• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് സംശയം

  • By Soorya Chandran

സാധാരണ ഗതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അധികം സംശയങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. എന്ത് ചോദിച്ചാലും ഒരു മറുപടി അങ്ങോട്ട് പറയും. ചിലപ്പോള്‍ ചിരിക്കും, ചിലപ്പോള്‍ ഇത്തിരി ക്ഷോഭിക്കും.

എന്നാല്‍ കൊച്ചിയിലെ എന്‍എന്‍ജി ടെര്‍മിനലിന്റെ ഉദ്ഘാടന വേദിയില്‍ വച്ച് മുഖ്യമന്ത്രിക്ക് പെട്ടെന്നൊരു സംശയത്തിന്റെ അസ്‌ക്യത ഉണ്ടായി. അപ്പോള്‍ പിന്നെ എന്ത് ചെയ്യും...?

ഒരു പഞ്ചായത്ത് മെമ്പര്‍ക്ക് എന്തങ്കിലും സംശയമുണ്ടെങ്കില്‍ അത് പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിക്കും, സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിക്കാണ് സംശയമെങ്കില്‍ ഏരിയാ സെക്രട്ടറിയോട് ചോദിക്കും. അപ്പോള്‍ മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംശയം ചോദിക്കണമെങ്കില്‍ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ വേണം.

പ്രധാനമന്ത്രിയല്ലേ വേദിയിലിരിക്കുന്നത്. അദ്ദേഹമാണെങ്കില്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം പത്രക്കാരെ ചിലത് പറയാനും പറയിപ്പിക്കാനും വേണ്ടി കഴിഞ്ഞ ദിവസം ഒന്ന് വായ തുറന്നാണ്. കിടക്കെട്ടെ ചോദ്യം എന്നായി ഉമ്മന്‍ ചാണ്ടി.

പാചക വാതകത്തിന്റെ വില നിര്‍ണയിക്കാനുള്ള അധികാരവും ഇനി എണ്ണക്കമ്പനികള്‍ക്ക് തന്നെയങ്ങ് കൊടുക്കുമോ സാറേ.... എന്നായിരുന്നു ചോദ്യം. സത്യം പറഞ്ഞാല്‍ പ്രകാശ് കാരാട്ടോ പിണറായി വിജയനോ ചോദിക്കേണ്ട ചോദ്യമായിരുന്നു. മുഖ്യന്റെ ചോദ്യം കേട്ട് എകെജി ഭവനിലിരുന്ന് കാരാട്ടും എകെജി സെന്ററില്‍ ഇരുന്ന് പിണറായിയും ഞെട്ടിയെന്നാണ് വിവരം.

പക്ഷേ നമ്മുടെ പ്രധാനമന്ത്രിജിക്ക് മാത്രം ഒരു ഞെട്ടലും ഉണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹം അത് ശ്രദ്ധിച്ചതായി ഭാവിക്കുക പോലും ചെയ്തില്ലത്രെ. മന്‍മോഹന്‍ ജിയുടെ മുഖത്തേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ടൊക്കെത്തനെയാണ് ചാണ്ടിച്ചായന്‍ കാര്യം പറഞ്ഞത്. പക്ഷേ ഒരു കാര്യവും ഉണ്ടായില്ല.

കഴിഞ്ഞ ദിവസം കിട്ടിയ മുട്ടന്‍ പണി ഓര്‍ത്തിട്ടായിരിക്കും മുഖ്യമന്ത്രി പരസ്യമായി തന്നെ സംശയം ചോദിച്ചത്. പാചകവാതകത്തിന് വില കൂട്ടിയെന്ന് എണ്ണക്കമ്പനികള്‍ വെബസൈറ്റിലിട്ടപ്പോള്‍ നാട്ടിലെ പത്രക്കാരെല്ലാം കൂടി മുഖ്യന്റെ നെഞ്ചത്താണ് പൊങ്കാലയിട്ടത്. എന്നാല്‍ ശരി കാര്യം അറിഞ്ഞിട്ട് തന്നെ എന്ന് കരുതി ദില്ലിയിലെ വീരപ്പനേയും അന്തോണീസ് പുണ്യാളനേയും നേരിട്ട് ഫോണെടുത്ത് കുത്തി വിളിച്ചു.

പാചക വാതകത്തിന് വില കൂട്ടിയിട്ടില്ല എന്ന് വീരപ്പജി മൊഴിഞ്ഞു എന്നാണ് കുറച്ച് കഴിഞ്ഞപ്പോള്‍ മുഖ്യന്‍ വെളിപ്പെടുത്തിയത്. നാട്ടിലെ പത്രക്കാരായ പത്രക്കാരും, പാവപ്പെട്ട ഗ്യാസ് ഉപഭോക്താക്കളും സംഗതി വിശ്വസിച്ചു. എന്നാല്‍ സമയം കുറച്ച് കഴിഞ്ഞപ്പോള്‍ വീരപ്പജി തന്നെ പ്രത്യക്ഷപ്പെട്ട് വിലകൂടിയ വിവരം നാട്ടുകാരെ ബോധിപ്പിച്ചു.

സത്യത്തില്‍ കിളിപോയ അസ്ഥയായിരുന്നു നമ്മുടെ മുഖ്യന്. പാവം തോന്നിയിട്ടാകും , പത്രക്കാരൊന്നും പിന്നെ അതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ നിന്നില്ല. ചെലപ്പോള്‍ അടുത്ത ആഴ്ചയില്‍ ചാനലിലെ ആക്ഷേപ ഹാസ്യ പരിപാടിക്കായി മാറ്റിവച്ചതാവാനും വഴിയുണ്ട്.

English summary
Chief Minister Oommen Chandy asked a doubt to Prime Minister Manmohan Sing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X