കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചിട്ടും വൈരാഗ്യംമറക്കാത്ത നക്ഷത്രങ്ങള്‍

  • By Nirmal
Google Oneindia Malayalam News

Mammootty-Prithvi-Mohanlal
മരണത്തിനു മുമ്പില്‍ വൈരാഗ്യം അലിഞ്ഞുപോകുന്നതാണ് മനുഷ്യ ജന്‍മം. അതാണ് ഭാരതീയ പാരമ്പര്യവും. എത്ര വലിയ ശത്രുവായാലും മരണത്തോടെ ബാക്കിയുള്ളവരില്‍ ഒരിറ്റു കണ്ണീര് അവശേഷിപ്പിക്കും. എന്നാല്‍ ലക്ഷങ്ങള്‍ ആരാധിക്കുന്ന നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് അതില്ലാതെ പോയി.തിലകന്‍ എന്ന അതുല്യ നടന്റെ നിര്യാണത്തില്‍ ഇവരെല്ലാം വാര്‍ത്തത് മുതലകണ്ണീരായിരുന്നെന്ന് ഇപ്പോള്‍ ഉറപ്പായി. മലയാളത്തിലെ ഒറ്റ പ്രധാന താരങ്ങള്‍ പോലും പങ്കെടുക്കാതിരുന്നതില്‍ തിലകനെ സ്‌നേഹിക്കുന്നവര്‍ മാത്രമല്ല എല്ലാത്തരത്തിലുള്ളവരിലും പ്രതിഷേധം കത്തിപ്പടരുകയാണ്.

മലയാളത്തിലെ പ്രധാനതാരങ്ങളൊന്നും ഇന്ത്യയ്ക്കു വെളിയിലോ പെട്ടന്ന് എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലത്തോ ആയിരുന്നില്ല. മമ്മൂട്ടി കോഴിക്കോട്ട് ഷൂട്ടിങ്ങിലായിരുന്നു. മോഹന്‍ലാല്‍ ചെന്നൈയിലും. പ്രധാനയുവതാരം തിരുവനന്തപുരത്തു തന്നെയുണ്ടായിരുന്നു. എന്നിട്ടും തിലകന്റെ മൃതദേഹത്തില്‍ താരസംഘടനയായ അമ്മയ്ക്കു വേണ്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് കുഞ്ചാക്കോ ബോബനും. ഇവിടെയാണ് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞ വാക്കുകള്‍ സത്യമായി വരുന്നത്. മരണാനന്തരം മഹത്വം പറയുകയെന്ന സമൂഹത്തിന്റെ കള്ളത്തരത്തിനു തിലകനും ഇരയാകുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കാമറയ്ക്കു മുമ്പില്‍ നൂറുശതമാനവും സമര്‍പ്പിക്കപ്പെട്ട നടനാണ് തിലകന്‍. അപാരമായ മനോധൈര്യവുമായിട്ടാണ് തിലകന്‍ ക്യാമറയ്ക്കു മുമ്പില്‍ നിന്നത്. ഇങ്ങനെയൊരു താരത്തെ അവസാനമായി ഒരു നോക്കു കാണാന്‍ എത്താന്‍ പോലും ഇവരുടെ തിരക്ക് സമ്മതിച്ചില്ല എന്നു പറയുമ്പോള്‍ ബന്ധങ്ങള്‍ക്ക് എന്തുവിലയാണുള്ളത്.

സിനിമകള്‍ ഒന്നൊന്നായി പൊട്ടി തകര്‍ന്നിരിക്കുന്ന കാലത്ത് മമ്മൂട്ടിയുടെ അടുത്തേക്ക് ശക്തമായൊരു തിരക്കഥയുമായി പുതിയ തിരക്കഥാകൃത്ത് ലോഹിതദാസിനെ പറഞ്ഞയയ്ക്കുന്നത് തിലകനായിരുന്നു. ആ ചിത്രമായിരുന്നു തനിയാവര്‍ത്തനം. മലയാളത്തില്‍ പുതിയൊരു കൂട്ടുകെട്ടിനു തുടക്കമിട്ട തനിയാവര്‍ത്തനം(സിബി മലയില്‍- ലോഹിതദാസ്) മമ്മൂട്ടിയുടെ തിരിച്ചുവരവൊരുക്കിയെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

വേണമെങ്കില്‍ തിലകന് ലോഹിതദാസിനെ മറ്റു താരങ്ങളുടെ അടുത്തേക്കു പറഞ്ഞയയ്ക്കാമായിരുന്നു. പക്ഷേ നിയോഗം അങ്ങനെയായിരുന്നില്ല. മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിന്റെ പിറവിക്കു കാരണക്കാരനാകുകയായിരുന്നു തിലകന്‍. എന്നിട്ടും ആ മനുഷ്യന്‍ ജീവനറ്റു കിടക്കുമ്പോള്‍ ഒരു നോക്കു കാണാന്‍, ആ മുഖത്തു നോക്കി ഒരിറ്റു കണ്ണീര്‍ വാര്‍ക്കാന്‍ ഈ മഹാ നടനു സാധിച്ചില്ല കോഴിക്കോട്ട് നിന്ന് തിരുവനന്തപുരം പോയി വരാന്‍ അത്രയ്ക്കു സമയം വേണോ. പുലര്‍ച്ചെ 3.35ന് മരിച്ച് സംസ്‌കാരം വൈകിട്ട് അഞ്ചിനു ശേഷമായിരുന്നു.

ലാല്‍ ചെന്നൈയില്‍ ചിത്രീകരണത്തിനിടയിലാണെന്നായിരുന്നു ചാനലുകളില്‍ നല്‍കിയ ശബ്ദത്തില്‍ പറഞ്ഞിരുന്നത്. വേണമെങ്കില്‍ അവിടെ നിന്നും എത്താമായിരുന്നു. ലാല്‍ എത്തുമെന്നറിഞ്ഞിരുന്നെങ്കില്‍ എത്ര സമയം വരെയും കാത്തിരിക്കാന്‍ അവര്‍ തയ്യാറാകില്ലായിരുന്നോ. കാരണം തിലകന്‍ സ്വന്തം മക്കളേക്കാള്‍ സ്‌നേഹിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നു. ആ നടന്റെ ഉയര്‍ച്ചയിലും തളര്‍ച്ചയിലും പ്രോല്‍സാഹനം നല്‍കി കൂടെ നില്‍ക്കാന്‍ തിലകന്‍ എപ്പോഴുമുണ്ടായിരുന്നു. മോഹന്‍ലാല്‍ ചില ഉപഗ്രഹങ്ങളുടെ പിടിയിലാണെന്ന് തുറന്നടിച്ചു പറഞ്ഞത് ആദ്യം തിലകനായിരുന്നു. പിന്നീട് ഇക്കാര്യം സംവിധായകന്‍ രഞ്ജിത്ത് വരെ ശരി വച്ചില്ലേ.

ലാലിന്റെ മികച്ച ചിത്രത്തിലെല്ലാം തിലകന്‍ ഉണ്ട്. കിരീടത്തില്‍ സേതുമാധവന്‍ ഉണ്ടാകണമെങ്കില്‍ അച്ഛനായ അച്യുതന്‍നായര്‍ വേണം. എങ്കിലേ അവിടെ പൂര്‍ണത വരൂ. തിലകനെയല്ലാതെ വേരെയാരെ ആ സ്ഥാനത്തു കാണാന്‍ സാധിക്കും. സ്ഫടികത്തില്‍ ആടു തോമയെ എതിര്‍ക്കാന്‍ അച്ഛന്‍ തോമസ് സാര്‍ വേണം. തിലകന്‍ ഇല്ലെങ്കില്‍ ആ ചിത്രവും ഉണ്ടാകുമായിരുന്നില്ല. ഇങ്ങനെയൊക്കെ കൂടെ നിന്ന് പൂര്‍ണത നല്‍കിയ നടനാണ് തിലകന്‍. എന്നിട്ടും അദ്ദേഹത്തെ കാണാന്‍ ലാലും എത്തിയില്ല.

തിലകന്‍ മലയാള സിനിമയുടെ ശാപമാണെന്നു പറഞ്ഞ നടനായിരുന്നു ക്യാപ്ടന്‍ രാജു. എന്നാല്‍ പത്തനംതിട്ടയില്‍ സ്വന്തം സിനിമ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ അതെല്ലാം നിര്‍ത്തി വച്ച് ക്യാപ്റ്റന്‍ എത്തി. തിലകനു മുന്‍പില്‍ സല്യൂട്ട് അടിച്ചാണ് അയാള്‍ ഉപചാരം അര്‍പ്പിച്ചത്. കാരണം ക്യാപ്ടന്‍ രാജു ഒരു മനുഷ്യനായിരുന്നു. മനുഷ്യന്റെ ആത്യന്തികമായ അന്ത്യം എങ്ങനെയായിരുക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു.

മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി തിലകനുമായി നിരന്തര പോരാട്ടമായിരുന്നു. എന്നാല്‍ മരിച്ചതറിഞ്ഞതു മുതല്‍ സംസ്‌ക്കരിക്കുന്നതുവരെ അയാള്‍ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിലകന്‍ ഗണേഷിനെതിരെ ഭയങ്കരമായി പ്രസംഗിച്ചിരുന്നു. പക്ഷേ പിന്നീട് ഇവര്‍ രമ്യതയിലെത്തി. ഇക്കാരണം പറഞ്ഞ് ഗണേഷിനും വരാതിരിക്കാമായിരുന്നു.

തിരുവനന്തപുരത്ത് തിലകന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ ആള്‍ക്കൂട്ടത്തെ ടിവിയില്‍ കണ്ടിരുന്നെങ്കില്‍ ഇവര്‍ക്കു മനസ്സിലാകുമായിരുന്നു തങ്ങള്‍ ചെയ്തത് എത്ര വലിയ തെറ്റായിരുന്നെന്ന്. തിലകന്‍ നിരന്തരം കുറ്റംപറഞ്ഞിരുന്നത് നെടുമുടി വേണുവിനെയായിരുന്നു. അദ്ദേഹവും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു എന്ന് സൂപ്പര്‍ താരങ്ങള്‍ മനസ്സിലാക്കണം. ആരും സൂപ്പര്‍ സ്റ്റാര്‍ ആയി ജനിക്കുന്നില്ല, മരിക്കുന്നുമില്ല. എല്ലാം ജനം കല്‍പ്പിച്ചു നല്‍കുന്ന ബഹുമതികളാണ്. പത്ത് ചിത്രങ്ങള്‍ ഒന്നിച്ചു തകര്‍ന്നാല്‍ ഈ താരപദവിയെല്ലാം പതുക്കെ ഇല്ലാതാകും.

English summary
Fans of Malayalam cinema’s much-loved actor flowed in large numbers to pay, But Super stars like Mammootty, Mohanlal didnt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X