കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയൊക്കെ ചെയ്യാമോ? പാവം പാവം അബൂക്ക...

  • By ഷാ ആലം
Google Oneindia Malayalam News

എന്നാലും കോഴിക്കോട്ടെ ഡിസിസി പ്രസിഡന്റ് കെസി അബു സാഹിബ് ഇത്രത്തോളമങ്ങ് കരുതിയിരുന്നില്ല. അടിയും പിടിയും കുതികാല്‍വെട്ടും കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമൊക്കെയുണ്ട്. എന്നാല്‍, ഇതൊരു വല്ലാത്ത അടിയായി. ഓര്‍ക്കാപ്പുറത്തേറ്റ ഹലാക്കിന്റെ അടി..!

ആകെപ്പാടെ കോഴിക്കോട് ജില്ലയിലുള്ളത് കോണ്‍ഗ്രസിന് അഞ്ചു സീറ്റാണ്. ഈ അഞ്ചിലും ആദ്യ പേര് അബൂക്കയുടെതായിരുന്നുവെന്നതാണ് സത്യം. ചുരുങ്ങിയത് കുന്ദമംഗലത്തെങ്കിലും പേര് അബുവിന്റേതു മാത്രമായിരുന്നു. പക്ഷെ, അതൊക്കെ പട്ടിക ഡല്‍ഹിയിലെത്തുംവരെ മാത്രം. പട്ടിക പുറത്തു വന്നപ്പോഴോ, അബൂക്ക വീണ്ടും 'ശശി'. ഇതു ബല്ലാത്തൊരു പഹയന്‍മാരുടെ പണിതന്നെയായിപ്പോയി.

KC Abu

സീറ്റിനുവേണ്ടിയുള്ള അബൂക്കയുടെ കാത്തിരിപ്പ് ഇക്കുറി ഏതാണ്ട് അവസാനിക്കുമെന്നാണ് കരുതിയിരുന്നത്. ഇത്തവണയില്ലെങ്കില്‍ ഇനി നോക്കണ്ട എന്നതാണ് സ്ഥിതി. കാരണം മറ്റൊന്നുമല്ല. കോണ്‍ഗ്രസില്‍ ഇളമുറക്കാര്‍ വളര്‍ന്നു വലുതാവുകയാണ്. അതും, സ്വന്തം ഗ്രൂപ്പില്‍തന്നെ പുര നിറഞ്ഞ് നില്‍ക്കുകയാണ് നേതാക്കള്‍.

പണ്ട് കെഎസ് യു കളിച്ചു നടന്നവരൊക്കെ ഇന്നു സംസ്ഥാനത്തെ വലിയ ഖദര്‍കുത്തിയ കോണ്‍ഗ്രസുകാരായി വളര്‍ന്നില്ലേ..? അതുകൊണ്ട് ഇനിയധികകാലം ഇങ്ങനെ മുന്നോട്ടു പോവാന്‍ കഴിയില്ല. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ ഇറങ്ങിയേ പറ്റൂ എന്ന് അബൂക്ക വാശിപിടിച്ചത്. സീറ്റ് ആവശ്യപ്പെട്ട് അദ്ദേഹം കെപിസിസിയില്‍ നടത്തിയ മെച്യൂരിറ്റി പ്രസംഗങ്ങളും വിഖ്യാതമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ സീറ്റിന് ചോദിച്ചപ്പോള്‍ തനിക്ക് മെച്യൂരിറ്റി ഇല്ലെന്നും കുറെ കഴിയട്ടെയെന്നുമായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഇപ്പോള്‍ മത്സരിക്കണമെന്നു മോഹമുയര്‍ന്നപ്പോള്‍ പ്രായമായെന്നും യുവാക്കള്‍ക്കായി മാറിക്കൊടുക്കണം എന്നുമാണത്രെ അവര്‍ പറയുന്നത്..!

KC Abu

സീറ്റിനായി അബുക്ക മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. ആദ്യം മുഖ്യന്ത്രിയുടെ പിന്തുണ ഉറപ്പാക്കി. എതിര്‍ഗ്രൂപ്പുകാര്‍ പാരവെക്കാതിരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സഹായം തേടി. കെപിസിസി പ്രസിഡന്റിന് തന്നോട് അത്രയ്ക്കങ്ങ് അടുപ്പമില്ലെന്ന് അറിയാവുന്നതിനാല്‍ ഇടക്കാലത്ത് അദ്ദേഹവുമായും മെരുങ്ങി. കെപിസിസി ഉപസമിതിക്കു മുന്‍പാകെ പലരെക്കൊണ്ടും തന്റെ പേര് പറയിച്ചു. ഇതിനൊക്കെ പുറമെ സ്വന്തം തട്ടകത്തിലെ പ്രാദേശിക നേതാക്കളെയും വരുതിയിലാക്കി. സീറ്റ് ഉറപ്പായെന്ന വിവരങ്ങളാണ് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളുടെ ആദ്യഘട്ടങ്ങളിലെല്ലാം ലഭിച്ചത്. എന്നിട്ടും അവസാന ഓവറില്‍ അബൂക്ക ക്ലീന്‍ ബൗള്‍ഡ്..!!

KC Abu

കുന്ദമംഗലത്ത് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രചാരണത്തിന്റെ പ്രാരംഭനടപടികളൊക്കെ അവിടെ തുടങ്ങിവച്ചിരുന്നു. മനോഹരമായ പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഡിസൈന്‍ ചെയ്തു. പാര്‍ട്ടി മുഖപത്രത്തിന്റെ ഓഫിസില്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള ലഘുലേഖകളുടെ കരടും തയ്യാറായി. കുന്ദമംഗലത്തെ പത്രപ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തി പിന്തുണ അഭ്യര്‍ഥിച്ചു. മുന്നണിയിലെ ഘടകകക്ഷി നേതാക്കളെയും ബന്ധപ്പെട്ട് സഹായം തേടി. ആദ്യഘട്ടത്തില്‍ ഏറെ പണം ചെലവാകുമെന്നതിനാല്‍ നല്ലൊരു തുകയും ശേഖരിച്ചുവച്ചു. ഒടുവില്‍ സീറ്റ് പ്രഖ്യാപനം വന്നുനോക്കുമ്പോള്‍ സ്ഥാനാര്‍ഥിയായി പൊട്ടിവീണിരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ടി സിദ്ദീഖ്..! കോഴിക്കോട്ടെ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും പഴയ വിശ്വസ്തനാണ് അബു. പുതിയ വിശ്വസ്തന്‍ വന്നപ്പോള്‍ പഴയ വിശ്വസ്തന്‍ പ്ലിങ്.. എന്തു ചെയ്യാം,.. കോണ്‍ഗ്രസല്ലേ പാര്‍ട്ടി. തെരഞ്ഞെടുപ്പല്ലേ അങ്കം..!!

പിന്‍കുറി: സീറ്റു കിട്ടാഞ്ഞിട്ടും അനില്‍ കുമാറും ബെന്നിയും ചെയ്തപോലെ പ്രകടനമൊന്നും തട്ടിക്കൂട്ടിയിട്ടില്ല ഈ സാധു. പകരം യുഡിഎഫ് പ്രചാരണ യോഗങ്ങളില്‍ സജീവമാണ്. പാര്‍ട്ടി കൈവിട്ടെങ്കിലും നര്‍മബോധം അബു കൈവിട്ടിട്ടില്ല. ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ അഭിനയിക്കണമെന്നാണ് അബു പറയുന്നത്. അല്ലാതെ അവിടെ മമ്മൂട്ടി അഭിനയിച്ചാല്‍ ശരിയാവില്ലത്രേ. അതെ, അബൂക്ക മമ്മൂട്ടിയാണ്. സിദ്ദീഖ് ദുല്‍ഖറും..!!

English summary
Assembly Election 2016: KC Abu didn't get seat this time too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X