കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ മുറുമുറുപ്പ് തീരാത്തതെന്തേ...

  • By Soorya Chandran
Google Oneindia Malayalam News

അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയോട് കാണിച്ച പോക്രിത്തരങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റില്ല. എന്തിന്റെ പേരിലായും എല്ലാത്തിനും ഓരോ നടപടി ക്രമങ്ങള്‍ ഒക്കെ ഇല്ലേ.

കുറ്റം ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം. അതിപ്പോള്‍ ബരാക്ക് ഒബാമയായാലും മന്‍മോഹന്‍ സിങ് ആയാലും... അക്കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. പക്ഷേ കുറ്റം തെളിയിക്കപ്പെടണം. അതിന് മുമ്പ് തുണിയുരിഞ്ഞും ഡിഎന്‍എ പരിശോധന നടത്തിയും അപമാനിക്കാം എന്ന് വിചാരിച്ചാല്‍ നടപ്പില്ല.

ഇത്രയും നാളും ഇന്ത്യക്ക് അമേരിക്ക എന്ന് പറഞ്ഞാല്‍ 'തേനേ..പാലേ' പോലെ ആയിരുന്നു. എന്ത് പറഞ്ഞാലും തലയനക്കി കേള്‍ക്കും. മറുത്തൊരു വാക്ക് പറയില്ല. എന്തിന് നമ്മുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ തുണി ഉരിഞ്ഞപ്പോള്‍ പോലും നമ്മള്‍ കാര്യമായി പ്രതിഷേധിച്ചിട്ടില്ല. വെറുതേ പറഞ്ഞ് നോക്കി, അപ്പോള്‍ അമേരിക്ക എന്തോ മറുപടി പറഞ്ഞു. എല്ലാവര്‍ക്കും തൃപ്തിയായി.

Barricade US Embassy

എന്തിനേറെ പറയുന്നു, നമ്മുടെ സൂപ്പര്‍ താരം ഷാറൂഖ് ഖാനെ വരെ തുണി ഉരിഞ്ഞ് പരിശോധിച്ചവരാണ് ഈ അമേരിക്കക്കാര്‍. അബ്ദുള്‍ കലാമും ഷാരൂഖ് ഖാനും ഏതെങ്കിലും കേസില്‍ പെട്ടിട്ടൊന്നുമല്ല ഈ വിധം പരിശോധനകള്‍ക്ക് വിധേയരായത്.

എന്തായലും ദേവയാനിയുടെ പ്രശ്‌നം വന്നപ്പോള്‍ ഇന്ത്യക്ക് ആകെ ഒരു ഉണര്‍വ്വ് വന്ന മട്ടാണ്. ഇന്ത്യയെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന രീതിയിലാണ് ഇപ്പോള്‍ പ്രതികരണം.

അമേരിക്കക്കാര്‍ അവിടത്തെ നിയമം നോക്കിയാല്‍ നമ്മള്‍ ഇവിടത്തെ നിയമം നോക്കും. അവിടെ സ്വവര്‍ഗ്ഗരതി ഒന്നും വലിയ പ്രശ്‌നമല്ലായിരിക്കും. എന്നാല്‍ ഇവിടെ അങ്ങനെ അല്ല. ക്രിമിനല്‍ കുറ്റമാണ്. അമേരിക്കയുടെ ഏതോ ഒരു 'നയതന്ത്രന്‍' നേരത്തെ സൂചിപ്പിച്ച ഏര്‍പ്പാടില്‍ തത്പരനാണെന്ന് ശ്രുതിയുണ്ട്. കാര്യം സത്യമാണെന്ന് തെളിഞ്ഞാല്‍ പിന്ന വിയന്ന കണ്‍വെഷന്‍ എന്നോ മാരാമണ്‍ കണ്‍വെന്‍ഷന്‍ എന്നോ നോക്കാതെ മുട്ടന്‍ പണി കൊടുക്കും എന്നൊരു ഭീഷണി ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

ലോക പോലീസ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അമേരിക്കക്കാര്‍ ഭയങ്കര പേടിത്തൊണ്ടന്‍മാരാണ്. ഇന്ദ്രപ്രസ്ഥത്തിലെ അമേരിക്കന്‍ എംബസിയുടെ മുന്നിലെ നാല് ബാരിക്കേഡ് മാറ്റിയപ്പോഴേക്കും പേടിച്ചു പോയി. പക്ഷേ പേടി പുറത്ത് കാണിക്കാന്‍ പറ്റാത്തതുകൊണ്ട് ഭീഷണയുടെ സ്വരം കലര്‍ത്തിയ അഭ്യര്‍ത്ഥനയുമായി ഒരു സുന്ദരിയായ നയതന്ത്രജ്ഞയെ തന്നെ രംഗത്തിറക്കി.

വിയന്ന കണ്‍വെന്‍ഷന്‍ മറക്കണ്ട. ഞങ്ങളെ നയതന്ത്രന്‍മാരെ സംരക്ഷിക്കണം. അവരുടെ സുരക്ഷ വലുതാണ് തുടങ്ങിയ പൊട്ടാസ് ബോംബുകളും കൊണ്ടാണ് മേരി ഹാര്‍ഫ് എന്ന നയതന്ത്ര സുന്ദരി രംഗത്തിറങ്ങിയിട്ടുള്ളത്.

എന്താല്ലേ...? നമ്മുടെ ഒരു നയതന്ത്രജ്ഞക്ക് അവിടെ കാരഗ്രഹവാസം, തുണി ഉരിയല്‍, കുറ്റ വാളികള്‍ക്കൊപ്പം താമസം.... അവരുടെ കാര്യ വരുമ്പോള്‍ ബാരിക്കേഡ് മാറ്റിയതും മദ്യം നിയന്ത്രിച്ചതും ഒക്കെ വലിയ പ്രശ്‌നവും.

അരിയും തിന്ന്, ആശാരിച്ചിയേം കടിച്ച്, പിന്നേം പട്ടിക്ക് മുറുമുറുപ്പ്... ഇതല്ലാതെ ഇപ്പോള്‍ അമേര്ക്ക കാട്ടിക്കൂട്ടുന്ന കാര്യങ്ങളെ പറ്റി പറയാന്‍ വേറെ ഒന്നും ബാക്കിയില്ല.

English summary
America is insulting India by asking security for their diplomats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X