കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കാത്ത പരിഷകള്‍ കേരളത്തെ കണ്ടുപഠിക്കണം

  • By സമദ് മേത്തര്‍
Google Oneindia Malayalam News

Hartaal
കേരളമാണ് സമരക്കാരുടെയും ഹര്‍ത്താലുകാരുടെയും മാതൃകാ രാജ്യം. കേരളം പോലെ രാജ്യവും ലോകവും സ്തംഭിപ്പിക്കണമെന്നാണ് എല്ലാ സമരക്കാരുടെയും ആഗ്രഹം. പണിമുടക്കെന്നോ ഹര്‍ത്താലെന്നോ വഴിതടയലെന്നോ (ഇപ്പോ ഇവിടെ ബന്ദില്ല, കോടതി ആ വാക്കുതന്നെ നിരോധിച്ചതാണ്) കേട്ടാല്‍ ആദ്യം മലയാളി ഒരു പാച്ചിലാണ് ഒന്നരക്കിലോ കോഴിയും ഒരു പൈന്റും വാങ്ങാന്‍. ഇത്തവണ ദേശീയ പണിമുടക്ക് രണ്ട് ദിവസം അഥവാ നാല്‍പ്പത്തെട്ട് മണിക്കൂറായതിനാല്‍ ഒരു ഫുള്ളും രണ്ടരക്കിലോ കോഴിയുമായിരുന്നു ഒരു അണുകുടുംബത്തിന്റെ കണക്ക്. ചിക്കന് വില ജാസ്തിയായിരുന്നിട്ടും ഇനിയിങ്ങനെയൊരു സുവര്‍ണാവസരം അടുത്തകാലത്തെങ്ങും വരില്ലെന്ന് അറിയാവുന്നതിനാല്‍ കാശുപോയാലും വേണ്ടില്ല പണിമുടക്ക് അടിച്ചുപൊളിക്കുകയായിരുന്നു മലയാളി. കേരളത്തില്‍ മാത്രമല്ല, മലയാളി ഉള്ളിടത്തും ഇതൊക്കെയാണ് ഏറെക്കുറെ സ്ഥിതി.

ഹര്‍ത്താലോ ബന്ദോ പണിമുടക്കോ വന്നാാല്‍ ഡല്‍ഹിയിലും ബാംഗ്ലൂരിലും ചെന്നൈയിലും കൊല്‍ക്കത്തയിലും മിക്ക മലയാളികളും വീട്ടിലിരിക്കാന്‍ ആവുന്നപണിയെല്ലാം നോക്കും. കാരണം മലയാളിയുടെ സിരകളിലൊഴുകുന്ന ചോരയില്‍ ഹര്‍ത്താലിന്റെ വീര്യമുണ്ട്. മരുനാട്ടില്‍ പണിമുടക്കിനും ഹര്‍ത്താലിനും ഓഫീസുകള്‍ക്ക് ലീവില്ലാത്തതിനാലും വണ്ടികളെല്ലാം ഓടുന്നതിനാലും മലയാളി മക്കള്‍ ലീവെടുത്ത് വീട്ടിലിരുന്ന് ഹര്‍ത്താലാഘോഷിക്കും. മലയാളികള്‍ക്ക് അല്‍പസ്വല്‍പം കരുത്തുള്ള ഏരിയയില്‍ അച്ചായന്മാരും നായന്മാരും തീയ്യന്മാരും രണ്ടെണ്ണം വിട്ട് കൈലിയുടുത്ത് റോഡിലിറങ്ങി ഒരു വാടാപോടാ വിളി നടത്തി വീട്ടില്‍ തിരിച്ചുകയറും.

കേരളത്തില്‍ കഴിഞ്ഞ 48 മണിക്കൂര്‍ അതായത് 2013 ഫെബ്രുവരി 20, 21 തീയതികള്‍ പരിപൂര്‍ണമായി നിശ്ചലമായി. കടകള്‍ അടഞ്ഞുകിടന്നു, റോഡുകളില്‍ അത്യപൂര്‍വ്വമായി ബൈക്കുകളും സൈക്കിളുകളും മാത്രം ഓടി-അതും നഗരങ്ങളില്‍ മാത്രം. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടന്നു. നാഷണല്‍ ഹൈവേയില്‍ വരെ പിള്ളേര്‍ ക്രിക്കറ്റ് കളിച്ചു. നാട്ടിലെ പെണ്‍പിള്ളേര്‍ കാര്‍ന്നോന്മാരുടെ ആക്ടീവയെടുത്ത് രണ്ട് ദിവസം കൊണ്ട് ടൂവീലര്‍ ബാലന്‍സ് നേടി.

സെക്രട്ടേറിയറ്റിലും പതിനാല് കലക്‌ട്രേറ്റുകളിലും ഈച്ച കയറിയിരുന്നു. മന്ത്രിമാരും എം എല്‍ എമാരും ഐ എ എസുകാരും ഐ പി എസുകാരും വരെ വീട്ടിലിരുന്ന് ടി വിയില്‍ സിനിമ കണ്ട് മൂക്കുമുട്ടെ കപ്പയും ചിക്കനുമടിച്ച് രണ്ടുദിവസം ലാവിഷാക്കി. മിക്ക വീടുകളിലും മക്കളും കൊച്ചുമക്കളുമെല്ലാം 19ന് അതായത് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തറവാടുകളിലെത്തി രണ്ടുദിവസം അടിച്ചുപൊളിച്ചു. പ്രൈവറ്റ് ബസുകളും ട്രാന്‍സ്‌പോര്‍ട്ട് ബസുകളും പേരിന് പോലും സ്റ്റാര്‍ട്ടാക്കിയില്ല. രണ്ട് ദിവസത്തെ പണിമുടക്കുകൊണ്ട് കെ എസ് ആര്‍ ടി സിക്ക് ലാഭം ആറുകോടി. കെ എസ് ആര്‍ ടി സി ബസുകള്‍ ഒരു ദിവസം റോഡിലിറങ്ങിയാല്‍ സര്‍ക്കാരിന് നഷ്ടം മൂന്നുകോടി. ഓടാതിരുന്നാലാണ് കെ എസ് ആര്‍ ടി സി ലാഭം. ഇങ്ങനെയൊരു പ്രസ്ഥാനം ലോകത്ത് വേറെ കാണില്ല. കെ എസ് ആര്‍ ടി സി കേരളത്തിന്റെ അഭിമാനം.

ട്രെയിനുകളും വിമാനങ്ങളും സര്‍വ്വീസ് നടത്തിയെങ്കിലും മലയാളി ആരാ മോന്‍. ഒറ്റയൊരെണ്ണം അതിലെങ്ങും കേറിയില്ല. പണിമുടക്ക് നേരത്തെ കാലത്തേ പ്രഖ്യാപിച്ചതിനാല്‍ 20, 21നും ഉള്ള ടിക്കറ്റ് അങ്ങ് ക്യാന്‍സലാക്കി കാശ് കീശയിലാക്കി. വിവരമില്ലാത്ത ചിലവന്മാര്‍ ഗതികെട്ടുവന്ന് വിമാനത്താവളത്തിലും ട്രെയിനാപ്പീസിലും കുത്തിയിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നീ കാര്യങ്ങളില്‍ സായിപ്പിന് പോലും അടുത്തകാലം വരെ കേരളത്തെ പിടികിട്ടിയിരുന്നില്ല. എന്നാല്‍ എ ഡി ബിയും ഡി പി ഇ പിയും കെ എസ് ടി പിയും ഇറക്കി സായിപ്പ് അത് പൊളിച്ചു. ഇതിനെയാണ് കമ്മ്യൂണിസ്റ്റുകാര്‍ മലയാളത്തില്‍ ആഗോളവത്ക്കരണം എന്നുവിളിച്ച് നെഞ്ചത്തടിച്ചിരുന്നത്. എന്നാല്‍ സായിപ്പിന്റെ ഒരുവേലയും പണിമുടക്കിന്റെയും ഹര്‍ത്താലിന്റെയും അടുത്ത് നടന്നില്ല. സായിപ്പ് പേരിട്ട സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും വരെ ബുധനും വ്യാഴവും അടഞ്ഞുകിടന്നു. അവിടവിടെങ്ങാനും അഞ്ചോപത്തോ പേര്‍ വന്നെങ്കിലായി.

ഹര്‍ത്താലെന്ന് കേട്ടാല്‍ അഭിമാനപൂരിതരായി ചോരയെല്ലാം ഞരമ്പുകളില്‍ ഇരച്ചുകയറുന്ന ഒരു ജനവിഭാഗം കേരളത്തിലല്ലാതെ ഈ ലോകത്ത് മറ്റെവിടെയാണ് കാണാനാവുക. അതിനാല്‍ കേരളത്തിന് പുറത്തുള്ള നാട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും ഹര്‍ത്താലോ പണിമുടക്കോ നടത്തി വിജയിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സുസ്വാഗതം, നിങ്ങള്‍ കേരളത്തിലേക്ക് വരിക, ആദ്യം ഞങ്ങള്‍ക്ക് ക്വട്ടേഷന്‍ തരിക. പിന്നെ വെറുതെ ഒരുദിവസം ഇവിടെ വന്ന് ഹര്‍ത്താലോ പണിമുടക്കോ ഇഷ്ടമുള്ളത് ആഹ്വാനം ചെയ്യുക. ബാക്കി കാര്യം ഞങ്ങളേറ്റു. വിപ്ലവം ജയിക്കട്ടെ.

English summary
In Kerala, people have learned how to convert a hartal into a festive holiday. While protest is needed against the uncaring attitude of the government, this sort of unproductive, loss-making two-day 'bandh' is unwarranted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X