• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

14 വയസ്സുവരെ എന്‍ട്രൻസ് പരീക്ഷ നിയമവിരുദ്ധം.. എന്‍ട്രന്‍സ് വാളിനാല്‍ കുട്ടികളെ കൊല്ലരുത്!!

  • By desk

പിടി മുഹമ്മദ് സാദിഖ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പിടി മുഹമ്മദ് സാദിഖ് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

അന്ന് ജിദ്ദയിലാണ് തൊഴിലെടുക്കുന്നത്. മകനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ നേരമായി. നാട്ടിലേക്ക് അയക്കണമോ അവിടെ തന്നെ വേണമോ എന്നു പലതവണ ചിന്തിച്ചു. കുടുംബത്തോടൊപ്പം കഴിയുന്നതിന്റെ സുഖം ആലോചിച്ചപ്പോള്‍ അവിടെ തന്നെ ചേര്‍ക്കാമെന്നു വെച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ എല്‍.കെ.ജിയില്‍ ചേര്‍ക്കാനുള്ള അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ചു ബന്ധപ്പെട്ട സെക്ഷനില്‍ സമര്‍പ്പിച്ചു. എല്‍.കെ.ജിയിലേക്കാണെങ്കിലും ടെസ്റ്റുണ്ട്. അത് കഴിഞ്ഞേ അഡ്മിഷന്‍ കിട്ടൂ.

ചില്ലറ സ്വാധീനമൊക്കെയുണ്ടായിരുന്നതുകൊണ്ട് ടെസ്റ്റ് പോയാലും കയറിക്കൂടാമെന്ന ചില്ലറ അഹങ്കാരമുണ്ടായിരുന്നില്ലെന്നു പറയുന്നില്ല. ഒരു വിധം സാധനങ്ങളുടേയും പഴങ്ങളുടേയും നിറങ്ങളുടേയും പേരുകളും അത്യാവശ്യം എണ്ണാനുമൊക്കെ വീട്ടില്‍നിന്നു തന്നെ കോച്ചിംഗ് കൊടുത്താണ് ടെസ്റ്റിനു കൊണ്ടുപോയത്. ഏതോ ഉത്തരേന്ത്യക്കാരി അധ്യാപികയാണ് അഭിമുഖം.

എൽകെജിയിൽ തന്നെ തുടങ്ങും

എൽകെജിയിൽ തന്നെ തുടങ്ങും

ചോദിച്ച ചോദ്യത്തിനൊക്കെ അവന്‍ പരിഭ്രമിച്ചു കൊണ്ടാണെങ്കിലും ഉത്തരം പറഞ്ഞു. ചോദിച്ച നമ്പറുകളും നിറങ്ങളും അവന്‍ ഇംഗ്ലീഷില്‍ തന്നെ തിരിച്ചറിഞ്ഞു. എന്റേയും അവന്റെ ഉമ്മയുടേയും അന്തരംഗം അഭിമാനപൂരിതമായി. പെട്ടെന്നാണ് മേശപ്പുറത്തുണ്ടായിരുന്ന ഒരു കളിപ്പാട്ടം ചൂണ്ടി ടീച്ചര്‍ ചോദിച്ചത്?

വാട്ട് ഈസ് ദിസ്.

വാട്ട് ഈസ് ദിസ്.

വാട്ട് ഈസ് ദിസ്.

മോന്‍ എന്റെ മുറത്തു നോക്കി. പിന്നെ അവന്റെ ഉമ്മയും മുഖത്തും. എന്നിട്ട് അതുവരെ ഇല്ലാത്ത ആവേശത്തില്‍ ഒറ്റ പറച്ചിലായിരുന്നു.

തീവണ്ടി..

എന്റെ മനസ്സിലൂടെ അപ്പോള്‍ ഒരു തീവണ്ടി ചൂളംവിളിച്ചു പാഞ്ഞു. അത് തീവണ്ടിയുടെ മോഡലായിരുന്നു. തീവണ്ടിയുടെ ഇംഗ്ലീഷ് ഞാന്‍ പഠിപ്പിച്ചില്ലല്ലോ. അല്ലെങ്കിലും ഇക്കാലത്ത് ആരെങ്കിലും തീവണ്ടി എന്നു പറയുമോ? ട്രെയിന്‍ എന്ന് ഇംഗ്ലീഷിലല്ലേ പറയൂ. പക്ഷേ, ഞാന്‍ ഇന്നും തീവണ്ടി എന്നു പറഞ്ഞു പോകൂം. സംഗതി ഏതായാലും അഡ്മിഷന്‍ കിട്ടി. എന്നാലും എന്തിനാണ് എല്‍.കെ.ജിയിലൊക്കെ കുട്ടികളെ ഇങ്ങിനെ പരീക്ഷിച്ച് പ്രവേശിപ്പിക്കുന്നതെന്നു ചിന്തിച്ചിരുന്നു.

സ്‌കൂള്‍ അഡ്മിഷന്‍ കാലം

സ്‌കൂള്‍ അഡ്മിഷന്‍ കാലം

ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ കാരണം, ഇപ്പോള്‍ സ്‌കൂള്‍ അഡ്മിഷന്‍ കാലമാണല്ലോ. ഒന്നാം ക്ലാസിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ പാസായ മക്കളുടെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ആഘോഷിക്കുന്ന ചില കൂട്ടുകാരെ കണ്ടപ്പോഴാണ്. മാത്രമല്ല, ഇന്ത്യയില്‍ ഈ പരിപാടി നിയമം മൂലം നിരോധിച്ചിട്ടും ഇപ്പോഴും സ്‌കൂളുകള്‍ ഈ വൃത്തികെട്ട ഏര്‍പ്പാട് തുരടുന്നല്ലോ എന്നും ആലോചിച്ചു.

സത്യമാണ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) പതിമൂന്നാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് പ്രകാരം കുട്ടികളെ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ക്കുമ്പോള്‍ ക്യാപിറ്റേഷന്‍ ഫീസോ ചാര്‍ജോ വാങ്ങുന്നതും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതും ശിക്ഷാര്‍ഹമാണ്. സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയാല്‍ 25,000 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ ഓരോ തവണയും 50,000 രൂപ പിഴയാകും. ക്യാപിറ്റേഷന്‍ ഫീയോ മറ്റു തരത്തിലൂള്ള ഫീയോ വാങ്ങിയാല്‍ വാങ്ങിയ തുകയുടെ പത്തിരിട്ടിയായിരിക്കും പിഴ.

ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ നിയമം

ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ നിയമം

ഇന്ത്യയിലെ മറ്റ് നിയമങ്ങളെ പോലെ ജമ്മു കശ്മീരിനു മാത്രമേ ഈ ചട്ടം ബാധകമല്ലാതെയുള്ളൂ. ആറു വയസ്സുമുതല്‍ പതിനാലു വയസ്സുവരെയുള്ളവരെയാണ് ഈ നിയമത്തില്‍ കുട്ടികളായി കണക്കാക്കുന്നത്. എലിമെന്ററി സ്‌കൂള്‍ എന്നു പറയുമ്പോള്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍. ഈ ക്ലാസുകളില്‍ കുട്ടികളെ തോല്‍പിക്കാനോ പുറത്താക്കാനോ പാടില്ല, ഒരു കാരണവശാലും.

ഈ നിയമത്തിലെ സ്‌കൂളുകള്‍ നാലു തരമാണ്. ആദ്യവിഭാഗം സ്വാഭാവികമായും സര്‍ക്കാര്‍ സ്‌കൂളുകള്‍ -കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങള്‍ നടത്തുന്നവ. രണ്ടാമത്തത് സര്‍ക്കാര്‍ സഹായം സ്വീകരിച്ചു നടത്തുന്ന എയിഡഡ് സ്‌കൂളുകള്‍. മൂന്നാമത്തേത് പ്രത്യേക വിഭാഗം സ്‌കൂളുകള്‍. അതായത് കേന്ദ്രീയ വിദ്യാലയം, നവോദയ, സൈനിക് സ്‌കൂള്‍ പോലുള്ളവ. നാലാമത്തേത് സര്‍ക്കാര്‍ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന എണ്‍ എയിഡഡ് സ്‌കൂളുകള്‍. സര്‍ക്കാര്‍ സ്‌കൂളുകളിലും അണ്‍എയ്ഡഡ് സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായും നിര്‍ബന്ധമായും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനവും വിദ്യാഭ്യാസവും നല്‍കണം.

സ്കൂള്‍ അഡ്മിഷൻ ചെറിയ കളിയല്ല

സ്കൂള്‍ അഡ്മിഷൻ ചെറിയ കളിയല്ല

അണ്‍ എയിഡഡ് സ്‌കൂളുകളിലും പ്രത്യേകവിഭാഗത്തില്‍ പെട്ട സ്‌കൂളുകളിലും 25 ശതമാനം സീറ്റുകളില്‍ പരിസര പ്രദേശത്തുള്ള ദുര്‍ബല, പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കണം. പിന്നാക്ക വിഭാഗം എന്നതു കൊണ്ട് നിയമത്തില്‍ ഉദ്ദേശിക്കുന്നത് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരോ സാമൂഹികമായോ വിദ്യാഭ്യാസപരമായോ പിന്നാക്കം നില്‍ക്കുന്നവരോ ഭാഷാ, ലൈംഗിക ന്യൂനപക്ഷങ്ങളോ സാംസ്‌കാരികമായോ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നരോ ആകാം. ദുര്‍ബല വിഭാഗം എന്നു പറയുന്നത് സര്‍ക്കാര്‍ നിശ്ചയിച്ച പരിധി പ്രകാരം വരുമാനം കുറഞ്ഞവരാണ്.

ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ മാത്രമല്ല, എട്ടാം ക്ലാസുവരെയുള്ള ഏത് ക്ലാസില്‍ ചേര്‍ക്കുമ്പോഴും ഈ നിയമം ബാധകമാണ്. ഇടക്കുള്ള ക്ലാസില്‍ ചേരാന്‍ വരുന്നവരെ അവരുടെ പ്രായത്തിനു അനുസരിച്ചാണ് ചേര്‍ക്കേണ്ടത്. അങ്ങിനെ ഇടക്കു ചേരുന്നവര്‍ മറ്റു കുട്ടികള്‍ക്കൊപ്പം എത്തുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക കോച്ചിംഗ് കൊടുക്കണം. അത് നിശ്ചിത സമയത്തിനകം പഠിച്ചു തീര്‍ക്കാന്‍ വിദ്യാര്‍ഥി ബാധ്യസ്ഥനാണ്.

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അഥവാ ടിസി

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അഥവാ ടിസി

ഏതു ക്ലാസിലാണെങ്കിലും ജനന സര്‍ട്ടിഫിക്കറ്റോ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെങ്കിലും അവ ഇല്ലാത്തതു കൊണ്ട് മാത്രം പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ പ്രത്യേകം പറയുന്നുണ്ട്. ടിസി നല്‍കാന്‍ കാലതാമസം വരുത്തുന്ന പ്രധാനാധ്യാപകനു സര്‍വീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടി നേരിടേണ്ടിവരും. അധ്യയന വര്‍ഷം തുടങ്ങുമ്പോഴാണല്ലോ സ്‌കൂളില്‍ ചേരേണ്ടത്. എന്നാല്‍ അതു കഴിഞ്ഞു, ഇടക്കു വരുന്നവരേയും ചേര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. മാത്രമല്ല, കഴിഞ്ഞു പോയ ക്ലാസുകള്‍ ആവശ്യമെങ്കില്‍ വൈകി ചേരുന്ന കുട്ടികളെ പഠിപ്പിക്കേണ്ടത് മാഷമ്മാരുടെ കടമയുമാണ്.

സ്‌ക്രീനിംഗ് ടെസ്റ്റും ക്യാപിറ്റേഷന്‍ ഫീയും

സ്‌ക്രീനിംഗ് ടെസ്റ്റും ക്യാപിറ്റേഷന്‍ ഫീയും

സ്‌ക്രീനിംഗ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കുട്ടിയ്ക്കു മറ്റൊരു കുട്ടിയെ മറികടന്നു പ്രവേശനം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കുന്ന ഏത് നടപടിയും സ്‌ക്രീനിംഗാണ്. ക്യാപിറ്റേഷന്‍ ഫീ, അല്ലെങ്കില്‍ ചാര്‍ജ് എന്നൊക്കെ പറഞ്ഞാല്‍ കുട്ടിയുടെ വിദ്യാഭ്യാസത്തിന് വിഘാതമാകുന്ന ഏതുതരം പണമിടപാടുമാണ്.

ഇതില്‍ ആകെയൊരു പ്രശ്‌നമുള്ളത്, സ്‌കൂള്‍ കുട്ടിയുടെ താമസ സ്ഥലത്തിന് അടുത്തായിരിക്കണമെന്നാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 എ അനുവദിക്കുന്ന പതിനാലു വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എന്ന അവകാശം ഉറപ്പുവരുത്തുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ കടലാസില്‍ കിടന്നു പുല്ലു കിട്ടാതെ മരിക്കുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു നിയമം രാജ്യത്തു വേറെയില്ല. അതുകൊണ്ടാണല്ലോ സകല സ്‌കൂളുകളുകളിലും ഇപ്പോഴും സ്‌ക്രീനിംഗ് ടെസ്റ്റും ക്യാപിറ്റേഷന്‍ ഫീയും നിര്‍ബാധം തുടരുന്നതും. കോടതിയില്‍ പോയാലും പലപ്പോഴും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും രക്ഷയുണ്ടാകില്ല. കാരണം ഉദ്യോഗസ്ഥരുമായുള്ള (എക്‌സിക്യൂട്ടിവ് വിഭാഗം) ധാരണയില്‍ സ്‌കൂളുകള്‍ രക്ഷപ്പെടും.

വിവാദമായ സ്ക്രീനിങ് ടെസ്റ്റും കോടതിയും

വിവാദമായ സ്ക്രീനിങ് ടെസ്റ്റും കോടതിയും

ഈയിടെ കോടതിയിലെത്തിയ രണ്ട് കേസുകള്‍ ഈ സമയം പരിശോധിക്കുന്നത് നന്നാകുമെന്നു തോന്നുന്നു. ബോംബൈ ഹൈക്കോടതിയാണ് അതിലൊരു കേസ് പരിഗണിച്ചത്. പൂനെയിലെ ഒരു ട്രസ്റ്റിനു കീഴില്‍ നടക്കുന്ന സ്വകാര്യ സ്‌കൂളിലെ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയതാണ് പ്രശ്‌നം. പൂനൈയിലെ വിദ്യാഭ്യാസ ഓഫീസര്‍ സ്വകാര്യ വിദ്യാലയങ്ങളുടെ പിണിയാളായിരുന്നില്ല. അദ്ദേഹം ആ പ്രവേശനം റദ്ദാക്കി. നിയമ പ്രകാരമുള്ള പിഴ ഈടാക്കാന്‍ തീരുമാനിച്ചു. അതിനെതിരെയ ട്രസറ്റ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ചട്ടത്തിലെ ഓരോ പഴുതുകളും ഉപയോഗിച്ചു സ്‌കൂള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കോടതി വിട്ടില്ല. നാട്ടിലുള്ള സകല സ്‌കൂളുകളും പ്രവേശന പരീക്ഷ നടത്തുന്നുണ്ടെന്നായി സ്‌കൂള്‍ അധികൃതര്‍. അതു കേസില്‍ കക്ഷിയായ സ്‌കൂളിനു പ്രവേശന പരീക്ഷ നടത്താനുള്ള ന്യായമല്ലെന്നായിരുന്നു കോടതിയുടെ മറുപടി. മാത്രമല്ല, പ്രത്യേക സംവിധാനങ്ങളൊരുക്കി മികച്ച വിദ്യാര്‍ഥികളെ മാത്രം തെരഞ്ഞെടുത്ത് പഠിപ്പിക്കുന്ന സ്‌കൂളാണ് തങ്ങളുടേതെന്നും അപേക്ഷകരുടെ ബാഹുല്യം മൂലമാണ് ടെസ്റ്റ് നടത്തിയതെന്നുമുള്ള വാദവും കോടതി അംഗീകരിച്ചില്ല. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പതിമൂന്നാം വകുപ്പ് ലംഘിച്ചുവെന്ന് കണ്ടെത്തിയ കോടതി നിയമ പ്രകാരമുള്ള പിഴശിക്ഷ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ വിദ്യാഭ്യാ വര്‍ഷം പാതി പിന്നിട്ട സ്ഥിതിക്ക് പ്രവേശനം റദ്ദാക്കേണ്ടതില്ലെന്നു വിദ്യാഭ്യാസ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. (jnana probodhini V. education officer 2013)

സ്‌കൂള്‍ അധികൃതരുടെ വാദം തള്ളി മദ്രാസ് ഹൈക്കോടതിയും

സ്‌കൂള്‍ അധികൃതരുടെ വാദം തള്ളി മദ്രാസ് ഹൈക്കോടതിയും

രണ്ടാമത്തെ കേസ്, മദ്രാസ് ഹൈക്കോടതിയാണ് പരിഗണിച്ചത്. ഈ കേസും രക്ഷിതാക്കളുടേയും വിദ്യാര്‍ഥികളുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്. പ്രഭാകര ഉദയം എന്ന ഒരു വിദ്യാര്‍ഥിയെ ഒരു സ്വകാര്യ ന്യൂനപക്ഷ മെട്രിക്കുലേഷന്‍ സ്‌കൂള്‍ ആറാം ക്ലാസില്‍ തോല്‍പിച്ചു. എല്‍.കെ.ജി മുതല്‍ ഇവിടെ പഠിക്കുന്ന കുട്ടിയാണ്. കുട്ടിയുടെ പിതാവ് കെ.എ. കലൈകോട്ടുതായം കോടതിയെ സമീപിച്ചു. കുട്ടി പഠിക്കാന്‍ വളരെ മോശമാണെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. ആയിരത്തില്‍ 105 മാര്‍ക്കാണുള്ളത്. പഠനത്തില്‍ പിന്നാക്കമായ കുട്ടികള്‍ക്ക് പ്രത്യേക കോച്ചിംഗ് ക്ലാസ് ഏര്‍പ്പെടുത്തിയെങ്കിലും കുട്ടി വരാറുണ്ടായിരുന്നില്ല. മാത്രമല്ല, തോറ്റ കുട്ടികള്‍ക്ക് പ്രത്യേക പരീക്ഷ പിന്നീട് നടത്തിയെങ്കിലും അതിലും കുട്ടി ഹാജരായില്ല.

സ്‌കൂള്‍ അധികൃതരുടെ ഈ വാദമൊന്നും കോടതിക്ക് ബോധിച്ചില്ല. മെട്രിക്കുലേഷന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് അഞ്ച് മുതല്‍ പതിനൊന്നുവരെയുള്ള കുട്ടികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിര്‍ദേശങ്ങളുണ്ടെന്നായിരുന്നു മറ്റൊരു വാദം. നിശ്ചിതശമാതനം മാര്‍ക്കുള്ളവരെ ജയിപ്പിച്ചാല്‍ മതിയെന്നും ചീഫ് എജ്യുക്കേഷണല്‍ ഓഫീസറുടെ അംഗീകരം വേണമെന്നുമൊക്കെയാണ് നിബന്ധന. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്ന ശേഷം ഈ സര്‍ക്കുലറിനു നിയമ സാധുതയില്ലെന്നു കോടതി വിധിച്ചു.

നിയമം ഏട്ടിലെ പശുവാണ്, അതിനെ പുലിയാക്കാം...

നിയമം ഏട്ടിലെ പശുവാണ്, അതിനെ പുലിയാക്കാം...

അണ്‍എയ്ഡഡ് സ്‌കൂളിനു ഈ നിയമം ബാധകമല്ലെന്ന മട്ടിലായിരുന്നു അടുത്ത വാദം. നിമയത്തിലെ രണ്ടാം വകുപ്പ് (എന്‍) (നാല്) പ്രകാരം അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും നിയമം ബാധകമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ചുരുക്കിപ്പറഞ്ഞാല്‍ പ്രഭാകര ഉദയത്തിനു ക്ലാസ് കയറ്റം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവു നല്‍കി. അ്തു കുട്ടിയുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശമാണെന്നു കോടതി അസന്നിഗ്ധമായി വിധിച്ചു.

ഉശിരുള്ള രക്ഷിതാക്കളുണ്ടെങ്കില്‍ കോടതിയില്‍പോയി ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണ്. സുപ്രിം കോടതിയുടെ ഒരു ഉത്തരവിനെ തുടര്‍ന്നാണ് (JP Unnikrishan V. State of andhrapradesh 1993) ഭരണഘടനയില്‍ ഭേദഗതി വരുത്തി പതിനാലു വയസ്സുവരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കിയത്. 2002ല്‍ കൊണ്ടുവന്ന ആ ഭേദഗതി (ആര്‍ട്ടിക്കിള്‍ 21 എ) പക്ഷേ, കുട്ടികളുടെ അവകാശം പൂര്‍ണമായും ഉറപ്പു വരുത്താന്‍ പര്യാപ്തമായിരുന്നില്ല. അങ്ങിനെയാണ് 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) കൊണ്ടുവന്നത്. പക്ഷേ, അന്നു മുതല്‍ ഈ നിയമം ഏട്ടിലെ പശുവാണ്. നന്നായി പുല്ലു കൊടുത്താല്‍ അതിനെ പുലിയാക്കി മാറ്റാം.

English summary
school entrance exam under 14 age law explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more