസ്തവസമുദായത്തിന്റെയും നേട്ടവുമാണ് ശത്രുവിനെ മിത്രമാക്കാന്‍ എസ് എസ് എസിനെ പ്രേരിപ്പിച്ചത്.

ഭൂരിപക്ഷ സമുദായൈക്യം നായരീഴവ സമുദായങ്ങളില്‍ മാത്രം ഒതുക്കാന്‍ എസ് എസ് എസ് തയ്യാറല്ല. മറ്റ് ഭൂരിപക്ഷ സമുദായ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി വിശാലമായ ഐക്യത്തിനും അതുവഴി അതിശക്തമായ വിലപേശലിനുമാണ് എസ് എസ് എസിന്റെ ശ്രമം. ഇത്രകാലവും എസ് എസ് എസിന്റെ സമ്മര്‍ദ്ദങ്ങള്‍ യു ഡി എഫിനോട് മാത്രമായിരുന്നു. യു ഡി എഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലുമുള്ള പിടി അയഞ്ഞതോടെ വിശാല സമുദായൈക്യത്തിലൂടെ ഇടതുപക്ഷത്തോടും വിലപേശാനുള്ള ശക്തി സംഭരിക്കുകയാണ് എന്‍ എസ് എസ്.

ഭൂരിപക്ഷസമുദായങ്ങളുടെ വിശാല ഐക്യം തന്നെയാകും ലക്ഷ്യമെന്ന് എന്‍ എസ്എസിന്റെയും എസ് എന്‍ ഡി പിയുടെയും നേതൃത്വം പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ആദ്യപടിയാണ് നായരീഴവ ഐക്യം. ഭൂരിപക്ഷ സമുദായങ്ങള്‍ ഒരുമിച്ചുനിന്ന് രാഷ്ട്രീയാധികാരത്തെ നിയന്ത്രിക്കുന്ന നിര്‍ണായശക്തിയാവുക എന്ന അജണ്ട ചര്‍ച്ചചെയ്യാന്‍ എസ് എന്‍ ഡി പി നേതൃസംഗമം മൂന്നാറില്‍ നടന്നുകഴിഞ്ഞു.

ഭൂരിപക്ഷസമുദായങ്ങളുടെ വിശാല ഐക്യം ലാക്കാക്കി ആദ്യഘട്ടത്തില്‍ നായരീഴവ ഐക്യം സാധ്യമാക്കാന്‍ എന്‍ എസ് എസ് ഏഴിന നയരൂപരേഖയാണ് എസ് എന്‍ ഡി പിക്ക് കൈമാറിയത്. ഭൂരിപക്ഷതാല്പര്യം സംരക്ഷിക്കാന്‍ ഇരുസംഘടനയും ഒരുമിച്ച് പ്രവര്‍ത്തിക്കുക, ഇതിനായി ഇരുസംഘടനയും ഐക്യപ്പെടുക, ഐക്യത്തിന് തടസ്സമാകുന്ന വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക, ഇരുസംഘടനയുടെയും താല്പര്യം സംരക്ഷിച്ച് പരസ്പരസഹകരണത്തോടെ ഐക്യം നിലനിര്‍ത്തുക, മതസാമുദായികരാഷ്ട്രീയ വിഷയങ്ങളില്‍ എന്‍ എസ് എസ്സിന്റെ നിലവിലെ നയം തുടരുക, വിശാലഭൂരിപക്ഷ ഐക്യം ഉറപ്പാക്കുക, മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിലുള്ള ഐക്യമായി പരിമിതപ്പെടാതിരിക്കുക എന്നിവയാണ് എന്‍ എസ് എസ് എസ് എന്‍ ഡി പിക്ക് കൈമാറിയ നയരൂപരേഖയിലുള്ളത്.

നയരേഖയെ പൂര്‍ണമായും വെള്ളാപ്പള്ളി നടേശന്‍ സ്വാഗതം ചെയ്തുകഴിഞ്ഞു. ഭൂരിപക്ഷ ഐക്യം ഇതരമതസ്ഥര്‍ക്ക് ദ്രോഹകരമാകില്ലെന്നും കേവലം മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വ്യാപ്തിയില്‍ തളച്ചിടുന്ന ഐക്യമാവില്ല ഇതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. എന്‍ എസ് എസ് നേതൃത്വം ഉയര്‍ത്തിയ ഐക്യകാഹളം എസ് എന്‍ ഡി പി യോഗം പൂര്‍ണമനസ്സോടെ സ്വീകരിച്ചിരിക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.

പി കെ നാരായണപ്പണിക്കരുടെ കാലത്ത് ശ്രമം നടന്ന നായരീഴവ ഐക്യം അധികാര സമ്മര്‍ദ്ദശക്തി എന്ന നിലയിലല്ല മറിച്ച് ഇരുസമുദായങ്ങളും തമ്മിലുള്ള സ്പര്‍ദ്ധ അവസാനിപ്പിച്ച് സമുദായാംഗങ്ങള്‍ തമ്മിലുളള ഐക്യമാണ് ലക്ഷ്യമാക്കിയത്. അതായത് തൊലിപ്പുറത്തുള്ള ഐക്യം മാത്രമല്ല അന്നു ലക്ഷ്യമിട്ടിരുന്നത്. നായര്‍ ഈഴവ വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരമുള്ള വിവാഹങ്ങള്‍ വരെ ഈ ഐക്യശ്രമം ലക്ഷ്യമിട്ടിരുന്നു. അതിനെ ഇരുവിഭാഗത്തിലെയും മുന്തിയ പ്രമാണിമാര്‍ പൊളിച്ചടുക്കി. വെള്ളാപ്പള്ളിയെപ്പോലെ എന്തിനും പോരുന്നവനാണ് സുകുമാരന്‍ നായര്‍. ഇത്തവണ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കും ഏക അജണ്ട അധികാരവും സ്വാധീനവും അതിനായുള്ള വിലപേശലും മാത്രമാണ്. അതിനാല്‍ ഇരുകൂട്ടരും കണ്ണുമടച്ച് എന്ത് വിട്ടുവീഴ്ചകള്‍ക്കും ഒരുക്കമാണ്. ഈ ഐക്യം ചിലപ്പോള്‍ കുറെക്കാലം നീണ്ടുനിന്നെന്ന് വരും.

English summary
Adding a new dimension to Kerala's fractious socio-political scenario, the SNDP Yogam and Nair Service Society (NSS), community outfits of Backward Class Ezhavas and 'Forward' caste Nairs have decided to come together to safeguard the 'Hindu interests' in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X