കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ രാത്രി ബോട്ട് യാത്ര വിവാദമാകുന്നു

  • By അഭിരാം
Google Oneindia Malayalam News

Anilkumar-Ganesh Kumar
മന്ത്രിയായാലും സാദാ ജനത്തിനായാലും നിയമം ഒന്നു തന്നെ ആയിരിക്കണമെന്നാണ് വെപ്പ്. എട്ടിലെ പശു പുല്ലുതിന്നാറില്ലെന്നതുപോലെ, ഇക്കാര്യത്തിലും സാദാപൗരന്മാര്‍ രണ്ടാംകിടക്കാരാകുമെന്നത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ? എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളിലെങ്കിലും നിയമം എല്ലാവര്‍ക്കും ഒരു പോലെ ആവണ്ട! അതോ സായിപ്പിനെ കാണുമ്പോള്‍ കാവാത്ത് മറക്കുന്നതുപോലെ ഉദ്യോഗസ്ഥവൃന്ദവും മാറേണ്ടതുണ്ടോ?

മന്ത്രി ഏമാന്മാര്‍ ആയാല്‍ സുരക്ഷാക്രമീകരണങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് തേക്കടിയിലെ ടൂറിസം ഉദ്യോഗസ്ഥന്മാര്‍ തെളിയിച്ചിരിക്കുന്നത്. 'ജലകന്യക' എന്ന ബോട്ട് മറിഞ്ഞ് 45 പേര്‍ മരിച്ചത് ഇതേ തേക്കടി തടാകത്തില്‍ തന്നെയായിരുന്നുവല്ലോ. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്ത ബോട്ട്, യാത്രികര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കാതിരുന്നത്, രാത്രി സമയത്തെ ബോട്ട് യാത്ര ഇതൊക്കെയാണ് അപകടകാരണമായി ഇന്ന് കണ്ടെത്തിയത്. ഏറെ 'ഗവേഷണങ്ങള്‍'ക്ക് ശേഷമാണ് അധികൃതര്‍ തേക്കടിയില്‍ ഇപ്പോള്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

തേക്കടിയില്‍ സന്ധ്യമയങ്ങിയാല്‍ കോടമഞ്ഞും ഇരുട്ടും ശക്തമാകും. തടാകത്തിലാവട്ടെ തടിക്കുറ്റികളും ധാരാളം. അതുകൊണ്ട് വൈകീട്ട് ആറിന് ശേഷം ബോട്ട് യാത്ര അനുവദിക്കില്ല. യാത്രികര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം. വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ ശബ്ദമുണ്ടാക്കരുത്.. നിബന്ധനകള്‍ ഈ വിധത്തില്‍ നീളുന്നു.
എന്നാല്‍ നിയമമനുസരിക്കാനും അനുസരിപ്പിക്കാനും ബാധ്യസ്ഥരായ രണ്ടു മന്ത്രി ശ്രേഷ്ഠന്മാര്‍ക്ക് ഇതൊന്നും ഒട്ടും ബാധകമല്ലെന്നാണ് അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും. തേക്കടിയിലെത്തിയ ഇവര്‍ക്ക് രാത്രി തന്നെ ബോട്ട് സവാരി വേണം. ലൈഫ് ജാക്കറ്റ് ഇടാന്‍ സൗകര്യമില്ല. അവരെ തടയാനുള്ള വല്ല കെല്‍പ്പും പാവം ഉദ്യോഗസ്ഥന്മാര്‍ക്കുണ്ടോ? അങ്ങനെ രണ്ടു മന്ത്രിമാര്‍ രണ്ടു ബോട്ടുകളിലായി രാത്രി യാത്ര തുടങ്ങി.

നിയമം ലംഘിച്ച് ബോട്ട് യാത്ര നടത്തിയതുമാത്രമല്ല പ്രശ്‌നം. ഒരു മന്ത്രിയുടെ ബോട്ട് ഇരുട്ടില്‍ കറങ്ങിതിരിഞ്ഞ് മരക്കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ടു. എല്ലാവരും കൂട്ടനിലവിളിയുമായി. ഇതിനിടയില്‍ ബോട്ട് ഒരു മണല്‍തിട്ടയില്‍ ഇടിച്ചുകയറി നിന്നു. ജീവനക്കാര്‍ ഒരു വിധത്തില്‍ അക് കെട്ടിവലിച്ച് കരക്കടുപ്പിച്ചു.

അത് ഭാഗ്യം. എന്നാല്‍ ആ ബോട്ട് മറിഞ്ഞിരുന്നെങ്കിലോ? രണ്ടു മന്ത്രിമാര്‍ കാണിച്ച ധാഷ്ട്യത്തിന് എത്ര ജീവനക്കാര്‍ മറുപടി പറയേണ്ടി വരുമായിരുന്നു. ഈ വിധത്തില്‍ പരസ്യമായി സുരക്ഷാനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച മന്ത്രിമാര്‍ ആരെല്ലാമാണെന്നറിയേണ്ടേ?-ടൂറിസം മന്ത്രി അനില്‍കുമാറും വനം മന്ത്രി കെബി ഗണേഷ് കുമാറും. ആശാനൊന്ന് പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യര്‍ക്ക് എന്നാണല്ലോ പഴമൊഴി.
നിയമം ലംഘിയ്ക്കുന്നത് മന്ത്രിയല്ല ഏത് തമ്പ്രാനായാലും അനുവദിക്കില്ലെന്ന് പറയാനുള്ള ചങ്കൂറ്റം ഉദ്യോഗസ്ഥ മേധാവികള്‍ക്ക് ഇല്ലാത്തിടത്തോളം ഇത്തരം പൊറാട്ട നാടകങ്ങള്‍ അരങ്ങേറി കൊണ്ടിരിക്കുക തന്നെ ചെയ്യും.

English summary
Two minister's violated security rules in Thekkady. One minister narrowly escaped from a boat accident. Read this story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X