കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയസൂര്യയുടെ 'ക്യാപ്റ്റൻ' - വിപി സത്യനോടുള്ള സത്യസന്ധമായ ആദരവ്... സുരേഷ് കുമാർ രവീന്ദ്രൻ എഴുതുന്നു!

  • By Muralidharan
Google Oneindia Malayalam News

സുരേഷ് കുമാർ രവീന്ദ്രൻ

സിനിമയോട് അഗാധ പ്രണയമുള്ള എഴുത്തുകാരനാണ് സുരേഷ് കുമാർ രവീന്ദ്രൻ. അക്കൗണ്ടന്റിൽ നിന്നും സിനിമാ ജേണലിസ്റ്റിലേക്കുള്ള മാറ്റത്തിന്റെ കാരണവും ഈ പ്രണയം തന്നെയാണ്. സുരേഷ് കുമാർ രവീന്ദ്രൻ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ഒൻപതു വട്ടം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു, എൺപതിലധികം അന്താരാഷ്ട്രമത്സരങ്ങളിൽ ടീമിനെ നയിച്ചു, ഇറാക്ക്, ചെക്കോസ്ലാവാക്യ തുടങ്ങിയ രാജ്യങ്ങൾ അവരുടെ ദേശീയ ടീമിൽ കളിക്കാനായി ക്ഷണിച്ചപ്പോൾ സ്നേഹപൂർവ്വം ആ ഓഫറുകൾ നിരസിച്ച് ഇന്ത്യയിൽ തന്നെ തുടർന്നു, ആരാണ് ആ സൂപ്പർ താരം? കണ്ണൂർ ജില്ലയിലെ ചൊക്ലിയ്ക്കു സമീപം മേക്കുന്ന് എന്ന സ്ഥലത്ത് ജനിച്ചു വളർന്ന്, കേരളത്തിന്റെ അഭിമാനമായി മാറി, ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരം പ്രശസ്തിയിലേക്ക് ഉയർന്ന വട്ട പറമ്പത്ത് സത്യൻ എന്ന വി.പി. സത്യൻ!

പത്മാവദ്, ഒരു അഡാറ് ലവ്... പ്രേക്ഷകനെ വടിവേലുവാക്കി എന്തുകൊണ്ട് ഇനിയൊരു സിനിമാ വിവാദം ഉണ്ടാകരുത്??പത്മാവദ്, ഒരു അഡാറ് ലവ്... പ്രേക്ഷകനെ വടിവേലുവാക്കി എന്തുകൊണ്ട് ഇനിയൊരു സിനിമാ വിവാദം ഉണ്ടാകരുത്??

വി പി സത്യൻ എന്ന ഇതിഹാസം

വി പി സത്യൻ എന്ന ഇതിഹാസം

ആ പ്രതിഭാശാലിയായ ഫുട്ബോൾ താരം ഇപ്പോൾ എവിടെയാണ്? ദേശീയ ടീമിന്റെ കോച്ച്? വിദേശ രാജ്യങ്ങളിൽ ഏതെങ്കിലും ഫുട്ബോൾ ടീമിന്റെ കോച്ച്? എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നു? ഇല്ല. 2006 ജൂലൈ 18'ന് ചെന്നൈ'യിലെ പല്ലവരം റെയിൽവേ സ്റ്റേഷനിൽ വച്ച്, അതു വഴി കടന്നു പോയ ഒരു ട്രെയിനിനു മുന്നിൽ അവസാനിച്ചു ആ മഹാനായ ഫുട്‍ബോളറുടെ ജീവിതം. മരിക്കുമ്പോൾ പ്രായം 41. "ഫുട്‍ബോളർ വി.പി.സത്യൻ തീവണ്ടി തട്ടി മരിച്ചു" എന്ന വാർത്ത അന്ന് ഏവരെയും നിരാശയിലാക്കി. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം, 2018 ഫെബ്രുവരി 16'ന് ആ വാർത്തയുടെ യഥാർത്ഥ സംഭവം സ്‌ക്രീനിൽ കണ്ട് പണ്ടത്തേതിലും ഇരട്ടി നിരാശയോടെ, വിങ്ങലോടെ, കണ്ണീരിന്റെ നനവോടെ തീയറ്റർ വിട്ടിറങ്ങി. 'ഒരു പ്രജേഷ് സെൻ ചിത്രം' എന്ന എഴുത്തോടെ അത് അവസാനിച്ചു, 'ക്യാപ്റ്റൻ'...

എന്താണ് 'ക്യാപ്റ്റൻ'?

എന്താണ് 'ക്യാപ്റ്റൻ'?

മലയാളത്തിൽ അങ്ങനെ ഒരുപാട് ബയോപിക്കുകളോ, സ്പോർട്സ് അധിഷ്ഠിതമായ സിനിമകളോ ഇറങ്ങിയിട്ടില്ല. സ്‌ക്രീനിലെത്തിയവയിലോ, ചുരുക്കം ചിലതൊഴിച്ച് വേറെയൊന്നും തന്നെ കാര്യമായ രീതിയിൽ ജനശ്രദ്ധ നേടിയതായും അറിവില്ല. അവിടേക്കാണ് 'ബയോഗ്രാഫിക്കൽ സ്പോർട്സ് ഡ്രാമ സിനിമ' എന്ന സ്വഭാവ ഗ്രൂപ്പിന് കീഴെ 'ക്യാപ്റ്റൻ' എന്ന തലക്കെട്ടോടു കൂടി ഒരു സിനിമ എത്തുന്നത്. ഏറെക്കാലത്തെ പഠനങ്ങൾക്കും, പരിശ്രമങ്ങൾക്കും ഒടുവിൽ പ്രജേഷ് സെൻ എന്ന വ്യക്തി, എഴുതാനറിയാവുന്ന ഒരു സിനിമാസംവിധായകനായി മാറി എന്നതാണ് 'ക്യാപ്റ്റൻ' മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

എന്തുകൊണ്ട് ക്യാപ്റ്റൻ?

എന്തുകൊണ്ട് ക്യാപ്റ്റൻ?

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്‍ബോളർമാരിൽ ഒരാളായ വി.പി.സത്യന് അദ്ദേഹം അർഹിക്കുന്ന വിധത്തിലുള്ള പരിഗണന ആരും കൊടുത്തില്ല എന്ന പ്രജേഷിന്റെ മനോവേദനയിൽ നിന്നും ഉടലെടുത്തതാവാം സിനിമയുടെ ആശയം. തികച്ചും സോദ്ദേശ്യപരം. വി.പി.സത്യനെക്കുറിച്ച് വിശദമായി അറിയാവുന്നവരുടെയൊക്കെ ഹൃദയങ്ങളിൽ വീണ്ടും നൊമ്പരം കൊണ്ട് മുറിവേൽപ്പിക്കുകയാണ് പ്രജേഷ് സെൻ. തിരക്കഥ, അതിന്റെ തെറ്റില്ലാത്ത രീതിയിലുള്ള അവതരണം, രണ്ടിലും ഉയർന്ന റാങ്ക് തന്നെ കൊടുക്കാം. 'ഒരു പ്രജേഷ് സെൻ പ്രൊഡക്റ്റ്' എന്ന് ധൈര്യമായി പറയാം.

ജയസൂര്യയുടെ വിപി സത്യൻ

ജയസൂര്യയുടെ വിപി സത്യൻ

തികച്ചും വ്യത്യസ്തമായ സമീപനത്തോടെയാണ് ജയസൂര്യ എന്ന നടൻ ഓരോ സിനിമയിലും പങ്കാളിയാകുന്നത്. ഇവിടെയും അത് സംഭവിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ കുട്ടിക്കാലം മുതൽക്കേ കായികവിനോദങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം ലഭിച്ചിട്ടില്ലാത്ത, പ്രത്യേകിച്ച്, ഫുട്‍ബോൾ കളിയോട് തീരെ കമ്പമില്ലാത്ത ഒരു വ്യക്തിയായ ജയസൂര്യ, വി.പി.സത്യനെന്ന മഹാനായ ഫുട്‍ബോൾ കളിക്കാരന്റെ വേഷം അതിഗംഭീരമായി അവതരിപ്പിച്ചപ്പോൾ അവിടെ ജയിച്ചത് ജയസൂര്യയിലെ അഭിനേതാവാണ്, കലാകാരനാണ്. ഇടയ്ക്കിടെ, സ്വതസിദ്ധമായ ചില ഭാവങ്ങൾ പ്രകടമാക്കിക്കൊണ്ട് യഥാർത്ഥ ജയസൂര്യ പുറത്തേക്ക് വന്നെങ്കിലും, ഏതാണ്ട് പൂർണ്ണമായും വി.പി.സത്യനായി തന്നെ അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടി.

അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ?

അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ?

ഭാര്യ അനിതാ സത്യന്റെ റോൾ അനു സിതാരയിൽ ഭദ്രമായിരുന്നു. രേഖയും (ഏയ് ഓട്ടോ ഫെയിം), നിത്യാ മെനനും, കാവ്യാ മാധവനും ഒക്കെ ചേർന്ന അനു സിതാര, ക്ളൈമാക്സ് രംഗത്തെ കൈവിറയലോടു കൂടിയ ആ ഒരു പ്രകടനം അതിഗംഭീരമാക്കി എന്നു തന്നെ പറയാം. സിദ്ദിഖ്, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, ജനാർദ്ദനൻ തുടങ്ങിയവർ, എടുത്തു പറയത്തക്ക വലിയ പ്രത്യേകതകളൊന്നുമില്ലെങ്കിലും കിട്ടിയ അവസരം പാഴാക്കിയില്ല.സിനിമയുടെ മൂഡ്, സംവിധായകൻ ഉദ്ദേശിച്ച ഫീൽ ഇതിനൊക്കെ, മുഴുവൻ സമയവും, താങ്ങും തണലുമായി നിന്ന ഗോപീസുന്ദറിന് നിറഞ്ഞ കയ്യടികൾ നൽകാം. ശ്രേയാ ഘോഷാൽ പാടിയ 'പാൽത്തിര പാടും' എന്ന് പാട്ട് ചെറു ചെറു കഷണങ്ങളായി കിട്ടിയതിൽ ചെറിയ വിഷമമുണ്ടെങ്കിലും, മൊത്തത്തിൽ അത് സിനിമയുടെ ആത്മാവായി നിലകൊണ്ടു. പശ്ചാത്തല സംഗീതം തികച്ചും രസകരവും, ഉചിതവുമായിരുന്നു. 1983, ലെഫ്റ്റ് റൈറ്റ് ലെഫ്റ്, തുടങ്ങിയ സിനിമകളുടേതിന് സമാനമായ ചില ബി.ജി.എം ശകലങ്ങൾ ഒഴിച്ചു നിർത്തിയാൽ, 'ക്യാപ്റ്റൻ' സംഗീത വിഭാഗം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് പുതുമ തന്നെയാണ്.

എന്തെങ്കിലും കുറവുകൾ?

എന്തെങ്കിലും കുറവുകൾ?

തിരക്കഥയ്ക്കു മേൽ നടത്താവുന്ന തിരുത്തലുകളും, ഉപദേശങ്ങളും സ്‌ക്രീനിൽ കണ്ട സിനിമയുടെ മണ്ടയ്ക്ക് പ്രയോഗിക്കുന്നത് തികച്ചും മണ്ടത്തരമാണ്. അതു കൊണ്ട് തന്നെ, രണ്ടാം പകുതിയിലെ ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളെ ഇനി കുറ്റം പറയുന്നതിൽ യുക്തിയില്ല. മാത്രമല്ല അത്തരം രംഗങ്ങൾ ഇല്ലെങ്കിൽ വി.പി.സത്യന്റെ കഥയോട്, സ്വാഭാവികമായ രീതിയിൽ, നീതി പുലർത്താൻ കഴിയില്ല എന്നതാണ് മറ്റൊരു സത്യം. ഫുട്‍ബോൾ വിഷയമാക്കിയ സിനിമയിൽ ഫുട്‍ബോൾ കളി തീരെ കുറഞ്ഞു പോയി എന്നൊരു പരാതിയുമുണ്ട്. പിന്നെ, 2007 ജനുവരി'യിൽ റിലീസായ 'പോക്കിരി' എന്ന് തമിഴ് സിനിമയുടെ പോസ്റ്റർ 2006 ജൂണിൽ ചെന്നൈ'യിലെ ഒരു വൈൻ ഷോപ്പിനു സമീപത്തെ മതിലിൽ കണ്ടപ്പോൾ ചെറിയ ചളിപ്പ് തോന്നിയെങ്കിലും, വെറുമൊരു സിനിമാ പോസ്റ്ററിലെന്തിരിക്കുന്നു എന്ന് ചിന്തിച്ചപ്പോൾ ആ സാങ്കേതിക പ്രശ്നത്തെ മായ്ച്ചു കളഞ്ഞു.

പ്രേക്ഷകരോട്...

പ്രേക്ഷകരോട്...

ഫുട്‍ബോൾ കളി ഇഷ്ടപ്പെടുന്ന, അതിലേറെ, വി.പി.സത്യൻ എന്ന അഭിമാന താരത്തെ ആരാധിക്കുന്ന എല്ലാവർക്കും 'ക്യാപ്റ്റൻ' ധൈര്യമായി റെക്കമെന്റ് ചെയ്യാം. പണ്ട്, കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ സർക്കാർ അവധി പ്രഖ്യാപിക്കുന്നത് തികഞ്ഞ ഗൃഹാതുരത്വത്തോടെ ഓർത്തിരിക്കുന്നവർക്ക് 'ക്യാപ്റ്റൻ' ഏറെ മധുരം പകരും, ആവേശം തരും, ഒടുവിൽ കണ്ണുകളെ ഈറനണിയിക്കും. എന്തായാലും പ്രജേഷ് സെന്നിനും ടീമിനും ഇങ്ങനെയൊരു തുടക്കത്തിൽ അഭിമാനിക്കാം.

English summary
Suresh Kumar Raveendran Writes about VP Sathyan movie Captain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X