കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കുന്ന സാറന്മാരുടെ മക്കളെവിടാ പഠിക്കുന്നേ!

Google Oneindia Malayalam News

സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം അധ്യാപകരും ഉഷാറായി പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിവരം അന്വേഷിച്ച് കണ്ടെത്തി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മക്കള്‍ ഏതൊക്കെ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെന്ന വിവരമാണ് പ്രസിദ്ധപ്പെടുത്തേണ്ടത്. നിലവില്‍ സര്‍വ്വീസിലുള്ളവരുടെ വിവരം മാത്രം മതി. പെന്‍ഷന്‍ വാങ്ങുന്നവരെ തല്‍ക്കാലം വിട്ടേക്കാം.

ഇടത് സര്‍വ്വീസ് സംഘടനകളും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരെക്കാള്‍ ഉഷാറായി പണിമുടക്കുന്നത് അധ്യാപകരാണ്, പ്രത്യേകിച്ചും സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍. അതിനാല്‍ കുറഞ്ഞ പക്ഷം സമരം ചെയ്യുന്ന അധ്യാപകരുടെ മക്കളെങ്കിലും എവിടെയാണ് പഠിക്കുന്നതെന്നറിയാന്‍ കേരളത്തിലെ സാധാരണ ജനവിഭാഗത്തിന് താല്‍പര്യമുണ്ട്. കാരണം. ഈ നാട്ടില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും സര്‍ക്കാര്‍ ജോലിക്കാരല്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ്. പരീക്ഷ പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന സമയത്ത് സ്വന്തം കുട്ടികള്‍ താന്‍ പഠിപ്പിക്കുന്നിടത്ത് പഠിക്കുന്നുണ്ടെങ്കില്‍ ഈ അധ്യാപകര്‍ സമരവുമായി ഇറങ്ങുമോ എന്നറിയാന്‍ കൂടിയാണ് ഈ കണക്കെടുപ്പ് നടക്കേണ്ടത്.

നിലവിലുള്ള വിവരമനുസരിച്ച് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകരുടെ മക്കള്‍ ബഹുഭൂരിപക്ഷവും സി ബി എസ് ഇ സ്‌കൂളുകളിലും സെന്‍ട്രല്‍ സ്‌കൂളുകളിലും പബ്ലിക് സ്‌കൂളുകളിലും വിദ്യാഭ്യാസം ചെയ്യുകയാണ്. സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവുകൊണ്ടോ അതോ സ്വന്തം മക്കളെ നേരെയാക്കാന്‍ ആത്മവിശ്വാസമില്ലാത്തതുകൊണ്ടോ എന്നറിയില്ല, സംഗതി വാസ്തവമാണ്, പരമസത്യമാണ്. ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ കൊടുത്ത് പിള്ളാരെ പഠിപ്പിക്കാന്‍ പാവം സാറന്മാര്‍ക്ക് പാങ്ങില്ല.

സംസ്ഥാന സര്‍വ്വീസിലുള്ള അധ്യാപകര്‍ തങ്ങളുടെ മക്കള്‍ക്കായി ആദ്യം നോക്കുക സെന്‍ട്രല്‍ സ്‌കൂള്‍ തന്നെയായിരിക്കും. രാഷ്ട്രീയനേതാക്കളുടെയും എം പി-എം എല്‍ എമാരുടെയും വേണമെങ്കില്‍ ജില്ലാകലക്ടറുടെ തന്നെ ശുപാര്‍ശ വാങ്ങി സെന്‍ട്രല്‍ സ്‌കൂള്‍ അഡ്മിഷന്‍ തരപ്പെടുത്താന്‍ പരമാവധി നോക്കും. കുട്ടികള്‍ നല്ല മണിമണിപോലെ ഇംഗ്ലീഷും ഹിന്ദിയും പറഞ്ഞ് നല്ല മിടുമിടുക്കരാകണമെന്ന് ഏത് അധ്യാപകനാണ് ആഗ്രഹമില്ലാത്തത്. സെന്‍ട്രല്‍ സ്‌കൂള്‍ കിട്ടിയില്ലെങ്കില്‍ നാട്ടിലെ എണ്ണം പറഞ്ഞ കത്തോലിക്കാ മാനേജ്‌മെന്റിന്റെയോ കന്യാസ്ത്രീകള്‍ നടത്തുന്ന കോണ്‍വെന്റ് സ്‌കൂളുകളെ നോട്ടമിടും. അല്ലെങ്കില്‍ ഗ്രേഡ് കൂടിയ ഭാരതീയവിദ്യാഭവന്‍, ചിന്മയാമിഷന്‍, അമൃതവിദ്യാലയം തുടങ്ങി ആത്മീയപരിരക്ഷയുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ വിടും. സ്‌കൂളുകളിലേക്ക് മാത്രമല്ല എന്‍ജിനീയറിംഗിനും എം ബി എയ്ക്കും എല്ലാം മുന്തിയ പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ തന്നെ അഡ്മിഷന്‍ ഉറപ്പാക്കും.

സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ കുട്ടികള്‍ക്ക് പഠിക്കാനായി സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതാണ്. മാത്രമല്ല അധ്യാപകരെന്ന വിഭാഗത്തിനും അവരുടെ കുടുംബത്തിനും ഉപജീവനം കഴിക്കാനുള്ള മാര്‍ഗം കൂടിയാണീ സ്‌കൂളുകള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ പി എസ് സി പരീക്ഷ എഴുതി ജയിച്ച മിടുക്കന്മാര്‍ പത്തുപൈസ ചെലവാക്കാതെ മാസത്തില്‍ പതിനായിരങ്ങള്‍ എണ്ണിവാങ്ങിമ്പോള്‍ പതിനഞ്ചും ഇരുപതും ലക്ഷം കൊടുത്ത് എയ്ഡഡ്‌സ് സ്‌കൂളില്‍ മാഷിന്റെ പണി തരപ്പെടുത്തിയവര്‍ക്ക് ലോണടയ്ക്കാനും കടം വീട്ടാനുമുള്ള ഉപാധിയാണ് ഈ അധ്യാപകപ്പണി.

ഇവര്‍ പഠിപ്പിക്കുന്ന പിള്ളാര്‍ പഠിച്ചില്ലെങ്കിലും മാര്‍ക്ക് കിട്ടും. എല്ലാ ക്ലാസിലും ജയിക്കും. പിന്നെ പേടിക്കാനില്ല! നാട്ടിലെ കുട്ടികളെല്ലാം എന്‍ജിനീയറും ഡോക്ടറും എം ബി എക്കാരുമായാല്‍ പെയിന്റടിക്കാനും വയറിംഗ് നടത്താനും ഡ്രൈവറാകാനും കണ്ടക്ടറാകാനും ആരുവരും. ഇപ്പോള്‍ തന്നെ കേരളനാട്ടില്‍ കല്ലുപണിക്കും ആശാരിപ്പണിക്കും ബാര്‍ബര്‍ പണിക്കും കൂലിപ്പണിക്കും തോട്ടിപ്പണിക്കും തെങ്ങില്‍കയറാനും ബീഹാറിയും ആസാമിയും ഒറിയക്കാരനും ബംഗാളിയുമൊക്കെ വരേണ്ട സ്ഥിതിയാണ്.

അധ്യാപക സമരം നടക്കുന്നതിനിടെ ജനുവരി 14ന് തുടങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം വിട്ടേയ്ക്കാം. ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നാല്ലാതെ മറ്റ് കാര്യമായ ഗുണം ഇതുകൊണ്ട് കുട്ടികള്‍ക്ക് കിട്ടുന്നില്ലെന്ന് തന്നെ കരുതാം. പക്ഷേ, സ്‌കൂള്‍, സര്‍വ്വകകലാശാല തലങ്ങളില്‍ വാര്‍ഷിക പരീക്ഷകള്‍ തുടങ്ങാന്‍ ഇനി രണ്ടുമാസം കഷ്ടിയാണ്. എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷകള്‍ വിദ്യാത്ഥികളുടെ ഭാവി നിര്‍ണയിക്കുന്നതില്‍ അതിപ്രധാനമാണ്.

എം എ ബേബി സഖാവ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് എല്ലാവര്‍ക്കും എ പ്ലസ് വാരിക്കോരിക്കൊടുത്ത് നൂറിന് വെറും നാല് ശതമാനം കുറച്ച് വിജയമുണ്ടാക്കിയ കാലമല്ല ഇക്കൊല്ലം പൊതുപരീക്ഷയുടേത്. വിദ്യാഭ്യാസമന്ത്രിക്കസേരയില്‍ ലീഗ് മന്ത്രിയാണ്. പിള്ളേരെല്ലാം അങ്ങനെയങ്ങ് എ പ്ലസ് വാരിക്കൂട്ടേണ്ടെന്ന് മന്ത്രിയെങ്ങാനും തീരുമാനിച്ചാല്‍ കുട്ടികളുടെ ഭാവി അവതാളത്തിലാകും. അതിനാല്‍ ബഹുമാന്യരായ ഗുരുക്കന്മാരേ നിങ്ങളീ ചെയ്യുന്നത് കൊലച്ചതിയല്ലേ? ആരാന്റെ മക്കള്‍ എങ്ങനെയായാല്‍ തനിക്കെന്താണെന്ന് ചിന്തിക്കുന്ന നിങ്ങളെയൊക്കെ എങ്ങനെയാണ് ഗുരുക്കന്മാരെന്ന് വിളിക്കാനാവുക?

English summary
Where the striking teacher's children studying?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X