കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാം ഒന്ന് നമുക്കൊന്ന്;അല്ലെങ്കില്‍ പണിപാളും

  • By Soorya Chandran
Google Oneindia Malayalam News

ഒരു വീട്ടില്‍ എത്ര കുട്ടികള്‍ വരെ ആകാം. ചൈനയിലാണെങ്കില്‍ ഒന്നില്‍ കൂടാന്‍ പാടില്ലെന്ന് നിയമമുണ്ട്. നമ്മുടെ മധുര മനോജ്ഞ ഭാരതത്തില്‍ പക്ഷേ ഇക്കാര്യത്തിന് അത്ര നിബന്ധനകളൊന്നും ഇല്ല. ആവശ്യം പോലെ ആകാം എന്നാണ് വപ്പ്. ഇടക്കാലത്ത് 'നാം രണ്ട്, നമുക്ക് രണ്ട്' , 'നാം ഒന്ന് നമുക്കൊന്ന് ' എന്നൊക്കെ പറഞ്ഞ് ചില സര്‍ക്കാര്‍ പരസ്യങ്ങളൊക്കെ ഇറങ്ങിയിരുന്നു എന്നതൊഴിച്ചാല്‍ മക്കളെ ഉണ്ടാക്കുന്നതില്‍ വേറെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

മക്കളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ഒരു വീട്ടില്‍ എത്ര വാഹനം വരെ ആകാം എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഒന്നില്‍ കൂടുതല്‍ വാഹനമുണ്ടെങ്കില്‍ അതിന് നികുതി കൊടുക്കേണ്ടിവരും എന്നാണ് കോണ്‍ഗ്രസിന്റെ ഗര്‍ജിക്കുന്ന മന്ത്രി ശ്രീമാന്‍ ആര്യാടന്‍ മുഹമ്മദ് ഭീഷണി മുഴക്കുന്നത്.

അധികം കഴിയും മുമ്പ് നമ്മളും ചൈനയെ പോലെ ആകും എന്നതിന്റെ സൂചനയാണ് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനും മതേതരവാദിയും സര്‍വ്വോപരി ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയും കൂടിയായ കുഞ്ഞാക്ക എന്ന് വിളിക്കപ്പെടുന്ന ആര്യാടന്‍ മുഹമ്മദ് സൂചിപ്പിക്കുന്നത്. ദമ്പതിമാര്‍ക്ക് ഒരു കുട്ടി എന്ന ചൈനീസ് നിയമത്തെ അധികരിച്ച്, ഇവിടെ ദമ്പതിമാര്‍ക്ക് ഒരു വണ്ടി എന്നതാണത്രെ നയം.

Aryadan Muhammed

സത്യത്തില്‍ ഒരു വീട്ടില്‍ എത്ര വാഹനങ്ങള്‍ വരെ വേണം. അച്ഛനും അമ്മയും ഒരു കുട്ടിയും ആണെങ്കില്‍ ഒരു ബൈക്ക് മാത്രം പോരെ. പക്ഷേ, നിയമം നന്നായി നോക്കുന്നവരാണെങ്കില്‍ കുഞ്ഞിനേയും അമ്മയേയും പിന്നിലിരുത്തി ബൈക്ക് ഓടിക്കാന്‍ പറ്റില്ല. അനുവദനീയമായതില്‍ കൂടുല്‍ ആളെ കയറ്റി എന്ന് പറഞ്ഞ് വേണമെങ്കില്‍ പോലീസിന് പിടിക്കാം.

അങ്ങനെയെങ്കില്‍ ഒരു ചെറിയ കാറ് കൂടി വാങ്ങാം. നിയമ പ്രശ്‌നം മറികടക്കാമല്ലോ. ഇനി ഒറ്റക്ക് പോകേണ്ട സന്ദര്‍ഭങ്ങളില്‍ ബൈക്ക് മാത്രം ഉപയോഗിക്കുകയും ആവാം. ലോകം ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഒരു കാഴ്ചപ്പാടിനെ തള്ളിക്കളയാന്‍ പറ്റില്ല എന്നാണ് സകല ലോക പെട്രോള്‍ പമ്പ് ഉടമ സംഘം പോലും വിലയിരുത്തുന്നത്.

പക്ഷേ ആര്യടന്‍ മന്ത്രി ഇപ്പോള്‍ പൊട്ടിച്ച വെടി ഈ ഇന്ധന സംരക്ഷണ കാഴ്ചപ്പാടിന്റെ ഹൃദയത്തിലല്ലേ കൊണ്ടത് എന്നൊരു സംശയം.

നമ്മുടെ നാട്ടിലെ വമ്പന്‍ ബിസിനസുകാരും പണക്കാരും ഒന്നും കൃത്യമായി നികുതി അടക്കുന്നവരൊന്നും അല്ല എന്ന് പൊതുവേ ഒരു ആക്ഷേപമുണ്ടല്ലോ. എന്നാല്‍ മധ്യവര്‍ഗ്ഗം എന്ന വര്‍ഗ്ഗത്തെക്കുറിച്ച് അങ്ങനെ ഒരു മോശം അഭിപ്രായം കുറവാണ്. നികുതി അടക്കും, പിഴ അടക്കും എന്തും ചെയ്യും. സത്യത്തില്‍ ഈ മധ്യവര്‍ഗ്ഗ ജീവികളല്ലേ സര്‍ക്കാരിന്റെ ഒരു അക്ഷയ പാത്രം. ഗ്യാസിന് വില കൂട്ടിയാലും പെട്രോളിന് വില കൂട്ടിയാലും പാലിന് വില കൂട്ടിയാലും വലിയ പ്രതിഷേധമൊന്നും ഇല്ലാതെ പോയി കാശ് കൊടുത്ത് വാങ്ങിച്ചോളും. എണ്ണത്തില്‍ കൂടുതല്‍ ഉള്ളതുകൊണ്ട് ഇവര്‍ കൊടുക്കുന്ന നികുതി കൊണ്ടാണ് സര്‍ക്കാര്‍ പോലും സത്യത്തില്‍ മുന്നോട്ട് പോകുന്നത്.

കയ്യില്‍ അത്യാവശ്യം പൈസയുള്ള മധ്യവര്‍ഗ്ഗന് ഇപ്പോള്‍ വാഹനം വാങ്ങാനൊന്നും വലിയ ബുദ്ധിമുട്ടില്ല. ലോണ്‍ കൊടുക്കാന്‍ ബാങ്കുകളും പലിശക്കാരും നിരനിരനിരയായ് നില്‍ക്കുന്നുണ്ട് എന്നൊരു സൗകര്യവും ഉണ്ട്. ഒരു കാറുള്ള വീടാണെങ്കില്‍ അവിടെ ഒരു ബൈക്കും കൂടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇന്ധനച്ചെലവ് ലാഭിക്കാന്‍ വേണ്ടി മാത്രമാണ് പാവപ്പെട്ട മധ്യവര്‍ഗ്ഗന്‍ ബൈക്ക് കൂടി ഉപയോഗിക്കുന്നത് എന്ന കാര്യം മറക്കരുത്.

ഇങ്ങനെയൊക്കെയുള്ള മധ്യവര്‍ഗ്ഗ ജീവികള്‍ക്കിട്ട് വീണ്ടും ഒരു പണി കൊടുക്കാനാണല്ലോ ഈ ആര്യാടന്‍ജി അങ്ങ് ദില്ലിവരെ മീറ്റിങില്‍ പങ്കെടുക്കാന്‍ പോയത്. എല്ലാത്തിനും ആ പിസി ജോര്‍ജ്ജിനെ പറഞ്ഞാല്‍ മതി. വലിയ തരക്കേടില്ലാതെ ഗതാഗത വകുപ്പ് നോക്കിക്കൊണ്ടിരുന്ന സിനിമ താരം ഗണേഷ് കുമാറിനെ പുകച്ച് പുറത്ത് ചാടിച്ചത് ഗ്രാമ്യഭാഷകനായ ഈ ചീഫ് വിപ്പല്ലേ.

English summary
Transport Minister Aryadan Muhamemd said that teh government is planning to implement additional tax for excess vehicles in domestic use.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X