കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുടെ ഫ്രീഡത്തിന് വേണ്ടിയാണ് പോപ്പുലര്‍ പരേഡ്?

Google Oneindia Malayalam News

Freedom Parade
പോപ്പുലര്‍ ഫ്രണ്ടിന് സിമി ബന്ധമുണ്ടെന്നും സംസ്ഥാനത്ത് നടന്ന 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും കേരള സര്‍ക്കാര്‍ ഹൈക്കോടതി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത് ഫ്രീഡം പരേഡിന് അനുമതി തേടിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ്. ഈ സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഇവര്‍ നടത്തിയ കൊലപാതകങ്ങള്‍ വര്‍ഗീയ താല്‍പര്യങ്ങളോടെയായിരുന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സാമുദായികതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുന്ന യു ഡി എഫ് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്കെതിരെ ചങ്കൂറ്റത്തോടെ നിലപാടെടുത്തതില്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാതെ അന്ന് ഭരണത്തിലിരുന്ന രാഷ്ട്രീയ നേതൃത്വത്തിന് വഴങ്ങിക്കൊടുത്ത സംസ്ഥാന പൊലീസിന് ഇത് ഒരു പ്രായശ്ചിത്തം കൂടിയാണ്. സമുദായങ്ങളെ സംരക്ഷിക്കാന്‍ അവതരിച്ച യു ഡി എഫ് മുന്നണി ഭരിക്കുമ്പോള്‍, മുസ്ലീം ലീഗ് എന്ന സമുദായപ്പാര്‍ട്ടി സംസ്ഥാന ഭരണത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിവരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പൊലീസ് എടുത്ത നടപടി അഭിനന്ദനാര്‍ഹം തന്നെയാണ്.

എല്ലാത്തലത്തിലും കടുത്ത വര്‍ഗീയ താല്‍പര്യങ്ങളും അജണ്ടകളും വച്ചുപുലര്‍ത്തുകയും സംഘടനയുടെ താല്‍പര്യങ്ങള്‍ മതത്തിന്റെ മൂല്യങ്ങളിലേക്ക് കുത്തിത്തിരുകുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ട് എന്ന് രൂപം മാറിയ എന്‍ ഡി എഫ്, മുസ്ലീം സമുദായത്തിലെ ഒട്ടേറെ സാധുക്കളായ ചെറുപ്പക്കാരെ വഴിതെറ്റിച്ചുവെന്നതില്‍ സംശയമില്ല. ബാബറി മസ്ജിദ്, ഗുജറാത്ത് കൂട്ടക്കൊല തുടങ്ങി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ മുതലെടുക്കുകയായിരുന്നു ഇവര്‍. കേരളീയ യുവത്വങ്ങളില്‍ വിഷംകുത്തിവച്ച് പടര്‍ന്ന് പന്തലിച്ച ഈ സംഘടനയെ എല്ലാ പ്രമുഖ രാഷ്ട്രീയ സംഘടനകളും പല കാലങ്ങളില്‍ ഉപയോഗിച്ചതാണ് ഇവര്‍ ഇത്രയധികം കരുത്തുനേടാന്‍ ഇടയാക്കിയത്. സംരക്ഷകരില്‍ പലരും തള്ളിപ്പറഞ്ഞതോടെ നിലനില്‍പ്പിനായി സ്വന്തം പാര്‍ട്ടിയുണ്ടാക്കി സമ്മര്‍ദ്ദ ശക്തിയാകാനുള്ള തന്ത്രങ്ങള്‍ പയറ്റുകയും ജനാധിപത്യപ്രക്രിയയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ടിവര്‍.

ന്യൂനപക്ഷതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മനുഷ്യാവകാശപ്രവര്‍ത്തനം നടത്തുന്നുവെന്ന പേരില്‍ പുറംപൂച്ച് കാട്ടി താലിബാന്‍ മോഡല്‍ കേരളത്തില്‍ പരീക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഈ സംഘടനയെന്ന് ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. പ്രത്യേക വിചാരണ സംവിധാനങ്ങളും അവയുടെ വിധി നടപ്പാക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലുന്ന അനുയായികളുമുള്ള സംഘടനയുടെ ക്രൂരമായ ചെയ്തികളിലൊന്നായിരുന്നു പ്രവാചകനെ അവഹേളിച്ചുവെന്ന പേരില്‍ മൂവാറ്റുപുഴയില്‍ ജോസഫ് എന്ന കോളെജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയെടുത്ത സംഭവവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതകങ്ങളുമെന്ന് സര്‍ക്കാര്‍ തന്നെ സത്യവാങ്മൂലത്തിലൂടെ സമ്മതിക്കുകയാണ്.

സ്വസമുദായത്തിനുള്ളിലെ അനാചാരങ്ങള്‍ക്കെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ ഈ 'മതവിപ്ലവകാരികള്‍' ഇതുവരെ ശ്രമിച്ചിട്ടില്ല. മുടിപ്പള്ളിയുടെ പേരില്‍ പ്രവാചകനെയും മതത്തെയും വിവാദങ്ങളില്‍ അകപ്പെടുത്തി അപമാനിച്ച സമുദായ നേതാക്കളുടെയും സംഘടനകളുടെയും 'കൈവെട്ടാന്‍' ഇവര്‍ക്ക് ഭയമാണ്. മൈസൂര്‍ കല്യാണമെന്ന ഓമനപ്പേരില്‍ പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികളെ അന്യസംസ്ഥാനത്തുനിന്നെത്തുന്നവര്‍ വിവാഹം ചെയ്യുകയും ഒന്നോ രണ്ടോ വര്‍ഷത്തിനകം ഉപേക്ഷിക്കുകയും ചെയ്യുന്ന ദുരവസ്ഥയ്‌ക്കെതിരെ ഈ വിപ്ലവകാരികള്‍ ഒരക്ഷരം പറഞ്ഞിട്ടോ പ്രവര്‍ത്തിച്ചിട്ടോ ഇല്ല. മലപ്പുറത്തും വയനാട്ടിലും കാസര്‍ക്കോടും വിലസിനടന്ന് സമുദായത്തിലെ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന വിവാഹവീരന്മാര്‍ക്കെതിരെ ഈ സംഘടന ഒരു ചുക്കും ചെയ്തിട്ടില്ല. സമുദായത്തിനകത്ത് കടുത്ത അനീതിക്ക് ഇരയാകുന്ന സ്ത്രീജനങ്ങളെ ഇവര്‍ കണ്ട മട്ടേ കാണിക്കില്ല. മന്ത്രവാദവും ദുരാചാരപ്രവര്‍ത്തനങ്ങളും നടത്തി പാവങ്ങളെ പറ്റിക്കുകയും എല്ലാത്തലത്തിലും ചൂഷണം നടത്തുകയും ചെയ്യുന്ന ദിവ്യന്മാരെ ഇവര്‍ കണ്ടമട്ടില്ല. എന്നാല്‍ അന്യസമുദായത്തില്‍പ്പെട്ട ഏതെങ്കിലും ഒരു ചെറുപ്പക്കാരന്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയോട് വഴിവക്കില്‍ നിന്ന് മിണ്ടിയാല്‍ സദാചാരം സംരക്ഷിക്കാന്‍ ഇവര്‍ ചാടിയെത്തും, ഗുണ്ടകളാകും.

യഥാര്‍ത്ഥത്തില്‍ സമുദായതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഒരു സംഘടന രൂപപ്പെടുന്നതെങ്കില്‍ ആദ്യം സമുദായത്തിനുള്ളിലെ പുഴുക്കുത്തുകള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ അന്യമതങ്ങളെയും സമുദായങ്ങളെയും കൊടിയ ശത്രുതാ മനോഭാവത്തോടെ കാണുകയും തങ്ങളെ എല്ലാവരും ചേര്‍ന്ന് ആക്രമിച്ചില്ലാതാക്കാന്‍ പോവുകയാണെന്ന ധാരണ സ്വസമുദായത്തിനുള്ളില്‍ പരത്തുകയും അതുവഴി മുതലെടുക്കുകയുമാണ് ഇത്തരക്കാര്‍. പ്രതിരോധത്തിനെന്ന പേരിലാണ് പല ചെറുപ്പക്കാരെയും ഇവര്‍ ആകര്‍ഷിക്കുക. ഇവരുടെ പരേഡ് പൊതുസമൂഹത്തെ ഭയപ്പെടുത്താന്‍ വേണ്ടിയാണ്. അതായത് ഒരുതരം ശക്തിപ്രകടനം. അതിനെ ജനാധിപത്യ സമൂഹവും ഭരണകൂടവും ചെറുത്തുതോല്‍പ്പിക്കുക തന്നെ വേണം.

വാല്‍ക്കഷണം: പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നവരെല്ലാം ആര്‍ എസ് എസിന് വേണ്ടി നിലകൊള്ളുന്നവരാണെന്ന മറുവാദമാണ് മിക്കവാറും ഉണ്ടാവുക. എന്നാല്‍ ആര്‍ എസ് എസ് ആണ് സിമി, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് വെള്ളവും വളവുമായെന്നത് യാഥാര്‍ത്ഥ്യമാണ്. ആര്‍ എസ് എസ് മുമ്പ് വിതച്ചതിന് പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ വളമിട്ടുകൊടുക്കുകയാണ്. രണ്ടും ജനാധിപത്യവിരുദ്ധവും രാജ്യദ്രോഹവും തന്നെയാണ്.

English summary
Popular front of india will be organizing a freedom parade in various parts of the country on August 15.As per the organization the parade is against communal fascist powers. Is this right? They have any right to fight against the culprits?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X