കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠനവും പോരാട്ടവും, എസ്‌‌എഫ്‌ഐ രൂപീകരിച്ചിട്ട് അര നൂറ്റാണ്ട്‌

Google Oneindia Malayalam News

ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ രൂപീകരിക്കപ്പെട്ടിട്ട് അര നൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം: എസ്‌‌എഫ്‌ഐ രൂപീകരിച്ചിട്ട്‌ നീണ്ട 50 വർഷം, അര നൂറ്റാണ്ട്‌ പിന്നിട്ടിരിക്കുന്നു. രാജ്യത്തെ ജനാധിപത്യവിശ്വാസികളും പുരോഗമന ചിന്താഗതിക്കാരുമായ വിദ്യാർഥികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഇതിനകം എസ്‌എഫ്‌ഐ മാറി. വളരെ മഹത്വപൂർണമായ ചരിത്രമാണ്‌ എസ്‌എഫ്‌ഐയുടേത്‌. വിദ്യാർഥികളുടെ ജനാധിപത്യപരമായ അവകാശങ്ങൾക്കുവേണ്ടി പൊരുതി. വിദ്യാർഥികളുടെ പോരാട്ടങ്ങളെയും അവരുടെ അഭിലാഷങ്ങളെയും സമന്വയിപ്പിക്കുകയും രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം നിലകൊണ്ട്‌ പുരോഗമനപരമായ സാമൂഹ്യമാറ്റത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്‌തു.

അതോടൊപ്പം, ഇന്ത്യ പിന്തുടരേണ്ട വിദ്യാഭ്യാസനയത്തിന്റെ രൂപീകരണത്തിൽ എസ്‌എഫ്‌ഐ പ്രധാന പങ്കുവഹിച്ചു. രൂപീകരണകാലംമുതൽ ജനകീയവും ജനാധിപത്യപരവും ശാസ്‌ത്രീയവുമായ വിദ്യാഭ്യാസനയത്തിനുവേണ്ടി പൊരുതി. ഇക്കാലയളവിൽ വിവിധ കേന്ദ്രസർക്കാരുകൾ വ്യത്യസ്‌ത വിദ്യാഭ്യാസനയങ്ങൾ പ്രഖ്യാപിച്ചു. ഈ നയങ്ങളിൽ ആവശ്യമായ ഭേദഗതികൾ നിർദേശിച്ച്‌ ആദ്യംതന്നെ മുന്നോട്ടുവരുന്നത്‌ എസ്‌എഫ്‌ഐയാണ്‌. ധൈഷണികർ അടക്കം അക്കാദമിക്‌ സമൂഹത്തിന്റെയാകെ പിന്തുണയോടെ ദേശീയതലത്തിൽ വിദ്യാഭ്യാസനയത്തെക്കുറിച്ച്‌ സംവാദങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ വിശാലമായ ജനാധിപത്യ പ്രസ്ഥാനവുമായി കൂട്ടിയോജിപ്പിക്കാൻ സാധിച്ചതും നയപരമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞതുമാണ്‌ എസ്‌എഫ്‌ഐ ഇന്ന്‌ എന്താണോ ഈ അവസ്ഥയിൽ സംഘടനയെ ഉയർത്തിയത്‌‌.

sfi

ജനാധിപത്യ അവകാശങ്ങൾക്കായി രൂപീകരണകാലംമുതൽ നടത്തിയ പോരാട്ടങ്ങളാണ്‌, വിദ്യാർഥികളുടെ അടക്കം ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതാൻ സംഘടനയെ പ്രാപ്‌തമാക്കിയത്‌. ഞാൻ വിദ്യാർഥിയായിരുന്ന ജെഎൻയുവിൽ അടക്കം മിക്കവാറും എല്ലാ സർവകലാശാലകളിലും അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയിൽ എസ്‌എഫ്‌ഐ നിലകൊണ്ടു. അതുപോലെ, കേരളം അടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ജീവൻപോലും ബലി നൽകി അടിയന്തരാവസ്ഥയ്‌ക്കെതിരെ വിദ്യാർഥികൾ പൊരുതി. രാജ്യത്തെ ജനങ്ങൾക്കൊപ്പം നിലകൊണ്ട്‌ ഒടുവിൽ അടിയന്തരാവസ്ഥയെ പരാജയപ്പെടുത്താനും ജനാധിപത്യം പുനഃസ്ഥാപിക്കാനും സാധിച്ചു. ഇങ്ങനെ പോരാട്ടങ്ങളും നയപരമായ ഇടപെടലുകളും വഴിയാണ്‌ എസ്‌എഫ്‌ഐ കരുത്താർജിച്ചത്‌.

ഇതുവഴി 1978 ആയപ്പോഴേക്കും, രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയായ അമൃത്‌സറിലെ ഗുരുനാനാക്ക്‌ ദേവ്‌ സർവകലാശാലമുതൽ കിഴക്കൻ അതിർത്തിയിലെ ഗുവാഹത്തിയിലെ കോട്ടൺ കോളേജ്‌ വരെയുള്ള എല്ലാ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിലും യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയപതാക പാറിക്കാനും വിദ്യാർഥികളിൽ വിപുലമായ സ്വാധീനം നേടാനും കഴിഞ്ഞു. ഇന്ന്‌, ബിജെപി സർക്കാരിന്റെ കാലത്ത്‌ ഇത്തരം നയപരമായ ഇടപെടലുകൾക്കും പൗരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾക്കും പ്രാധാന്യം വർധിച്ചിരിക്കുന്നു. വിദ്യാർഥികളെ മുന്നോട്ടുനയിക്കുന്നതിനു പകരം ഇരുണ്ട ഭൂതകാലത്തേക്ക്‌ മടക്കിക്കൊണ്ടുപോകുന്ന പിന്തിരിപ്പൻ വിദ്യാഭ്യാസനയമാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നത്‌. ചരിത്രത്തിനുപകരം അവർ ഹിന്ദുമിത്തോളജി പഠിപ്പിക്കുന്നു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ തത്വശാസ്‌ത്രത്തിനു പകരം ഹിന്ദുമതതത്വങ്ങൾ പഠിപ്പിക്കുന്നു. ചരിത്രത്തിനു പകരം രാമായണത്തെയും മഹാഭാരതത്തെയും പ്രതിഷ്‌ഠിക്കുന്നു. തത്വചിന്തയ്‌ക്കു പകരം ഹിന്ദുമതചിന്ത അവതരിപ്പിക്കുന്നു. യുക്തിപരമായ ചിന്തയ്‌ക്കുനേരെ കടന്നാക്രമണം വർധിച്ചു. വിദ്യാഭ്യാസനയത്തിന്റെ പേരിൽ യുക്തിഹീനത അടിച്ചേൽപ്പിക്കുന്നു.

Recommended Video

cmsvideo
Britain gave approval to oxford vaccine

രാജ്യത്തെ പിന്നോട്ടുനയിക്കുന്ന വിധത്തിൽ യുക്തിക്കും ശരിക്കും നേരെ ആക്രമണം നടക്കുമ്പോൾ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും നിശ്ശബ്ദരായിരിക്കാൻ കഴിയില്ല. ഒട്ടേറെ വിദ്യാർഥികളെ ദേശസുരക്ഷാ നിയമം, യുഎപിഎ എന്നിവ ചുമത്തി തടവറയിലാക്കി. സർക്കാർ നയങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള വിദ്യാർഥികളുടെ അവകാശം ഭീഷണി നേരിടുന്നു. രൂപീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ, വിദ്യാർഥികളുടെ അവകാശങ്ങളും ഇന്ത്യൻ വിദ്യാഭ്യാസവും യുക്തിചിന്തയും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ്‌. ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുമെന്ന്‌ പ്രതിജ്ഞയെടുക്കണം. കേന്ദ്രസർക്കാരിന്റെ പിന്തിരിപ്പൻ നയങ്ങൾക്കും ഏകാധിപത്യപരമായ അടിച്ചമർത്തലുകൾക്കും എതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തണം. ഇതിനു സാധിക്കുമെന്ന്‌‌ എസ്‌എഫ്ഐയുടെ മഹത്വപൂർണമായ ചരിത്രം ഉറപ്പുനൽകുന്നു.

English summary
Students Federation of India, SFI completes 50 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X