കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്കറിയുമോ പ്രാദേശിക ലേഖകരുടെ ജീവിതം? ടിസി രാജേഷ് എഴുതുന്നു

  • By Desk
Google Oneindia Malayalam News

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

വൈക്കം- കോട്ടയം കനാലില്‍ വള്ളം മുങ്ങി മാതൃഭൂമി ന്യൂസ് ചാനല്‍ സംഘം അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്ത സംഭവം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്യുമ്പോള്‍ മരണമടഞ്ഞവരിലൊരാളുടെ പേരിനൊപ്പമുള്ള വിശേഷണം പലരും ഗൗരവമായി ശ്രദ്ധിച്ചിരിക്കില്ല.

കെ.കെ.സജി മാതൃഭൂമി ന്യൂസിന്റെ 'പ്രാദേശിക ലേഖകന്‍' ആയിരുന്നു. ആരാണ് ഈ പ്രാദേശിക ലേഖകന്‍? അവര്‍ സോകോള്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ ഗണത്തില്‍ പെടില്ലേ? എന്താണ് അവര്‍ ചെയ്യുന്ന ജോലി? ഇതൊക്കെ ഇന്നും പലര്‍ക്കും അജ്ഞാതമായ കാര്യമാണ്. പൊതുസമൂഹത്തിന് ഇന്നും പ്രാദേശിക ലേഖകരുടെ ജീവിതം അറിയില്ലെന്നതാണ് വസ്തുത.

ആരാണ് പ്രാദേശിക ലേഖകൻ

ആരാണ് പ്രാദേശിക ലേഖകൻ

ഒരു പ്രത്യേക സ്ഥലത്തെ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി നിയോഗിക്കപ്പെടുന്നവരാണ് പ്രാദേശിക ലേഖകര്‍. അവര്‍ക്ക് പല മാധ്യമങ്ങളും നിശ്ചിത വിദ്യാഭ്യാസ യോഗ്യത പോലും നിഷ്കര്‍ഷിക്കുന്നില്ല. ഉണ്ടെങ്കില്‍ കൊള്ളാം, അത്രമാത്രം. ‘പാര്‍ട്ട് ടൈമേഴ്സ്’ എന്നാണ് ഇവരെ പൊതുവേ പത്രസ്ഥാപനങ്ങള്‍ വിശേഷിപ്പിക്കുന്നത്. സ്ട്രിംഗര്‍, ലൈനര്‍ തുടങ്ങിയ പേരുകളും ഇവര്‍ക്കുണ്ട്. നിയമന ഉത്തരവ് ഉള്‍പ്പെടെ ഒന്നും ഇവര്‍ക്ക് നല്‍‌കാറില്ല.

പലരും ഐഡന്റിറ്റി കാര്‍ഡും നല്‍കില്ല. തുച്ഛമായ ശമ്പളംപോലും ബാങ്ക് അക്കൗണ്ട് വഴി കൊടുക്കില്ല. രേഖകളിലൊരിടത്തും ഇവര്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന് വരാതിരിക്കാന്‍ പല മാധ്യമങ്ങളും കിണഞ്ഞു പരിശ്രമിക്കും. അവരിലൊരാള്‍ വാര്‍ത്താശേഖരണത്തിനിടയില്‍ അപകടത്തില്‍ പെട്ടാല്‍പോലും പത്രത്തില്‍ വരുന്ന വാര്‍ത്തയില്‍ തങ്ങളുടെ ലേഖകനാണ് അതെന്നു പറയാന്‍ കൂട്ടാക്കാറില്ല.

വിലാസമില്ലാത്തവർ

വിലാസമില്ലാത്തവർ

വൈക്കം ദുരന്തത്തില്‍ മരിച്ച സജിയുടെ കാര്യത്തില്‍ കുറഞ്ഞപക്ഷം പ്രാദേശിക ലേഖകനെന്നെങ്കിലും ഉപയോഗിച്ചുവെന്നത് ആശ്വാസം. നമ്മുടെ തൊഴില്‍ നിയമങ്ങളിലെവിടെയെങ്കിലും അങ്ങിനെയൊരു വിഭാഗമുണ്ടോയെന്ന് സംശയമുണ്ട്. പത്രത്തില്‍ വന്ന വാര്‍ത്തയുടെ പേരില്‍ ലേഖകന് മര്‍ദ്ദനമേറ്റാല്‍ അതേപ്പറ്റി വരുന്ന വാര്‍ത്തയിലൊരിടത്തും അയാള്‍‌ തങ്ങളുടെ ലേഖകനാണെന്നോ തങ്ങള്‍ക്കു തന്ന വാര്‍ത്തയുടെ പേരിലാണ് മര്‍ദ്ദനമേറ്റതെന്നോ പറയാന്‍ പത്രം കൂട്ടാക്കില്ല.

വാര്‍ത്തകള്‍ അയക്കുന്ന ഒരാളെന്ന രീതിയില്‍ മാത്രമായിരിക്കും വിശേഷണം. പത്രങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രചാരത്തിന്റെ നട്ടെല്ലാണ് പ്രാദേശിക വാര്‍ത്തകള്‍. പ്രാദേശികമായ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ലേഖകരുടെ കയ്യിലൂടെയാണ് കടന്നുപോകുന്നത്. അവരെ അറിയാത്ത പ്രാദേശിക നേതാക്കള്‍ ഉണ്ടാകില്ല. അവരറിയാത്ത പ്രാദേശിക വിശേഷങ്ങള്‍ ഉണ്ടാകില്ല.

പത്രങ്ങളുടെ അംബാസിഡര്‍മാര്‍

പത്രങ്ങളുടെ അംബാസിഡര്‍മാര്‍

ജോലി ചെയ്യുന്ന നാട്ടിലെ നല്ലൊരു പങ്ക് ആളുകള്‍ക്കും തങ്ങളുടെ നാട്ടുകാരനായ ഈ ‘സ്വന്തം ലേഖകനെ’ അറിയാമായിരിക്കും. അതുകൊണ്ടു തന്നെ അവരായിരിക്കും ഓരോ നാട്ടിലും അതതു പത്രങ്ങളുടെ അംബാസിഡര്‍മാര്‍. അവിടെ പത്രത്തിനൊരു പ്രതിസന്ധി നേരിട്ടാല്‍ പരിഹരിക്കേണ്ട ചുമതലയും പലപ്പോഴും ഇവരുടെ ചുമലിലായിരിക്കും. പക്ഷേ, ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന പത്രത്തില്‍ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്നവര്‍ക്കുപോലും വണ്ടിക്കൂലിയും മറ്റു ചെലവുകളും ഉള്‍പ്പെടെ ഇപ്പോള്‍ കിട്ടുന്നത് 15,000-20,000 രൂപ റേഞ്ചിലാണെന്നറിയുമ്പോഴാണ് ഇവരനുഭവിക്കുന്ന അവഗണന ബോധ്യപ്പെടുക.

രണ്ടായിരം രൂപപോലും തികച്ചു കിട്ടാത്തവരും ധാരാളം. ഇവര്‍ക്ക് ഒരു രോഗം വന്നാല്‍ ചികില്‍സിക്കാന്‍പോലും ജോലി ചെയ്യുന്ന സ്ഥാപനം സഹായിച്ചെന്നു വരികയുമില്ല. ഇവര്‍ക്ക് ഒരിക്കലും ജോലി സ്ഥിരപ്പെട്ടുകിട്ടില്ല. റിപ്പോര്‍ട്ടര്‍ തസ്തികയിലേക്കുള്ള അപേക്ഷ വിളിക്കുമ്പോള്‍ പ്രാദേശിക ലേഖകനായിരുന്നുവെന്ന പരിഗണനപോലും വളരെ കുറച്ചു സ്ഥാപനങ്ങളേ നല്‍കുന്നുള്ളു.

പരസ്യവും പിടിച്ച് കൊടുക്കണം

പരസ്യവും പിടിച്ച് കൊടുക്കണം

പല പത്രങ്ങളും ഇന്നും കോളം അളന്നാണ് പ്രാദേശിക ലേഖകര്‍ക്ക് കൂലി കൊടുക്കുന്നത്. അതായത്, ഒരു മാസം പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത എത്ര സെന്റിമീറ്റര്‍ കോളമുണ്ടെന്ന് അളന്നു തിട്ടപ്പെടുത്തി അതിനനുസരിച്ച് ഒരു തുക. പരസ്യത്തിന് പത്രങ്ങള്‍ വാങ്ങുന്നതുപോലെ ഒരു തുകയാണിതെന്നു കരുതരുത്. പരസ്യ നിരക്കിന്റെ ആയിരത്തിലൊന്നുപോലും വരില്ല പലപ്പോഴും ഈ നിരക്ക്.

ചില പത്രങ്ങളില്‍ പ്രാദേശിക ലേഖകര്‍ പരസ്യവും പിടിച്ചുകൊടുക്കണം.നിശ്ചിത തുകയ്ക്കുള്ള പരസ്യം കൊടുത്താല്‍ മാത്രമേ ചിലപ്പോള്‍ തുച്ഛമായ ശമ്പളം കയ്യില്‍ കിട്ടൂ. പരസ്യത്തിന്റെ കമ്മീഷന്‍ ലഭിക്കുന്നുണ്ടാകും. പക്ഷേ, പലയിടത്തും അതൊരു വലിയ തുകയൊന്നും വരില്ല. പ്രാദേശിക ലേഖകര്‍ പരസ്യത്തിന്റെ പിന്നാലെ പോയാല്‍ വാര്‍ത്തകളുടെ കാര്യത്തില്‍ പല ഒത്തുതീര്‍പ്പുകളും വേണ്ടിവരുമെന്നതും കാണാതെ പോകരുത്.

പേരില്ലാത്ത എക്സ്ക്ലൂസ്സീവുകൾ

പേരില്ലാത്ത എക്സ്ക്ലൂസ്സീവുകൾ

കാടും മലയും കയറിയിറങ്ങിയും വെള്ളപ്പൊക്കങ്ങള്‍ നീന്തിക്കടന്നും പലപ്പോഴും പല വാര്‍ത്തകളും ശേഖരിക്കുന്നത് പ്രാദേശിക ലേഖകരാണ്. പല പ്രധാന വാര്‍ത്തകളും കടന്നുപോകുന്നത് അവരുടെ കരങ്ങളിലൂടെയാണ്. ഒരു വാര്‍ത്ത പ്രാദേശിക ലേഖകര്‍ തുടക്കമിടുകയും പിന്നീടത് ചര്‍ച്ചയാകുമ്പോള്‍ മറ്റ് ലേഖകര്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് പതിവാണ്. കേരളത്തിലെ വന്‍കിട ഭൂമി കയ്യേറ്റവാര്‍ത്തകളുടെ തുടക്കമെന്ന വിശേഷിപ്പിക്കാവുന്ന മതികെട്ടാന്‍ ഭൂമി കയ്യേറ്റവും അവിടുത്തെ കുടിയൊഴിപ്പിക്കലുമെല്ലാം ജനങ്ങളിലേക്കെത്തിയത് കൂടുതലും പ്രാദേശിക ലേഖകര്‍ വഴിയായിരുന്നു.

മുല്ലപ്പെരിയാര്‍ പോലും കത്തിക്കയറിയത് അവരുടെ കൈകളിലൂടെയാണ്. പക്ഷേ, പല പത്രങ്ങളും ഇവര്‍ പുറത്തുകൊണ്ടുവരുന്ന എക്സ്ക്ലുസീവ് വാര്‍ത്തകള്‍ക്കു പോലും ബൈലൈന്‍ നല്‍കില്ല. അതായത്, അവരാണ് ആ വാര്‍ത്ത നല്‍കിയതെന്ന യാതൊരു സൂചനയുമുണ്ടാകില്ല. കഷ്ടപ്പെട്ട് ശേഖരിച്ച് നന്നായി തയ്യാറാക്കി ഒന്നാംപേജില്‍ വരുന്ന ശ്രദ്ധേയമായ വാര്‍ത്തകളില്‍ പോലും ഒരു ‘സ്വന്തം ലേഖകന്‍’ മാത്രമേ കാണൂ. അതുകൊണ്ട് അവര്‍ തൃപ്തിപ്പെട്ടുകൊള്ളണം.

24 മണിക്കൂറും കർമ്മനിരതർ

24 മണിക്കൂറും കർമ്മനിരതർ

പല മാധ്യമസ്ഥാപനങ്ങളും ട്രെയ്നികളായി ജോലിക്കു കയറുന്നവരെ പരിശീലനത്തിനായി പ്രാദേശികലേഖകരുടെ അടുത്തേക്ക് പറഞ്ഞുവിടാറുണ്ട്. വികസനോന്മുഖ വാര്‍ത്തകള്‍ പലതും ഇവര്‍ ശേഖരിച്ചുതുടങ്ങുന്നത് പ്രാദേശികരുടെ സഹായത്തോടെയായിരിക്കും. പിന്നീട് ട്രെയ്നിംഗ് എല്ലാം കഴിഞ്ഞ് ജോലിയില്‍ സ്ഥിരപ്പെട്ട് വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന് സര്‍ക്കാരിന്റെ പുരസ്കാരം വരെ ഇവര്‍ വാങ്ങിയെന്നിരിക്കും. അപ്പോഴേക്കും ഇവരും പാവം പ്രാദേശികരെ മറക്കും.

പ്രാദേശിക ലേഖകരുടെ ജോലിക്ക് സമയമോ ദിവസമോ ഒന്നുമില്ല. അവര്‍ 24 മണിക്കൂറും കര്‍മനിരതരായിരിക്കണം. അവധി ദിവസങ്ങളില്‍പോലും ജോലി ചെയ്യണം. ബ്യൂറോ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാര്‍ ഉള്ള ബ്യൂറോകളില്‍ രണ്ടും മൂന്നും പ്രാദേശിക ലേഖകരുണ്ടാകും, അത്ര മുഖ്യമല്ലാത്ത വാര്‍ത്തകള്‍ കൈകാര്യം ചെയ്യാനായി. രാവിലെ തുറക്കുന്ന പല പ്രാദേശിക ബ്യൂറോകളും അടയ്ക്കുന്നത് രാത്രി വൈകിയായിരിക്കും. മിക്കയിടത്തും സഹായിക്കാന്‍ പോലും ആരും ഉണ്ടാകില്ല.

എല്ലാ പഴിയും ചുമലിൽ

എല്ലാ പഴിയും ചുമലിൽ

ബ്യൂറോയിലെ സ്വീപ്പറുടേതു മുതല്‍ റിപ്പോര്‍ട്ടറുടേതു വരെയുള്ള എല്ലാ ജോലികളും അവര്‍തന്നെ ചെയ്തു തീര്‍ക്കണം. തങ്ങളുടെ മേഖലയില്‍ നിന്ന് ഒരു വാര്‍ത്തപോലും മിസ്സാകാന്‍ പാടില്ല. അങ്ങിനെ സംഭവിച്ചാല്‍ പത്രത്തിന് നാണക്കേടാണ്. അത് ആ ലേഖകനും നാണക്കേടുണ്ടാക്കും. അയാളുടെ ഉത്തരവാദിത്തം മാത്രമായിരിക്കും വാര്‍ത്തയുടെ മിസ്സാകല്‍.

പ്രാദേശിക ലേഖകര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ അനുമതി ഉണ്ടെന്നതാണ് പലരും ചൂണ്ടിക്കാട്ടുന്ന കാര്യം. അവര്‍ ഫുള്‍ടൈം വര്‍ക്കിംഗ് ജേണലിസ്റ്റുകള്‍ അല്ലല്ലോ. പക്ഷേ, പലപ്പോഴും അവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ സാധിക്കില്ലെന്നതാണ് വസ്തുത. വാര്‍ത്തശേഖരണമെന്ന ജോലി അത്തരത്തിലൊരു കുരുക്കുകൂടിയാണ്. മറ്റുള്ളവരോട് പറയാനാകില്ലല്ലോ, തങ്ങള്‍ക്കു കിട്ടുന്ന നക്കാപ്പിച്ചയെപ്പറ്റി. ചിലര്‍ പത്രപ്രവര്‍ത്തനം എന്ന പേര് ഉപയോഗിച്ച് മറ്റു കാര്യങ്ങള്‍ സാധിക്കുന്നുണ്ടാകും. പക്ഷേ, പത്രപ്രവര്‍ത്തനത്തോട് ആത്മാര്‍ഥത കാട്ടുന്നവര്‍ക്ക് അതിനു സാധിച്ചെന്നു വരില്ല.

സംഘടിച്ചാൽ പണി പോകും

സംഘടിച്ചാൽ പണി പോകും

നിയമന ഉത്തരവോ ആനുകൂല്യങ്ങളോ ഇല്ലാത്ത, പേ റോളില്‍ പേരില്ലാത്ത ഈ വിഭാഗത്തിന് സംഘടിക്കാനും സാധിക്കില്ല. അങ്ങനെയെന്തെങ്കിലും നീക്കം നടന്നാല്‍ ഉള്ള പണിയും പോകും. പത്രപ്രവര്‍ത്തകരുടെ കേരളത്തിലെ സംഘടനയായ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റിലോ പ്രസ് ക്ലബ്ബുകളിലോ ഇവര്‍ക്ക് അംഗത്വം ലഭിക്കില്ല. പല പ്രാദേശിക പ്രസ് ക്ലബ്ബുകളും അതുകൊണ്ടുതന്നെ നിയമവിധേയമല്ല. അത് പ്രാദേശിക ലേഖകര്‍ ചേര്‍ന്നുണ്ടാക്കുന്ന ഒരു കൂട്ടായ്മ മാത്രമാണ്.

പ്രാദേശിക പത്രസമ്മേളനങ്ങളിലൂടെ കിട്ടുന്ന തുക സമാഹരിച്ചുവച്ച് അംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസ് ക്ലബ്ബുകളുണ്ട്. മറ്റുള്ളവരുടെ അവഗണനയ്ക്കിടയില്‍ വെറുതേ നോക്കിനിന്നാല്‍ തങ്ങളുടെ കാര്യം നോക്കാന്‍ ആരുമുണ്ടാകില്ലെന്നു മനസ്സിലാക്കി പ്രാദേശിക ലേഖകര്‍ ഉണ്ടാക്കുന്ന കൂട്ടായ്മകളാണത്. അതുമാത്രമാണ് അവരുടെ ഏകബലം. സമീപകാലത്ത് പ്രാദേശിക ലേഖകരെ സംഘടിപ്പിച്ച് ചില സംഘടനകള്‍ രൂപംകൊണ്ടിട്ടുണ്ടെങ്കിലും കെയുഡബ്ള്യുജെ പോലെ ഒരു വിലപേശല്‍ ശക്തിയായി മാറാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല.

അർഹമായ പ്രതിഫലവും അംഗീകാരവും

അർഹമായ പ്രതിഫലവും അംഗീകാരവും

സേവന വേതന വ്യവസ്ഥകളിലും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിലുമൊന്നും ആ സംഘടനാ സംവിധാനങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായിട്ടുമില്ല.കുറേ വര്‍ഷം മുന്‍പ് പ്രാദേശിക ലേഖകര്‍ക്ക് ക്ഷേമനിധി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടന്നിരുന്നു. അതിനായി പ്രാദേശിക ലേഖകരുടെ പട്ടിക മുഖ്യധാരാ പത്രങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. പക്ഷേ, ആരും കൊടുത്തില്ല. പല പത്രങ്ങളിലും അങ്ങിനെയൊരു വിഭാഗം ജോലി ചെയ്യുന്നതായി രേഖകകളില്ലല്ലോ. അതുണ്ടാക്കാന്‍ അവരൊട്ടു താല്‍പര്യപ്പെടുന്നുമില്ല.

അതുകൊണ്ടുതന്നെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമനിധി എന്നത് നടപ്പാകാതെ പോയി. പ്രാദേശിക ലേഖകരെ സോകോള്‍ഡ് ജേണലിസ്റ്റുകളുടെ ഗണത്തില്‍ പെടുത്തി അംഗീകരിക്കേണ്ട. പക്ഷേ, അവര്‍ക്ക് ചെയ്യുന്ന ജോലിക്കുള്ള അര്‍ഹമായ പ്രതിഫലം, നല്‍കുന്ന വാര്‍ത്തയ്ക്ക് ഒരംഗീകാരം, ജീവിതത്തിന് തെല്ലെങ്കിലും സുരക്ഷ- അതെങ്കിലും കൊടുക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു.

English summary
TC Rajesh writes about liners in Media field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X