കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരെന്ന ചൂണ്ടുപലക.. സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും നിർണായകം

  • By Desk
Google Oneindia Malayalam News

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

കേരളനിയമസഭയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പിയുടെ മണ്ഡലമാണ് ചെങ്ങന്നൂർ. തിങ്കളാഴ്ച അവിടെ ഉപതിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ഒരുപക്ഷേ, കേരളത്തിലെ തിരഞ്ഞെടുപ്പു ചരിത്രത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മറ്റു പല ഉപതിരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടില്ലാത്ത ഒട്ടേറെ പ്രത്യേകതകള്‍ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിനുണ്ട്. ഏറ്റവും ശക്തമായതെന്നും പ്രവചനാതീതമെന്നും വിശേഷിപ്പിക്കാവുന്ന ത്രികോണ​ മല്‍സരം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം.

സംസ്ഥാനഭരണത്തെ പ്രത്യക്ഷത്തില്‍ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്ന ഒന്നല്ല ഈ തെരഞ്ഞെടുപ്പ്. പക്ഷേ, തിരഞ്ഞെടുപ്പുഫലം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രതിഫലനങ്ങള്‍ വളരെ വലുതായിരിക്കും. മൂന്നു മുന്നണികളെ സംബന്ധിച്ചും അത് നിര്‍ണായകമാണ്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും മൂന്നു വര്‍ഷത്തിനപ്പുറം കേരളത്തില്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിനും നടത്തേണ്ട ഒരുക്കങ്ങള്‍ക്കും മെനയേണ്ട തന്ത്രങ്ങള്‍ക്കുമൊക്കെ ചെങ്ങന്നൂര്‍ ചൂണ്ടുപലകയായി മാറും.

1957 മുതൽ 2016 വരെ...

1957 മുതൽ 2016 വരെ...

1957ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി ഇവിടെ മൽസരിച്ചു വിജയിച്ച ശങ്കരനാരായണൻ തമ്പി സ്പീക്കർ സ്ഥാനത്തിന്റെ മാഹാത്മ്യം കേരളജനതയ്ക്കു മനസ്സിലാക്കിക്കൊടുത്ത വ്യക്തിയായിരുന്നു. പിന്നീട് നടന്ന 14 തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ തവണ ഉള്‍പ്പെടെ മൂന്നു തവണയാണ് ഇടതുസ്ഥാനാർഥികൾ ചെങ്ങന്നൂരിൽ നിന്നു വിജയിച്ചത്. 2011 വരെ അഞ്ചു ടേം തുടര്‍ച്ചയായി ചെങ്ങന്നൂർ യുഡിഎഫിന്റെ കയ്യിലായിരുന്നു. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുപോയ യുഡിഎഫിന്റെ തൊട്ടടുത്തുവരെയെത്തിയാണ് ബിജെപി എല്ലാവരേയും ഞെട്ടിച്ചത്.

ചെങ്ങന്നൂർ ചൂണ്ടുപലകയാകും

ചെങ്ങന്നൂർ ചൂണ്ടുപലകയാകും

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പു നടന്നുവെങ്കിലും മുസ്ലീംലീഗിന്റെ ഉറച്ച കോട്ടയായതിനാല്‍ തന്നെ ആ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് കേരളരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള സ്വാധീനം സൃഷ്ടിക്കാനാകില്ലെന്നുറപ്പായിരുന്നു. എന്നാല്‍ ചെങ്ങന്നൂരിലെ സ്ഥിതി അതല്ല. മൂന്നുകൂട്ടര്‍ക്കും ഞാണിന്മേല്‍ കളിയാണ് അത്. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതിനും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും പതിവിലേറെ സമയം ലഭിച്ചു എന്നതിനാല്‍ തന്നെ ഏറെ പാകപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരില്‍ നടക്കുന്നത്. ഇതിലും കൂടുതല്‍ സമയം ഇതിനൊന്നും മറ്റൊരു തെരഞ്ഞെടുപ്പില്‍ ലഭിച്ചെന്നു വരില്ല. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനത്തിനുശേഷം ജയപരാജയങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും ആരേയും ന്യായീകരിക്കാനോ കുറ്റപ്പെടുത്താനോ സാധിക്കില്ലെന്നതാണ് ശ്രദ്ധേയം.

ചെങ്ങന്നൂരിലെ വോട്ടുപ്രവണത

ചെങ്ങന്നൂരിലെ വോട്ടുപ്രവണത

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിന്റെ വോട്ട് കുത്തനെ ഇടിയുകയും ബിജെപി വന്‍തോതില്‍ മുന്നേറ്റമുണ്ടാക്കുകയും സിപിഎം ഏതാണ്ട് ഒരേരീതിയില്‍ തുടരുകയും ചെയ്യുന്ന വോട്ടിംഗ് പ്രവണതയാണ് ചെങ്ങന്നൂരില്‍ കാണാനാകുക. പി.സി.വിഷ്ണുനാഥിന് 2011ല്‍ 65,165 വോട്ടു ലഭിച്ചെങ്കില്‍ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അത് 55,769 ആയി കുറഞ്ഞു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പായപ്പോള്‍ 44,897 വോട്ടിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തി. യഥാക്രമം 9,396 വോട്ടിന്റേയും 10,872 വോട്ടിന്റേയും കുറവ്. അതേസമയം ബിജെപി 2011ല്‍ നേടിയ 6,062 വോട്ട് ലോക്സഭ തിരഞ്ഞെടുപ്പില്‍ 15,716 വോട്ടായും 2016ല്‍ 42,682 വോട്ടായും വര്‍ധിച്ചു.

2016ലെ ത്രികോണമത്സരം

2016ലെ ത്രികോണമത്സരം

ലോക്സഭയിലേക്ക് ഇരട്ടിക്കുമേല്‍ (9,654) വര്‍ധനവ് നേടിയ ബിജെപി അഞ്ചുവര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചത് ഏഴിരട്ടി വോട്ടാണ്. ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും തമ്മിലുണ്ടായ വര്‍ധനവിന്റെ വ്യത്യാസം 26,966 വോട്ടിന്റേതായിരുന്നു. സിപിഎമ്മിനാകട്ടെ 2011ല്‍ 52,656 വോട്ടു ലഭിച്ചപ്പോള്‍ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അത് 47,951 ആയി കുറഞ്ഞു. 2016ലെത്തിയപ്പോള്‍ വീണ്ടും 52,880 വോട്ടിലെത്തിച്ച് പാര്‍ട്ടി സ്ഥിതി മെച്ചപ്പെടുത്തുകയും ത്രികോണ മല്‍സരത്തില്‍ വിജയിക്കുകയും ചെയ്യുകയാണുണ്ടായത്.

പോളിങ് ശതമാനം ബിജെപിക്ക് നേട്ടമായി

പോളിങ് ശതമാനം ബിജെപിക്ക് നേട്ടമായി

2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 1,25,345 പേരായിരുന്നു ചെങ്ങന്നൂരിൽ വോട്ടു ചെയ്തത്. 2014ൽ അത് 1,23,799 ആയി കുറഞ്ഞു. 2016 ആയപ്പോൾ വോട്ടു ചെയ്തവരുടെ എണ്ണം 1,45,518 ആയി. ഈ വർധനവിന്റെ നേട്ടം മറ്റുപല മണ്ഡലങ്ങളിലും സംഭവിച്ചതുപോലെ ബിജെപിക്കാണ് ലഭിച്ചത്. 2016ല്‍ 1,97,372 വോട്ടര്‍മാരാണ് ആകെയുണ്ടായിരുന്നതെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ 1,99,340 വോട്ടര്‍മാരാണുള്ളത്. വര്‍ധനവ് വെറും രണ്ടായിരത്തിനടുത്ത് മാത്രമാണ്. 2016ല്‍ 73.73 ശതമാനം പേരാണ് വോട്ടു ചെയ്തത്. ഇത്തവണയും അത്രത്തോളം പോളിങ് ഉണ്ടായാല്‍ വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ല. അതേസമയം പോളിങ് ശതമാനത്തില്‍ കാര്യമായ കുറവോ വര്‍ധനവോ വന്നാല്‍ അത് തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്നുറപ്പാണ്. അതുപക്ഷേ, ആര്‍ക്കാണ് ഗുണകരമാകുകയെന്ന് പറയാനുമാകില്ല.

സിപിഎമ്മിന് നിർണായകം

സിപിഎമ്മിന് നിർണായകം

സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനായില്ലെങ്കില്‍ സിപിഎമ്മിനും സര്‍ക്കാരിനും അത് വലിയ ക്ഷീണമാണ് വരുത്തിവയ്ക്കുക. സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തിവയ്ക്കുന്ന ഭരണനേട്ടങ്ങളുടെ മൂല്യനിര്‍ണയം കൂടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനും അറിയാം. ചെങ്ങന്നൂരിലെ ജനങ്ങള്‍ പറയുന്നതായിരിക്കും സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രകടനത്തെപ്പറ്റിയുള്ള കേരളത്തിന്റെ വിലയിരുത്തല്‍. വേങ്ങരയില്‍ പിന്നോട്ടുപോയതിന് ന്യായങ്ങള്‍ ഒട്ടേറെ നിരത്താന്‍ ബിജെപിക്കു സാധിക്കുമായിരുന്നു. പക്ഷേ, ചെങ്ങന്നൂരിലെ സ്ഥിതി അതല്ല. കഴിഞ്ഞതവണത്തേക്കാള്‍ ഒരോട്ടു കുറഞ്ഞാല്‍പോലും അത് അവര്‍ക്ക് ക്ഷീണമാണ്.

ബിജെപിയുടെ പ്രതീക്ഷകൾ

ബിജെപിയുടെ പ്രതീക്ഷകൾ

കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിനുള്ള ജനാഭിപ്രായമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് നേതാക്കള്‍ പറയുന്നുണ്ട്. അതിലുപരി, ബിജെപി കേരളത്തില്‍ വച്ചുപുലര്‍ത്തുന്ന പ്രതീക്ഷയ്ക്ക് എത്രമാത്രം സാധ്യതയുണ്ടെന്നതിലേക്ക് ഈ തിരഞ്ഞെടുപ്പു ഫലം വിരല്‍ചൂണ്ടും. ദേശീയതലത്തില്‍ എതിര്‍പക്ഷത്തുള്ള ബിജെപിയും സംസ്ഥാനത്തെ എതിരാളികളായ സിപിഎമ്മും നേരേ നിന്നു പോരാടുന്ന മണ്ഡലമായതിനാലാണ് കോണ്‍ഗ്രസിന് ഇവിടം പ്രാധാന്യമുള്ളതാകുന്നത്. അഞ്ചു ടേം കൈവശം വച്ച മണ്ഡലം തിരിച്ചുപിടിക്കുകയെന്ന സുപ്രധാന ദൗത്യമാണ് അവര്‍ക്കുമുന്നിലുള്ളത്. അത് സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്ന വാദത്തിന് ശക്തിപ്രാപിക്കുമെന്ന് നേതൃത്വത്തിന് നന്നായറിയാം.

മാണി കോൺഗ്രസും ബിഡിജെഎസും

മാണി കോൺഗ്രസും ബിഡിജെഎസും

കേരള കോണ്‍‌ഗ്രസ് (എം), ബിഡിജെഎസ് എന്നിവയുടെ നിലപാടുകള്‍ക്കും ചെങ്ങന്നൂരില്‍ പ്രാധാന്യം ഏറെയാണ്. പ്രതീക്ഷിച്ചതുപോലെ കേരള കോണ്‍ഗ്രസ് യുഡിഎഫിനൊപ്പം തന്നെയാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ മുന്നണി സംവിധാനത്തിന്റെ അതേ സ്ഥിതിതന്നെയാണ് ഇപ്പോഴുമുള്ളത്. യുഡി​എഫ് വോട്ടു ചോര്‍ന്നത് ബിഡിജെഎസ് വഴിയാണെന്നാണെങ്കില്‍ ഇത്തവണ അക്കാര്യത്തിലും ചില വ്യക്തതകള്‍ കൈവരും. ബിജെപിക്കൊപ്പം നിന്ന് കാടിളക്കി പ്രചരണം നടത്താന്‍ കഴിഞ്ഞതവണ ബിഡിജെഎസ് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അവരുടെ പിന്തുണ മാത്രമേ ബിജെപിക്ക് ലഭിച്ചിട്ടുള്ളു. എസ്എന്‍ഡിപിയാകട്ടെ മനസ്സാക്ഷി വോട്ടെന്ന നിലപാടിലുമാണ്. ഈ സാഹചര്യം പരമാവധി ഉപയോഗിച്ച്, കഴിഞ്ഞതവണ നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. ഈഴവ വോട്ടുകളില്‍ കുറേയെണ്ണമെങ്കിലും തങ്ങളുടെ പെട്ടിയിലെത്തിക്കാന്‍ സിപിഎമ്മും ശ്രമിക്കുന്നുണ്ട്.

 കോൺഗ്രസിന്റെ മണ്ഡലം

കോൺഗ്രസിന്റെ മണ്ഡലം

ഒൻപതുതവണ ചെങ്ങന്നൂരിൽ നിന്നു വിജയിച്ചിട്ടുള്ള വലതുമുന്നണി അതിൽ മൂന്നു തവണയും സ്വതന്ത്രരെയാണ് രംഗത്തിറക്കിയിരുന്നത്. 1957ൽ മണ്ഡലത്തിൽ നിന്നു വിജയിച്ച് സ്പീക്കർ സ്ഥാനത്തെത്തിയ ശങ്കരനാരായണൻ തമ്പി പിന്നീട് മൽസരിക്കാനിറങ്ങിയിരുന്നില്ല. 57ല്‍ ശങ്കരനാരായണന്‍ തമ്പിയോടു പരാജയപ്പെട്ട കോൺഗ്രസിലെ സരസ്വതിയമ്മ 1960ലെ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്നു വിജയിച്ചു. അന്ന് തോറ്റത് അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ആര്‍. രാജശേഖരന്‍ തമ്പി. 64ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ അവർക്കൊപ്പം ചേർന്ന സരസ്വതിയമ്മ 65ലെ തെര‍ഞ്ഞെടുപ്പില്‍ കോൺഗ്രസിലെ എൻ.എസ്. കൃഷ്ണപിള്ളയെ പരാജയപ്പെടുത്തി വീണ്ടും വിജയിച്ചു. അന്ന് സി.പി.ഐയും കേരള കോണ്‍ഗ്രസും ഒരേ പാളയത്തിലായിരുന്നു. പിന്നീടു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ പി.ജി.പുരുഷോത്തമന്‍ പിള്ളയാണ് ചെങ്ങന്നൂരിൽ വിജയിച്ചത്. 1977ൽ തങ്കപ്പൻപിള്ളയെന്ന സ്വതന്ത്രനെ രംഗത്തിറക്കി യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.

 1987ലും 2016ലും ഇടതുപക്ഷം

1987ലും 2016ലും ഇടതുപക്ഷം

പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിൽ 1987ൽ മാത്രമാണ് മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിന്നത്. അന്ന് ഇൻഡ്യൻ സോഷ്യലിസ്റ്റ് കോൺഗ്രസിന്റെ മാമ്മൻ ഐപ്പിനെ ഉപയോഗിച്ച് ഇടതുമുന്നണി ചെങ്ങന്നൂർ പിടിച്ചെടുത്തെങ്കിലും 91ലെ തെരഞ്ഞെടുപ്പിൽ ശോഭന ജോർജിനെ രംഗത്തിറക്കി യുഡിഫ് വീണ്ടും മണ്ഡലം പിടിച്ചു. 96ലും 2001ലും ശോഭന ജോർജിനുതന്നെയായിരുന്നു ഇവിടെ നിന്നു ജയം. 2006ലെ തെരഞ്ഞെടുപ്പിൽ ശോഭന ജോർജിനെ തിരുവനന്തപുരം വെസ്റ്റിലേക്കു മാറ്റി പി.സി.വിഷ്ണുനാഥിന് കോൺഗ്രസ് ചെങ്ങന്നൂർ നൽകി. 5,132 വോട്ടിന് സിപിഎമ്മിലെ സജി ചെറിയാനെ പരാജയപ്പെടുത്തിയ വിഷ്ണുനാഥ് 2011ലെ തെരഞ്ഞെടുപ്പിൽ സി.എസ്. സുജാതയെ തോൽപിച്ചത് 12,500 വോട്ടിനാണ്. 65,156 വോട്ടാണ് 2011ൽ വിഷ്ണുനാഥിന് ചെങ്ങന്നൂരിൽ ലഭിച്ചത്. സുജാതയ്ക്ക് 52,656 വോട്ടുകളും. ബിജെപിയുടെ ബി.രാധാകൃഷ്ണമേനോൻ നേടിയതാകട്ടെ 6,062 വോട്ടുകൾ മാത്രമായിരുന്നു.

ചെങ്ങന്നൂരിലെ സ്ഥിതി ഇങ്ങനെ...

ചെങ്ങന്നൂരിലെ സ്ഥിതി ഇങ്ങനെ...

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽപെട്ട ഇവിടെ യുഡിഎഫ് 55,769 വോട്ടാണ് നേടിയത്. നിയമസഭയിലേക്കു ലഭിച്ചതിനേക്കാൾ 9,360 വോട്ടിന്റെ കുറവ്. ഇടതുമുന്നണിയാകട്ടെ 4,705 വോട്ടുകൾ കുറഞ്ഞ് 47,951ൽ എത്തി. അതേസമയം ബിജെപി 9,654 വോട്ടുകൾ വർധിപ്പിച്ച് 15,716 വോട്ടുകൾ നേടി. ആകെ പോൾ ചെയ്തതിലുണ്ടായ 1,500 ഓളം വോട്ടിന്റെ കുറവിനൊപ്പം എഎപിയും നോട്ടയും എല്ലാം ചേർന്ന് മൂവായിരത്തിലേറെ വോട്ട് അപഹരിക്കുകയും ചെയ്തു. ചെങ്ങന്നൂർ മണ്ഡലത്തിൽ ആകെ പത്ത് പഞ്ചായത്തുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ നാലെണ്ണം മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നത്. അഞ്ചു പഞ്ചായത്തുകൾ ഇടതുമുന്നണിക്കു ലഭിച്ചപ്പോൾ തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഭരണം ബിജെപിക്കാണ്.

 പഞ്ചായത്ത് വാര്‍ഡിൽ തുല്യശക്തികൾ

പഞ്ചായത്ത് വാര്‍ഡിൽ തുല്യശക്തികൾ

മണ്ഡലത്തിൽ ആകെയുള്ള 150 പഞ്ചായത്ത് വാർഡുകളിൽ 55 എണ്ണം ഇടതുമുന്നണിക്കൊപ്പം നിൽക്കുമ്പോൾ 51 എണ്ണം യുഡിഎഫിനൊപ്പമാണ്. 32 വാർഡുകൾ ബിജെപിക്കും ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ലഭിച്ച 12ൽ ബിജെപിയുടെ സ്വതന്ത്രരാണ് അധികവും. ആകെ വോട്ടിന്റെ കണക്കു നോക്കുമ്പോഴും ഇടതും വലതും തമ്മിൽ വലിയ വ്യത്യാസമൊന്നും ചെങ്ങന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വന്നിട്ടില്ല. ബിജെപിയാകട്ടെ നില ഏറെ മെച്ചപ്പെടുത്തി ഇരുമുന്നണികൾക്കും ഒപ്പമെത്തുകയും ചെയ്തു. ഈ കണക്കിന്റെ വലിയ പ്രതിഫലനം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കാണാനായി. രണ്ടാമത്തെ മൽസരത്തിൽ വിഷ്ണുനാഥിന് ഭൂരിപക്ഷം വർധിപ്പിച്ചുകൊടുത്ത ചെങ്ങന്നൂര്‍ സിപിഎമ്മിലെ കെ.കെ.രാമചന്ദ്രന്‍ നായരെ വരിച്ചത് 7983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

ബിജെപിയുടെ വൻ മുന്നേറ്റം

ബിജെപിയുടെ വൻ മുന്നേറ്റം

രാമചന്ദ്രന്‍ നായര്‍ക്ക് 52880 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വിഷ്ണുനാഥിന് കിട്ടിയത് 44897 വോട്ടുകള്‍ മാത്രമാണ്. ചെങ്ങന്നൂരിലെ രാഷ്ട്രീയാന്തരീക്ഷം തങ്ങൾക്കനുകൂലമായാണ് മാറിക്കഴിഞ്ഞെന്ന വിശ്വാസത്തില്‍ ബിജെപി രംഗത്തിറക്കിയ പി.എസ്.ശ്രീധരന്‍ പിള്ള 42682 വോട്ടുകള്‍ നേടി വന്‍മുന്നേറ്റമാണ് നടത്തിയത്. വിമതയായി മൽസരരംഗത്തുണ്ടായിരുന്ന ശോഭന ജോര്‍ജിനാകട്ടെ 3966 വോട്ടുകള്‍ മാത്രമാണ് നേടാനായത്. തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ച യുഡിഎഫിന്റെ കഴിഞ്ഞതവണത്തെ പരാജയത്തില്‍ ശ്രീധരന്‍ പിള്ള നേടിയ വന്‍ മുന്നേറ്റം വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്നുറപ്പാണ്.

2016ല്‍ സിപിഎം 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിനേക്കാള്‍ നല്ലരീതിയില്‍ സ്ഥിതി മെച്ചപ്പെടുത്തിയിരുന്നെങ്കിലും 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.എസ്. സുജാത നേടിയതിനേക്കാള്‍ 224 വോട്ടുകള്‍ മാത്രമേ 2016ല്‍ സിപിഎമ്മിന് അധികം നേടാനായുള്ളുവെന്നത് ശ്രദ്ധേയമാണ്. അതേസമയം കോണ്‍ഗ്രസിനാകട്ടെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 20259 വോട്ടുകളും ലോക്സഭ തിരഞ്ഞെടുപ്പിനേക്കാള്‍ 10872 വോട്ടുകളും നഷ്ടമായി. 2011വുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമാനുഗതമായ തകര്‍ച്ച.

English summary
tc rajesh writes about chengannur by election and chances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X