കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവർത്തനം നടത്താതെ തന്നെ യേശുദാസ് ഹിന്ദുവായ ആ കഥ ഇങ്ങനെയാണ്!!

  • By Desk
Google Oneindia Malayalam News

പിടി മുഹമ്മദ് സാദിഖ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പിടി മുഹമ്മദ് സാദിഖ് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

ആരാണ് ഹിന്ദു? അതിനു പ്രത്യേകിച്ചൊരു നിര്‍വചനമൊന്നുമില്ല. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഹിന്ദു ദത്തെടുക്കല്‍ നിയമം തുടങ്ങിയ വിഷയങ്ങളില്‍ കോടതികളെ പലപ്പോഴും കുഴക്കിയ ചോദ്യമാണിത്. ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുഛേദ പ്രകാരം ബുദ്ധന്‍മാരും ജൈനന്മാരും സിക്കുകാരും ഹിന്ദുക്കളാണ്. ഹിന്ദു വിവാഹ നിയമത്തില്‍ ഹിന്ദു ആരാണെന്നു വ്യക്തമാക്കുന്നത് കുറേക്കൂടി വിശാലമായാണ്. മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും പാഴ്‌സികളും അല്ലാത്തവരൊക്കെ ഹിന്ദുവാണ്. ഹിന്ദുമതത്തിലേക്കോ ബുദ്ധ, ജൈന, സിക്കു മതങ്ങളിലേക്കോ പരിവര്‍ത്തനം ചെയ്തവരും പുനഃപരിവര്‍ത്തനം ചെയ്തവരും (ഘര്‍വാപസിക്കാര്‍) ഹിന്ദുക്കളാണ്.

മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഹിന്ദുവായിരിക്കുകയും കുട്ടിയെ ഹിന്ദുവായി വളര്‍ത്തുകയും ചെയ്താല്‍ ആ കുട്ടി ഹിന്ദുവാണ്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലും ഹിന്ദു ദത്തെടുക്കലും ചെലവിനുകൊടുക്കലും നിയമത്തിലും ഹിന്ദു മൈനോരിറ്റി ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് നിയമത്തിലും ഈ നിര്‍വചനം ബാധകമാണ്. മാതാപിതാക്കളില്‍ ഒരാള്‍ ഹിന്ദുവല്ലെങ്കിലും ആ വ്യക്തിക്ക് ഹിന്ദുവെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്ന് പ്രഭാകരന്‍മനായര്‍ v. പ്രീതി നായര്‍ കേസില്‍ കേരള ഹൈക്കോടതി (2001)വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

1971 ല്‍ മറ്റൊരു കേസില്‍ ഹിന്ദുവായി ജീവിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തിയ ശേഷം ഹിന്ദുവായി ജീവിക്കുകയും സമൂഹം അദ്ദേഹത്തെ ഹിന്ദുവായി അംഗീകരിക്കുകയും ചെയ്താല്‍ അദ്ദേഹവും ഹിന്ദുവാണെന്നു സുപ്രിം കോടതി വിധിച്ചിരുന്നു (Peruaml V. Ponnu Swami). ആരാണ് ഹിന്ദുവെന്ന ചോദ്യം പിന്നെയും പല വട്ടം കോടതിളെയും അഭിഭാഷകരേയും കുഴക്കിയിട്ടുണ്ട്.

എം. ചന്ദ്ര V. എം. തങ്കമുത്തു കേസില്‍ (2010) സുപ്രിം കോടതി നിരീക്ഷിച്ചത് കാണുക: ഹിന്ദുത്വം എന്നാല്‍ ഏക ദൈവവും ഏക വേദവുമുള്ള മതമല്ല. നാടുകള്‍ തോറും ഹിന്ദുക്കളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. ഹിന്ദുത്വത്തിന് ഒരു ഏക സ്ഥാപകനോ ഏക ഗ്രന്ഥമോ ഏക ദേവാലയമോ, ഏക ജീവിത രീതിയോ പോലുമില്ല. തൊഴിലിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക സംവിധാനത്തില്‍ ജാതി വ്യവസ്ഥ ഉണ്ടെങ്കിലും ഹിന്ദു മതം ജാതി വ്യവസ്ഥയോ അതിന്റെ വിവിധ ശ്രേണികളോ അല്ല.

ആരാണ് ഹിന്ദു?

ആരാണ് ഹിന്ദു?

ഒരാള്‍ ഹിന്ദുമതം സ്വീകരിച്ചതായി തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ ജന്മമോ പേരോ അല്ല. ഒിരാള്‍ ഹിന്ദുമതം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആകെ അയാള്‍ ചെയ്യേണ്ടത് മതത്തിലോ അദ്ദേഹം ഉള്‍പ്പെടുന്ന ജാതിയിലോ നിലവിലുള്ള ആചാരങ്ങള്‍ അനുഷ്ഠിക്കുക എന്നതുമാത്രമാണ്. അങ്ങിനെ ചുറ്റുപാടുമുള്ളവര്‍ അദ്ദേഹത്തെ ഹിന്ദുവായി അംഗീകരിക്കുന്നുണ്ടെങ്കില്‍ അയാള്‍ ഹിന്ദുവാണ്. പില്‍ക്കാലത്തു വന്ന ഈ കേസുകളെല്ലാം പരിശോധിക്കുമ്പോള്‍ ഹിന്ദു ആരാണെന്ന് നിശ്ചയിക്കാന്‍ കോടതികള്‍ ഏറെ പ്രയാസപ്പെടുന്നതു കാണാം.

ഇക്കാര്യത്തില്‍ ഏറെ പ്രയാസപ്പെട്ട കേസായിരുന്നു ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് ഹിന്ദുവാണോ അല്ലയോ എന്ന തര്‍ക്കം. കേസ് കൊടുത്തത് യേശുദായിരുന്നില്ല. യേശുദാസ് ആ കേസില്‍ കക്ഷി പോലുമായിരുന്നില്ല. എങ്കിലും യേശുദാസ് ഹിന്ദുവാണെന്നും യേശുദാസിനു ക്ഷേത്രപ്രവേശനം വിലക്കാന്‍ പാടില്ലെന്നും കേരള ഹൈക്കോടതി 1975ല്‍ അസന്നിഗ്ധമായി വിധിച്ചിട്ടുണ്ട്. (Ram Mohandas V. Trancore Devasam Board 1975 KLT 55) അതോടെ ഹിന്ദുവിന്റെ നിര്‍വചനത്തില്‍ ഒരു പുതിയ സിദ്ധാന്തം കൂടി വന്നു. ജനനം കൊണ്ടും മതപരിവര്‍ത്തനം കൊണ്ടും മാത്രമല്ല, വിശ്വാസം (Conviction) കൊണ്ടും ഒരാള്‍ ഹിന്ദുവാകും.

യേശുദാസ് ഹിന്ദുവായ ആ കഥ

യേശുദാസ് ഹിന്ദുവായ ആ കഥ

ആലപ്പുഴയിലെ പ്രസിദ്ധമായ മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മണ്ഡല കാലത്ത് നടക്കുന്ന മണ്ഡലം ചിറപ്പ് ഉത്സവം പതിവാണ്. ഉത്സവത്തിന്റെ അവസാനത്തെ പതിനൊന്നു ദിവസം ശ്രീബലിയും പ്രദക്ഷിണവും വിശേഷാല്‍ പൂജകളും, സംഗീത -കലാ പരിപാടികളുമുണ്ടാകും. വ്യക്തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ ആയിരിക്കും ഓരോ ദിവസത്തേയും പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുക.

1972 ഡിസംബര്‍ 23 നു ഉത്സവത്തിന്റെ ചെലവു വഹിക്കാമെന്നേറ്റത് ആലപ്പുഴയ ചെമ്പക ജ്വല്ലറിയുടെ ഉടമ പി.എസ്. മോനിയായിരുന്നു. യേശുദാസിന്റെ സംഗീത കച്ചേരിയായിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണം. ആ ദിവസം ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കാന്‍ അഹിന്ദുവായ യേശുദാസിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്. മോനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും അപേക്ഷ നല്‍കി. ദേവസ്വം യേശുദാസിനു ക്ഷേത്ര പ്രവേശനത്തിനു അനുമതി കൊടുത്തു.

ദേവസ്വത്തിന്റെ വിശദീകരണം ഇങ്ങനെ

ദേവസ്വത്തിന്റെ വിശദീകരണം ഇങ്ങനെ

ഹിന്ദു മത വിശ്വാസികളായ ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നം ശബരിമലയിലും മറ്റും പോകാറുള്ള യേശുദാസ് ജനനം കൊണ്ട് ക്രിസ്ത്യാനിയാണെങ്കിലും ക്ഷേത്രാരാധനയിലും മറ്റും തനിക്കു വിശ്വാസമുണ്ടെന്ന് തെളിയിച്ചിട്ടുണ്ടെന്നുമായിരുന്നു ദേവസ്വത്തിന്റെ വിശദീകരണം. ഞാന്‍ ഹിന്ദുമതത്തിലും വിശ്വസിക്കുന്നുവെന്ന് യേശുദാസ് പത്ര പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. യേശുദാസിനു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി പിറ്റേന്നു പത്രങ്ങളില്‍ വലിയ വാര്‍ത്തയായി. താന്‍ ഹിന്ദു മതത്തിലും വിശ്വസിക്കുന്നുവെന്ന അദ്ദേഹത്തിന്റെ സത്യവാങ് മൂലം കേരളശ്രീ എന്ന പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. .

എന്നാല്‍ മുല്ലക്കല്‍ ക്ഷേത്ര ഉപദേശക സമതി അംഗവും അഭിഭാഷകനുമായ റാം മോഹന്‍ദാസ് ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം റദ്ദാക്കണമെന്നും ആ തീരുമാനം നടപ്പാക്കുന്നതില്‍ നിന്നു ക്ഷേത്രം ഭാരവാഹികളെ തടയണമെന്നും ആവശ്യപ്പെട്ടാണ് മോഹന്‍ദാസ് കോടതിയെ സമീപിച്ചത്.

ആര്‍ക്കൊക്കെ ക്ഷേത്രത്തില്‍ പ്രവേശനം പാടില്ല?

ആര്‍ക്കൊക്കെ ക്ഷേത്രത്തില്‍ പ്രവേശനം പാടില്ല?

അഹിന്ദുവിനു ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനു അധികാരമില്ലെന്നായിരുവന്നു ഹരജിക്കാരന്റെ വാദം. കേരള ഹിന്ദു പ്ലെയ്‌സസ് ഓഫ് പബ്ലിക് വര്‍ഷിപ്പ് (ഓതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്ട് 1965. മൂന്നാം ചട്ട പ്രകാരം അഹിന്ദുവിനു ക്ഷേത്രത്തില്‍ പ്രവേശനം പാടില്ല. നിയമത്തിലെ ആറാം ചട്ടത്തിലാണ് ആര്‍ക്കൊക്കെ ക്ഷേത്രത്തില്‍ പ്രവേശനം പാടില്ലെന്നു വ്യക്തമാക്കുന്നത്.

അഹിന്ദുക്കള്‍, മരണമോ ജനനമോ മൂലം പൂലയുള്ളവര്‍, ക്ഷേത്ര പ്രവേശനം നിഷിദ്ധമാക്കപ്പെട്ട (സമയത്ത്) സത്രീകള്‍, മദ്യപാനികളും താളം തെറ്റി നടക്കുന്നവരും (Disorderly), പകര്‍ച്ച വ്യാധിയോ അറപ്പുളവാക്കുന്ന രോഗമോ ബാധിച്ചവര്‍, ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെ രക്ഷിതാക്കളുടെ കര്‍ശന നിയന്ത്രണത്തോടെ അല്ലാതെ വരുന്ന മനോരോഗികള്‍, യാചന തൊഴിലായി സ്വീകരിച്ചവര്‍ എന്നിവര്‍ക്കൊന്നും ഈ നിയമ പ്രകാരം ക്ഷേത്രത്തില്‍ പ്രവേശനം പാടില്ല.

ഹരജിക്കാരന്റെ വാദം ഇങ്ങനെ

ഹരജിക്കാരന്റെ വാദം ഇങ്ങനെ

ഏതെങ്കിലും വ്യക്തിയുടെ കാര്യത്തില്‍ അഹിന്ദുവാണെന്ന് ദേവസ്വം ബോര്‍ഡിനു സംശയം തോന്നുകയാണെങ്കില്‍, ആ വ്യക്തിയോട് താന്‍ ഹിന്ദു മത വിശ്വാസം പിന്തുടരുന്ന ആളാണെന്നു രേഖാമൂലം സത്യവാങ്മൂലം ആവശ്യപ്പെടാന്‍ ചീഫ് ഓഫീസര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഒരാള്‍ക്ക് ജന്മം കൊണ്ടോ മതപരിവര്‍ത്തനത്തിലൂടെയോ ഹിന്ദുവാകാം. വെറുതെ ഹിന്ദുവാണെന്നു പ്രസ്താവിച്ചതുകൊണ്ട് ഒരാള്‍ ഹിന്ദുവാകില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

കേസ് പരിഗണിച്ച ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോന്‍ ഇക്കാര്യത്തില്‍ മുമ്പ് ചീഫ് ജസ്റ്റിസ് അനുഭവിച്ച ആശയക്കുഴപ്പം ഉദ്ധരിക്കുന്നുണ്ട്. യജ്ഞപുരുഷ് ദാസ്ജി v. മുല്‍ദാസ് കേസില്‍ ഐകരൂപമില്ലാത്ത ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിശദീകരിക്കാനോ അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്.

യേശുദാസിന്റെ സത്യവാങ്മൂലം

യേശുദാസിന്റെ സത്യവാങ്മൂലം

വിശ്വാസം കൊണ്ടും അനുഷ്ഠാനം കൊണ്ടും ഹിന്ദുവാണെന്നു തെളിയിച്ച യേശുദാസ് ഹിന്ദുവാണെന്ന നിലപാടിലേക്ക് എത്തിച്ചേരാന്‍ ജസ്റ്റിസ് ചന്ദ്രശേഖര മേനോനു സംശയമൊന്നുമുണ്ടായിരുന്നില്ല. ക്ഷേത്ര പ്രവേശന നിയമത്തിലെ ചട്ട പ്രകാരം തന്നെ അദ്ദേഹം താന്‍ ഹിന്ദുമത വിശ്വാസം കൂടി പിന്തുടരുന്ന ആളാണെന്ന് യേശുദാസ് സത്യവാങ്മൂലം വെളിപ്പെടുത്തിയിട്ടുണ്ട്.

അതിനു പിന്നില്‍ ദുരുദ്ദേശ്യമൊന്നും ആരോപിക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് അദ്ദേഹത്തെ ഹിന്ദുവായി പരിഗണിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ യേശുദാസിനു ക്ഷേത്രത്തില്‍ പ്രവേശനം നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ തെറ്റില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

യേശുദാസ് വിശ്വാസം കൊണ്ട് ഹിന്ദു?

യേശുദാസ് വിശ്വാസം കൊണ്ട് ഹിന്ദു?

നിര്‍വചനാതീതയമായ ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍ മുന്നില്‍ നിര്‍ത്തിയാണ് ജസ്റ്റിസ് ചന്ദ്രശേഖര മേനോന്‍ ഈ കേസില്‍ തീര്‍പ്പു കല്‍പിച്ചത്. മാത്രമല്ല, മതപരിവര്‍ത്തനത്തിന്റെ ദോഷ വശം ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം Aspects of our relegion ശ്രീ ചന്ദ്രശേഖര സരസ്വതിയുടെ ഗ്രന്ഥം ഉദ്ധരിക്കുന്നുണ്ട്. മത പരിവര്‍ത്തനത്തിന്റെ ഒരു ദോഷം എന്നു പറയുന്നത്, ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു വേണ്ടി ഉപേക്ഷിക്കുക എന്നതാണെന്നാണം ചന്ദ്രശേഖര സരസ്വതിയുടെ നിരീക്ഷണം.

അതുകൊണ്ട് ഒരാള്‍ താന്‍ ഹിന്ദു മതത്തിലും വിശ്വസിക്കുന്നു എന്നു പറയുമ്പോള്‍ (അതിനു പിന്നില്‍ ദുരുദ്ദേശ്യമൊന്നുമില്ലെങ്കില്‍) അദ്ദേഹം ഹൈന്ദവ ദൈവസങ്കല്‍പം അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. അങ്ങിനെ യേശുദാസ് വിശ്വാസം കൊണ്ട് ഹിന്ദുവായിരിക്കുന്നു. (He has became Hindu by conviction)

 യേശുദാസ് ഹിന്ദുവുമാകുന്നത്...

യേശുദാസ് ഹിന്ദുവുമാകുന്നത്...

വിധി അവസാനിക്കുന്നത് ഇങ്ങിനെയാണ്: അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് ദേവസ്വം ബോര്‍ഡ് കോടതി മുമ്പാകെ വാദിച്ചിട്ടില്ല. ഹിന്ദുത്വ ഒരു ജീവിത രീതിയാണെന്നും അതില്‍ വിശ്വസിക്കുകയും ആ രീതി പിന്തുടരുകയും ചെയ്യുന്ന വ്യക്തിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ വിലക്കുകയോ തടയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുതെന്നാണ് ബോര്‍ഡ് വാദിച്ചത്.

ആ വാദം അംഗീകരിച്ച കോടതി അഡ്വ. റാം മോഹന്‍ദാസിന്റെ ഹരജി തള്ളുകയായിരുന്നു. അങ്ങിനെയാണ് യേശുദാസ് ഹിന്ദുവുമാകുന്നത്. ഹിന്ദുവിനെ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു ഈ വിധി. ആദ്യമായാണ് ഒരാള്‍ ജന്മം കൊണ്ടോ മതപരിവര്‍ത്തനം കൊണ്ടോ അല്ലാതെ വിശ്വാസം (Conviction) ഹിന്ദുവാകുന്നത്.

മതം ഉപേക്ഷിക്കാതെ ഹിന്ദുവാകുന്നത്

മതം ഉപേക്ഷിക്കാതെ ഹിന്ദുവാകുന്നത്

ജോണ്‍ ഡങ്കന്‍ മാര്‍ട്ടിന്‍ ഡെറെയുടെ Essays in Classical and Modern Hindu Law: Current problems and the legacy of the past എന്ന പുസ്തകത്തില്‍ ക്രിസ്ത്യന്‍ ഹിന്ദുക്കളും ഹിന്ദു ക്രിസ്ത്യാനികളും -അഭിഭാഷകരുടെ ആശയക്കുഴപ്പം എന്ന അധ്യായത്തില്‍ ഈ യേശുദാസ് കേസ് കൃത്യമായി നിരൂപണം ചെയ്യുന്നുണ്ട്. മതപരിവര്‍ത്തവനം ചെയ്യാതെ ഹിന്ദുവാണെന്ന് യേശുദാസിനു കോടതിയുടെ അംഗീകാരം കിട്ടി. ഒരു സമയത്ത് ഒരാള്‍ക്കു ഒരു മതം എന്ന സിദ്ധാന്തമാണ് ഈ വിധിയോടെ ഇല്ലാതാതയെന്ന് മാര്‍ട്ടിന്‍ ഡെറെ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദുമതത്തില്‍നിന്നു ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നത് നിരുത്സാഹപ്പെടുത്താന്‍ ശങ്കരാചാര്യര്‍ ഉപേക്ഷിക്കപ്പെടുന്ന ദൈവങ്ങളെ കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചത്. അതിനു പുതിയൊരു വ്യാഖ്യാനം നല്‍കി, എതിര്‍ദിശയില്‍ ഉപയോഗിക്കുകയാണ് കോടതി ചെയ്തതെന്നും അദ്ദേഹം സരസമായി ചൂണ്ടിക്കാട്ടുന്നു. അതായത് ഒരു ക്രിസ്ത്യാനി സ്വന്തം മതം ഉപേക്ഷിക്കാതെ ഹിന്ദുവാകുന്നതിനെ പ്രോത്സാഹിപ്പിക്കന്ന നടപടി.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമുണ്ട്...

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമുണ്ട്...

യേശുദാസ് ഹിന്ദു സ്ത്രീയെ കല്യാണം കഴിക്കുകയാണെങ്കില്‍ അദ്ദേഹം ഹിന്ദുവല്ലെന്ന് വാദിക്കാന്‍ പറ്റില്ല അദ്ദേഹം മരിച്ചാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഏത് വ്യക്തിനിയമം അനുസരിച്ച് വിതരണം ചെയ്യും? പള്ളിക്കാര്‍ക്ക് അദ്ദേഹത്തെ ഖബറക്കേണ്ടി വരും. ഹിന്ദുക്കള്‍ക്ക് അദ്ദേഹത്തെ ദഹിപ്പിക്കേണ്ടി വരും. അങ്ങിനെ ഇത്തരം പുതുഹിന്ദുക്കളെയും പുതു ക്രിസ്ത്യാനികളേയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇതേ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. അതിലേക്ക് കടക്കുന്നില്ല.

ശബരിമലയിലും മൂകാംബികയിലും പതിവു സന്ദര്‍ശകനായ യേശുദാസിന്റെ ചിരകാല സ്വപ്‌നമായ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം ഇനിയും സാധ്യമായിട്ടില്ല. എന്നാല്‍ തിരുവനനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തൊഴാന്‍ കഴിഞ്ഞ വര്‍ഷം ഗാനഗന്ധര്‍വനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.

English summary
how singer Yesudas allowed entry into Temple?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X