• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അലനോടും താഹയോടും സര്‍ക്കാര്‍ മാപ്പിരക്കണം

 • By Desk

എന്‍വി ബാലകൃഷ്ണന്‍

ഞങ്ങളുടെ പ്രദേശത്തെ പഴയ പീടിക ചുമരുകളില്‍ നീലം കൊണ്ടെഴുതിയ ഒരു ചുമരെഴുത്ത് ഇപ്പോഴും മായാതെ മങ്ങിക്കിടപ്പുണ്ട്. 'രാജനെവിടെ; മറുപടി പറയൂ കരുണാകരാ..''

വലിയ പ്രതീക്ഷകളോടെ, പഠനത്തില്‍ മിടുക്കനായ രാജനെ ആര്‍.ഇ.സിയില്‍, എഞ്ചിനീയറിംഗ് പഠനത്തിനയച്ചു ഈച്ചരവാരിയര്‍. നെക്‌സല്‍ വേട്ടയുടെ കാലത്ത് കുപ്രസിദ്ധരായ പോലീസുദ്ധ്യോഗസ്ഥരാല്‍ രാജന്‍ കസ്റ്റഡിയിലെടുക്കപ്പെട്ടു. കക്കയത്ത് പ്രത്യേകം തയാറാക്കിയ ഇടിമുറിക്കകത്ത് (പോലീസ് ക്യാമ്പ്) നിരപരാധിയായ ഈ വിദ്യാര്‍ത്ഥിയെ ഭീകരമായി ഭേദ്യം ചെയ്ത് കൊന്നതായി കരുതുന്നു. പഞ്ചസാരയും പെട്രോളും ചേര്‍ത്ത് കത്തിച്ചു കളഞ്ഞ മൃതദേഹത്തിന്റെ ചാരം പോലും പുറം ലോകം കണ്ടില്ല. ഉദകക്രിയകള്‍ക്ക് ഒരു തുണ്ട് അസ്ഥി പോലും കുടുംബത്തിന് ലഭിച്ചില്ല. മകന്‍ പോലീസ് കസ്റ്റഡിയിലായത് മുതല്‍ അവനെത്തേടിയലഞ്ഞ അച്ഛന്‍ ഈച്ചരവാരിയര്‍, പുത്ര ദുഖത്തില്‍ വെന്ത് നീറി മരിച്ചു. സഹായമഭ്യര്‍ത്ഥിച്ച് അദ്ദേഹം മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്നു കെ.കരുണാകരന്‍. പുലിക്കോടനും ലക്ഷ്മണയുമുള്‍പ്പെട്ട നരാധമന്മാരായ ഒരു സംഘം പോലീസുകാരാണ് അന്ന് ആഭ്യന്തര ഭരണസംവിധാനം നിയന്ത്രിച്ചത്. രാജനെ കസ്റ്റഡിയിലെടുത്ത വിവരം പോലും ഒരു പക്ഷേ കരുണാകരന്‍ അറിഞ്ഞിട്ടുണ്ടാവണമെന്നില്ല.

പക്ഷേ ജനാധിപത്യ വ്യവസ്ഥയില്‍ ആഭ്യന്തര മന്ത്രിക്ക് തന്നെയാണ് രാജന്റെ കൊലയുടെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്വമുയര്‍ത്തിയാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് 'കക്കയം ക്യാമ്പ് കഥ പറയുന്നു.' എന്ന ലേഖന പരമ്പര ദേശാഭിമാനിയിലെഴുതിയത്. അങ്ങിനെയാണ് പുറം ലോകം പോലീസ് ഭീകരതയെക്കുറിച്ചറിയുന്നത്. ചുമരുകള്‍ മുഴുവന്‍, തെരുവുകള്‍ മുഴുവന്‍ 'രാജനെവിടെ; മറുപടി പറയൂ കരുണാകരാ' എന്ന മുദ്രാവാക്യത്താല്‍ മുഖരിതമായി. അവസാനം സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കരുണാകരന് രാജിവെക്കേണ്ടി വന്നു. പുത്രദുഖത്താല്‍ നെരിപ്പോടായി കത്തി നിന്ന ഈച്ചരവാര്യരുടെ നെഞ്ചിലെ തീയിലാണ് കരുണാകരന്റെ രാഷ്ട്രീയ ജീവിതം അവസാന നിമിഷംവരെ വെന്ത് നീറിയത്. അന്നത്തെ സി.പി.എം യുവ നേതൃനിരയിലെ പ്രമുഖനായിരുന്നു പിണറായി വിജയന്‍. ഇന്നത്തെ ആഭ്യന്തര മന്ത്രി.

അലനും താഹയും അറസ്റ്റിലാവുന്നു

അലനും താഹയും അറസ്റ്റിലാവുന്നു

ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശന ദിവസമാണ് അലന്‍,താഹ എന്നീ പാര്‍ട്ടി കുടുബത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തികച്ചും അകാരണമായി അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇടതു സര്‍ക്കാരിന്റെ പോലീസ് ഇവര്‍ക്കെതിരെ യുഎപി.എ എന്ന മാരകകരിനിയമം ചുമത്തി. കോഴിക്കോട്ടെ പൗരാവലി അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോയി.

യു എ പിഎ എന്ന കരിനിയമത്തെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം. ഭരിക്കുന്ന കേരളത്തില്‍, പാര്‍ട്ടി പി.ബി.അംഗം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുമ്പോള്‍, പാര്‍ട്ടി അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തപ്പെട്ടത് അഖിലേന്ത്യാതലത്തില്‍ ചര്‍ച്ചയായി. പാര്‍ട്ടിക്കുവേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആ അമ്മമാര്‍ നീതി തേടി

മുഖ്യമന്ത്രിയേ സമീപിച്ചു. ഒന്ന് സ്വാന്തനിപ്പിക്കുക പോലും ചെയ്യാതെ, തന്റെ പതിവു രീതിയില്‍ ''നോക്കാം' എന്നു മാത്രം മൊഴിഞ്ഞ് അവരെ തിരിച്ചയച്ചു. കോഴിക്കോട്ടെ പാര്‍ട്ടി ഘടകം ഇവര്‍ മാവോവാദികളല്ലന്നും ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അറസ്റ്റിനും യു എ പി എ ചുമത്തുന്നതിനും ഒരു നീതീകരണവുമില്ലന്നും അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

സംസ്ഥാന സെക്രട്ടറി കോടിയേരി യു എ പി എ ചുമത്തിയ നടപടി പുനപ്പരിശോധിക്കും എന്നുറപ്പു നല്‍കി. സി പി എം. പിബിയില്‍ എസ്.രാമചന്ദ്രന്‍ പിള്ളയൊഴികെ മറ്റൊരു പി.ബി.അംഗവും ഇതിനെ ന്യായീകരിച്ച് രംഗത്തു വന്നില്ല. എം എ ബേബി യേപ്പോലുള്ള പി.ബി അംഗങ്ങള്‍, യു എ പി എ ചുമത്തിയത് ശരിയല്ലന്നും സര്‍ക്കാറത് പുനപരിശോധിച്ച്തിരുത്തുമെന്നും പ്രസ്ഥാവിച്ചു.അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യു എ പി എ ചുമത്തിയത് പുനപ്പരിശോധിക്കുമെന്ന് പരസ്യ നിലപാടെടുത്തു. ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയും ആഭ്യന്തര വകുപ്പിന്റെ നടപടിക്ക് പരസ്യ പിന്തുണയുമായി വന്നില്ല. പ്രധാന ഘടക കക്ഷിയായ സി.പി.ഐ പരസ്യമായി തന്നെ എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തു. ഇതിനൊക്കെ ശേഷവും എതിര്‍ നിലപാടെടുത്ത എല്ലാവരേയും 'അവര്‍ ചായ കുടിക്കാന്‍ പോയവരാണെന്ന് കരുതണ്ട.' എന്ന് പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.രണ്ടാഴ്ച കഴിഞ്ഞ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് നിരാശരാകേണ്ടി വന്നു. മുസ്ലീം ലീഗ് യോഗം 'തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പിരിയുന്ന പോലെ' സംസ്ഥാന സെക്രട്ടേറിയേറ്റ് മുഖ്യമന്ത്രിക്ക് നിരുപാധിക പിന്തുണപ്രഖ്യാപിച്ചു പിരിഞ്ഞു. കോഴിക്കോട് ജില്ലാ ഘടകം മലക്കം മറിഞ്ഞു. യു എ പിഎചുമത്താമോ എന്ന് പരിശോധിക്കാനുള്ള സമിതി ഉടന്‍ യോഗം ചേര്‍ന്ന് കരിനിയമം എടുത്തുകളയും എന്നായിരുന്നു ന്യായീകരണ തൊഴിലാളികളുടെ സാമൂഹ്യ മാധ്യമങ്ങളിലെ തള്ളല്‍. മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയത് കേന്ദ്ര മന്ത്രിമാരും സംസ്ഥാന ബി.ജെ.പി.നേതാക്കളും മാത്രമായിരുന്നു.

കേസ് എന്‍ഐഎയ്ക്ക് വിടുന്നു

കേസ് എന്‍ഐഎയ്ക്ക് വിടുന്നു

എല്ലാം എന്‍ഐഎയ്ക്ക് വിട്ടു നല്‍കി നേതാക്കള്‍ കൈ കഴുകി ശുദ്ധി വരുത്തി. ലേപനങ്ങള്‍ പുരട്ടി സുഗന്ധം വരുത്തി. കുട്ടികള്‍ ജയിലില്‍ തന്നെ കിടന്നു. മതാപിതാക്കളുടെ കണ്ണീരിന്റെയും നെടുവീര്‍പ്പിന്റേയും ചൂടറിഞ്ഞവരാണ് കോഴിക്കോട്ടെ പൊതുപ്രവര്‍ത്തകര്‍. തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ വരെ ഞങ്ങള്‍ പ്രതിഷേധവുമായി കുത്തിയിരുന്നു. അപ്പോഴൊക്കെ ആനപ്പുറത്തിരിക്കുന്നവനോട് പട്ടി കുരച്ചതു പോലൊരു മനോഭാവമായിരുന്നു മുഖ്യമന്ത്രിക്ക്. ഇപ്പോള്‍ ഈ കുട്ടികള്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. ഇത് പതിവില്ലാത്തതാണ്. യു എ പി എ ചുമത്തപ്പെട്ടയാള്‍, നീണ്ട ഒരുപാട് വര്‍ഷങ്ങളെടുക്കുന്ന തെളിവെടുപ്പില്‍ സ്വന്തം നിരപരാധിത്വം സ്വന്തം നിലയില്‍ തെളിയിച്ചെങ്കില്‍ മാത്രമേ പുറത്ത് കടക്കാനാവൂ. ജാമ്യത്തിന് വിദൂരമായ സാദ്ധ്യതകള്‍ പോലുമില്ല. ഉന്നയിക്കപ്പെട്ട കുറ്റങ്ങളിലൊന്നിലും പ്രഥമദൃഷ്ട്യ തന്നെ കുറ്റാരോപിതന് ഒരു ബന്ധവുമില്ലന്ന് എന്‍.ഐ.എ കോടതിക്ക് ബോദ്ധ്യപ്പെട്ടെങ്കില്‍ മാത്രമേ ജാമ്യം അനുവദിക്കാന്‍ കഴിയൂ. അങ്ങിനെ ബോദ്ധ്യപ്പെട്ടാണ് അലനും താഹക്കും കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. 60 പേജുള്ള ആ വിധിന്യായം മുഖ്യമന്ത്രി ഒന്ന് മനസ്സിരുത്തി വായിക്കണം. എന്നിട്ട് സ്വയം തീരുമാനിക്കണം; താനീ കസേരയില്‍ തുടര്‍ന്നുമിരിക്കണോ അതോ കേരള ജനതയോടും അലന്റെയും താഹയുടേയും കുടുംബത്തോടും മാപ്പു പറഞ്ഞ് ഇറങ്ങിപ്പോവണോ എന്ന്. അത്രയേറെ വ്യക്തവും പ്രധാനവുമാണ് കൊച്ചി എന്‍.ഐ.എ.കോടതിയുടെ ഈ ചരിത്രവിധി.

കുട്ടികള്‍ക്കെതിരെ യു എ പി എ ചുമത്തുന്നതിന് എന്‍.ഐ.എ അവതരിപ്പിച്ച കുറ്റപത്രം, 12 ഖണ്ഡങ്ങളിലായി തലനാരിഴകീറി പരിശോധിച്ചാണ് കോടതി തമൂലം തള്ളിക്കളഞ്ഞത്. ഇവരിരുവരും മാവോയിസ്റ്റുകളാണ് എന്ന വാദമാണ് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ആദ്യമേ സ്വീകരിച്ചത്. അത് സ്ഥാപിക്കാനുള്ള തെളിവുകളൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നുമില്ല. എന്‍.ഐ.എ കേസ്സേറ്റെടുത്തതോടെ തെളിവുണ്ടാക്കാന്‍ നെട്ടോട്ടമോടിയെങ്കിലും വിജയിച്ചില്ല. അതിനിടക്കാണ് സി.പി.എം.സംസ്ഥാനക്കമ്മററി അംഗമായ പി ജയരാജന്‍ തന്നെ കള്ളത്തെളിവുമായി എന്‍.ഐ.എ യെ സഹായിക്കാനെത്തിയത്. അലന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനം നടക്കുന്നുണ്ടന്നും മാവോയിസ്റ്റ് നേതാക്കള്‍ അവിടെ വന്നു പോകുകയും താമസിക്കുകയും ചെയ്യുന്നുണ്ടെന്നും ഒരു തെളിവിന്റേയും പിന്‍ബലമില്ലാതെ ജയരാജന്‍ തട്ടിവിട്ടു. പക്ഷേ തെളിവില്ലാത്തതിനാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തന്നെ, യു എ പി എ യുടെ ഇരുപതാം വകുപ്പനുസരിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റാണിരുവരും എന്ന വാദം എന്‍.ഐ.എ. ഒഴിവാക്കിയിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ മാവോയിസ്റ്റ് തുരുപ്പുചീട്ട് അസാധുവായതാണ്.

സുപ്രീം കോടതി വിധി ഉദ്ധരിച്ച് എന്‍ഐഎ കോടതി

സുപ്രീം കോടതി വിധി ഉദ്ധരിച്ച് എന്‍ഐഎ കോടതി

ഇവര്‍ മാവോയിസ്റ്റ് ആശയത്തെ പിന്തുടരുന്നവരാണ് എന്ന വിചിത്രവാദമാണ് എന്‍എഐ പിന്നീട് വാദിച്ചത്. എന്നാല്‍ മാവോയിസ്റ്റ് അനുഭാവം തെളിയിക്കുന്നതിനും സാധുവായ തെളിവൊന്നും എന്‍.ഐ.എയുടെ പക്കലുണ്ടായിരുന്നില്ല. ഒരാള്‍ മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തി എന്നുള്ളതുകൊണ്ട് മാത്രം അയാള്‍ക്കെതിരെ യു എ പി എ ചുമത്താനാവില്ല എന്ന സുപ്രീം കോടതി വിധി എന്‍.ഐ.എ കോടതിയും ഉദ്ധരിക്കുന്നുണ്ട്. മാവോയിസ്റ്റ് അനുഭാവം സ്ഥാപിക്കാന്‍ തെളിവായി ഹാജരാക്കിയതാകട്ടെ അലന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള ലഘുലേഖകളും പുസ്തകങ്ങളുമായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് നിരോധിക്കാത്ത ഇത്തരം പുസ്തകങ്ങള്‍ കൈവശം വെക്കുന്നത് എങ്ങിനെ കുറ്റകരമാവും എന്ന് കോടതി ചോദിക്കുന്നു. കാശ്മീരില്‍ മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്തു കളഞ്ഞതിനെതിരെ തയാറാക്കിയ പോസ്റ്റര്‍ തെളിവായി ഹാജരാക്കി എന്‍.ഐ.എ വാദിച്ചത് ഇത് മാവോയിസ്റ്റുകളുടെ നിലപാടും രാഷ്ട്രീയവുമാണ് എന്നാണ്. കോടതി ചോദിച്ചത് അത്തരം ഒരു നിലപാട് സ്വീകരിക്കാനും പിന്തുടരാനും പ്രചരിപ്പിക്കാനും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും അവകാശമില്ലേ എന്നാണ്. ഇതു തന്നെയായിരിക്കാം മാവോയിസ്റ്റുകളുടെ നിലപാടും എന്നത് കൊണ്ട് ഇവര്‍ മാവോയിസ്റ്റുകളാകുമോ? മാവോയിസ്റ്റുക ളല്ലാത്ത ധാരാളം പേര്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുകയും പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലേ? അത് നിയമ വിരുദ്ധ പ്രവര്‍ത്തനമാണോ? ഇനി ഇവര്‍ മാവോയിസ്റ്റുകളാണെങ്കില്‍ തന്നെ ഇവരെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി എന്‍.ഐ.എ തെളിവു സഹിതം ആരോപിച്ചിട്ടുമില്ലല്ലോ.

മറ്റൊരു വിചിത്രമായ 'തെളിവും' എന്‍.ഐ.എ കോടതി മുമ്പാകെ ഹാജരാക്കി. അലന്റെയും താഹയുടേയും കോള്‍ രജിസ്റ്റര്‍ പരിശോധിച്ചതില്‍ ഇവര്‍ പരസ്പരം ഫോണില്‍ സംസാരിച്ചതായി കാണുന്നില്ല. പരസ്പരം ഫോണില്‍ സംസാരിക്കാതിരിക്കുക, മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതിയാണ് എന്നായിരുന്നു എന്‍.ഐ.എയുടെ വാദം. കോടതി ചോദിച്ചത്; രണ്ടു പേര്‍ പരസ്പരം നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ചിലപ്പോള്‍ ഒരു കുറ്റകൃത്യത്തിന് തെളിവാകാറുണ്ട്. എന്നാല്‍ രണ്ടു പേര്‍ ഫോണില്‍ പരസ്പരം സംസാരിച്ചില്ല എന്നത് ഒരു കുറ്റകൃത്യത്തിനുള്ള തെളിവായി ഹാജരാക്കുന്നത് വിചിത്രമാണ് എന്നായിരുന്നു. ഇത് തെളിവായി സ്വീകരിച്ചാല്‍ ഭാവിയില്‍ അതെന്തൊക്കെ പ്രത്യാഘാതങ്ങള്‍ അതുണ്ടാക്കും? പരസ്പരം ഫോണില്‍ സംസാരിച്ചില്ല എന്നത് രഹസ്യാത്മക പ്രവര്‍ത്തനത്തിന്റെ തെളിവായി ഹാജരാക്കുന്ന എന്‍.ഐ.എ തന്നെ അവരുടെ പുസ്തക ശേഖരത്തില്‍ നിന്ന് കണ്ടെത്തിയ പുസ്തകളും ലഘുലേഖകളും തെളിവായി ഹാജരാക്കുകയും ചെയ്യുന്നു. അവ മാവോയിസ്റ്റ് സാഹിത്യവും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതും രഹസ്യ സ്വഭാവവുമുള്ളതുമാണങ്കില്‍ അവ പരസ്യമായി പുസ്തകശേഖരത്തിന്റെ ഭാഗമായാണോ സൂക്ഷിക്കുക എന്നും കോടതി ചോദിക്കുന്നു. ഭരണകൂടത്തെയും സര്‍ക്കാരിനേയും വിമര്‍ശിക്കുകയും അത്തരം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യാനുള്ള അവകാശം ഭരണഘടനാ ദത്തമല്ലേ?അതെങ്ങിനെ യു എ പി എ ചുമത്താന്‍ കാരണമാകും?

അതെങ്ങിനെ കുറ്റകരമാകും

അതെങ്ങിനെ കുറ്റകരമാകും

ചുറ്റുപാടുമുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും നെറികേടുകളുമൊക്കെ കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ മാവോയിസമാണ് പരിഹാരമെന്നൊക്കെ ചിന്തിച്ചു പോകാം. അവരെ യു എ പി എ ചുമത്തി ജയിലലടച്ചാല്‍ പ്രശ്‌ന പരിഹാരമാകില്ലന്നും സാമൂഹ്യനീതിയിലധിഷ്ടിതമായ രാഷ്ട്രീയപരിഹാരമാണ് വേണ്ടത് എന്നും മുബൈ ഹൈക്കോടതി നേരത്തെ വിധിച്ചതും എന്‍.ഐ.എ കോടതി ഉദ്ധരിച്ചു. അലന്റെയും താഹയുടെയും സ്വകാര്യ ഡയറിയിലെ കുറിപ്പുകള്‍ ഏതെങ്കിലും നിയമവിരുദ്ധ സംഘടനാ ബന്ധമോ പ്രവര്‍ത്തനമോ തെളിയിക്കുന്നില്ലന്നും അവരുടെ മനസ്സിലെ അമര്‍ഷവും പ്രതിഷേധവും പ്രതീക്ഷയുമൊക്കെയാണ് അത് പ്രകടമാക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

അതെങ്ങിനെ കുറ്റകരമാകും എന്നും കോടതി ആന്വേഷിക്കുന്നു. സാധാരണ നിലയില്‍ ഒരാളുടെ സ്വകാര്യ ഡയറിക്കുറിപ്പുകള്‍ തെളിവായി സ്വീകരിക്കാനാവില്ല എന്ന മുംബൈ ഹൈക്കോടതി വിധിയും കോടതി ഉദ്ധരിച്ചിട്ടുണ്ട്. അതായത് തെളിവിന്റെ കണിക പോലുമില്ലാതെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്‍.ഐ.എ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനവും മാവോയിസ്റ്റ് ബന്ധവുമൊക്കെ ആരോപിക്കുന്നത് എന്ന് നിരീക്ഷിച്ചു കൊണ്ടാണ് എന്‍.ഐ.എ.കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ എന്‍.ഐ.എക്കെതിരായ വിധി മാത്രമല്ല. എന്തോ ഗൂഡലക്ഷ്യങ്ങള്‍ക്ക് വേണ്ടി, പുരോഗമനവാദികളായ വായിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പ്രതിഷേധിക്കുകയുമൊക്കെ ചെയ്യുന്ന രണ്ട് കൗമാരക്കാരുടെ ജീവിതം തല്ലിക്കൊഴിക്കാന്‍ ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രിക്കെതിരായ വിധി കൂടിയാണ്

5 വര്‍ഷത്തെ നിരീക്ഷണം

5 വര്‍ഷത്തെ നിരീക്ഷണം

കോഴിക്കോടെ പ്രമുഖ സി.പി.എം കുടുംബാംഗങ്ങളും പാര്‍ട്ടി അംഗങ്ങളുമായ, കൗമാരം പിന്നിട്ടിട്ടില്ലാത്ത അലനും താഹക്കുമെതിരായ പോലീസ് നടപടി, അന്നു തന്നെ പൊതുമണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇവര്‍ മാവോവാദികളാണെന്നതും അതാണ് അറസ്റ്റിന് കാരണമായതെന്നുമുള്ള പോലീസിന്റെയും മുഖ്യമന്ത്രിയുടേയും വിശദീകരണം, ഉപ്പു കൂട്ടാതെ വിഴുങ്ങാന്‍ ആരും സന്നദ്ധരായിരുന്നില്ല. അങ്ങിനെയെങ്കില്‍ മാവോവാദത്തെ പിന്തുണക്കുന്നവരെന്ന് പരസ്യ നിലപാടെടുക്കുന്ന ധാരാളം പേര്‍ ഇവിടെയു ണ്ടല്ലോ. പോലീസിന് അവരെയൊന്നും അറിയാത്തതുമാകാനിടയില്ല. അവര്‍ക്കെതിരെയൊന്നും ഒരു നടപടിയും സ്വീകരിക്കാത്ത ആഭ്യന്തര വകുപ്പ്, ഈ കുട്ടികളെ ലക്ഷ്യമിട്ടതെന്തിന് എന്ന ചോദ്യം പ്രസക്തമായിരുന്നു. 'അഞ്ചു വര്‍ഷമായി ഞങ്ങളീ കുട്ടികളെ നിരീക്ഷിക്കുന്നു' എന്ന പോലീസിന്റെ വിശദീകരണമാകട്ടെ അതിലേറെ സംശയമുളവാക്കുന്നതായി. പാര്‍ട്ടി കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ രാഷ്ട്രീയ കാരണങ്ങളാല്‍ ഇത്തരമൊരു നടപടി പതിവുള്ളതല്ല. പ്രത്യേകിച്ച് പാര്‍ട്ടി ഭരണത്തിലുള്ളപ്പോള്‍.

തന്നെ ചോദ്യം ചെയ്യുന്ന എല്ലാ ശക്തികളേയും സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതില്‍ വിജയിച്ച നേതാവാണ് പിണറായി വിജയന്‍. പാര്‍ട്ടിക്കകത്തോ സര്‍ക്കാരിലോ പ്രകടമായ എതിര്‍ശബ്ദങ്ങളൊന്നും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കേള്‍ക്കാനേയില്ല. ഭരണകക്ഷിയുടെ നേതാക്കളും എം.എല്‍.എ മാരുമായ പലരും ഭയം നിമിത്തം മുഖ്യമന്ത്രിയെ സമീപിക്കാന്‍ വിമുഖത കാണിക്കാറുണ്ട്. ദേശീയപാത വീതി കൂട്ടുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടാന്‍ അനുമതി തേടിയിട്ട് പത്തിലധികം തവണയും നിരസിച്ചതായി അതിന്റെ തന്നെ നേതാക്കള്‍ പാര്‍ട്ടി നേതാക്കളോട് പരാതി പറഞ്ഞതായി അറിയാം. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമൊക്കെ ഇദ്ദേഹത്തോടി ടപെടുന്നതില്‍ വിമുഖരാണ്. പ്രതിഛായാ നിര്‍മ്മിതിക്കും, സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെ സംഘടിതമായി അരിഞ്ഞു തള്ളുന്നതിനും, പ്രൊഫഷനല്‍ മേനേജ്‌മെന്റും പാര്‍ട്ടി സംഘടനയും ഒരുമിച്ചു ചേര്‍ത്തുള്ള ഒരു മെക്കാനിസം സി.പി.എം ഇപ്പോള്‍ വികസിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ സ്വാതന്ത്യം അനുവദിച്ചു നല്‍കണം എന്ന നിലപാട് മുന്നോട്ടുവെച്ച പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ പാര്‍ട്ടി ഭരണത്തിലെത്തിയപ്പോള്‍ ആ നിലപാടൊക്കെ പരണത്ത് കെട്ടിവെച്ച സ്ഥിതിയായി.

 സ്വന്തം കുഞ്ഞിനെ കൊന്നു തിന്നുന്ന പൂച്ച

സ്വന്തം കുഞ്ഞിനെ കൊന്നു തിന്നുന്ന പൂച്ച

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മറ്റെന്തൊക്കെ വിമര്‍ശനങ്ങളുണ്ടായിരുന്നാലും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും നിരന്തരമായി വിമര്‍ശനങ്ങളുയര്‍ത്തുന്നതില്‍ മത്സരിക്കുകയായിരുന്നു എന്‍.ജി.ഒ.യൂണിയന്‍ ഉള്‍പ്പെടെ ഇടതുപക്ഷത്തുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍. എന്നാലിന്ന് മുഖ്യമന്ത്രിക്കെതിരായ ഒരു കമന്റിനെ അറിയാതെ ലൈക്ക് ചെയ്തു പോയാല്‍ അടുത്ത മണിക്കൂറില്‍ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുന്ന സ്ഥിതിയാണ്. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താം. അതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വായ തുറക്കാതായി. മാവോയിസ്റ്റുകളെ പോലീസിനെ ഉപയോഗിച്ച് വെടിവെച്ചു കൊല്ലുന്ന സര്‍ക്കാര്‍ നിലപാട്, സി.പി.എമ്മിന്നകത്ത്, വിശേഷിച്ച് യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ കടുത്ത അസംതൃപ്തി ഉളവാക്കിയിരുന്നു. അതിന്റെ അനുരണനങ്ങള്‍ പാര്‍ട്ടിയിലും പ്രകടമായി. പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും നല്‍കിയിരുന്നതായും പറയപ്പെടുന്നുണ്ട്. ഇത്തരം ഒരു സഹചര്യത്തിലാണ് തനിക്കെതിരായ വിമര്‍ശനങ്ങള്‍, അത് പാര്‍ട്ടിക്കകത്ത് നിന്നായാലും അവരെ യു എ പി എ ചുമത്തി അകത്താക്കും, എന്നൊരു സന്ദേശം അലന്റെയും താഹയുടെ അറസ്റ്റിലൂടെ നല്‍കിയത്, എന്ന് കരുതുന്നവരും ധാരാളമുണ്ട്.

പൂച്ച സ്വന്തം കുഞ്ഞിനെ കൊന്നു തിന്നുന്നതുപോലെ, സ്വന്തം പാര്‍ട്ടിയുടെ ഭൂതകാലത്തേയും ചരിത്രത്തേയും കൊന്നു തിന്നുകയാണ് കേരളത്തിലിന്ന് സി.പിഎം. മനുഷ്യാവകാശങ്ങളെ ഏറ്റവും കൂടുതല്‍ മാനിക്കുന്നതാണ് മാര്‍ക്‌സിസ്റ്റ് ദര്‍ശനം. ആശയപരമായി കടുത്ത ശത്രുതയുണ്ടായിരുന്നപ്പോഴും നെക്‌സലൈറ്റ് പ്രസ്ഥാനത്തിനെതിരായ പോലീസ് അതിക്രമങ്ങളെ സി.പി.എം ഒരിക്കലും സാധൂകരിച്ചിരുന്നില്ല. പോലീസിനെ വിട്ട് നെക്‌സല്‍ബാരി കലാപം അടിച്ചമര്‍ത്തണമെന്ന് അന്ന് ബംഗാള്‍ മുഖ്യമന്ത്രിയായ അജയ് മുഖര്‍ജി ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ജ്യോതിബസുവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പക്ഷേ ബഹുജനസമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് പാര്‍ട്ടി നയമല്ല, അത്‌കൊണ്ട് താനീക്കസേരയിലിരിക്കുമ്പോള്‍ അതിന് സാദ്ധ്യമലല്ലെന്നായിരുന്നു പി.ബി അംഗമായിരുന്ന ജ്യോതി ബസുവിന്റെ മറുപടി. അദ്ദേഹം ആ നിലപാടില്‍ ഉറച്ചു നിന്ന് പൊരുതിയത് കൊണ്ടാണ് നെക്‌സല്‍ബാരിയിലെ കര്‍ഷകകലാപം ദീര്‍ഘനാള്‍ അടിച്ചമര്‍ത്തപ്പെടാതിരുന്നത്. എന്നാലിന്ന് എല്ലാ ബഹുജനസമരങ്ങളേയും പോലീസിനെ ഉപയോഗിച്ചടിച്ചമര്‍ത്തുന്നതിന് ഒരു മടിയും സംസ്ഥാന ആഭ്യന്തര വകുപ്പിനില്ല. നെക്‌സലൈറ്റ് നേതാവ് വര്‍ഗ്ഗീസിനെ പിടികൂടി, പൈശാചികമായി ഭേദ്യം ചെയ്ത് വെടിവെച്ച് കൊന്ന ശേഷം തിരുനെല്ലികാട്ടില്‍ കൊണ്ടിട്ട്,ഏറ്റുമുട്ടല്‍ കൊലയായി ചിത്രീകരിക്കുകയായിരുന്നു അന്നത്തെ ആഭ്യന്തര വകുപ്പും പോലീസ് അധികാരികളും ചെയ്തത്. മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുപോയി തോക്കുസഹിതമുള്ള വര്‍ഗ്ഗീസിന്റെ ജഡം കാണിച്ച് പടമെടുക്കാനും വാര്‍ത്ത തയാറാക്കാനും ആജ്ഞാപിക്കുകയും ചെയ്തു. കേരളത്തിലെ മുഴുവന്‍ പത്രങ്ങളും 'പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നക്‌സല്‍ നേതാവ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടു' എന്ന് ചിത്രം സഹിതം പിറ്റേന്ന് വാര്‍ത്ത നല്‍കിയപ്പോള്‍, ദേശാഭിമാനി മാത്രമാണ് വര്‍ഗ്ഗീസിനെ പോലീസ് ഭേദ്യം ചെയ്ത ശേഷം വെടിവെച്ച് കൊന്നതാണെന്ന് സധൈര്യം റിപ്പോര്‍ട്ട് ചെയ്തത്. നിയമസഭയിലും പുറത്തും സഖാവ് ഇ.എം എസ്സിന്റെ നേതൃത്വത്തില്‍ ഭരണകൂടം നടത്തിയ കൊലക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

cmsvideo
  Thaha's maoist links begin after nilambur firing | Oneindia Malayalam
  തോക്ക് കൊണ്ട് നീതി നടപ്പാക്കുമ്പോള്‍

  തോക്ക് കൊണ്ട് നീതി നടപ്പാക്കുമ്പോള്‍

  ഇത്തരമൊരു ഭൂതകാലമുള്ള പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഏഴ് മാവോയിസ്റ്റുകളെ നിഷ്‌കരുണം വ്യാജ ഏറ്റുമുട്ടല്‍ കഥ മെനഞ്ഞ് വെടിവെച്ച് കൊന്നത്. പ്രായവും രോഗവും നിമിത്തം നടക്കാന്‍ ശേഷിയില്ലാത്തയാള്‍ പോലും ഇങ്ങനെ കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് സി.പി.ഐയുടെ വസ്തുതാന്വേഷണസമതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരുടെ സംഘത്തില്‍ നിന്ന് വെടിയേല്‍ക്കാതെ രക്ഷപ്പെട്ട് തമിഴ്‌നാട്ടിലേക്ക് കടന്ന ചില മാവോയിസ്റ്റുകളെ അവിടത്തെ പോലീസ് ജീവനോടെ പിടികൂടി നിയമ വ്യവസ്ഥക്ക് മുമ്പില്‍ ഹാജരാക്കുകയുണ്ടായി. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും യോഗീ ആദിത്യനാഥ് ഭരിക്കുന്ന യു.പി.യിലും തോക്ക് കൊണ്ട് നീതി നടപ്പാക്കുമ്പോള്‍ വലതുപക്ഷ അവസര വാദികള്‍ ഭരിക്കുന്ന തമിഴ് നാട്ടില്‍ നിയമ വ്യവസ്ഥക്ക് മുമ്പിലാണ് നീതി നടപ്പാകുന്നത്, എന്നത് ചിന്തനീയം തന്നെയാണ്.

  ഇടതു തീവ്രനിലപാടുകളെ രാഷ്ട്രീയമായാണ് നേരിടേണ്ടതെന്നും അവര്‍ വഴിതെറ്റിപ്പോയ സഖാക്കളാണെന്നും അവരെ തിരുത്തുകയാണ് വേണ്ടതെന്നും വിശദീകരിക്കുന്ന പാര്‍ട്ടി രേഖകള്‍ എ.കെ.ജി സെന്റര്‍ ലൈബ്രറിയിലുള്‍പ്പെടെ പൊടിപിടിച്ചു കിടക്കുന്നുണ്ട്. സി.പി.എം ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളൊന്നും സായുധ വിപ്‌ളവ പരിപാടി ഉപേക്ഷിച്ചിട്ടില്ലന്ന് മാത്രമല്ല, വസ്തുനിഷ്ടസഹചര്യം ആവശ്യപ്പെടുമ്പോള്‍ അതിന് സന്നദ്ധമാകണമെന്ന ഭാഗം പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റിയിട്ടുമില്ല.1969ല്‍ വസന്തത്തിന്റെ ഇടിമുഴക്കം കേട്ട് നെക്‌സല്‍ ബാരി കലാപത്തിനിറങ്ങിത്തിരിച്ച്, സി.പി.എം. വിട്ട് സി.പി.ഐ (എം.എല്‍) നേതാവായ കെ.വേണു, ഒളിവില്‍ താമസിച്ചത് സി.പി.എം.നേതാവ് പി.ഗോവിന്ദപിള്ളയുടെ വീട്ടിലായിരുന്നു എന്നത് ചരിത്രം. പിജിയും വേണുവും തമ്മില്‍ പൊരിഞ്ഞ ആശയസമരം നടക്കുന്ന കാലമായിരുന്നു അത്.

  അലനും താഹക്കുമെതിരെ നടന്നത് ഒരു കൈ തെറ്റായിരുന്നില്ല. അടിസ്ഥാന നിലപാടുകളില്‍ നിന്നകന്നു പോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിക്കുന്ന അപചയത്തിന്റെ നിദര്‍ശനം തന്നെയാണത്. വേദനയുടെ, കണ്ണീരിന്റെ, സഹനത്തിന്റെ, ത്യാഗത്തിന്റെ, പട്ടിണിയുടെ, കടുത്ത മര്‍ദ്ദനത്തിന്റെ രക്തസാക്ഷിത്വത്തിന്റെയൊക്കെ മഹത്തായ ചരിത്രമുള്ള ഒരു പ്രസ്ഥാനം ഇരുമ്പു വിലക്ക് തൂക്കി വില്‍ക്കുന്നവര്‍ക്ക് ചരിത്രത്തിന് മുമ്പില്‍ കൈ കെട്ടി മറുപടി പറയേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. അത് അലന്‍, താഹാ സംഭവങ്ങളെ പ്രതിയായാലും മറ്റെന്തിനെ പ്രതിയായാലും.

  കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ പദവി രാജിവെച്ച് അഡീഷണല്‍ കളക്ടര്‍;പണി വരുന്നത് സിന്ധ്യ അനുകൂലിക്ക്

  English summary
  government should apologize to Alan and Taha; nv balakrishnan about pantheerankavu uapa case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X