• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെക്രട്ടേറിയറ്റില്‍ മൊബൈല്‍ഫോണ്‍ കൂടി നിരോധിക്കണം

  • By Soorya Chandran

കഴിഞ്ഞ ദിവസം കേരള ജനതയെ മൊത്തം ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടറുകളില്‍ ജീവനക്കാര്‍ ആസ്വദിച്ചിരുന്ന പല വെബ്‌സൈറ്റുകളും സര്‍ക്കാര്‍ അങ്ങ് നിരോധിച്ചു കളഞ്ഞു.

ഫേസ്ബുക്കും, ട്വിറ്ററും, ഗൂഗിള്‍ പ്ലസ്സുമൊക്കെ നോക്കാന്‍ ഇനി സ്വന്തം കമ്പ്യൂട്ടര്‍ തന്നെ ശരണം. എന്തൊരു കഷ്ടാല്ലേ...? സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്ക് മാത്രമല്ല നിരോധനം, വാര്‍ത്ത സൈറ്റുകളുടേയും ചിറകരിഞ്ഞു. ഇനി വാര്‍ത്ത അറിയാന്‍ പുറത്ത് നില്‍ക്കുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ തന്നെ ആശ്രയിക്കേണ്ടി വരും പാവപ്പെട്ട സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക്.

പക്ഷേ ഈ സര്‍ക്കാര്‍ സര്‍ക്കാര്‍ എന്ന് പറയുന്ന ടീം ആരാ മോന്‍. ചന്ദ്രികയുടേയും വീക്ഷണത്തിന്റേയും സൈറ്റുകള്‍ നോക്കി തൃപ്തിഅടയാന്‍ ജീവനക്കാര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ വായിച്ച് ജീവനക്കാരുടെ ആത്മ വിശ്വാസം ചോര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി മാത്രമാണത്രെ ഇങ്ങനെ ഒരു തീരുമാനം.

വേറെ പത്രങ്ങളുടെ വാര്‍ത്തയൊക്കെ വായിച്ചാല്‍ ചിലപ്പോള്‍ ജീവനക്കാര്‍ക്ക് തന്നെ സര്‍ക്കാരിനോട് ദേഷ്യം തോന്നും. അത്തരം വാര്‍ത്തകളല്ലേ ദുഷ്ടന്‍മാര്‍ കൊടുക്കുന്നത്. പിന്നെ ഈ വാര്‍ത്തകളൊക്കെ വായിച്ച് പാവം ജീവനക്കാര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയുും വിമര്‍ശിച്ച് എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കും. ഒടുവില്‍ പാവപ്പെട്ട ജീവനക്കാരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ടിയും വരും. അതിലും എത്രയോ ഭേദമാണ് ഈ കുന്ത്രാണ്ടങ്ങളൊക്കെ നിരോധിക്കുന്നത്.

പക്ഷേ അപ്പോഴും ഒരു സംശയമുണ്ട്. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ജോലി ഭാരം കുറക്കാന്‍ ഈ ഇന്റര്‍നെറ്റ് ഒക്കെയുള്ള കമ്പ്യൂട്ടറുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? സെക്രട്ടേറിയറ്റില്‍ ഇപ്പോഴും ഫയല്‍ നീങ്ങണമെങ്കില്‍ ഗാന്ധിത്തലകള്‍ പേപ്പറുകള്‍ക്കുള്ളില്‍ തിരികിക്കയറ്റണം എന്നാണ് ജന സംസാരം.

പണിയെടുക്കാതെ ഓഫീസിലിരുന്ന് ഇന്റര്‍നെറ്റ് നോക്കി രസിക്കാനാണോ സര്‍ക്കാര്‍ ഈ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. ജനത്തിന്റെ നികുതിപ്പണം ഊറ്റിക്കുടിക്കുന്നത് മതിയാകാതെയാണ് കൈക്കൂലി വാങ്ങി പിന്നെയും പാവങ്ങളെ പിഴിയുന്നത്.

സത്യത്തില്‍ ഈ സൈറ്റുകള്‍ മാത്രം നിരോധിച്ചാല്‍ പോര. മൊബൈല്‍ ഫോണും കൂടി സെക്രട്ടേറിയറ്റിനുള്ളില്‍ നിരോധിക്കണം. അത്യാവശ്യം കാര്യങ്ങള്‍ സംസാരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ നല്ല ലാന്‍ഡ് ലൈന്‍ ഫോണുകള്‍ എല്ലായിടത്തും ഉണ്ട്. അതില്‍ പറയാന്‍ പറ്റാത്ത രഹസ്യമൊന്നും ആരും ഓഫീസ് സമയത്ത് പറയണ്ട. ചായക്കും ചോറിനും മൊബൈല്‍ ഫോണ്‍ ചെവിയില്‍ വച്ച് പുറത്ത് പോകുന്നവര്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും സീറ്റില്‍ എത്തുക.

ഈ സെക്രട്ടേറിയറ്റ് എന്ന് പറയുന്നത് പല സംസ്ഥാനങ്ങള്‍ക്കും നാണക്കേടുണ്ടാക്കിയ ഒരു സംവിധാനമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് നമ്മുടെ കര്‍ണാടക സെക്രട്ടേറിയറ്റിനെക്കുറിച്ചുളള സിബിഐ റിപ്പോര്‍ട്ട് പുറത്ത് വന്നത്. വിധാന സൗധ എന്ന് വിളിക്കുന്ന കര്‍ണാടക സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടറുകള്‍ അവിടത്തെ ജീവനക്കാര്‍ നീലച്ചിത്രങ്ങള്‍ കാണാനാണത്രെ കൂടുതലും ഉപയോഗിക്കുന്നത്.

ഇവിടേയും കാര്യങ്ങള്‍ ആ ഗതിക്കാണോ പോകുന്നതെന്ന് സര്‍ക്കാരിന് സംശയം തോന്നിക്കാണും. സരിതയും ശാലും ജോസ് തെറ്റയിലും ഒക്കെ രാഷ്ട്രീയ കേരളത്തില്‍ പാറിപ്പറന്നു നടക്കു്‌പോള്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.

എന്തായാലും സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ജനാധിപത്യ അവകാശ സംരക്ഷണത്തിന് എന്‍ജിഒ യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. പണ്ട് പഞ്ചിങ് കൊണ്ടുവന്നപ്പോഴും ജനാധിപത്യ പ്രശ്‌നം പറഞ്ഞ ആളുകളാണ് ഇവര്‍. കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഭരണ പക്ഷത്തെ ഒരു എംഎല്‍എക്കും ജനാധിപത്യ ബോധം തിളച്ചുകയറിയിട്ടുണ്ട്. നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ആദ്യം, കിട്ടുന്ന കാശിന് നന്നായി പണിയെടുക്കാന്‍ പഠിക്കട്ടെ. അതുകഴിഞ്ഞിട്ടാകാം ഇന്റര്‍നെറ്റും ഫേസ്ബുക്കും ട്വിറ്ററും. അല്ല പിന്നെ...

English summary
The Kerala Government restricted the use of social media websites and some newspaper websites in secretariat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X